Kerala
തിരുവനന്തപുരം: വിസി നിയമനം സേർച്ച് കമ്മിറ്റിക്ക് വിട്ട സുപ്രീം കോടതി തീരുമാനത്തിനെതിരേ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.
വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും നിയമനിർമാണ സഭകളെ ബഹുമാനിക്കണമെന്നും ഗവർണർ പറഞ്ഞു.
മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
National
ന്യൂഡല്ഹി: ഗവര്ണര്- സർക്കാർ തര്ക്കത്തെത്തുടര്ന്ന് കേരളത്തിലെ ഡിജിറ്റല്, സാങ്കേതിക സര്വകലാശാല വൈസ് ചാന്സലര്മാരെ സുപ്രീംകോടതി നേരിട്ട് നിയമിക്കും. വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയാറാക്കി കൈമാറാൻ ജസ്റ്റീസ് സുധാൻഷു ധുലിയയോട് സുപ്രീം കോടതി നിർദേശിച്ചു.
മുദ്ര വച്ച കവറില് ഒരാഴ്ചയ്ക്കകം റിപ്പോര്ട്ട് നല്കാനാണ് സുപ്രീംകോടതി നിയോഗിച്ച ധൂലിയ കമ്മിറ്റിക്ക് നിര്ദേശം നല്കിയിട്ടുള്ളത്. പട്ടികയിൽനിന്ന് വൈസ് ചാൻസലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
വൈസ് ചാന്സലര്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്ണറും മന്ത്രിമാരും വീണ്ടും ചര്ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്ന്നാണ് നിയമനം നടത്താന് സുപ്രീം കോടതി തീരുമാനിച്ചത്.
വൈസ് ചാൻസലർ ആയി സിസ തോമസിനെ നിയമിക്കുന്നതിനോട് മാത്രമാണ് തങ്ങളുടെ എതിർപ്പെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സർക്കാർ വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവലാശാലകളിലെ വിസി നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്റ്റീസ് ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് വിമർശനം. നിയമനത്തിനുള്ള നടപടി വേഗത്തിൽ ആക്കാൻ ജസ്റ്റീസ് ജസ്റ്റീസ് ജെ.ബി. പർദിവാല , ജസ്റ്റീസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.
ജസ്റ്റീസ് ദുലിയ നൽകിയത് വെറും കടലാസ് കഷണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ പൂർണമായി രേഖകൾ കിട്ടിയിട്ടില്ലെന്ന് ഗവർണർ കോടതിയെ അറിയിച്ചു.
സംസ്ഥാന സർക്കാരും ചാൻസലറും തമ്മിലുള്ള തർക്കം കണക്കിലെടുത്ത്, വിസി നിയമനങ്ങൾക്കുള്ള പേരുകളിൽ ചുരുക്കപ്പട്ടിക തയാറാക്കുന്നതിനായാണ് ജസ്റ്റീസ് സുധാംശു ധൂലിയയുടെ നേതൃത്വത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.
രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം എന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നത്. തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനസർക്കാർ ഈ വിഷയം ഇന്ന് കോടതിക്ക് മുൻപാകെ ഉന്നയിച്ചത്.
Kerala
കൊച്ചി: കാലിക്കറ്റ് സര്വകലാശാലയിലെ വിസി നിയമനത്തിന് ഗവര്ണര് പുറപ്പെടുവിച്ച വിജ്ഞാപനങ്ങള് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്ക്കാര് നല്കിയ ഹര്ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
സെര്ച്ച് കമ്മിറ്റി രൂപീകരിച്ച് ഒക്ടോബര് 31നും വിസി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് നവംബര് മൂന്നിനും പുറപ്പെടുവിച്ച വിജ്ഞാപനങ്ങള് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്ജി.
കാലിക്കറ്റ് സര്വകലാശാല വിസിയുടെ കാലാവധി 2024 നവംബര് പത്തിന് അവസാനിച്ചതിനാല് കെമസ്ട്രി വിഭാഗം പ്രഫസര് ഡോ. പി. രവീന്ദ്രന് താല്ക്കാലിക ചുമതല നല്കിയിരിക്കുകയാണ്. സെനറ്റ് പ്രതിനിധിയായ പ്രഫ. എ. സാബു നവംബര് ഒമ്പതിന് സെര്ച്ച് കമ്മിറ്റിയില് നിന്ന് രാജിവെച്ചതിനാല് ചാന്സലര് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമല്ലെന്നാണ് ഹര്ജിയില് ചൂണ്ടിക്കാട്ടുന്നത്.
വിശദീകരണത്തിന് ചാന്സലറുടെ അഭിഭാഷകന് സമയം തേടിയതിനെത്തുടര്ന്നാണ് ഹര്ജി ഇന്ന് വീണ്ടും പരിഗണിക്കാന് ജസ്റ്റിസ് വി.ജി. അരുണ് മാറ്റിയത്.
Kerala
തിരുവനന്തപുരം: ക്രിമിനല് കേസില് പ്രതികളായാല് അഡ്മിഷന് ഇല്ലെന്ന തീരുമാനവുമായി കേരള വിസി മുന്നോട്ട്.
വിഷയത്തില് കോളജുകള്ക്ക് വിസി മോഹന് കുന്നുമ്മല് സര്ക്കുലര് അയച്ചു. പ്രവേശനം നേടുന്നവര് ക്രിമിനല് കേസുകളില് ഉള്പ്പെട്ടിട്ടില്ല എന്ന് സത്യവാംഗ്മൂലം നല്കണമെന്നും സര്ക്കുലറിലുണ്ട്.
സത്യവാംഗ്മൂലം ലംഘിച്ച് കേസില് പ്രതികളായാല് നടപടി എടുക്കാം. സസത്യവാംഗ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്.
കോളേജുകളില് നിന്ന് ഡീബാര് ചെയ്യപ്പെട്ടിട്ടുണ്ടോ?, ക്രിമിനല് കേസുകളില് പ്രതികളാണോ?, സ്ത്രീകള്ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല് കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?, പരീക്ഷ ക്രമക്കേടില് പെട്ടിട്ടുണ്ടോ? എന്നിവയാണവ.
ഈ ചോദ്യങ്ങള്ക്ക് പ്രവേശനം നേടുന്ന വിദ്യാർഥികള് മറുപടി നല്കണം. സര്ക്കുലര് ലംഘിച്ചാല് നടപടി കോളജ് കൗണ്സിലിന് തീരുമാനിക്കാമെന്നും സര്ക്കുലറില് വ്യക്തമാക്കുന്നു.
അതേസമയം, നടപടിയില് പ്രതിഷേധമറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകള് പൊതുജനങ്ങള് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് കുറിപ്പില് വ്യക്തമാക്കി. വൈസ് ചാന്സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള സര്വകലാശാലയിലെ മിനിറ്റ്സ് വിവാദത്തില് നിയമനടപടിയുമായി ഇടത് സിന്ഡിക്കേറ്റ് അംഗങ്ങള്. വൈസ് ചാന്സലര് മോഹനന് കുന്നുമ്മലിനും മുന് രജിസ്ട്രാര് ഇന് ചാര്ജ് മിനി കാപ്പനുമെതിരെ ഇടത് സിന്ഡിക്കേറ്റ് അംഗം ഡോ. ലെനില് ലാല് തിരുവനന്തപുരം കന്റോണ്മെന്റ് പോലീസില് പരാതി നല്കി.
സിന്ഡിക്കേറ്റിന്റെ മിനിറ്റ്സില് വിസിയും മിനി കാപ്പനും തിരിമറി നടത്തിയെന്നാണ് പരാതിയില് പറയുന്നത്. വഞ്ചന, ഔദ്യോഗിക രേഖകളില് കൃത്രിമം വരുത്തല്, ഗൂഢാലോചന എന്നീ കാര്യങ്ങള് അന്വേഷിക്കണമെന്നും പരാതിയില് ആവശ്യപ്പെടുന്നു.
സെപ്റ്റംബര് രണ്ടിന് ചേര്ന്ന സിന്ഡിക്കറ്റ് യോഗത്തില് റജിസ്ട്രാര് ഡോ.കെ.എസ്. അനില്കുമാറിന്റെ സസ്പെന്ഷന് അംഗീകരിക്കുകയും പകരം ചുമതല ജോയിന്റ് റജിസ്ട്രാര് രശ്മിക്കു നല്കുകയും ചെയ്തെന്നാണ് മിനിറ്റ്സില് വിസി രേഖപ്പെടുത്തിയത്.
എന്നാല്, റജിസ്ട്രാറുടെ സസ്പെന്ഷന് കോടതിയുടെ പരിഗണനയില് ആയതിനാല് അത്തരത്തിലൊരു തീരുമാനം സിന്ഡിക്കറ്റ് എടുത്തിട്ടില്ലെന്നാണ് ഡോ.ലെനിന് ലാല് നല്കിയ പരാതിയില് പറയുന്നത്. വിസി മോഹനന് കുന്നുമ്മല് ദുരുദ്ദേശത്തോടുകൂടി മിനിറ്റ്സ് തിരുത്തിയെന്നാണ് പരാതിയില് പറയുന്നത്.
Kerala
തിരുവനന്തപുരം: കെടിയു, ഡിജിറ്റല് വിസി നിയമന നടപടിയില് നിന്നു മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് സുപ്രീംകോടതിയില് ഹര്ജി നല്കി.
സെര്ച്ച് കമ്മിറ്റിയില് യുജിസി പ്രതിനിധി വേണം. സെര്ച്ച് കമ്മിറ്റി പേരുകള് നല്കേണ്ടത് ചാന്സലർക്കാണ്. വിസി നിയമന പ്രക്രിയയില് നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണം. സുപ്രീംകോടതി ഉത്തരവ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്ണര് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതോടെ ഗവര്ണറും സര്ക്കാരും തമ്മിലുള്ള തുറന്ന പോര് വീണ്ടും മൂര്ച്ഛിച്ചിരിക്കുകയാണ്. ഭാരതാംബ വിവാദത്തെ തുടര്ന്നാണ് ഗവര്ണറും സര്ക്കാരും തമ്മിലുള്ള പോര് തുടങ്ങിയത്.
Kerala
കൊച്ചി: സിന്ഡിക്കറ്റ് യോഗം ചേരാന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സാങ്കേതിക സര്വകലാശാല വൈസ് ചാന്സലര് ഡോ. ശിവപ്രസാദ് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിക്കുക. സിന്ഡിക്കേറ്റില് പങ്കെടുക്കേണ്ട സുപ്രധാന സര്ക്കാര് വകുപ്പ് മേധാവികള് മനഃപൂര്വം പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. ശിവപ്രസാദ് കോടതിയെ സമീപിച്ചത്.
ധനകാര്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും രാഷ്ട്രീയപ്രേരിതമായി യോഗത്തില് നിന്ന് വിട്ടുനില്ക്കുന്നു എന്നാണ് ആക്ഷേപം. ക്വാറം തികയാത്തതിനാല് പലതവണ യോഗം മാറ്റിവയ്ക്കേണ്ടി വന്നത് സര്വകലാശാലയുടെ ദൈനംദിന പ്രവൃത്തികളെ ബാധിച്ചു എന്നും വിസി ചൂണ്ടിക്കാട്ടുന്നു.
2025 - 26 വര്ഷത്തെ ബജറ്റ് പാസാക്കാന് പോലും കഴിഞ്ഞിട്ടില്ല. ഇതോടെ ഡിജിറ്റല് സേവനങ്ങളും ഇന്റര്നെറ്റ് കണക്ഷനും തടസപ്പെടുമെന്ന ആശങ്കയും വിസി ഹര്ജിയില് ഉയര്ത്തുന്നുണ്ട്. യോഗത്തില് പങ്കെടുക്കാതെ മനഃപൂര്വം വിട്ടുനില്ക്കുന്നത് ചട്ടലംഘനമെന്ന് ഉത്തരവിടാനും, ഉദ്യോഗസ്ഥരോട് യോഗത്തില് പങ്കെടുക്കാന് കോടതി നിര്ദേശിക്കണമെന്നുമാണ് ഹര്ജിയിലെ ആവശ്യം.
National
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാരിന്റെ ശിപാർശ തള്ളി സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി ഏകപക്ഷീയവും ചട്ടവിരുദ്ധവുമാണെന്ന് കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുപ്രീംകോടതി നിർദേശിച്ച നടപടിയല്ല ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണർ തീരുമാനമെടുത്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് ബുധനാഴ്ച പരിഗണിക്കും.
ഡോ.സിസ തോമസിനു ഡിജിറ്റൽ സർവകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സർവകലാശാലയിലും (കെടിയു) താത്കാലിക വിസിമാരായി ആറു മാസത്തേക്കു കൂടി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു.
എന്നാൽ, താത്കാലിക വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സാങ്കേതിക സർവകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും, ഡിജിറ്റർ സർവകലാശാല ആക്ടിന്റെ 11 (10) പ്രകാരവും ആണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഈ വകുപ്പ് നേരത്തെ കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാകണം ചാൻസലർ ആയ ഗവർണർ നിയമനം നടത്തേണ്ടത് എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.
Kerala
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഉടൻ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തിനായി ഗവർണർക്ക് വിജ്ഞാപനം ഇറക്കാം. വിസി നിയമനത്തില് രാഷ്ട്രീയം കലർത്തരുതെന്നും സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
തർക്കങ്ങളിൽ അനുഭവിക്കുന്നത് വിദ്യാർഥികളാണ്. വിസിമാരില്ലാതെ എങ്ങനെ സർവകലാശാല മുന്നോട്ടു പോകും. വിദ്യാഭ്യാസ വിഷയങ്ങൾ കോടതിയിലെത്തുന്നത് വേദനാജനകമാണ്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള തർക്കത്തിൽ സർവകലാശാലകളുടെ പ്രവർത്തനം സതംഭനാവസ്ഥയിലാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
താത്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസലർ സർക്കാരുമായി കൂടിയാലോചിക്കണമെന്നും കോടതി പറഞ്ഞു.
മുമ്പ് താത്കാലിക വൈസ് ചാൻസലർമാരായിരുന്ന സിസ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും താത്കാലിക വൈസ് ചാൻസലറായി നിയമിച്ച് ചാൻസലർക്ക് ഉത്തരവിറക്കാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണ, അഭിഭാഷകൻ ടി.ആർ. വെങ്കിട്ട സുബ്രഹ്മണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
Kerala
തിരുവനന്തപുരം: കേരള സര്വകലാശാലയിലെ പ്രശ്നപരിഹാരത്തിന് അനുനയ നീക്കവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു, വൈസ് ചാന്സലറുമായി ചര്ച്ച നടത്തി. ടെലഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്.
രജിസ്ട്രാര് അനില്കുമാറിന്റെ സസ്പെന്ഷന് അംഗീകരിക്കണമെന്നും അല്ലാതെയുള്ള വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നുമുള്ള നിലപാടാണ് വിസി ഡോ. മോഹനന് കുന്നുമ്മേല് ആവര്ത്തിച്ചത്. തന്റെ സസ്പെന്ഷന് സിന്ഡിക്കേറ്റ് പിന്വലിച്ചെന്ന നിലപാടാണ് അനില്കുമാര് സ്വീകരിച്ചിരിക്കുന്നത്.
സര്വകലാശാലയിലെ ഫയലുകള് ഇപ്പോഴും അനില്കുമാര് പരിശോധിക്കുന്നുണ്ട്. എന്നാല് ഈ ഫയലുകള് നോക്കാന് വിസി ഇതുവരെയും തയാറായിട്ടില്ല. അനില്കുമാറിന് ഫയലുകള് നല്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് വിസി ഉത്തരവിട്ടുണ്ട്. ഉത്തരവ് മറികടന്ന് ഫയല് നല്കിയാല് ചട്ടലംഘനമാകുമെന്നു മുന്നറിയിപ്പും നല്കിയിട്ടുണ്ട്.
അതേസമയം വിസി നിയമിച്ച പുതിയ റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പന് നല്കുന്ന ഫയലുകളിലാണ് വിസി അംഗീകാരം നല്കുന്നത്. യൂണിവേഴ്സിറ്റി ഫണ്ടിനായി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന ഫയലില് വിസി അംഗീകാരം നല്കി.
കേരള സര്വകലാശാല സെനറ്റ് ഹാളില് നടന്ന സ്വകാര്യ പരിപാടിയില് ഭാരതാംബ ചിത്രം വച്ചതിനെ ചൊല്ലിയുള്ള സംഭവ വികാസങ്ങളാണ് റജിസ്ട്രാര്ക്കെതിരേ വിസി നടപടിയെടുക്കാന് കാരണമായത്.
രജിസ്ട്രാറെ അനുകുലിച്ച് ഇടത് സിന്ഡിക്കേറ്റ് അംഗങ്ങളും വിസിയെ പിന്തുണച്ച് ഗവര്ണറും രംഗത്തുവന്നതോടെയാണു സര്വകലാശാല ആസ്ഥാനം സംഘര്ഷഭരിതമായത്. വിസിക്കെതിരേ എസ്എഫ്ഐയും ഇടത് സിന്ഡിക്കേറ്റും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തു വന്നതോടെ വിസി സര്വകലാശാല ആസ്ഥാനത്ത് എത്താതെ മാറി നിന്നു.
ഇതു ഭരണപ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ഒടുവില് സര്ക്കാരിന്റെ അഭ്യര്ഥന പ്രകാരമാണ് വി.സി. മോഹനന് കുന്നുമ്മേല് സര്വകലാശാല ആസ്ഥാനത്തെത്തി ഫയല് പരിശോധന നടത്തി ഡിഗ്രി സര്ട്ടിഫിക്കറ്റുകളില് ഒപ്പിട്ടത്.
Kerala
തിരുവനന്തപുരം: വിദ്യാർഥികള് എന്ന വ്യാജേന ചിലര് സര്വകലാശാലയില് അക്രമം നടത്തിയെന്ന് കേരള സര്വകലാശാല വൈസ് ചാന്സലര് മോഹനന് കുന്നുമ്മല്. സര്വകലാശാലയില് ഉണ്ടായ സംഘര്ഷമാണ് താൻ വരാതിരിക്കാന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസിയെ തടയില്ല എന്ന വാക്ക് വിശ്വസിച്ചാണ് ഇന്ന് വന്നതെന്നും തടയാതിരുന്നതിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രധാന പരിപാടി സമരം നടത്തുകയും എല്ലാം തകര്ക്കുകയുമാണ്. ഇതിനിടയില് ചില വിദ്യാർഥികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത്. വിദ്യാർഥിയായി തുടരുന്നത് ഒരു പ്രഫഷനായി ചിലര് കൊണ്ടുനടക്കുന്നുവെന്നും വിസി വിമര്ശിച്ചു.
അതേസമയം, 20 ദിവസം വൈസ് ചാന്സലര് ഇല്ലായിരുന്നു എന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈമാസം മൂന്നു മുതല് എട്ടാം തീയതി വരെ റഷ്യയില് പോയിരുന്നു. ഇനി ഒരു ഡിഗ്രി സര്ട്ടിഫിക്കറ്റ് പോലും ഒപ്പിടാനില്ല. ഇനി ഒരു ഫയല് പോലും ബാക്കിയില്ല. കഴിഞ്ഞ 30നാണ് അവസാനമായി സര്വകലാശാലയില് വന്നത്. അന്ന് എല്ലാ ഫയലുകളും തീര്പ്പാക്കിയിട്ടാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരള സര്വകലാശാല വൈസ് ചാന്സലർ ഡോ. മോഹനന് കുന്നുമ്മേല് സര്വകലാശാല ആസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില് നിന്നു രണ്ട് ജീപ്പ് പോലീസ് വാഹന അകമ്പടിയോടെയാണ് അദ്ദേഹം സര്വകലാശാലയില് എത്തിയത്.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധം കാരണം കഴിഞ്ഞ 20 ദിവസമായി അദ്ദേഹം സര്വകലാശാലയില് എത്തിയിരുന്നില്ല. സര്വകലാശാലയ്ക്ക് അകത്തും പുറത്തുമായി സുരക്ഷയ്ക്കായി 200 ല്പരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട സംഘര്ഷത്തില് റജിസ്ട്രാറെ വിസി സസ്പെന്ഡ് ചെയ്തതോടെയാണ് അദ്ദേഹത്തിനെതിരെ ഇടത് സിന്ഡിക്കേറ്റും എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാര് കെ.എസ്. അനില്കുമാറിനെ ഇടത് സിന്ഡിക്കേറ്റ് തിരിച്ചെടുത്തു. എന്നാല് ഇതിന് നിയമസാധുതയില്ലെന്ന് പറഞ്ഞ് പുതിയ രജിസ്ട്രാറെ വിസി നിയമിച്ചിരുന്നു. മിനാ കാപ്പനെയാണ് രജിസ്ട്രാറുടെ ചുമതല നല്കി വിസി നിയമിച്ചത്. നിരവധി ഫയലുകളില് തീര്പ്പ് കല്പ്പിക്കാത്തത് വിദ്യാര്ഥികളുടെ ഭാവി കാര്യങ്ങളെ ബാധിച്ചിരുന്നു. പല ഫയലുകളിലും ഒപ്പിടാനുള്ള കാരണത്താലാണ് അദ്ദേഹം ഇന്ന് സര്വകലാശാല ആസ്ഥാനത്തെത്തിയത്.
Kerala
തിരുവനന്തപുരം: കേരള സര്വകലാശാലയിലെ അധികാരത്തര്ക്കം മൂര്ഛിക്കുന്നു. വിസി സസ്പെൻഡ് ചെയ്യുകയും ഇടതുസിന്ഡിക്കേറ്റ് സസ്പെന്ഷന് പിന്വലിക്കുകയും ചെയ്ത റജിസ്ട്രാര് ഡോ. കെ.എസ്. അനില്കുമാര് വിസിക്ക് അയച്ച ഡിജിറ്റല് ഫയലുകളില് വൈസ് ചാന്സലർ ഡോ. മോഹനന് കുന്നുമ്മേല് ഒപ്പിട്ടില്ല.
അനില്കുമാറിന്റെ ഫയലുകള് തനിക്ക് അയക്കേണ്ടതില്ലെന്ന് വി. സി. സര്വകലാശാല ആസ്ഥാനത്തെ ഉദ്യോഗസ്ഥര്ക്കു നിര്ദേശം നല്കി. സസ്പെന്ഷനിലുള്ള ആളിനു ഫയലുകളില് തീരുമാനമെടുക്കാന് സാധിക്കില്ലെന്നാണ് അനില്കുമാര് അയച്ച മൂന്ന് ഫയലുകളിലും വിസിയുടെ നിലപാട്. വിസി നിയമിച്ച രജിസ്ട്രാര് യൂണിവേഴ്സിറ്റി പ്ലാനിംഗ് ബോര്ഡ് അംഗം മിനി കാപ്പന് അയച്ച 25 ഫയലുകളില് വിസി ഒപ്പുവയ്ക്കുകയും അംഗീകാരം നല്കുകയും ചെയ്തിട്ടുണ്ട്.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം വിസിക്ക് അല്ലെന്നും സിന്ഡിക്കേറ്റിനാണെന്നുമാണ് അനില്കുമാറിന്റെ നിലപാട്. സിന്ഡിക്കേറ്റാണ് തന്റെ സസ്പെന്ഷന് പിന്വലിച്ചതെന്നും നിയമപ്രകാരം താനാണു രജിസ്ട്രാറെന്നുമാണ് അനില്കുമാറിന്റെ അവകാശ വാദം.
അതേസമയം അനില്കുമാര് ചട്ടങ്ങള്ക്കു വിരുദ്ധമായി പ്രവര്ത്തിച്ചതിനാല് സസ്പെന്ഷന് നല്കി മാറ്റി നിര്ത്തിയിരിക്കുകയാണ്. അതിനുള്ള അധികാരം തനിക്കുണ്ടെന്നാണ് വിസിയുടെ അവകാശവാദം.