കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധ സമരത്തിനിടെ നടത്തിയ പ്രതീകാത്മക ശവസംസ്‌കാരം
കൊച്ചി: ഒരു മാസം പിന്നിട്ട് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ സമരം നടത്തുന്നത്.
വിസി സിസ തോമസിന്‍റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് വിദ്യാര്‍ഥി സമരത്തിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചത്. എന്നാല്‍ നാടക വിഭാഗത്തിലെ പ്രവര്‍ത്തിക്കാത്ത ലൈറ്റുകള്‍ക്ക് മേല്‍ റീത്ത് വച്ച് ലൈറ്റുകളുടെ മരണം മാത്രമാണ് ചിത്രീകരിച്ചതെന്നും സംഘപരിവാര്‍ ആഭിമുഖ്യമുള്ള യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ ദൃശ്യം തെറ്റായി പ്രചരിപ്പിച്ചു എന്നുമായിരുന്നു എസ്എഫ്‌ഐയുടെ വിശദീകരണം.
സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ കൈയേറ്റം ചെയ്‌തെന്ന വിസിയുടെ പരാതിയില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. വിസിക്കെതിരായ പ്രതിഷേധത്തില്‍ നേരത്തെ അറസ്റ്റിലായ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ബേസില്‍, യദു, ബിനീഷ് എന്നിവരാണ് റിമാന്‍ഡിലായത്.
ഇത് വിദ്യാര്‍ഥി വേട്ടയാണെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും കൂടുതല്‍ ശക്തമാക്കുമെന്നുമാണ് എസ്എഫ്‌ഐയുടെ പ്രതികരണം. എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് ഇന്ന് സമരവേദിയില്‍ എത്തും.
Tags : KaladyUniversity VC SFI Protest