x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​​​​റി​​​​​​ഞ്ഞും അ​​​​​​റി​​​​​​യാ​​​​​​തെ​​​​​​യും

എണ്ണം കുറയുന്ന കേരളീയർ 5/ റ്റി.​​​​സി. മാ​​​​ത്യു
Published: September 3, 2026 01:47 AM IST | Updated: September 3, 2026 01:47 AM IST

പ്രതീകാത്മക ചിത്രം - എഐ

കേ​ര​ളം ജ​ന​സം​ഖ്യ കു​റ​യു​ന്ന​തി​ന്‍റെ വ​ക്കി​ലൂ​ടെ നീ​ങ്ങു​ക​യാ​ണ്. പ​ക്ഷേ, അ​തേ​പ്പ​റ്റി ആ​രും ആ​ശ​ങ്ക പു​ല​ർ​ത്തു​ന്നി​ല്ല. സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും തു​റ​ന്ന ആ​കു​ല​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടും ജ​ന​സം​ഖ്യാ​ശോ​ഷ​ണം പൊ​തു​സ​മൂ​ഹ​ത്തി​ൽ സ​ജീ​വ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​ട്ടി​ല്ല.

അ​തി​നു പ​ല കാ​ര​ണ​ങ്ങ​ളു​ണ്ടാ​കാം. മു​ന്പു സൂ​ചി​പ്പി​ച്ച​തു​പോ​ലെ ജ​ന​പ്പെ​രു​പ്പം വ​ലി​യ അ​പ​ക​ട​മാ​ണെ​ന്നു പ​ഠി​ച്ചു വ​ള​ർ​ന്ന​വ​രാ​ണ് ര​ണ്ടു മൂ​ന്നു ത​ല​മു​റ​ക​ൾ. പ​ഠി​ച്ച​ത് ശാ​സ്ത്ര​സ​ത്യ​മാ​ണെ​ന്ന് അ​വ​ർ ക​രു​തു​ന്നു. പ​ഠി​ച്ച​തി​ലേ​റെ​യും ഭാ​വ​ന​യാ​ണെ​ന്നും പ്ര​വ​ച​ന​ങ്ങ​ൾ പാ​ളി​പ്പോ​യെ​ന്നും ആ​രും അ​വ​രോ​ടു പ​റ​ഞ്ഞി​ട്ടു​മി​ല്ല. അ​തി​നു വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ ജ​ല്​പ​ന​ങ്ങ​ളാ​യി ത​ള്ളി​ക്ക​ള​യു​ന്നു. കൂ​ടു​ത​ൽ പേ​രെ ജ​നി​പ്പി​ച്ചാ​ൽ ആ​രു ചെ​ല​വി​നു ന​ൽ​കും, ആ​രു ജോ​ലി ന​ൽ​കും തു​ട​ങ്ങി​യ ബ​ദ​ൽ ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തു​ക​യും ചെ​യ്യു​ന്നു-​മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ യു​വാ​ക്ക​ളെ​പ്പോ​ലെ.

രാ​ജ്യ​ത്ത് ജ​ന​സം​ഖ്യാ​വ​ർ​ധ​ന കു​റ​ച്ചു​വ​ർ​ഷം മു​ന്പു വ​രെ ഉ​യ​ർ​ന്ന തോ​തി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ കു​റ​ഞ്ഞ തോ​തി​ലാ​യി. 2021ൽ ​സെ​ൻ​സ​സ് ന​ട​ന്നെ​ങ്കി​ൽ അ​തി​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം അ​റി​യാ​ൻ​ പ​റ്റു​മാ​യി​രു​ന്നു. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ആ ​സെ​ൻ​സ​സ് ന​ട​ന്നി​ല്ല. 2001-11 കാ​ല​ത്തെ ഉ​യ​ർ​ന്ന നി​ര​ക്കി​ന്‍റെ ക​ണ​ക്കു​ വ​ച്ചു​ള്ള വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് ഇ​പ്പോ​ഴും രാ​ജ്യ​ത്തു​ള്ള​ത്. അ​തും ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടി​നെ വി​ക​ല​മാ​ക്കു​ന്നു.

