വിദ്വാന് കെ. പ്രകാശം
മഹാഭാരതം എന്ന ഇതിഹാസകൃതി കഥകളായും ഉപകഥകളായും വ്യത്യസ്തമായ ആഖ്യാനങ്ങളായും സാഹിത്യലോകത്തെ നിരന്തരം നവീകരിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇന്റര്‍നെറ്റ് യുഗത്തിലും മഹാഭാരതം ഇതിഹാസമെന്ന നിലയിൽ മനുഷ്യരെ ആകർഷിക്കുന്നു. സംസ്കൃതത്തില്‍ രചിക്കപ്പെട്ട വ്യാസന്റെ മഹാഭാരതം മലയാളത്തിലേക്ക് തര്‍ജമ ചെയ്യുകയെന്നത് എക്കാലത്തെയും വെല്ലുവിളിയാണ്. മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ് ലക്ഷകണക്കിന് ശ്ലോകങ്ങളുള്ള മഹാഭാരതത്തെ പദ്യരൂപത്തില്‍ വിവർത്തനം ചെയ്തത്. അതേസമയം, ഗദ്യരൂപത്തില്‍ മഹാഭാരതത്തെ മലയാളത്തിലേക്ക് മൊഴിമാറ്റിയ ഒരു മഹദ്വ്യക്തി അത്രയൊന്നും പ്രകാശവലയത്തില്‍ പെടാതെ സാഹിത്യചരിത്രത്തില്‍ നില്‍ക്കുന്നുണ്ട്. അദ്ദേഹമാണ് വിദ്വാന് കെ. പ്രകാശം.
സാഹിത്യനഭസിലെ നക്ഷത്രം
1909 ജൂണ്‍ 22ന് തൃശൂരിലെ കൂനത്ത് പാലാഴിയില്‍ കുട്ടാപ്പുവിന്റെയും കുഞ്ഞിപ്പാറുവമ്മയുടെയും മകനായാണ് വിദ്വാന് കെ. പ്രകാശത്തിന്റെ ജനനം. ഹൈസ്കൂള്‍ പഠനത്തിനൊപ്പം ചിത്രകലയും അഭ്യസിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് മലയാളവിദ്വാന് പരീക്ഷ പാസായി. തുടര്‍ന്ന് സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു. മഹാഭാരത ഗദ്യവിവര്‍ത്തനമാണ് പ്രകാശത്തെ സാഹിത്യനഭസിലെ തിളങ്ങുന്ന നക്ഷത്രമായി മാറ്റിയത്. ഇതിനു പുറമെ 11 കവിതാസമാഹാരങ്ങള്‍ അദ്ദേഹം രചിച്ചു. ഗ്രാമീണ കുസുമങ്ങള്‍, പ്രേമാഞ്ജലി, ബാഷ്പവര്‍ഷം, മിന്നല്പിണറുകള്, സ്മൃതിമണ്ഡലം, ചിതറിയ ചിത്രങ്ങള്‍, പ്രണയപ്രകര്‍ഷം എന്നിവയാണ് പ്രധാന കൃതികള്‍. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ ജീന്വാല്ജീന് എന്ന പേരില്‍ സംഗ്രഹിച്ചു. ചാൾസ് ഡിക്കൻസിന്റെയും ഷേക്സ്പിയറുടെയും കൃതികള്‍ മൊഴി മാറ്റിയിട്ടുണ്ട്. തന്റെ കൃതികള്‍ സാഹിത്യലോകത്ത് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതു കാണാന്‍ പ്രകാശത്തിന് ആയുസുണ്ടായില്ല. 1976 ഓഗസ്റ്റ് 30ന് അദ്ദേഹം അന്തരിച്ചു. പ്രകാശത്തിന്റെ വിയോഗത്തിന് ഇന്ന് അരനൂറ്റാണ്ടു തികയുകയാണ്.
400 പേജുള്ള 40 വോള്യം
പതിനെട്ട് പര്വങ്ങളിലെ 1936 അധ്യായങ്ങളിലായി 96,836 ശ്ലോകങ്ങളാണ് മഹാഭാരതത്തിലുള്ളത്. നാലുവരിയാണ് ഒരു ശ്ലോകം. ആ നാലുലക്ഷം വരികള്‍ ഗദ്യമാകുമ്പോള് വലിപ്പം വീണ്ടും കൂടും. 400 പേജ് വരുന്ന 40 വോള്യങ്ങള്‍ ഗദ്യത്തില്‍ തയാറാക്കുകയായിരുന്നു വിദ്വാന് കെ. പ്രകാശം. 1964ലാണ് വിവര്ത്തനയജ്ഞം തുടങ്ങിയത്. 68ല്‍ രചന പൂര്‍ത്തിയാക്കി. എന്നാല്‍ 1972ലാണ് 40 വോള്യങ്ങളും വെളിച്ചം കണ്ടത്.
അച്ചടി സ്വന്തം പ്രസിൽ
മഹാഭാരത വിവര്‍ത്തനത്തിന്റെ ഒന്നാം വോള്യം തൃശൂര്‍ പെരിങ്ങോട്ടുകരയിലെ ഒരു പ്രസിലാണ് അച്ചടിച്ചത്. പിന്നീട് മഹാഭാരതവിവര്‍ത്തനം പ്രിന്റ് ചെയ്യാന്‍ മാത്രമായി ഒരു പ്രസ് വാങ്ങുകയുണ്ടായി. വിദ്വാന് കെ. പ്രകാശത്തിന്റെ വിവര്‍ത്തനശ്രമം ദുര്ഘടങ്ങള് നിറഞ്ഞതായിരുന്നു. ആദ്യഭാഗം അച്ചടിച്ചുകഴിഞ്ഞപ്പോള് പെരിങ്ങോട്ടുകരയിലെ പ്രസുകാര്‍ക്ക് മതിയായി. അവര്‍ കൈയൊഴിഞ്ഞു. പിന്നീട് സ്വന്തമായി പ്രസുമായി വിദ്വാന് കെ. പ്രകാശം തന്നെ മുന്നിട്ടിറങ്ങി. അത്രയും സാഹസികത നിറഞ്ഞതായിരുന്നു വിവര്ത്തനനീക്കം. ദിവസവും പത്തു മണിക്കൂര്‍ വരെ വിവര്‍ത്തനത്തിനായി മാറ്റിവച്ചു. വിവര്‍ത്തനത്തിന്റെ കൈയെഴുത്തുപ്രതി ഇരുപതിനായിരം പേജുണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. 1.20 ലക്ഷം രൂപയായിരുന്നു അക്കാലത്ത് അച്ചടിച്ചെലവ്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ സഹായം പ്രകാശത്തിന് ലഭിച്ചു.
1968 സെപ്റ്റംബര്‍ 23നാണ് ആദ്യവോള്യം പ്രകാശനം ചെയ്തത്. നാല്പതാം വോള്യത്തിന്റെ പ്രകാശനം 1973 എപ്രിലില്‍ ഡല്‍ഹിയില്‍ അന്നത്തെ ഉപരാഷ്ട്രപതി ജി.എസ് പഥക് ആണ് നിര്‍വഹിച്ചത്.
പദാനുപദം
മകള്‍ സത്യഭാമയുടെ അകാലവിയോഗവും മഹാഭാരതത്തില്‍ ആണ്ടുമുങ്ങാൻ ആ പിതാവിനെ പ്രേരിപ്പിച്ചു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന് മഹാഭാരതം വിവര്‍ത്തനം ചെയ്തപ്പോള്‍ സഹായിക്കാന്‍ ഏറെപ്പേര്‍ ഉണ്ടായിരുന്നു. എന്നാല്‍, പദാനുപദം വ്യാസനെ പിന്തുടരുകയായിരുന്നു വിദ്വാന് പ്രകാശം.
Tags : Mahabharata Scholar DeathAnniversary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KPrakasham