വിവേകമില്ലാത്ത വികസനത്തിന്റെ അപകടങ്ങൾ വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ജോഷിമഠ് എന്ന പർവതനഗരം ഭൂമിയിലേക്കു താഴ്ന്നുപോകുന്ന പ്രതിസന്ധി ഉദാഹരണമാണ്. എന്നാൽ പർവതങ്ങളെന്നോ കടലെന്നോ വ്യത്യാസമില്ലാതെ ഇത്തരം അവിവേകങ്ങൾ ആവർത്തിക്കുകയാണ്. സുസ്ഥിരവികസനമെന്ന വാചകക്കസർത്തിനപ്പുറം, പ്രകൃതിയിലും മനുഷ്യരിലുമുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഒരു പരിഗണനയുമില്ലാതെ മെഗാ പ്രോജക്ടുകളിലേക്കു പണമൊഴുക്കാനാണ് സർക്കാർ താത്പര്യപ്പെടുന്നത്. അത്തരത്തിലുള്ള ഒരു മെഗാ പ്രോജക്ടാണ് 90,000 കോടി രൂപയുടെ ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതി.
ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട്, പവർ പ്ലാന്റ്, ടൗൺഷിപ്പ് എന്നിങ്ങനെ നാലു നിർണായക പദ്ധതികളാണ് ഇതിലുള്ളത്. നീതി ആയോഗിന്റെ കീഴിൽ, ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ് ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് കോർപറേഷൻ (ANIIDCO) ആണ് നേതൃത്വം.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഈ പദ്ധതിക്ക് പരിസ്ഥിതി, തീരദേശ നിയന്ത്രണ മേഖല അനുമതികൾ നൽകാൻ ശിപാർശ ചെയ്തിട്ടുണ്ട്. ഇത് 15 ശതമാനം വനമേഖല ഇല്ലാതാകുന്നതിനും വിവിധ ഘട്ടങ്ങളിലായി 8.52 ലക്ഷം മരങ്ങൾ വെട്ടിമാറ്റുന്നതിനും കാരണമാകും. നിർദിഷ്ട തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകുന്നതിനായി ഗലാത്തിയ ബേ വൈൽഡ്ലൈഫ് സാങ്ച്വറിയെ വന്യജീവി സങ്കേതമെന്ന പദവിയിൽനിന്ന് സർക്കാർ ഒഴിവാക്കി. ദ്വീപിലെ പ്രാദേശിക, ഗോത്രവർഗ നിവാസികളുടെ ഭാവിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെയാണ് പദ്ധതി നിർവഹണം.
►പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിലെ ന്യായീകരണങ്ങൾ
ആഗോള വ്യാപാരപാതയിലെ തന്ത്രപരമായ സ്ഥാനം ഉപയോഗപ്പെടുത്തുക, ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക, സിംഗപ്പുരിനും കൊളംബോയ്ക്കും പകരമായി വലിയൊരു അന്താരാഷ്ട്ര കപ്പൽ ചാൽ നിർമിച്ച് വരുമാനം നേടുക, ടൂറിസത്തിലൂടെയും മികച്ച യാത്രാസൗകര്യങ്ങളിലൂടെയും ദ്വീപിനെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്നിവയാണ് പദ്ധതിയെക്കുറിച്ച് സർക്കാരിന്റെ ന്യായീകരണങ്ങൾ.
ഈ ദ്വീപിനെ ഇന്ത്യയുടെ പ്രധാനഭാഗവുമായും മറ്റ് ആഗോള നഗരങ്ങളുമായും ബന്ധിപ്പിക്കുന്നതിനു മികച്ച യാത്രാസൗകര്യങ്ങൾ വേണം. അതിനാണ് ഗ്രീൻഫീൽഡ് എയർപോർട്ട്.
നിലവിൽ ഇന്ത്യയിലേക്കുള്ള വലിയ ചരക്കുകപ്പലുകൾ കൊളംബോ, സിംഗപ്പുർ തുറമുഖങ്ങളിലാണ് അടുക്കുന്നത്. അവിടെനിന്നു ചെറിയ കപ്പലുകളിൽ ഇന്ത്യയിലേക്കു ചരക്കുകൾ എത്തിക്കുകയാണ്. ഇതിലൂടെ ഇന്ത്യക്ക് വലിയ വരുമാനനഷ്ടമുണ്ട്. ശ്രീലങ്ക, മ്യാൻമർ തുടങ്ങിയ അയൽരാജ്യങ്ങൾ വലിയ തുറമുഖങ്ങൾ നിർമിക്കുന്നുണ്ട്. അതു മുതലെടുക്കാൻ ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ട്രാൻസ്ഷിപ്പ്മെന്റ് ഹബ് നിർമിക്കണമെന്നാണ് സർക്കാർ വാദം.
►പരിസ്ഥിതി ആഘാത പഠനത്തിന്റെ വൈരുദ്ധ്യങ്ങൾ
ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിക്കായി വിംത ലാബ്സ് ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. 2021 ഡിസംബറിൽ സമർപ്പിച്ച പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നത് 2021 മാർച്ചിലാണ്. എന്നാൽ അതേവർഷം ഫെബ്രുവരി 12 മുതൽ 18 വരെ വിംത ലാബ്സ് ദ്വീപിൽ സർവേ നടത്തിയിരുന്നു. പഠന ചുമതല ഔദ്യോഗികമായി ലഭിക്കുന്നതിനു മുന്പുതന്നെ അവർ സർവേ നടത്തിയത് ദുരൂഹമാണ്.
ഭീമൻ ലെതർബാക്ക് ആമകൾ സ്ഥിരമായി മുട്ടയിടാനെത്തുന്ന പ്രധാന കേന്ദ്രമാണ് ഗലാത്തിയ ബേ. ഇവിടെയാണ് തുറമുഖം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഈ ആമകളുടെ പ്രാധാന്യത്തെയും അവ നേരിടുന്ന ഭീഷണികളെയുംകുറിച്ച് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: സാറ്റലൈറ്റ് ട്രാക്കിംഗ് അനുസരിച്ച് ഇവിടെയെത്തുന്ന ആമകൾ മഡഗാസ്കർ, ഓസ്ട്രേലിയ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സഞ്ചരിക്കുന്നവയാണ്.
2021 ജനുവരി 19ന് ഇറങ്ങിയ ദേശീയ സമുദ്ര ആമ കർമപദ്ധതി ഗലാത്തിയ ബേ ആമകളുടെ പ്രധാന കേന്ദ്രമാണെന്നും തുറമുഖങ്ങളും റിസോർട്ടുകളും നിർമിക്കുന്നത് ഇവയുടെ നാശത്തിനു കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, അതിനു തൊട്ടുപിന്നാലെ ജനുവരി 25ന് തന്നെ ഗലാത്തിയ ബേയുടെ വന്യജീവി സങ്കേതം എന്ന പദവി സർക്കാർ എടുത്തുകളഞ്ഞു.
നിലവിൽ ഗലാത്തിയ ബേയ്ക്ക് മൂന്നു കിലോമീറ്റർ വീതിയുള്ള പ്രവേശന കവാടമുണ്ട്. തുറമുഖം വരുന്നതോടെ ഇത് 300 മീറ്ററായി ചുരുങ്ങും. അതോടെ ആമകൾക്ക് ഉൾക്കടലിലേക്ക് പ്രവേശിക്കാൻ തടസമാകും. കൂടാതെ കപ്പലുകളുടെ വരവും എണ്ണച്ചോർച്ചയും മനുഷ്യന്റെ ഇടപെടലുകളും ആമകളുടെ മുട്ടയിടലിനെ പൂർണമായി ഇല്ലാതാക്കും.
ഒരു വിവരാവകാശ രേഖ പ്രകാരം, വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തങ്ങൾ ഈ ആമകളെക്കുറിച്ച് മുമ്പ് ഒരു പഠനവും നടത്തിയിട്ടില്ലെന്നു സമ്മതിച്ചിട്ടുണ്ട്. ആവശ്യത്തിന് ശാസ്ത്രീയ തെളിവുകളോ പഠനങ്ങളോ ഇല്ലാതെയാണ് വന്യജീവി സങ്കേത പദവി റദ്ദാക്കിയതെന്ന് ഇത് തെളിയിക്കുന്നു. ഗ്രേറ്റ് നിക്കോബാർ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം വെറുമൊരു നാടകമായിരുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തെയും ശാസ്ത്രീയ വശങ്ങളെയും പൂർണമായി അവഗണിച്ചുകൊണ്ടാണ് ഈ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
►ആദിവാസി സമൂഹങ്ങളുടെ ആശങ്കകൾ
എല്ലാം എളുപ്പമാക്കാൻ നിലവിലുള്ള നിയമങ്ങളിലും നയങ്ങളിലും ചട്ടങ്ങളിലും ഇളവുകൾ നൽകാൻ തയാറാണെന്ന് ട്രൈബൽ വെൽഫെയർ ഡയറക്ടർ അറിയിച്ചിരുന്നു. ആദിവാസികളുടെ അവകാശങ്ങളോടും സംരക്ഷണത്തോടും ഭരണകൂടത്തിനുള്ള ഉദാസീനത വ്യക്തം.
പദ്ധതി വരുമ്പോൾ ആദിവാസി സമൂഹങ്ങൾക്ക് എന്ത് സംഭവിക്കും എന്നു ചോദിച്ചപ്പോൾ നീതി ആയോഗും ആഭ്യന്തര മന്ത്രാലയവും ഗോത്രകാര്യ മന്ത്രാലയവും പരസ്പരം വിരൽചൂണ്ടി ഒഴിയുകയായിരുന്നു. പുനരധിവാസ പദ്ധതിയൊന്നും ആരും പറഞ്ഞുകേട്ടതുമില്ല.
30 വർഷത്തിനുള്ളിൽ ദ്വീപിലെ ജനസംഖ്യ 3.5 ലക്ഷം മുതൽ 6.5 ലക്ഷം വരെ വർധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ ജനസംഖ്യാ സ്ഫോടനം ദ്വീപിന്റെ സാമൂഹിക-സാംസ്കാരിക അന്തരീക്ഷത്തെ മാറ്റിമറിക്കുകയും തദ്ദേശീയരായ ഗോത്രവർഗക്കാരുടെ സമാധാനജീവിതം തകർക്കുകയും ചെയ്യും. നിർമാണ വേളയിൽ പുറത്തുനിന്നുള്ളവർ ആദിവാസികളുമായി സമ്പർക്കം പുലർത്താതിരിക്കാൻ വനമേഖലകൾ മുള്ളുകമ്പിവേലി കെട്ടിത്തിരിക്കണം എന്നാണ് നിർദേശം. ഇത് ഗോത്രവർഗക്കാരോടുള്ള കടുത്ത അനാദരവും വിവേചനവുമല്ലാതെ മറ്റെന്താണ്. ആദിവാസികളെ മുള്ളുകമ്പി വേലിക്കുള്ളിലാക്കാൻ മടിക്കാത്ത ഭരണകൂടം, കടലാമകൾ വികസനവുമായി പൊരുത്തപ്പെട്ടോളും എന്ന തരത്തിലുള്ള അശാസ്ത്രീയ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്.
(തുടരും)