ന്യൂഡൽഹി: രാജ്യത്ത് സന്തുലിത വ്യാപാരാന്തരീക്ഷം ഉറപ്പാക്കുന്നതിന് ചൈന, യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ രാസവസ്തുക്കൾക്ക് അഞ്ചു വർഷത്തേക്ക് ആന്റി ഡമ്പിംഗ് തീരുവ ചുമത്തി.
റബർ-ടയർ വ്യവസായങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘സൾഫീനാമൈഡ്സ് ആക്സിലറേറ്ററുകൾ’ എന്ന കെമിക്കലിനാണ് പ്രധാനമായും ഈ നികുതി ബാധകമാക്കിയിരിക്കുന്നത്.
വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന്റെ (ഡിജിടിആർ) ശിപാർശപ്രകാരം കഴിഞ്ഞ 19ന് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ടണ്ണിന് 75 യുഎസ് ഡോളർ മുതൽ 1748 യുഎസ് ഡോളർ വരെയാണു നികുതി. വില കുറച്ച് വിപണി കീഴടക്കുന്നതിനെതിരേയുള്ള നികുതിയാണ് ആന്റി ഡമ്പിംഗ് തീരുവ.
വിദേശരാജ്യങ്ങൾ തങ്ങളുടെ ഉത്പന്നങ്ങൾ യഥാർഥ മൂല്യത്തേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത് തദ്ദേശീയ വ്യവസായങ്ങൾക്കു വലിയ തിരിച്ചടിയാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
Tags : chemicals imported Duty Anti dumping duty