പ്രസിദ്ധ ബ്രിട്ടീഷ്-അമേരിക്കന്‍ നാഡീരോഗ വിദഗ്ധനായിരുന്ന ഒലിവര്‍ സാക്സ് തന്റെ നാല്പതു വര്‍ഷത്തെ വൈദ്യശാസ്ത്ര ജീവിതത്തില്നിന്നുകൊണ്ട് മനോഹരമായ ഒരു നിരീക്ഷണം നടത്തി: “മരുന്നുകള്ക്കപ്പുറത്ത്, രണ്ടുതരം ചികിത്സകളുണ്ട്: സംഗീതവും പൂന്തോട്ടവും.” ഇത് രണ്ടും ബോധത്തെ വൈദ്യുതിയാലെന്നപോലെ പ്രകാശപൂര്ണമാക്കും.
‘സിദ്ധാര്‍ത്ഥ’ എന്ന വിശ്രുത നോവലിലൂടെ ധാരാളം വായനക്കാരുടെ കണ്ണുതുറപ്പിച്ച ജര്‍മന്‍-സ്വിസ് നോവലിസ്റ്റ് ഹെര്‍മന്‍ ഹെസെ മരങ്ങളെപ്പറ്റി പറഞ്ഞത് ശ്രദ്ധേയമാണ്: “ഒരു വലിയ മരത്തെപ്പോലെ സുന്ദരവും അസാധാരണവും വിശുദ്ധവുമായി വേറൊന്നും തന്നെയില്ല.” ഈ പ്രസ്താവങ്ങളിൽ കലയെപ്പറ്റിയുള്ള വലിയ ഒരു ആശയമുണ്ട്. നാം പ്രത്യക്ഷത്തിൽ കാണുന്നതുപോലെയല്ല ഈ ലോകം; അതിന് മറ്റൊരു നിഗൂഢസൗന്ദര്യമുണ്ട്. നാം പരിചിതമായതിന്റെ അടിയിലുള്ള മറ്റൊരു തലത്തെ അന്വേഷിക്കണം. അപ്പോൾ ലോകം കുറേക്കൂടി സുന്ദരമാകും.
ഒരുവൻ പ്രേമിക്കുമ്പോഴാണ് ഒരു പെണ്ണിന് കൂടുതൽ സൗന്ദര്യമുണ്ടാകുന്നത്. വളരെ ഉയരത്തിൽനിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടുമ്പോൾ നേരത്തേ കണ്ട പ്രകൃതിക്ക് ഭയാത്മകതയും ഉന്മാദത്തെ ഉണർത്തിവിടാനുള്ള ശക്തിയുമുള്ളതായി മനസിലാക്കാമെന്ന് അനുഭവസ്ഥർ വിവരിച്ചിട്ടുണ്ട്. നിർജീവമെന്ന് തോന്നിയ ശൂന്യത നമ്മോട് സംസാരിക്കുകയാണ്. ഭീകരലാവണ്യത്തിന്റെ അനുഭവം മനുഷ്യമനസിനെ ദാർശനികമാക്കുന്നു. ഭയത്തെക്കുറിച്ചുള്ള ഓർമ, ഭയപ്പെടുത്തുന്ന വസ്തു നേർക്കു വരുന്നു എന്ന ചിന്ത മനസിന്റെ ദാർശനിക തലങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.
അവരവരുടെയുള്ളിലെ മഹത്തായ സംസ്കൃതിയെ അറിയാന്‍ കഷ്ടപ്പെടേണ്ടിവരും. അതിനായി രാഗബോധത്തോടെ വസ്തുക്കളെ നമ്മുടെ അടുത്തേക്കു കൊണ്ടുവരേണ്ടതുണ്ട്. അതുല്യവും അഭൗമവുമായ ഒരു ബാന്ധവം തിരിച്ചറിയുമ്പോള്‍, സൃഷ്ടിയുടെ വിളി കേള്‍ക്കാനാകും. ഒരാള്‍ തന്നെക്കുറിച്ചുള്ള പൊയ്വിശ്വാസങ്ങള് ഉപേക്ഷിച്ച് സ്വയം ദര്‍ശിക്കുകയാണ്.
കേശവദേവ് ‘ഓടയില്‍ നിന്ന്’ എന്ന നോവലില്‍ റിക്ഷക്കാരനായ പപ്പുവിനെ അവതരിപ്പിക്കുന്നു. എന്നാല്‍ അയാള്‍, വായനക്കാര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പുതിയൊരു റിക്ഷക്കാരനാണ്. അയാളുടെ തത്വശാസ്ത്രം വേറെയാണ്; ആദര്‍ശം വേറെയാണ്. അയാള്‍ ജീവിതത്തെ സമീപിക്കുന്നതും വ്യത്യസ്തമായാണ്. അതുകൊണ്ടാണ് വായനക്കാര്‍ ആ പപ്പുവിനെ സ്നേഹിച്ചത്; അയാള്‍ തൊഴിലാളിയായതുകൊണ്ടല്ല. ഈ സത്യമാണ് പുരോഗമന സാഹിത്യകാരന്മാര്ക്ക് മനസിലാകാത്തത്.
പോര്‍ച്ചുഗീസ് കവി ഫെര്‍ണാണ്ടോ പെസോവ (1888-1935) ഒരിക്കല്‍ എഴുതി; നിത്യവും കാണുമായിരുന്ന പാറകളും കല്ലുകളും നദികളും വൃക്ഷങ്ങളും ഒരു ദിവസം ‘യഥാര്‍ഥത്തില്‍’ നിലനില്‍ക്കുന്നതായി തോന്നിയെന്ന്! തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും, കണ്ടിരുന്നെങ്കിലും അവയുടെ സാന്നിധ്യം മനസിനെ സ്പർശിച്ചിരുന്നില്ല. ജീവിക്കുന്നതായി അനുഭവപ്പെട്ടിരുന്നില്ല. അത് യഥാര്‍ഥത്തില്‍ ഉണ്ടെന്ന്, നമ്മെപ്പോലെ ജീവിക്കുന്നു എന്ന് ബോധ്യപ്പെട്ട നിമിഷം ഒരു വലിയ അറിവാണ്. ഇത് മനസിന്റെ സാന്നിധ്യമാണ് കാണിക്കുന്നത്. നാം നിത്യവും പലതും കാണുന്നു. അതൊന്നും നമ്മെ സ്പര്‍ശിക്കുന്നില്ല. കാരണം, അതോടൊപ്പം നാം ജീവിക്കുന്നില്ല. ഒരു നിമിഷത്തില്‍ അതിനെ തിരിച്ചറിയുകയാണെങ്കില്‍ ഒരു ലോകം പെട്ടെന്ന് ഉയര്‍ന്നുവരും.
റഷ്യന്‍ സാഹിത്യപ്രസ്ഥാനമായ ഫോര്മലിസത്തിന്റെ വക്താവായിരുന്ന പ്രമുഖ വിമര്ശകന് വിക്ടര്‍ ഷ്ളോവ്സ്കി(1893-1984) ഡീഫെമിലിയറൈസേഷന് (Defamiliarization) എന്നൊരു ആശയം മുന്നോട്ടു വയ്ക്കുന്നു - അപരിചിതത്വവത്കരണം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നമ്മള് പതിവായി കാണുന്ന ഒരു വസ്തുവിനെക്കുറിച്ചുള്ള കാഴ്ചപ്പാട് ഓട്ടോമാറ്റിക്കാവുകയും സാമാന്യവത്കരിക്കപ്പെടുകയും ചെയ്യുന്നതാകയാല് വിശേഷപ്പെട്ട കാഴ്ച അഥവാ പ്രത്യക്ഷബോധം (Perception) ഉണ്ടാകുന്നില്ല.
അതുകൊണ്ട് കവികളും എഴുത്തുകാരും സാമാന്യവത്കരിക്കപ്പെട്ടതിനെ, പുതിയ സംവേദനത്തിനു സാധ്യമല്ലാത്തവിധം നിര്‍ജീവമായതിനെ നവമായി കാണാന്‍ വഴിതേടുന്നു. അതിനായി അവര്‍ വസ്തുക്കളെ അപരിചിതമാക്കുന്നു. ഇങ്ങനെയാണ് വേറിട്ട കാഴ്ചയുടെ അനുഭവമായ പരിപ്രേക്ഷ്യം (Perspective) ഉണ്ടാകുന്നത്. സ്ഥിരമായി കാണുന്നതാകയാല് വിശേഷിച്ചൊന്നും തിരയേണ്ടെന്നു കരുതുന്നത് ഭാഷയെയും ചീത്തയാക്കും. അവര്‍ ആദ്യന്തം വിരസമായ ഭാഷയാണ് അതിന്റെ ഫലമായി ഉത്പാദിപ്പിക്കുന്നത്. ഒരു വസ്തുവിനെ കണ്ടിട്ട് അതുതന്നെയാണെന്ന് സ്ഥാപിച്ചുകൊടുക്കുകയല്ല കവിയുടെ ജോലി; അപരിചിതമായ കാഴ്ചാനുഭവം ഉണ്ടാക്കണം. അങ്ങനെ വസ്തുവിനെ നവീകരിക്കണം; ഭാഷയെയും നവീകരിക്കണം.
