പ്രതീകാത്മക ചിത്രം - എഐ
മൂവാറ്റുപുഴയിൽ വീണ്ടും പ്രതീക്ഷ; മലപ്പുറവും നെയ്യാറ്റിൻകരയും ചർച്ചയിൽ. ഭരണസൗകര്യവും വികസനവും മുന്നിൽ; പക്ഷേ ചെലവിന്റെ കണക്കെവിടെ?
കേരളത്തിന്റെ ഭരണ ഭൂപടം വീണ്ടും ചർച്ചയാകുന്നു.
സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കേണ്ടതിന്റെ ആവശ്യകത പഠിക്കാൻ കമ്മീഷൻ രൂപീകരിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ദീർഘകാലമായി ഉയരുന്ന വിവിധ ആവശ്യങ്ങൾ വീണ്ടും സജീവമായി. അതിൽ ഏറ്റവും പുതിയ ചലനം മൂവാറ്റുപുഴയിലാണ്. മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയതോടെയാണു ചർച്ചയ്ക്കു പുതിയ ഊർജം ലഭിച്ചത്.
1984ൽ കാസർഗോഡ് രൂപീകരിച്ചതിനു ശേഷം കേരളത്തിൽ പുതിയ ജില്ലയുണ്ടായിട്ടില്ല. അതിനാൽ നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഭരണഭൂപടം ഇന്നത്തെ ജനസംഖ്യാ വളർച്ചയ്ക്കും വികസനവേഗത്തിനും യോജിക്കുന്നുണ്ടോ എന്ന ചോദ്യം സ്വാഭാവികമാണ്.
മൂവാറ്റുപുഴ മാത്രമല്ല. ജനസംഖ്യയും ഭരണസൗകര്യവും മുൻനിർത്തി മലപ്പുറം വിഭജിക്കണമെന്ന ആവശ്യവും ശക്തമാണ്. തിരുവനന്തപുരം ജില്ല വിഭജിച്ച് നെയ്യാറ്റിൻകര കേന്ദ്രീകരിച്ചു പുതിയ ജില്ല വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.
◄കൂടുതൽ ജില്ലകൾ വേണോ?
ഉത്തരം അത്ര ലളിതമല്ല. എറണാകുളം നഗരത്തിനപ്പുറത്തെ മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല നഗരകേന്ദ്രമായ കൊച്ചിയിൽനിന്നു വികസനപരമായി വ്യത്യസ്തമായ പാതയിലാണെന്നതാണു പ്രധാന വാദം.
മൂവാറ്റുപുഴ, കോതമംഗലം, പിറവം, പെരുന്പാവൂരിന്റെ ചില ഭാഗങ്ങൾക്കൊപ്പം ഇടുക്കിയിലെ തൊടുപുഴ, ദേവികുളം മേഖലകളെയും ഉൾപ്പെടുത്തി പുതിയ ജില്ല എന്ന ആശയം വിവിധ ഘട്ടങ്ങളിൽ ഉയർന്നിട്ടുണ്ട്. അന്തിമ അതിർത്തി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കമ്മീഷന്റെ പഠനത്തിലൂടെയാകും ചിത്രം തെളിയുക.
റബർ, പൈനാപ്പിൾ, സുഗന്ധവ്യഞ്ജനങ്ങൾ, തോട്ടവിളകൾ, ഫർണിച്ചർ വ്യവസായം തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ള കാർഷിക-വ്യാവസായിക സന്പദ്വ്യവസ്ഥയ്ക്കു പ്രത്യേക ശ്രദ്ധ നൽകാൻ പുതിയ ജില്ല സഹായിക്കുമെന്നാണ് അനുകൂലികളുടെ വാദം. എറണാകുളത്തിന്റെ നഗരവികസനത്തിനു ലഭിക്കുന്ന മുൻഗണന കിഴക്കൻ മേഖലയിലേക്കു തുല്യമായി എത്തുന്നില്ലെന്ന പരാതിയും ഇതോടൊപ്പമുണ്ട്.
◄മലപ്പുറം:ജനസംഖ്യയുടെ സമ്മർദം
മലപ്പുറം വിഭജിക്കണമെന്ന ആവശ്യം ഉയരുന്നതു മറ്റൊരു കണക്കിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലകളിലൊന്നായ മലപ്പുറത്ത് ജനസംഖ്യാ സമ്മർദത്തിനനുസരിച്ച് ഭരണ സംവിധാനങ്ങളും സർക്കാർ സേവനങ്ങളും വ്യാപിപ്പിക്കേണ്ടതുണ്ടെന്നാണു വാദം.
തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന നിർദേശമാണ് പ്രധാനമായും ഉയരുന്നത്. മൂവാറ്റുപുഴയ്ക്കു ഭരണസൗകര്യം ചൂണ്ടിക്കാട്ടി പുതിയ ജില്ല പരിഗണിക്കുന്പോൾ മലപ്പുറത്തെയും അതേ മാനദണ്ഡത്തിൽ പരിശോധിക്കണമെന്ന വാദം ഇതിനകം ഉയർന്നിട്ടുണ്ട്. ജനസംഖ്യ, ജനസാന്ദ്രത, വിസ്തീർണം എന്നിവയെല്ലാം പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
അതേസമയം, ജില്ലാ വിഭജനം വികസനത്തിന്റെ ഏക പരിഹാരമാണോ എന്ന ചോദ്യം അവശേഷിക്കുന്നു. നിലവിലുള്ള ജില്ലയ്ക്കുള്ളിൽതന്നെ കൂടുതൽ സർക്കാർ ഓഫീസുകളും സേവനകേന്ദ്രങ്ങളും സൃഷ്ടിച്ച് ഭരണദൂരം കുറയ്ക്കാനാകുമോ എന്നതും പരിശോധിക്കണം.
◄നെയ്യാറ്റിൻകര: ചെലവ് കുറയ്ക്കാനുള്ള സാധ്യത?
നെയ്യാറ്റിൻകര കേന്ദ്രീകരിച്ച പുതിയ ജില്ല എന്ന ആവശ്യത്തിനു മറ്റൊരു പ്രത്യേകതയുണ്ട്. ജില്ലാ ആശുപത്രി, ജില്ലാ കോടതി, ജില്ലാ ജയിൽ തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ ഇതിനകം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നത് അനുകൂലികളുടെ വാദമാണ്.
കളക്ടറേറ്റ്, റവന്യു സംവിധാനങ്ങൾ തുടങ്ങിയവകൂടി ശക്തിപ്പെടുത്തിയാൽ പുതിയ ജില്ലയുടെ അടിസ്ഥാനസൗകര്യച്ചെലവിൽ വലിയൊരു ഭാഗം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയുമുയരുന്നു. അങ്ങനെയെങ്കിൽ എല്ലാ പുതിയ ജില്ലകൾക്കും ഒരേ സാന്പത്തിക ബാധ്യതയുണ്ടാകണമെന്നില്ല.
ജില്ലയെന്നാൽ ഒരു കളക്ടറേറ്റ് മാത്രമല്ല. ഇതാണ് ചർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട വശം. പുതിയ ജില്ല വന്നാൽ കളക്ടറേറ്റ് മാത്രം മതിയാകില്ല. റവന്യു, പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല സംവിധാനങ്ങൾ വേണം. കോടതികൾ, ജയിൽ, സർക്കാർ കെട്ടിടങ്ങൾ, വാഹനങ്ങൾ, ജീവനക്കാരുടെ താമസസൗകര്യം എന്നിവയും ആവശ്യമായി വരും.
◄പുതിയൊരു ഭരണയന്ത്രം സൃഷ്ടിക്കൽ
പുതിയ ജില്ലയെന്നാൽ പുതിയൊരു ഭരണയന്ത്രം സൃഷ്ടിക്കലാണ്. മൂവാറ്റുപുഴയുടെ കാര്യത്തിൽ ആവശ്യമായ ഓഫീസുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് 450 കോടിയോളം ചെലവു വരുമെന്ന വിലയിരുത്തൽ ഉയർന്നിട്ടുണ്ട്. അതിനുശേഷമുള്ള ശന്പളം, പരിപാലനം, വൈദ്യുതി, വാഹനങ്ങൾ തുടങ്ങിയവ സ്ഥിരം ബാധ്യതയാകും.
അതുകൊണ്ട് ജില്ലാ രൂപീകരണത്തിന്റെ സാന്പത്തിക കണക്കിൽ തുടക്കച്ചെലവിനൊപ്പം വർഷംതോറുമുള്ള നടത്തിപ്പുചെലവും ഉൾപ്പെടുത്തണം. പക്ഷേ ചെലവു മാത്രം നോക്കിയാൽ പോരാ. പുതിയ ജില്ലയെ വെറും ചെലവായി കാണുന്നതും ശരിയല്ല. ഒരു ജില്ലാ ആസ്ഥാനം വരുന്പോൾ സർക്കാർ ഓഫീസുകൾക്കൊപ്പം സ്വകാര്യ മേഖലയും വളരാൻ സാധ്യതയുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഗതാഗതം, ബാങ്കിംഗ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിപണി എന്നിവയ്ക്കു ചലനം ലഭിക്കും. പുതിയൊരു ഭരണകേന്ദ്രം പിന്നീട് സാന്പത്തി ക കേന്ദ്രമായി വളർന്നേക്കാം. അതുകൊണ്ട് ഇന്നത്തെ ചെലവും നാളത്തെ സാന്പത്തികനേട്ടവും ഒരുമിച്ചാണ് കണക്കാക്കേണ്ടത്.
◄ജനങ്ങളുടെ സമയത്തിനും വിലയുണ്ട്
ജില്ലാ ആസ്ഥാനത്തെത്താൻ മണിക്കൂറുകൾ യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം കുറയ്ക്കുന്നതും ഒരു വികസനനേട്ടമാണ്. യാത്രച്ചെലവു കുറയും. സമയം ലാഭിക്കാം. സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭിക്കും. പ്രാദേശിക പ്രശ്നങ്ങളിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ വർധിക്കും. ബജറ്റിൽ ഇതിനു പ്രത്യേക തുക രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ജനങ്ങളുടെ ജീവിതത്തിൽ അതിനു വലിയ സാന്പത്തിക മൂല്യമുണ്ട്.
◄ഇനി വേണ്ടത് ഒരേ മാനദണ്ഡം
പുതിയ ജില്ല ആവശ്യപ്പെടുന്ന എല്ലാ പ്രദേശങ്ങൾക്കും ഒരേ മാനദണ്ഡം വേണം. ജനസംഖ്യ എത്ര? ജനസാന്ദ്രത എത്ര? വിസ്തീർണം എത്ര? ജില്ലാ ആസ്ഥാനത്തേക്കുള്ള യാത്രാദൂരം എത്ര? നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്തൊക്കെ? പുതിയ സംവിധാനത്തിന് എത്ര ചെലവാകും? പ്രദേശത്തിനു സ്വന്തം സാന്പത്തികശേഷിയുണ്ടോ? അടുത്ത 10-20 വർഷത്തെ വികസനസാധ്യത എന്താണ്? ഈ ചോദ്യങ്ങൾക്ക് കണക്കിന്റെ അടിസ്ഥാനത്തിൽ ഉത്തരം കണ്ടെത്തിയ ശേഷമായിരിക്കണം തീരുമാനം.
◄ഭൂപടം മാറ്റുന്നതിനു മുമ്പ്
മൂവാറ്റുപുഴയുടെ ആവശ്യം വീണ്ടും സജീവമായത് ഒരു പ്രദേശത്തിന്റെ മാത്രം വിജയമോ രാഷ്ട്രീയ പ്രഖ്യാപനമോ ആയി കാണേണ്ടതില്ല. കേരളത്തിന്റെ ഭരണസംവിധാനം കാലത്തിനനുസരിച്ചു പുനഃപരിശോധിക്കാനുള്ള അവസരമായാണ് ഇതിനെ കാണേണ്ടത്. മലപ്പുറമാകട്ടെ, നെയ്യാറ്റിൻകരയാകട്ടെ, മൂവാറ്റുപുഴയാകട്ടെ - ഏത് പ്രദേശത്തിനാണു പുതിയ ജില്ല യഥാർഥത്തിൽ അനിവാര്യമെന്ന് തെളിയിക്കുകയാണ് പ്രധാനം.
പുതിയ ജില്ലയുടെ തുടക്കത്തിൽ കോടികൾ ചെലവാകും. ജീവനക്കാർ വേണം, സ്ഥാപനങ്ങൾ വേണം, അടിസ്ഥാനസൗകര്യങ്ങൾ വേണം. എന്നാൽ അതിലൂടെ ഭരണദൂരം കുറയുകയും പുതിയ സാന്പത്തിക കേന്ദ്രങ്ങൾ വളരുകയും പ്രാദേശിക വികസനത്തിനു വേഗം ലഭിക്കുകയും ചെയ്താൽ ആ ചെലവ് ദീർഘകാല നിക്ഷേപമായി മാറാം.
ഭൂപടത്തിൽ ഒരു വര വരയ്ക്കാൻ വലിയ ചെലവില്ല. ആ വരയ്ക്കുള്ളിൽ ഒരു ജില്ല പടുത്തുയർത്താനാണ് പണം വേണ്ടത്. അതുകൊണ്ട് കേരളത്തിന്റെ പുതിയ ജില്ലകൾ രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാകരുത്. ജനസംഖ്യ, ഭരണസൗകര്യം, സാന്പത്തികശേഷി, വികസനസാധ്യത ഈ കണക്കുകളും ഒത്തുചേരുന്നിടത്താണ് പുതിയ ജില്ലയുടെ യഥാർഥ ആവശ്യം.
Tags : NewDistricts MapChanges calculations Change Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash