കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണം സ്വന്തമാക്കാൻ പ്രതിപക്ഷനേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ നീക്കങ്ങൾ. ഇന്നലെ കോൽക്കത്തയിൽ പ്രത്യേക യോഗം ചേർന്ന് ഹൗറയിൽനിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ തൃണമൂൽ അധ്യക്ഷനായി തെരഞ്ഞെടുത്തു. യഥാർഥ തൃണമൂൽ കോൺഗ്രസ് ആണെന്ന അവകാശവാദവും ഋതബ്രത സംഘം ഉന്നയിച്ചു.
ന്യൂടൗണിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന യോഗത്തിൽ വിമത എംഎൽഎമാർക്കു പുറമേ കൗൺസിലർമാരും മുൻകാല ഭാരവാഹികളും പങ്കെടുത്തു. മമത ബാനർജിയ എല്ലാ അർഥത്തിലും തള്ളിപ്പറയുകയായിരുന്നു യോഗം.
വേദിയിൽ മഹാത്മാഗാന്ധിയുടെയും ടാഗോറിന്റെയും ബി.ആർ. അംബേദ്കറിന്റെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. അതേസമയം മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും ചിത്രങ്ങൾ ഒഴിവാക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നവും വലിയ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരുന്നു.
പാർട്ടിയിലെ ഭരണഘടനാ പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെയെന്ന് വിമതക്യാന്പ് വ്യക്തമാക്കി. മൂന്നുവർഷം കൂടുന്പോൾ ദേശീയ വർക്കിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നാണ് ചട്ടം. 2022 ഫെബ്രുവരിയിലാണ് തൃണമൂലിൽ അവസാനമായി വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് ഋതബ്രത ബാനർജി പറഞ്ഞു.
യോഗത്തിൽ ഹൗറയിൽനിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, ബിപ്ലബ് മിത്ര, അഖ്രുസ്സമാൻ അൻസാരി, സബീന യാസ്മിൻ, സന്ദീപൻ സാഹ, രതിൻ ഘോഷ്, ജാവേദ് ഖാൻ തുടങ്ങിയവരെ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സബീന യാസ്മിൻ എന്നിവരാണ് ഉപാധ്യക്ഷന്മാർ. ഋതബ്രത ബാനർജി, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവരെ പുതിയ ജനറൽ സെക്രട്ടറിമാരായും യോഗം തീരുമാനിച്ചു. അഖ്രുസ്സമാൻ അൻസാരിയാണ് ട്രഷറർ.
തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ആകെയുള്ള 80 എംഎൽഎമാരിൽ 58 പേർ പ്രതിപക്ഷനേതാവായി ഋതബ്രത ബാനർജിയെ ഉയർത്തിക്കാട്ടിയാണ് മമതയ്ക്ക് ഏറ്റ ആദ്യ തിരിച്ചടി. 28 എംപിമാരിൽ 20 പേർ എൻസിപിഐ എന്ന കക്ഷിയിൽ ലയിച്ച് കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചതോടെ മമതയുടെ നില കൂടുതൽ പരുങ്ങലിലായി. ഇതിനിടെയാണു പുതിയ നീക്കം.