x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോർമുസിൽ ഇറാന്‍റെ പിടി അയയുന്നു; കപ്പൽഗതാഗതം സാധാരണനിലയിലേക്ക്

വെബ് ഡെസ്ക്
Published: August 19, 2026 12:40 PM IST | Updated: August 19, 2026 12:40 PM IST

ഹോർമുസ് കടലിടുക്ക്.

വാഷിംഗ്‌ടൺ ഡിസി / ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം ഇറാന് നഷ്‌ടമാകുന്നതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന സൈനിക വടംവലികൾക്കൊടുവിൽ മേഖലയിൽ യുഎസ് നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെയാണ് ഇറാന്‍റെ പിടി അയയുന്നത്.

കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'കെപ്ലർ' ഏജൻസിയുടെ കണക്കുപ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെ കടന്നുപോയ 80 ശതമാനത്തിലധികം കപ്പലുകളും ഒമാൻ വഴിയുള്ള ഐക്യരാഷ്‌ട്രസഭ അംഗീകൃത പാതയാണ് ഉപയോഗിച്ചത്. ഈ പാത ഉപയോഗിക്കുന്നതിനെ മുന്പ് ഇറാൻ ശക്തമായി എതിർത്തിരുന്നു. മേഖലയിലെ ഇറാന്‍റെ നിയന്ത്രണം ഭാഗികമായി നഷ്‌ടപ്പെട്ടതായി കെപ്ലറിലെ പ്രമുഖ അനലിസ്റ്റ് ഹുമയൂൺ ഫലക്ഷാഹി അറിയിച്ചു.

സുരക്ഷയൊരുക്കി യുഎസ്

ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരേ മുന്പ് ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും നിലവിൽ യുഎസ് നാവികസേന നൽകുന്ന സുരക്ഷാ ഉറപ്പിൽ കപ്പലുകൾ ഇറാന്‍റെ മുന്നറിയിപ്പുകൾ അവഗണിച്ചു യാത്ര തുടരുകയാണ്. ഇതോടെ കപ്പലുകളിൽനിന്നു നികുതി ഈടാക്കാനുള്ള ഇറാന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കുവൈറ്റ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വൻകിട എണ്ണക്കപ്പലുകൾ ഒമാൻ ഉൾക്കടലിലെത്തിച്ച് മറ്റു കപ്പലുകളിലേക്ക് എണ്ണ മാറ്റിയാണ് വിതരണം നടത്തുന്നത്.
ഇറാന്‍റെ ആക്രമണം ഒഴിവാക്കാൻ ഭൂരിഭാഗം ടാങ്കറുകളും തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്താണ് സർവീസ് നടത്തുന്നത്. എങ്കിലും യുഎസ് നാവികസേന ഇവയുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രതിദിനം 1.5 കോടി ബാരൽ എണ്ണയാണ് ഇതുവഴി കടന്നുപോയത്.

Tags : Iran US Hormuz War America conflict Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up