ഷ്ളോവിസ്കി 1917ല്‍ എഴുതിയ Art as Technique എന്ന ലേഖനത്തിലാണ് അപരിചിതമാക്കലിന്റെ കലയെക്കുറിച്ച് സൈദ്ധാന്തികമായി സംസാരിക്കുന്നത്. ഈ അപരിചിതമാക്കലാണ്, അതിന്റെ ആഴവും പരപ്പുമാണ് സര്‍ഗാത്മകതയുടെ കാതല്‍. ഇതിനുദാഹരണമായി ടോള്‍സ്റ്റോയി ‘യുദ്ധവും സമാധാനവും’ എന്ന കൃതിയില്‍ യുദ്ധത്തെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം നവമായി ആവിഷ്കരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “സൃഷ്ടിക്കണമെങ്കിൽ, ഞാൻ എന്നെത്തന്നെ നശിപ്പിക്കണം” എന്ന് പെസോവ എഴുതിയത് ഈ നവാനുഭവത്തിനുവേണ്ടിയാണ്. സൃഷ്ടി നടത്തുന്നതിന് ഞാന്‍ എന്നെ മറ്റൊന്നായി മാറ്റണമെന്നർഥം.
എന്റെ ഭൂതകാലത്തിന്റെ തടവറയിൽനിന്ന് ഞാൻ പുറത്തുവരണം. കലയില്‍ ഈ അപരിചിതവത്കരണത്തിന് പ്രസക്തിയുണ്ട്. ഒരു പൂവിനെ പലരും കണ്ട രീതിയില്‍തന്നെ എല്ലാവരും വരയ്ക്കേണ്ടതുണ്ടോ? മറ്റൊരു കാഴ്ച വേണം. വസ്തുവിന്റെ നവവിശേഷമാണ് കല. വസ്തുവിന്റെ അറിയപ്പെടാത്ത സുവിശേഷമാണത്. ഓരോ വസ്തുവിനും നവീനതയുണ്ട്. വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട്, തുരുമ്പുപിടിച്ചു കിടക്കുന്ന ഒരു വാഹനത്തിലും നവീനതയുണ്ട്; അതു കാഴ്ചയുടേതാണ്. അതു കണ്ടുപിടിക്കുമ്പോഴാണ് കലയുണ്ടാകുന്നത്. അതില്‍ സൗന്ദര്യാനുഭവത്തിന്റെ ഒരു നാടകം ഒളിഞ്ഞിരിപ്പുണ്ട്. അത് നമ്മൾ ആരായാതെ പുറത്തുവരില്ല.
ഒരു വസ്തുവിന്റെ വളരെ പരിചിതമായ ജീവിതം എഴുതേണ്ടതില്ല; അതെല്ലാവര്‍ക്കും അറിയാം. അപരിചിതമായത് കണ്ടുപിടിക്കണം. അതാണ് അസ്തിത്വത്തിന്റെ സമസ്യ. ഇതുതന്നെയാണ് കവി തന്റെ മനസിലേക്ക് നോക്കുമ്പോഴും സംഭവിക്കുന്നത്. ഫെര്‍ണാണ്ടോ പെസോവയുടെ ചില വരികള്‍ ഉദ്ധരിക്കാം:
“എന്റെ മനസ് ഒരു നിഗൂഢ സംഗീത-
സഭയാണ്.ഉപകരണങ്ങള്‍ എന്തെല്ലാ-
മുണ്ടെന്ന് അറിയില്ല.
വയലിനിലും വീണയിലും
മദ്ദളത്തിലും തട്ടി ഞാ-
നെങ്ങനെയാണ്
ശബ്ദമുണ്ടാക്കുന്നതെന്ന്
അറിയില്ല.
എന്നാല്‍ ഒരു
വാദ്യഘോഷമൊരുങ്ങുന്നുണ്ട്.”
ആത്മാവിന്റെ അറിയപ്പെടാത്ത ലോകത്തേക്ക് നമ്മെ ക്ഷണിക്കുകയാണ്. നമുക്ക് നമ്മെക്കുറിച്ച് ഏറെയൊന്നും അറിയില്ലല്ലോ. അറിയാമായിരുന്നെങ്കില്‍, ഓരോരുത്തര്‍ക്കും അവരുടെ ഇപ്പോഴത്തെ പരിമിതികള്‍ മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ മികവു വരുത്താനാകുമായിരുന്നല്ലോ. അജ്ഞാതത്വമാണ് മനസിനെ ചുറ്റിവരിഞ്ഞു നില്‍ക്കുന്നത്. പെസോവ സ്വന്തം ഉള്ളിലേക്ക് നോക്കിയപ്പോള്‍ യാതൊന്നാണോ തന്നെ ഉത്തമമായ സ്വരൈക്യത്തിലും അവബോധാത്മകമായ സംസ്കാരവിശേഷത്തിലും ഉറപ്പിച്ചു നിര്‍ത്തുന്നത്, അത് വ്യക്തമാകുന്നില്ല. അത്ഭുതകരമെന്നു പറയട്ടെ, താന്‍ ഉചിതവും ലയാനുസാരിയുമായ ഒരു സംഗീതപ്രവാഹമായിരിക്കുകയും ചെയ്യുന്നു.
Tags :