സുപ്രീംകോടതി
ന്യൂഡൽഹി: 2021ലെ കേരള മിനറൽസ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്സ്) ആക്ട് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുകയും ഭൂവുടമകളിൽനിന്ന് ഈടാക്കിയ റോയൽറ്റി തുക തിരികെ നൽകാൻ നിർദേശിക്കുകയും ചെയ്ത കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
മലബാറിലെ ഖനന റോയൽറ്റി തർക്കത്തിലാണ് സംസ്ഥാന സർക്കാരിന് ആശ്വാസകരമായ ഉത്തരവ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമപ്രകാരം സംസ്ഥാനം ഏതെങ്കിലും തരത്തിലുള്ള റോയൽറ്റി ഈടാക്കുകയോ തിരിച്ചുപിടിക്കുകയോ ചെയ്യരുതെന്നും ബെഞ്ച് ഉത്തരവിട്ടു. ധാതുക്കളുടെ ഉടമസ്ഥാ വകാശം നഷ്ടപരിഹാരം കൂടാതെ നിയമത്തിലൂടെ കവർന്നെടുക്കാൻ കഴിയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 2021 ലെ കേരള ധാതു എറ്റെടുക്കൽ നിയമം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
മലബാർ മേഖലയിൽ സർക്കാർ റോയൽറ്റി വാങ്ങാൻ പാടില്ലെന്നും അടച്ച റോയൽറ്റി സർക്കാർ ക്വാറി ഉടമകൾക്കു തിരികെ നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ധാതു ഏറ്റെടുക്കൽ, ഭൂമിയേറ്റെടുക്കുന്നതുമായി താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും ഭരണഘടനയുടെ 39 (ബി) പ്രകാരമുള്ള പ്രത്യേക പരിഗണന ധാതുക്കൾക്കുണ്ടെന്നും അതിനാൽ സുപ്രീകോടതി മുൻ വിധികളുടെ അടിസ്ഥാനത്തിൽ 2021ലെ നിയമം നിലനിൽക്കുമെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
ഹൈക്കോടതി വിധിയിലൂടെ റോയൽറ്റി ഇനത്തിൽ 1200 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
തുടർന്നാണ് നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തത്. എന്നാൽ നിയമം നിലനിർത്തണമെങ്കിൽ നഷ്ടപരിഹാരത്തിനുള്ള വകുപ്പുകൾ പുതുതായി ചേർക്കേണ്ടിവരുമെന്നും ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് വാക്കാൽ പരാമർശിച്ചു. പിരിച്ചെടുത്ത റോയൽറ്റി തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നു ക്വാറി ഉടമകൾ കോടതിയിൽ വാദിച്ചപ്പോൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ബെഞ്ച് ഓർമപ്പെടുത്തി.
Tags : KeralaHighCourt Kerala MineralRightsAct Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash