x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭിമന്യു വധക്കേസ്: രേഖകള്‍ പരിശോധിക്കാന്‍ സമയം ആവശ്യപ്പെട്ട് പ്രതിഭാഗം, അനുവദിക്കാതെ കോടതി

കൊച്ചി ബ്യൂറോ
Published: August 19, 2026 02:13 PM IST | Updated: August 19, 2026 02:13 PM IST

കൊല്ലപ്പെട്ട അഭിമന്യു (File photo)

കൊച്ചി: അഭിമന്യു വധക്കേസിലെ രേഖകള്‍ പരിശോധിക്കാന്‍ സമയം അനുവദിക്കാതെ കോടതി. രേഖകള്‍ ആവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിന്‍റെ ഹര്‍ജിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചത്. പ്രതിഭാഗത്തിന് മുഴുവന്‍ രേഖകളും പ്രോസിക്യൂഷന്‍ കൈമാറി.

പരിശോധിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ തന്നെ പരിശോധിക്കൂ, കുടുതല്‍ സമയമില്ലെന്ന് കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അധികമായി ചുമത്തിയ കുറ്റം പ്രതികളെ വായിച്ചു കേള്‍പ്പിച്ചത്. തുടര്‍ന്ന് സാക്ഷി വിസ്താര തിയതി നിശ്ചയിക്കാനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.

എന്നാല്‍ തിങ്കളാഴ്ച കേസ് പരിഗണിച്ചിരുന്നില്ല. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് പ്രതിഭാഗം രേഖകള്‍ ആവശ്യപ്പെട്ടത്. രേഖകള്‍ ഉടന്‍ പ്രോസിക്യൂഷന്‍ കൈമാറിയതോടെ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യം അനുവദിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിന്‍റെ വിചാരണ നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ ആവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

തുടര്‍ന്ന് ഇന്ന് തന്നെ രേഖകള്‍ പരിശോധിക്കാന്‍ കോടതി പ്രതിഭാഗത്തിന് നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് മൂന്നിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സാക്ഷി വിസ്താരത്തിന്റെ തിയതിയും കോടതി തീരുമാനിക്കും.

2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളജില്‍ വച്ച് അഭിമന്യു കൊലപ്പെട്ടത്. കേസിന്‍റെ വിചാരണ എട്ടു വര്‍ഷം നീണ്ടു പോയതില്‍ അഭിമന്യുവിന്‍റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം നല്‍കിയത്.

Tags : Abhimanyu MurderCase Court Documents SFI

Recent News

Corehub Up