കേരളത്തിലെ പ്രത്യുത്പാദന നിരക്ക്
കേരളം ജനസംഖ്യ കൂടുന്ന നിലയിൽനിന്നു കുറയുന്ന നിലയിലേക്കു മാറുന്നതിനു തുടക്കമിട്ടത് ഒരു തലമുറ മുന്പായിരുന്നു. 1988 ആണ് ആ മാറ്റത്തിന്റെ തുടക്കവർഷം. ആ വർഷം കേരളത്തിലെ പ്രത്യുത്പാദന നിരക്ക് (Total Fertility Rate TFR: ഒരു സ്ത്രീയുടെ ശരാശരി ആയുഷ്കാല പ്രത്യുത്പാദന നിരക്ക്) രണ്ട് എന്ന സംഖ്യയിൽ എത്തി.
പ്രത്യുത്പാദനനിരക്ക് രണ്ട് ആകുന്നത് വഴിത്തിരിവ് കുറിക്കുന്ന കാര്യമാണ്. ഒരു തലമുറയിലെ ജനസംഖ്യ അടുത്ത തലമുറയിൽ തുടർന്നുപോകാൻ ശരാശരി സ്ത്രീക്ക് 2.1 ടിഎഫ്ആർ വേണം എന്നാണു ജനസംഖ്യാ ശാസ്ത്രജ്ഞർ പറയുന്നത്. രണ്ടു കുട്ടികൾ പോരാ. പല കാരണങ്ങളാലും പ്രായപൂർത്തി ആകുംമുൻപേ കുറേ മരണം സംഭവിക്കാവുന്നതു കണക്കിലെടുത്താണ് 2.1 എന്നു ജനസംഖ്യാ ശാസ്ത്രജ്ഞർ നിർണയിച്ചത്.
ജനസംഖ്യയുടെ നിലനിൽപ് നിരക്ക് (Replacement rate) എന്നാണ് ഇതിനെ വിളിക്കുന്നത്. ആ നിരക്കിനു താഴെ കേരളം എത്തിയതാണ് 1988ലെ മാറ്റം. ജനസംഖ്യാവളർച്ച ക്രമേണ കുറയുകയും പിന്നാലെ ജനസംഖ്യതന്നെ കുറയുകയും ചെയ്യുന്നതിന്റെ തുടക്കം. ഒരു തലമുറ തങ്ങളുടെ എണ്ണത്തോളം സന്താനങ്ങളെ ജനിപ്പിക്കുന്നില്ല എന്നാണു രണ്ടിൽ താഴെയുള്ള പ്രത്യുത്പാദന നിരക്ക് പറയുന്നത്. സമൂഹം എണ്ണം നിലനിർത്താനുള്ളത്ര പിറവി ഉറപ്പാക്കുന്നില്ലെങ്കിൽ ജനസംഖ്യ കുറയാതെ തരമില്ലല്ലോ.
താഴുന്ന പ്രത്യുത്പാദന നിരക്ക്
1988ൽ രാജ്യത്തെ ടിഎഫ്ആർ നാലായിരുന്നു. അഞ്ചു വർഷം കഴിഞ്ഞാണു മറ്റൊരു സംസ്ഥാനം -തമിഴ്നാട് - നിലനിൽപിനുള്ള നിരക്കിൽ എത്തുന്നത്. ആന്ധ്രപ്രദേശ് 2004ലും പശ്ചിമബംഗാൾ 2005ലും ഈ നിരക്കിൽ എത്തി. 2004ൽ ഇന്ത്യയിലെ നഗരങ്ങൾ നിലനിൽപ്പിനുള്ള നിരക്കിലും താഴെയെത്തി. 2019ൽ രാജ്യത്തെ പ്രത്യുത്പാദന നിരക്ക് 2.1നു താഴെ ആയി.