ക​ണ്ണി​ൽ പെ​ടാ​ത്ത കാ​ര്യ​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട​യി​ലെ ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളും ആ​ൾ​ക്കാ​ർ സ​മ​ത​ല​ങ്ങ​ളി​ലേ​ക്കും ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ചി​ല​ർ വി​ദേ​ശ​ത്തേ​ക്കും മാ​റി​യ​പ്പോ​ൾ മ​ല​നാ​ട്ടി​ലും ഇ​ട​നാ​ട്ടി​ലും കാ​ടു​പി​ടി​ക്കു​ന്ന കൃ​ഷി​ഭൂ​മി​ക​ളും കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​ത്ത അ​ങ്ക​ണ​വാ​ടി​ക​ളും അ​ട​ച്ചു​പൂ​ട്ടു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളും അ​പേ​ക്ഷ​ക​രി​ല്ലാ​ത്ത​തി​നാ​ൽ നി​ന്നു​പോ​കു​ന്ന ബി​രു​ദ കോ​ഴ്സു​ക​ളും ആ​രെ​യും ചി​ന്തി​പ്പി​ക്കു​ന്നി​ല്ല. മ​ണ്ണി​ൽ മു​ത​ൽ ഫാ​ക്ട​റി​ക​ളി​ലും അ​ടു​ക്ക​ള​ക​ളി​ലും വ​രെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​മാ​യി വ​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യം സാ​മ്പ​ത്തി​കം മാ​ത്ര​മ​ല്ലെ​ന്നു മ​ന​സി​ലാ​ക്കു​ന്നു​മി​ല്ല. ജ​ന​നം കു​റ​ഞ്ഞ​തും കു​ടി​യേ​റ്റം കൂ​ടി​യ​തു​മാ​ണ് കേ​ര​ള​ത്തി​ൽ ആ​ൾ കു​റ​യാ​ൻ കാ​ര​ണം. ര​ണ്ടും തി​രു​ത്താ​ൻ എ​ളു​പ്പ​മ​ല്ല.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​ക്കു പോ​യ​വ​ർ തി​രി​ച്ചു​വ​ന്ന​തു​പോ​ലെ അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഓ​സ്ട്രേ​ലി​യ​യി​ലും​നി​ന്നു മ​ട​ങ്ങി​വ​രു​മെ​ന്നു ക​രു​താ​നാ​വി​ല്ല. ഉ​യ​ർ​ന്ന ജീ​വി​ത​ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്നു താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്ന​തു മ​നു​ഷ്യ​സ്വ​ഭാ​വ​മ​ല്ല​ല്ലോ.

ഭാ​ര​ത​ത്തി​ൽ​ത​ന്നെ കേ​ര​ള​ത്തി​നു പു​റ​ത്തു ദ​ശാ​ബ്ദ​ങ്ങ​ൾ ജീ​വി​ച്ച് അ​വി​ടെ വേ​രു​ക​ൾ പ​ട​ർ​ത്തി​യ​വ​രി​ലെ ഭൂ​രി​പ​ക്ഷ​വും മ​ട​ക്ക​യാ​ത്ര ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. മ​ട​ങ്ങി​വ​രു​മ്പോ​ൾ ത​ങ്ങ​ളു​ടെ പ​ഴ​യ ലോ​കം ഇ​വി​ടെ ഇ​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണു കാ​ര​ണം. ജ​ന​സം​ഖ്യ സ​മീ​പ​ഭാ​വി​യി​ൽ ചു​രു​ങ്ങു​ന്ന​തി​നെ​പ്പ​റ്റി കേ​ര​ളം ആ​ശ​ങ്ക കാ​ണി​ക്കാ​ത്ത​തി​നു മ​റ്റു ചി​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​റി​വി​ല്ലാ​യ്മ​യും

ഒ​ന്ന്: അ​ങ്ങ​നെ സം​ഭ​വി​ക്കു​ക​യി​ല്ല എ​ന്ന അ​ന്ധ​വി​ശ്വാ​സം. ചു​റ്റും നോ​ക്കു​മ്പോ​ൾ മു​ന്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ൾ​ക്കാ​രെ കാ​ണാം. ആ​യു​ർ​ദൈ​ർ​ഘ്യം കൂ​ടി​യ​തും മ​ര​ണ​നി​ര​ക്ക് (ശി​ശു​ക്ക​ളു​ടെ മു​ത​ൽ വൃ​ദ്ധ​രു​ടെ വ​രെ) കു​റ​ഞ്ഞ​തും അ​തി​നു കാ​ര​ണ​മാ​ണ്.

ര​ണ്ട്: കു​റേ ദ​മ്പ​തി​ക​ൾ​ക്ക് ഒ​റ്റ​ക്കു​ട്ടി മാ​ത്രം. കൂ​ടു​ത​ൽ പേ​ർ​ക്ക് ര​ണ്ടു കു​ട്ടി​ക​ൾ. കു​റ​ച്ചു പേ​ർ​ക്ക് ര​ണ്ടി​ല​ധി​കം. ഇ​ത് ജ​ന​സം​ഖ്യ കു​റ​യു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്നു ക​രു​താ​ൻ പ​ല​രും ത​യാ​റ​ല്ല. അ​വി​ടെ​യും ഇ​വി​ടെ​യു​മൊ​ക്കെ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​തി​ന്‍റെ ക​ണ​ക്കു​ക​ൾ അ​വ​ർ​ക്കു പ​റ​യാ​നു​ണ്ട്.

മൂ​ന്ന്: സം​സ്ഥാ​ന​ത്ത് ജ​ന​ന​നി​ര​ക്ക് ഇ​ത്ര​ക​ണ്ടു കു​റ​ഞ്ഞു എ​ന്ന അ​റി​വ് ഭൂ​രി​പ​ക്ഷം പേ​ർ​ക്കു​മി​ല്ല. 1975 മു​ത​ൽ 2017 വ​രെ തു​ട​ർ​ച്ച​യാ​യ 43 വ​ർ​ഷം കേ​ര​ള​ത്തി​ൽ വാ​ർ​ഷി​ക ശി​ശു​ജ​ന​നം അ​ഞ്ചു ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ണ്ടാ​യി​രു​ന്നു. (ഒ​രു വ​ർ​ഷം 4.96 ല​ക്ഷ​വും മ​റ്റൊ​രു വ​ർ​ഷം 6.08 ല​ക്ഷ​വും ആ​യി). അ​വി​ടെ​നി​ന്ന് മൂ​ന്ന​ര ല​ക്ഷ​ത്തി​നു താ​ഴേ​ക്ക് 2024ലും 25​ലും ശി​ശു​ജ​ന​നം കു​റ​ഞ്ഞു എ​ന്നു സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 1997ലെ 6.077 ​ല​ക്ഷം ജ​ന​ന​ത്തി​ന്‍റെ പ​കു​തി​യി​ലേ​ക്കാ​ണ് ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്തെ ജ​ന​ന​സം​ഖ്യ നീ​ങ്ങു​ന്ന​ത്. 27 വ​ർ​ഷം​കൊ​ണ്ട് ജ​ന​ന​നി​ര​ക്ക് പ​കു​തി​യി​ൽ താ​ഴെ​യാ​യ​തി​ന്‍റെ ഫ​ലം.

ഒ​രു വ​ലി​യ മൂ​ഢ​വി​ശ്വാ​സം

ഇ​തി​നെ​ല്ലാ​മു​പ​രി​യാ​യ ഒ​രു കാ​ര്യ​മു​ണ്ട്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ജ​ന​നം തി​രി​ച്ചുപി​ടി​ക്കാ​മ​ല്ലോ എ​ന്ന മൂ​ഢ​വി​ശ്വാ​സം. താ​ത്കാ​ലി​ക​മാ​യ ചി​ല തി​രു​ത്ത​ലു​ക​ള​ല്ലാ​തെ ജ​ന​സം​ഖ്യ സ്ഥാ​യി​യാ​യ തി​രി​ച്ചു​ക​യ​റ്റം ന​ട​ത്തി​യ രാ​ജ്യ​ങ്ങ​ളി​ല്ല. പ​ല​രും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​യി​ലും ജ​ന​സം​ഖ്യ​യും പ്ര​ത്യു​ത്പാ​ദ​നനി​ര​ക്കും കൂ​ടി​യ​തി​ന്‍റെ ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ക്കാ​റു​ണ്ട്. പ​ക്ഷേ അ​തു കു​ടി​യേ​റ്റം വ​ർ​ധി​ച്ച​തു​കൊ​ണ്ടുമാ​ത്രം സം​ഭ​വി​ച്ച​താ​ണ്. ശ​മ്പ​ള​ത്തോ​ടുകൂ​ടി​യ അ​വ​ധി​യ​ട​ക്കം പ്രോ​ത്സാ​ഹ​ന​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി​യി​ട്ടും റ​ഷ്യ, ചൈ​ന, ജ​പ്പാ​ൻ, ദ​ക്ഷി​ണകൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ജ​ന​ന​നി​ര​ക്കു​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ലോ​കജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​ന​ത്തി​ല​ധി​കം താ​മ​സി​ക്കു​ന്ന​ത് നി​ല​നി​ൽ​പി​നു​ള്ള ജ​ന​ന​നി​ര​ക്കി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ലാ​ണ്.

വ​ലി​യ കു​ടും​ബ​ങ്ങ​ൾ സാ​ധാ​ര​ണ​മാ​യി​രു​ന്ന കാ​ല​ത്ത് അ​താ​ണു വേ​ണ്ട​തെ​ന്ന് എ​ല്ലാ​വ​രും ക​രു​തി. എ​ണ്ണം കു​റ​യു​ന്ന​തു ക​ഴി​വു​കേ​ടാ​യി ക​ണ​ക്കാ​ക്ക​പ്പെ​ട്ടു. അ​ന്ന​ത്തെ സ​മൂ​ഹാ​ന്ത​രീ​ക്ഷം അ​താ​യി​രു​ന്നു. ഇ​പ്പോ​ൾ മ​റി​ച്ചാ​ണ്. ചെ​റി​യ കു​ടും​ബ​മാ​ണു രീ​തി. അ​തി​ൽ​നി​ന്നു വേ​റി​ട്ടു കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള കു​ടും​ബം ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രു​ടെ​യും ചി​ന്ത​യി​ൽ​ പോ​ലും വ​രു​ന്നി​ല്ല. ചെ​റി​യ കു​ടും​ബ​ങ്ങ​ളി​ൽ വ​ള​ർ​ന്ന്, ചു​റ്റും ചെ​റി​യ കു​ടും​ബ​ങ്ങ​ളെ ക​ണ്ടും കേ​ട്ടും പ​രി​ച​യി​ച്ച​വ​ർ​ക്കു മ​റ്റൊ​രു കു​ടും​ബ​ചി​ത്രം മ​ന​സി​ൽ ഇ​ല്ല.

സാം​സ്കാ​രി​ക​മാ​യ ഈ ​ത​ട​സം മാ​ത്ര​മ​ല്ല ഉ​ള്ള​ത്. വ​ലി​യ കു​ടും​ബ​ങ്ങ​ളി​ൽ വ​ള​ർ​ന്ന​വ​ർ​പോ​ലും ചെ​റി​യ കു​ടും​ബ​ങ്ങ​ളി​ലേ​ക്കു മാ​റി. അ​തി​നു പ്രാ​യോ​ഗി​ക​മാ​യ, സാ​മ്പ​ത്തി​ക​മാ​യ പ​ല ന്യാ​യ​ങ്ങ​ളും ക​ണ്ടെ​ത്തി. ചെ​റി​യ​തി​നെ വ​ലി​യ കു​ടും​ബ​മാ​ക്കാ​ൻ ആ ​പ​റ​ഞ്ഞ ന്യാ​യ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നു വ​ര​ണം. ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വ് ആ ​സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കു​ന്നു.

'എ​ന്‍റെ ഇ​ഷ്ടം' വാ​ഴു​മ്പോ​ൾ

ഇ​തോ​ടൊ​പ്പം സ്ത്രീ​ശ​ക്തീ​ക​ര​ണം സ്ത്രീ​ക​ളെ തൊ​ഴി​ൽ​ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. പു​രു​ഷ​ൻ തേ​ടി​ക്കൊ​ടു​ക്കു​ന്ന​വ​നും സ്‌​ത്രീ കു​ടും​ബം നോ​ക്കി കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​വ​ളും എ​ന്ന പ്രാ​ചീ​ന ഗോ​ത്ര​സ​ങ്ക​ൽ​പം പാ​ടേ മ​റ​ഞ്ഞു. പ്ര​ഫ​ഷ​ണ​ൽ വ​ള​ർ​ച്ച​യ്ക്കു കൂ​ടു​ത​ൽ പ്ര​സ​വ​ങ്ങ​ളും ശി​ശു​പ​രി​പാ​ല​ന​വും ത​ട​സ​മാ​ണ്. ‘നാ​മൊ​ന്ന്, ന​മു​ക്കൊ​ന്ന്’​എ​ന്ന​തു ന​ല്ല മു​ദ്രാ​വാ​ക്യ​മാ​യി സ്വീ​ക​രി​ക്കും.

കു​ടും​ബ​ജീ​വി​ത​ത്തെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന വ്യ​വ​സ്ഥി​തി​യും കു​ടും​ബ​ത്തി​ലെ വി​ട്ടു​വീ​ഴ്ച​ക​ളെ സ്വ​ത്വം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന കീ​ഴ​ട​ങ്ങ​ലു​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ് 21-ാം നൂ​റ്റാ​ണ്ടി​ൽ കാ​ണു​ന്ന​ത്. എ​ല്ലാ​റ്റി​നു​മു​പ​രി ‘എ​ന്‍റെ ഇ​ഷ്‌​ടം’ (My Choice) എ​ന്ന​തു പ്ര​മാ​ണ​മാ​കു​മ്പോ​ൾ വി​വാ​ഹം​പോ​ലെ പ​ഴ​യ വ്യ​വ​സ്ഥി​തി​യു​ടെ ശേ​ഷി​പ്പു​ക​ൾ ത​ട്ടി​ത്തെ​റി​പ്പി​ക്കാ​ൻ ശ്ര​മി​ക്കും. ക​മ്യൂ​ണി​സ​ത്തി​ലും കാ​പ്പി​റ്റ​ലി​സ​ത്തി​ലും അ​തി​നു വ്യ​ത്യാ​സ​മി​ല്ല. വം​ശം നി​ല​നി​ർ​ത്ത​ൽ എ​ന്ന ദൗ​ത്യം ത​ങ്ങ​ളു​ടേ​താ​യി അ​വ​ർ കാ​ണു​ന്നി​ല്ല.

വി​ജ​ന​ഭൂ​മി​യി​ലേ​ക്കോ?

അ​ത്ത​രം ചി​ന്താ​ഗ​തി​ക​ൾ വ​ള​രു​ന്ന​താ​ണ് ഭൂ​മി ഒ​രു വി​ജ​ന​ഗ്ര​ഹ​മാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​ത്. ഡാ​ര​ൽ ബ്രി​ക്ക​റും ജോ​ൺ ഇ​ബ്ബി​റ്റ്സ​ണും ചേ​ർ​ന്നു 2019ൽ ​എ​ഴു​തി​യ "എം​പ്റ്റി പ്ലാ​ന​റ്റ്' (Empty Planet) എ​ന്ന പു​സ്ത​കം ആ ​ചോ​ദ്യ​മാ​ണു ചോ​ദി​ക്കു​ന്ന​ത്.

“കു​ട്ടി​ക​ൾ ഇ​ല്ലാ​തെ​യോ ഒ​ന്നോ ര​ണ്ടോ കു​ട്ടി​ക​ൾ മാ​ത്ര​മാ​യോ ര​ണ്ടുമൂ​ന്നു ത​ല​മു​റ ക​ഴി​യു​മ്പോ​ൾ ജ​ന​ങ്ങ​ൾ ഏ​കാ​ന്ത​ത​യു​ടെ മ​ടു​പ്പ് അ​നു​ഭ​വി​ക്കും. കു​ടും​ബ​യോ​ഗ​ങ്ങ​ൾ ന​ട​ത്താ​ൻ ഒ​രു ഇ​രി​പ്പു​മു​റി മ​തി​യാ​കും. ആ​ടാ​ൻ ആ​ളി​ല്ലാ​തെ ഊ​ഞ്ഞാ​ലു​ക​ൾ തു​രു​മ്പെ​ടു​ക്കും. തെ​രു​വു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ ഒ​ച്ച​യും ബ​ഹ​ള​വു​മി​ല്ല... അ​ന്ന്, ആ ​ഭാ​വി​കാ​ല​ത്ത്, 50 ക​ഴി​ഞ്ഞ ദ​മ്പ​തി​ക​ൾ പ​റ​ഞ്ഞെ​ന്നു വ​രും: ഒ​രു കു​ട്ടികൂ​ടി ആ​യാ​ലോ?” (പേ​ജ് 240. Empty Planet).

ജ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന വ​ള​ർ​ച്ച അ​ങ്ങ​നെ ഒ​ര​വ​സ്ഥ​യി​ൽ എ​ത്തു​മോ? അ​തു തീ​രു​മാ​നി​ക്കേ​ണ്ട​ത് ഇ​ന്നും നാ​ളെ​യും ഈ ​ചോ​ദ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന യു​വ​ത​യാ​ണ്.

 

Tags : Knowingly unknowingly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Keralites Decline

Recent News

Corehub Up