തിരുവനന്തപുരം: എഫ്സിആർഎ ചട്ടഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഭേദഗതി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് നരേന്ദ്ര മോദിക്കയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും നിയമ ഭേദഗതിയുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രസർക്കാർ. ചട്ടങ്ങളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ പ്രത്യേകമായി ആരെയും ലക്ഷ്യം വെച്ചുള്ളതല്ലെന്നും സുതാര്യത ഉറപ്പാക്കാനാണെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.
വിഷയം വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സജീവമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതു ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യം ഉടൻ യോഗം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.