ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിക്കുന്നു.
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ് പോലീസുകാർക്കെതിരെ നടപടി. ഏഴ് പേരെയും എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികൾ പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചതിലും അതിന്റെ റീൽസ് ചിത്രീകരിച്ചതിലും ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ അന്വേഷണത്തിന് ഉത്തരവിട്ടു.
മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രശാന്തിനെ നേരത്തെ തന്നെ തൃശൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. അദ്ദേഹം കഴിഞ്ഞദിവസം സ്റ്റേഷൻ ചുമതല ഒഴിഞ്ഞു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ ഐ.പി. ബിനു, ഉണ്ണി തുടങ്ങിയവരാണ് പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തത്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് പ്രതികളും ഓണാഘോഷത്തിന്റെ ഭാഗമായത്. ഒപ്പിട്ട ശേഷം പ്രതികളോട് മടങ്ങാൻ പോലീസ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും എന്നാൽ അതിന് പകരം ഓണാഘോഷത്തിൽ പങ്കെടുക്കാൻ അനുവദിച്ചെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
പ്രതികൾക്കൊപ്പം പോലീസുകാർ ഓണാഘോഷത്തിൽ പങ്കെടുക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഏഴ് പോലീസുകാർക്കെതിരെ ഇപ്പോൾ സ്ഥലംമാറ്റ നടപടി സ്വീകരിച്ചിരിക്കുന്നത്.
Tags : ED Officials ED Attack Case Onam Celebration Police Station Museum Police Station