പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. സൈബർ ഭീകരാക്രമണ കേസിലാണ് റെയ്ഡ്.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 54 കേന്ദ്ര സർക്കാർ വെബ്സൈറ്റുകളെ ആക്രമണത്തിന് ലക്ഷ്യമിട്ട സംഭവത്തിലാണ് നടപടി.
ഓപ്പറേഷൻ സിന്ദൂർ സമയത്തടക്കം നടന്ന സൈബർ ആക്രമണങ്ങളിലെ കേസാണിത്. കേസിൽ മുൻപ് രണ്ട് പേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ഹാക്കിങ്ങിന് സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
പരിശോധനയുടെ ഭാഗമായി മൂന്ന് ലാപ്ടോപ്പുകളും അഞ്ച് മൊബൈൽ ഫോണുകളും എൻഐഎ പിടിച്ചെടുത്തു. കൂടാതെ പ്രധാനപ്പെട്ട ഡിജിറ്റൽ രേഖകളും ഉപകരണങ്ങളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സൈബര് ആക്രമണം 54 വെബ്സൈറ്റുകള്ക്കു നേരേ
ഓപ്പറേഷന് സിന്ദൂര് സമയത്ത് നിര്ണായകമായ കംപ്യൂട്ടര് സംവിധാനങ്ങളെയും സുപ്രധാന വിവരങ്ങളെയും ലക്ഷ്യമിട്ടു കേന്ദ്രസര്ക്കാര് സ്ഥാപനങ്ങളുടെ 54 വെബ്സൈറ്റുകളിലേക്ക് അത്യാധുനിക രീതിയിലുള്ള ആക്രമണങ്ങള് നടത്തിയെന്നാണ് ആരോപണം.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രത്തിലേക്ക് 2025 മേയ് ഏഴിന് ഇന്ത്യ നടത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന് സിന്ദൂര്. ജമ്മുകാഷ്മീരിലെ പഹല്ഗാമില് 2025 ഏപ്രില് 22ന് നടന്ന ആക്രമണത്തില് 26 നിരപരാധികള് കൊല്ലപ്പെട്ടതിനു പിന്നാലെ, പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകരവാദ സംഘടനകളുടെ ഒളിത്താവളങ്ങള്ക്കുനേരേയായിരുന്നു ഇന്ത്യന് സൈന്യം ആക്രമണം നടത്തിയത്.
Tags : Cyber terror Case NIA Raids States