ടി.പി.ചന്ദ്രശേഖരൻ
ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിനായി ഹാജരാകുന്ന അഭിഭാഷകനെ മാറ്റും. സീനിയർ അഭിഭാഷകൻ പി.വി.ദിനേശിനെ മാറ്റാനാണ് തീരുമാനം. ദിനേശിന് പകരം മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെയോ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയെയോ ഹാജരാക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.
അതേസമയം ടി.പി.വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പെടെ ഏഴ് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റി. ജസ്റ്റീസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 13 വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്ന് പറഞ്ഞാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കെ.കെ.രമ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി പരിഗണിക്കുന്നത് മൂന്ന് ആഴ്ചത്തേക്ക് മാറ്റിയ കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കെ.കെ.രമയോട് നിർദേശിച്ചു.
Tags : T.P.Chandrasekharan TPMurderCase SupremeCourt BailPlea