2024ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ടിഎഫ്ആർ 1.9 ആയി കുറഞ്ഞു. നഗരങ്ങളിൽ 1.5 ഉം ഗ്രാമങ്ങളിൽ 2.1ഉം. ബിഹാർ (ടിഎഫ്ആർ 2.9), ഉത്തർപ്രദേശ് (2.6), മധ്യപ്രദേശ് (2.4), രാജസ്ഥാൻ (2.3), ജാർഖണ്ഡ് (2.2), ഛത്തീസ്ഗഡ് (2.2) എന്നിവയിൽ മാത്രമാണു നിലനിൽപ്പ് നിരക്കിനേക്കാൾ കൂടുതൽ പ്രത്യുത്പാദനനിരക്ക് ഉള്ളത്.
രാജ്യം ഇങ്ങനെ മാറിയപ്പോൾ കേരളം എത്തിയത് 1.19 എന്ന ടിഎഫ്ആർ നിലവാരത്തിലാണ്. 2024ലെ സിവിൽ രജിസ്ട്രേഷൻ കണക്കുകൾ ഉപയോഗിച്ചു സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തയാറാക്കിയ ആന്വൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടാണ് ഇതു കാണിക്കുന്നത്. 2023ൽ ഇത് 1.35 ആയിരുന്നു. കേന്ദ്രം ഉപയോഗിക്കുന്ന എസ്ആർഎസ് സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2024 കേരളത്തിന്റെ ടിഎഫ്ആർ ആയി പറയുന്നത് 1.3 ആണ്. സാംപിൾ സർവേ അധിഷ്ഠിതമാണ് ആ കണക്ക്. കേരളത്തിൽ നാലു ലക്ഷം (4.01 ലക്ഷം) ആണു സാംപിൾ. ദേശീയവും അന്തർദേശീയവുമായ വിശകലന സ്ഥാപനങ്ങൾ ഈ സാപിൾ സർവേ കണക്കാണ് ഉപയോഗിക്കുന്നത്. എങ്കിലും യഥാർഥ ജനന-മരണ കണക്ക് ഉപയോഗിച്ചുള്ള വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ആധാരമാക്കുന്നതാണു യുക്തം.
‘ഏറ്റവും കുറഞ്ഞ’ നിരക്കിൽ
1988ൽ 2.1നു താഴെ വന്ന ടിഎഫ്ആർ ഇപ്പോൾ 1.19ൽ എത്തിയതിലൂടെ ‘ഏറ്റവും കുറഞ്ഞ’ (Lowest Low/Ultra Low) നിലവാരത്തിൽ കേരളത്തിലെ ആകെ പ്രത്യുത്പാദന നിരക്ക് എത്തിയിരിക്കുകയാണ്. ആകെ പ്രത്യുത്പാദന നിരക്ക് 1.5നു താഴെ വന്നാൽ വളരെ കുറഞ്ഞ (Very Low) എന്നും 1.3നു താഴെ വന്നാൽ ഏറ്റവും കുറഞ്ഞ എന്നുമാണു ജനസംഖ്യാ പഠിതാക്കൾ വിശേഷിപ്പിക്കുന്നത്. പകുതിയോളം യൂറോപ്യൻ രാജ്യങ്ങളും ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെട്ട ‘ഏറ്റവും കുറഞ്ഞ’ വിഭാഗത്തിൽ കേരളം പ്രവേശിച്ചിരിക്കുന്നു.
ഈ കണക്കുകളുടെ പ്രസക്തി എന്താണ്? അത് എങ്ങനെയാണു സമൂഹത്തെ ബാധിക്കുന്നത്?
നിരക്ക് 2.1 ആയിരുന്നാൽ ആകെ ജനസംഖ്യ നിലവിലെ തോതിൽ തുടരും. വർധനയുടെ നിരക്ക് വീണ്ടും കുറഞ്ഞാൽ കുറേക്കാലം കഴിയുമ്പോൾ ജനസംഖ്യ കുറഞ്ഞുതുടങ്ങും. കാരണം, മരിച്ചവർക്കു പകരം വേണ്ടത്ര ആൾക്കാർ ഉണ്ടാകുന്നില്ല. (2.1 നിരക്കിൽ എത്തുന്ന സമൂഹം ക്രമേണ നിരക്കു താഴ്ത്തുന്നതു മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ.)
വേണ്ടത്ര ജനനമില്ല
ടിഎഫ്ആർ 1.9 ൽ എത്തുമ്പോൾ സ്ഥിരജനസംഖ്യക്കു വേണ്ടതിന്റെ 90 ശതമാനം കുട്ടികൾ മാത്രമേ ജനിക്കുന്നുണ്ടാകൂ. ടിഎഫ്ആർ 1.5 ൽ എത്തുമ്പോൾ ആവശ്യമായതിന്റെ 71 ശതമാനം കുട്ടികൾക്കേ ജന്മം നൽകുന്നുള്ളൂ. 2023ലെ കേരളത്തിന്റെ നിരക്കായ 1.35 ൽ എത്തുമ്പോൾ ജനനം സ്ഥിരജനസംഖ്യക്കു വേണ്ടതിന്റെ 64 ശതമാനം മാത്രമായി കുറയും. 1.19 എന്ന 2024 ലെ നിരക്കിൽ വരുമ്പോൾ ആവശ്യമായതിന്റെ 56.6 ശതമാനമായി ജനനം ഇടിയും.
ജനനത്തോത് കുറഞ്ഞു തുടങ്ങുമ്പോൾത്തന്നെ ജനസംഖ്യ കുറഞ്ഞുതുടങ്ങുകയില്ല. ജനസംഖ്യാവർധനയുടെ തോതു പോലും സാവധാനമേ കുറയൂ. കാരണം നിലവിലുള്ളവർ തുടർന്നു ജീവിക്കുന്നുണ്ട്. സമൂഹം കൂടുതൽ പുരോഗമിക്കുന്നതനുസരിച്ച് അവരുടെ ആയുർദൈർഘ്യം കൂടുകയും ചെയ്യുന്നു. അതിനാൽ ജനസംഖ്യാ പരിണാമത്തിന്റെ ആദ്യകാലത്തു ജനസംഖ്യ കൂടും. പിന്നീട് പരമാവധിയിൽ എത്തിയിട്ട് അവിടെ അൽപകാലം സ്ഥിരത പുലർത്തും. അതിനുശേഷമാണു കുറഞ്ഞു തുടങ്ങുക.
ചിന്തിക്കാൻ എന്ത്?
കേരളത്തിൽ ജനനത്തോത് കുറഞ്ഞുതുടങ്ങിയിട്ട് ആറു പതിറ്റാണ്ട് കഴിഞ്ഞു. ഇക്കാലത്തു ജനസംഖ്യ കുതിച്ചുകയറുന്നതും പിന്നീടു വളർച്ചത്തോതു കുറയുന്നതും നാം കണ്ടു. (ഇന്നലെ പ്രസിദ്ധീകരിച്ച രണ്ടാം പട്ടിക കാണുക). 1971ലെ സെൻസസ് വരെ ജനസംഖ്യയുടെ വളർച്ചത്തോത് കൂടിവന്നു. 1931-41ലെ 16.04ൽനിന്ന് 1961-71ലെ 26.30ലേക്ക്. പിന്നീടുള്ള ഓരോ ദശകത്തിലും വളർച്ചത്തോത് കുറഞ്ഞു. 40 വർഷം കൊണ്ട് ജനസംഖ്യാ വളർച്ച അഞ്ചിലൊന്നായി. 26.30ൽനിന്ന് 4.91ലേക്ക്. വളർച്ചത്തോതു കുറഞ്ഞെങ്കിലും ഇക്കാലത്തും ജനസംഖ്യ കൂടിക്കൊണ്ടിരുന്നു 1971 ലെ 2.13 കോടി 2011ൽ 3.34 കോടിയായി ഉയർന്നു.
