മുഖ്യമന്ത്രി വി.ഡി. സതീശൻ
‘പുതുയുഗ കേരളം’എന്ന മുദ്രാവാക്യവും ആശയവും ജനങ്ങള്‍ പൂര്‍ണമനസോടെ സ്വീകരിച്ചതിന്റെ പരിണിതിയായിരുന്നു 102 സീറ്റുമായുള്ള യുഡിഎഫിന്റെ ചരിത്രവിജയം. യുഡിഎഫ് സര്‍ക്കാര്‍ 100 ദിവസം പിന്നിടുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കാനുള്ളതാണെന്ന ഉത്തമബോധ്യം സര്‍ക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര തീരുമാനിച്ചതും ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിച്ചതും പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതും. വന്‍കിട വികസനപദ്ധതികളും സ്വപ്നപദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടു പോകുകയെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം.
◄ഇന്ദിരാ ഗാരന്റികൾ
സാമൂഹികക്ഷേമത്തിനും സമഗ്ര വികസനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ‘ഇന്ദിരാ ഗാരന്റി’കൾ പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, വയോജന വകുപ്പ് എന്നിവ ഇതിനോടകം നടപ്പിലാകുകയും ചെയ്തു. സൗജന്യയാത്ര സ്ത്രീകളോടുള്ള സര്‍ക്കാരിന്റെ ആദരവാണ്. മുതിര്‍ന്ന പൗരന്മാരോടുള്ള സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമാണ് വയോജനവകുപ്പ്. ഇത്തരമൊരു പരിഗണന രാജ്യത്ത് ആദ്യമാണ്. ഇതിനു പുറമെയാണ് 100 ദിന കര്‍മപദ്ധതി പ്രഖ്യാപിച്ചത്. കൃഷി, വ്യവസായം, സഹകരണം എന്നിങ്ങനെ 11 മേഖലകളിലായി 43 വകുപ്പുകള്‍ ചേര്‍ന്ന് 597 പദ്ധതികളാണ് 100 ദിവസം കൊണ്ടു നടപ്പിലാക്കുന്നത്. സര്‍ക്കാരിനു കൃത്യമായ വീക്ഷണവും ലക്ഷ്യവുമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാക്രമങ്ങളുണ്ട്.
◄വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി
സര്‍ക്കാരിന് 100 ദിവസം തികയുമ്പോള്‍ സംസ്ഥാനം ഓണാഘോഷത്തിന്റെ ലഹരിയിലാണ്. വിപണിയില്‍ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിച്ചത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളില് 13 സബ്സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ് തുടങ്ങി 10 പ്രമുഖ അവശ്യസാധനങ്ങള്‍ കഴിഞ്ഞ ഓണക്കാലത്തെ സബ്സിഡി നിരക്കിനേക്കാള്‍ കുറഞ്ഞ വിലയിലാണു വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണയും വില കുറച്ചു നല്കി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്സിഡി സാധനങ്ങള്‍ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതുപോലെ ഒഴിഞ്ഞ റാക്കുകള്‍ എന്ന പരാതി പരിഹരിച്ച് സപ്ലൈകോയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്.
◄അധികനികുതി ചുമത്താതെ ആദ്യബജറ്റ്
ചരിത്രത്തിലൊരിക്കലുമില്ലാത്ത ധന പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ഒരു രൂപയുടെ പോലും അധികനികുതി ചുമത്താതെയാണ് ആദ്യബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതിസന്ധി നിറഞ്ഞ ധനസ്ഥിതിയിലും ക്ഷേമ പെന്ഷന് വിതരണം ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമ പരിപാടികള്‍ തടസപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു മാസംപോലും ക്ഷേമ പെന്ഷന് മുടങ്ങരുതെന്നതാണു സര്‍ക്കാരിന്റെ നിലപാട്.
ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തെ പെന്ഷന് വിതരണം നേരത്തേയാക്കി. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും തടസമില്ലാതെ വിതരണം ചെയ്തു. കെടിഡിസി, കെഎസ്ആര്‍ടിസി, സഹകരണ മേഖല എന്നിവയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബോണസ്, ഉത്സവബത്ത, സാലറി അഡ്വാന്‍സ് എന്നിവ ഉറപ്പാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ചരിത്രത്തിലാദ്യമായി 2,000 രൂപ ഓണം ഉത്സവബത്ത അനുവദിക്കുകയും ഹരിതകര്‍മ സേനാംഗങ്ങളുടെ ഉത്സവബത്ത 1,500 രൂപയായി ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് വകമാറ്റിയതിനെത്തുടര്ന്ന് കുടിശികയായ പ്രവാസി ക്ഷേമനിധി ബോര്‍ഡ് പെന്ഷന് വിതരണത്തിന് 32 കോടി അനുവദിച്ചു.
◄ദുർബല വിഭാഗങ്ങളെ ചേർത്തുപിടിച്ചു
സ്കോളര്‍ഷിപ്പ് മുടങ്ങി പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം തടസപ്പെട്ട അവസ്ഥയ്ക്ക് ഈ സര്‍ക്കാര്‍ പരിഹാരം കണ്ടു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കുടിശിക തീര്‍ക്കാന്‍ അധികാരത്തിലെത്തി 84 ദിവസത്തിനകം 310 കോടി രൂപ അനുവദിച്ചു.
കാരുണ്യ, ആരോഗ്യകിരണം പദ്ധതികളിലെ അടിയന്തര ബാധ്യതകള്‍ തീര്‍ക്കാന്‍ 200 കോടി രൂപയും സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ പിആര്‍എസ് കുടിശിക തീര്‍ക്കാന്‍ 150 കോടി രൂപയും അനുവദിച്ചു. 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 3.68 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,200 രൂപ വീതം നല്കാന് 44.24 കോടി രൂപയും അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,200 രൂപ വീതം നല്കാന് 85.06 ലക്ഷം രൂപയും കൈമാറി.
സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിമാസ വേതനം വര്‍ധിപ്പിച്ച് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാന്‍ 44 കോടി രൂപ അനുവദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 650 മുതല്‍ 675 രൂപയായിരുന്ന പ്രതിദിന വേതനം 1,000 രൂപയായാണു വര്‍ധിപ്പിച്ചത്. ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ബോണസില്‍ 1,000 രൂപയുടെ വര്‍ധന വരുത്തി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ‘സ്നേഹസാന്ത്വനം’പദ്ധതിക്കായി 14.40 കോടി രൂപ അനുവദിച്ചു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഓണസമ്മാനമായി 1000 രൂപ വീതം നല്കാന് 5.28 കോടി രൂപ നീക്കിവച്ചു. ‘ആശ്വാസകിരണം’ പദ്ധതി വഴി നല്കുന്ന ധനസഹായം 600 രൂപയില്‍നിന്ന് 1,000 രൂപയായി ഉയര്‍ത്തി.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി കുടുംബമൊന്നിന് രണ്ടു ലക്ഷം രൂപ വീതം അധികസഹായം പ്രഖ്യാപിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ കരാര്‍ ജീവനക്കാരുടെ ശമ്പളക്കുടിശിക തീര്‍ക്കാന്‍ 1.50 കോടി രൂപയും പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഉത്സവബത്തയ്ക്കും ഓണക്കിറ്റിനുമായി 20.87 ലക്ഷം രൂപയും നല്കി. പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കായി അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ചികിത്സാ പരിരക്ഷ നല്കുന്ന ‘നോര്‍ക്ക കെയര്‍ പ്ലസ്’പദ്ധതിയുടെ രണ്ടാം ഘട്ടവും ആവിഷ്കരിച്ചു.
◄ഓപ്പറേഷൻ തൂഫാൻ
സിന്തറ്റിക് ലഹരിയുടെ ഹബ്ബായി മാറിയ കേരളത്തെ ലഹരിമുക്തമാക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് ആഭ്യന്തരവകുപ്പ് ‘ഓപ്പറേഷന് തൂഫാന്’ആരംഭിച്ചത്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട പതിനായിരത്തിലധികം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ലഹരിക്കെതിരേ കായിക മേഖലയിലേക്കു കുട്ടികളെ വഴിതിരിച്ച് വിടുകയെന്നത് ഫലപ്രദമായ മാര്‍ഗമാണ്. ഇതുകൂടി കണക്കിലെടുത്ത് കായികരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ "ഓപ്പറേഷന് കളരി’എന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പ് ഓപ്പറേഷന് തണ്ടര്‍ ഫലപ്രദമായി നടപ്പാക്കുന്നു. ലഹരി മാഫിയയുടെ അടിവേര് അറക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
◄മിഷന് സമുദ്ര
കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്നപദ്ധതിയാണ് ‘മിഷന് സമുദ്ര’. തീരദേശത്തെ ആഗോള മാന്യുമഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന 400 കോടിയുടെ പദ്ധതിയാണിത്.
ചരക്കുനീക്കം പൂര്‍ണതോതില്‍ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ മിഷന് സമുദ്രയ്ക്ക് കരുത്തേകും. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂര്‍ണ എക്സിം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ വിദേശ വിപണികളിലേക്കു നേരിട്ട് ചരക്കുകള്‍ അയക്കാനും യാത്രാസമയവും ചെലവും കുറയ്ക്കാനും വഴിതുറന്നു.
ഇന്‍കെല്‍ മുഖേന വിഴിഞ്ഞത്ത് 100 ഏക്കറില്‍ ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റവും പാലക്കാട്ട് ലോജിസ്റ്റിക്സ് ഹബ്ബും അങ്കമാലിയില്‍ 28 കോടി ചെലവില്‍ ഐടി പാര്‍ക്കും റിയല്‍ എസ്റ്റേറ്റ് വികസനത്തിനായി 5,500 കോടിയുടെ വളര്ച്ചാഫണ്ടും ആവിഷ്കരിച്ചിട്ടുണ്ട്. കിന്‍ഫ്ര, ഇന്‍കെല്‍ മുഖേന വ്യവസായ-ഐടി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും സമീപ പ്രദേശങ്ങളില്‍ പുതുയ വ്യവസായ വികസന മേഖലകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഫിഷറീസ് എക്സ്പോര്‍ട്ടും ലോജിസ്റ്റിക്സ് പാര്‍ക്കുകളും സ്ഥാപിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിവരസാങ്കേതിക വകുപ്പിനെ ഐടി, എഐ, ഫ്യൂച്ചർ ടെക്നോളജീസ് എന്ന് പുനര്‍നാമകരണം ചെയ്യുകയും കേരള സ്റ്റേറ്റ് ഐടി മിഷനെ ഡിജിറ്റല്‍ ടെക്നോളജി മിഷനായി മാറ്റുകയും ചെയ്യും. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് ഇന്‍വെസ്റ്റ് കേരള സെല്‍, എഐ ഡാറ്റാ സെന്ററുകള്‍, പുതിയ വിദേശ നിക്ഷേപ നയങ്ങള്‍, സെമികണ്ടക്ടര്‍ മേഖലയ്ക്കായി ‘സെമികോൺ കേരള’എന്നിവയ്ക്ക് രൂപം നല്‍കും. ആദ്യഘട്ടത്തില്‍ 2,145 കോടിയുടെ നിക്ഷേപങ്ങളും 31,000ത്തിലധികം തൊഴിലവസരങ്ങളുമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കെഎഫ്സിയുടെ പൂര്ണപിന്തുണയോടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ വായ്പാപരിധി അഞ്ചു കോടി രൂപയായി ഉയര്‍ത്തി.
◄വിമർശനത്തിന് അതീതരല്ല
മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്‍ശനത്തിന് അതീതരല്ല. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ആര്‍ക്കും തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. അതില്‍ കഴമ്പുണ്ടെങ്കില്‍ തിരുത്താന്‍ സര്‍ക്കാരിനു മടിയില്ല. പക്ഷേ നിക്ഷിപ്ത താത്പര്യത്തോടെ സര്‍ക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ശ്രമിച്ചാല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.
മൂന്ന് മാസം പ്രായമാകുന്നതിന് മുന്‍പേ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണു ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവര്‍ത്തിച്ചത്. അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും 24 മണിക്കൂര്‍ ആയുസുണ്ടായില്ല. മാധ്യമവാര്‍ത്തകള്‍ സര്‍ക്കാര്‍ ഇടപെട്ട് സമൂഹമാധ്യമങ്ങളില്‍നിന്ന് പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചരണമായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടിട്ടേയില്ലെന്നു മെറ്റ ഔദ്യോഗികമായി വിശദീകരണം നല്‍കിയതോടെ വ്യാജപ്രചാരകര്‍ക്ക് ഇനി എന്തു പറയാനുണ്ട്? സമരം ചെയ്യുന്നവരാരും സര്‍ക്കാരിന്റെ ശത്രുക്കളല്ല. ആരെയും തുറന്ന മനസോടെ കേള്‍ക്കും. ഏതു പ്രശ്നവും പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. പക്ഷേ ഒരു സമ്മര്ദശക്തിക്കു മുന്നിലും സര്‍ക്കാര്‍ കീഴടങ്ങില്ല. ജനങ്ങളാണ് ഞങ്ങളുടെ കരുത്ത്.
◄ലക്ഷ്യം സമഗ്ര വികസനം
സമഗ്ര വികസനവും സാമൂഹിക ക്ഷേമവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുക എന്നതാണു സര്‍ക്കാരിന്റെ സമീപനം. ഒരു പ്രളയത്തെ നമ്മള് അതിജീവിച്ചതേയുള്ളൂ. പ്രളയപ്രതിരോധത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കേരള ഫ്ലഡ് റെസീലിയന്‍സ് ഇന്‍ഷ്യേറ്റീവ് നടപ്പാക്കാന്‍ റൂര്‍ക്കി ഐഐടിയുമായുള്ള ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും ജനജീവിതത്തിന് ആശ്വാസം നല്‍കുകയും പുതിയ നിക്ഷേപങ്ങളും അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണു ലക്ഷ്യമിടുന്നത്. യുവതയാണ് രാജ്യത്തിന്റെ ശക്തി. അവരെ സ്വന്തം മണ്ണില്‍ വേരുറപ്പിച്ച് നിര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. 100 ദിവസം ഒരു ചെറിയ കാലയളവാണ്. പക്ഷേ, സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് അഭിമാനപൂര്‍വം കടക്കാന്‍ കഴിഞ്ഞുവെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.
Tags : UDFGovernment Compassion GoodGovernance Goal NewEraKerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash