x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മമ്മൂട്ടിയുടെ ഓണസമ്മാനം; ആതുരാലയങ്ങൾക്കു വീൽ ചെയറുകൾ

കൊച്ചി ബ്യൂറോ
Published: August 25, 2026 12:25 PM IST | Updated: August 25, 2026 12:25 PM IST

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ആതുരാലയങ്ങൾക്കു നൽകുന്ന വീൽ ചെയറുകളുടെ വിതരണോദ്ഘാടനം മാർത്തോമാ സഭയുടെ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു

കൊച്ചി: ആതുരാലയങ്ങൾക്ക് ഓണസമ്മാനമായി വീൽ ചെയറുകൾ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങൾക്കാണു വീൽ ചെയറുകൾ വിതരണം ചെയ്തത്.

ഫൗണ്ടേഷന്‍റെ ചലനം പദ്ധതിയുടെ ഭാഗമായാണ് വീൽ ചെയറുകൾ വിതരണം ചെയ്തത്. തിരുവല്ല ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനിൽ നടന്ന ചടങ്ങിൽ വീൽചെ‍യറുകളുടെ വിതരണത്തിന്‍റെ ഉദ്ഘാടനം മാർത്തോമാ സഭയുടെ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു.

കഴിഞ്ഞ 16 വർഷമായി കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ശ്രദ്ധേയമായ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നടത്തിവരുന്നത്.

ഫൗണ്ടേഷൻ നടപ്പാക്കിവരുന്ന ഹൃദയസ്പർശം, വഴികാട്ടി, സുകൃതം, പൂർവികം, വിദ്യാമൃതം, ഹൃദ്യം, കാഴ്ച തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും മനസലാക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും, ഫൗണ്ടേഷന്‍റെ ഒരു പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് ആദ്യമായാണെന്ന് തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ പറഞ്ഞു.

നിർധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സഹായകരമാകുന്ന മാനവികതയിലും മനുഷ്യസ്നേഹത്തിലും അധിഷ്ഠിതമായ കൂടുതൽ നന്മപ്രവർത്തനങ്ങളും സേവനങ്ങളും മമ്മൂട്ടിയുടെയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്‍റെയും ഭാഗത്തുനിന്ന് തുടർന്നും ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മാരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ നടപ്പാക്കിവരുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഓർഫനേജ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്‍റ് ഫാ. റോയ് വടക്കേൽ അനുഗ്രഹസന്ദേശം നൽകി.

ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എം. ആർ. രാജേഷ്, ഓർഫനേജ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് പാസ്റ്റർ ജേക്കബ് ജോസഫ്, ജില്ലാ ജോയിന്‍റ് സെക്രട്ടറി എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ആതുരാലയങ്ങളിൽനിന്നെത്തിയ ഭാരവാഹികൾ വീൽ ചെയറുകൾ ഏറ്റുവാങ്ങി.

Tags : Mammootty Onam Wheelchairs Hospitals

Recent News

Corehub Up