ജനനനിരക്കും പ്രത്യുത്പാദനനിരക്കും കുറഞ്ഞുവരുന്നതിന്റെ പേരിൽ ഇത്രയും ചിന്തിക്കാനുണ്ടോ എന്ന ചോദ്യം ഉയരാം. വളരെക്കാലം അതിവേഗം വളർന്ന ജനസംഖ്യ അൽപകാലം കുറഞ്ഞ വേഗത്തിൽ വളരുന്നതു കൊണ്ടുകുഴപ്പമില്ല എന്നു ചിലർ കരുതാം. അതിനുള്ള ഉത്തരം ചൈനയിലേക്കു നോക്കുക എന്നാണ്.
കേരളത്തിൽ ജനനനിരക്ക് 2011നെ അപേക്ഷിച്ച് 2024ൽ 42.5 ശതമാനം കുറവായിട്ടുണ്ട്. 2011ൽ ആയിരം പേരിൽ 16.75 ജനനം നടന്ന സ്ഥാനത്ത് 2024ൽ 9.64 മാത്രമായി. കോവിഡിനുശേഷം ജനനനിരക്കിലെ കുറവ് നാടകീയമായി വർധിച്ചു. 2023ൽ 11 ഉം 2024ൽ 13 ഉം ശതമാനം വീതമാണു കുറവ്. ചൈനയിൽപോലും ഈ വേഗത്തിൽ കുറവുണ്ടായിട്ടില്ല. കേരളീയ യുവാക്കളും വിവാഹ, പ്രസവ കാര്യങ്ങളിൽ മാവോ സൂക്തം (വാൻ, ഷി, ഷാവോ -വൈകി, അകന്ന്, കുറച്ച്) ആവർത്തിക്കുമ്പോൾ സൂചന വ്യക്തമാണ്. കേരളം ചൈനയുടെ വഴിയേ ആണ്. അതിലൂടെ അതിവേഗം ബഹുദൂരം എത്തി എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഒറ്റക്കുട്ടിനയം വഴി
ഒറ്റക്കുട്ടി (One child) നയം വഴി ജനപ്പെരുപ്പം തടയാൻ ശ്രമിച്ചതാണു ചൈന. ദമ്പതിമാർക്ക് ഒരു കുട്ടി മാത്രമേ ആകാവൂ എന്ന് 1979ൽ ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചു. പിറ്റേ വർഷം അതു നിയമമാക്കി. ശ്രമം വിജയിച്ചു എന്നു പറയാം. പക്ഷേ കൂടുതൽ പ്രശ്നങ്ങൾക്കു തുടക്കമായി. 2016ൽ ഒറ്റക്കുട്ടി നയം പിൻവലിച്ചു. പിന്നീടു കൂടുതൽ കുട്ടികളെ സ്വാഗതം ചെയ്യുന്ന നയം വന്നു.
ജനപ്പെരുപ്പം കുറയ്ക്കുന്നതിൽ വിജയിച്ച ചൈനയ്ക്കു പക്ഷേ, ഈ പുതിയ നയം വിജയിപ്പിക്കാനായില്ല. എല്ലാ മാർഗവും പയറ്റിയിട്ടും ജനസംഖ്യ കുറയുന്നു. അതു വഴിയുള്ള പ്രശ്നങ്ങൾ ചെറുതല്ല. വിദ്യാർഥികൾ കുറയുന്നു. തൊഴിൽ സേനയിൽ ആൾ കുറയുന്നു. പെരുകുന്നതു വൃദ്ധസംഖ്യ മാത്രം. വൃദ്ധസമൂഹത്തിന്റെ ശുശ്രൂഷയും സുരക്ഷയും സമൂഹത്തിനു വെല്ലുവിളിയായി മാറുന്നു.
വൈകി, അകന്ന്, കുറച്ച്
ജനസംഖ്യ വർധിക്കണമെന്നും കൂടുതൽ കുട്ടികൾ ഉണ്ടാകണമെന്നും ചൈനീസ് ഭരണകൂടം ജനങ്ങളെ ഉദ്ബോധിപ്പിച്ചു തുടങ്ങിയിട്ടു വർഷങ്ങളായി. വിവാഹം, പ്രസവം, ശിശുപരിപാലനം തുടങ്ങിയവയ്ക്കു പല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പക്ഷേ ജനം മാവോ സേ തൂംഗ് പണ്ടു നൽകിയ മുദ്രാവാക്യത്തിൽ പിടിച്ചുനിൽക്കുകയാണ്. വാൻ, ഷി, ഷാവോ (വൈകി, അകന്ന്, കുറച്ച്). വിവാഹം വൈകി നടത്തുക, പ്രസവത്തിന്റെ ഇടവേള കൂട്ടുക, എണ്ണം കുറയ്ക്കുക - ഇതാണു മാവോ പറഞ്ഞത്. (സമാനമായ മുദ്രാവാക്യങ്ങൾ 1970കളിൽ ഇന്ത്യയിലും ഉപയോഗിച്ചു). ഇപ്പോഴത്തെ ചൈനീസ് യുവതയും അതാണു പറയുന്നത്.
അതിന്റെ ഫലം? 2022ൽ ചൈനീസ് ജനസംഖ്യ കുറഞ്ഞു. 2021ലെ 141.26 കോടിയിൽനിന്ന് 141.18 കോടിയിലേക്ക് 2022ലെ ജനസംഖ്യ താഴ്ന്നു. കുറവ് എട്ടര ലക്ഷം. പട്ടിണിമൂലം 1960-61 കാലത്തു ജനസംഖ്യ കുറഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഇടിവ്. 2023ൽ 20.8 ലക്ഷം കുറഞ്ഞ് 140.97 കോടി ആയി. അടുത്ത വർഷം 140.83 കോടിയിലേക്കു ചുരുങ്ങി. 2026 ജനുവരി ഒന്നിന് 140.5 കോടിയാണു ജനസംഖ്യ എന്നു ചൈനീസ് സർക്കാർ പറയുന്നു.
1991-92ൽ നിലനിൽപ് നിരക്കിനു താഴെ പ്രത്യുത്പാദന നിരക്ക് എത്തിച്ച ചൈന 2021ൽ 1.15 ലേക്കും പിറ്റേവർഷം 1.09ലേക്കും നിരക്ക് താഴ്ത്തി. 2025ൽ 0.93 മാത്രമാണ് പ്രത്യുത്പാദന നിരക്ക്. ഇതേസമയം ജനനനിരക്ക് 2000ൽ 14.03 ഉം 2010ൽ 11.90 ഉം 2020ൽ 8.52 ഉം 2021ൽ 7.52 ഉം ആക്കി കുറച്ചു. പിന്നീടു ജനനം ആയിരത്തിന് ഏഴിൽ താഴെ വന്നു. മരണം ഏഴിനു മുകളിലും. സ്വാഭാവികമായും ജനസംഖ്യ കുറഞ്ഞു.
വളർച്ച അവസാനിപ്പിക്കുന്ന കേരളയാത്ര
ജനനനിരക്ക്: Crude Birth Rate. ആയിരം പേരുള്ള സമൂഹത്തിലെ വാർഷിക ജനനസംഖ്യ.
ടിഎഫ്ആർ: Total Fertility Rate.ആകെ പ്രത്യുത്പാദന നിരക്ക്. ഒരു സ്ത്രീയുടെ ആയുഷ്കാല ശരാശരി സജീവ പ്രസവങ്ങളുടെ സംഖ്യ.
മരണനിരക്ക്: Crude Death Rate. ആയിരം പേരുള്ള സമൂഹത്തിലെ വാർഷിക മരണസംഖ്യ.
വളർച്ചനിരക്ക്: ജനനനിരക്കിൽ നിന്നു മരണനിരക്കു കുറയ്ക്കുമ്പോൾ ജനസംഖ്യയുടെ സ്വാഭാവിക വളർച്ച നിരക്ക് (Natural Rate of Growth) കിട്ടുന്നു. ആയിരം പേർക്ക് എത്ര പേർ കൂടുന്നു എന്ന് ഇതു കാണിക്കുന്നു. കുടിയേറ്റങ്ങൾ കൂടാതെയുള്ള മാറ്റമാണ് ഇതിൽ കാണുക.
Tags : Deepika DeepikaNewspaper BreakingNews Kerala follows China's path