യശസ്വി ജയ്സ്വാളും അസിത ഫെര്‍ണാണ്ടോയും മത്സരത്തിനിടെ തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍.
കൊളംബോ: ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഗ്രൗണ്ടിൽ പരസ്പരം കൊന്പുകോർത്ത ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിനും ലങ്കൻ താരം അസിത ഫെർണാണ്ടോയ്ക്കുമെതിരേ നടപടിയെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി).
ഇരുവർക്കും മാച്ച് ഫീയുടെ 25 ശതമാനം വീതം പിഴ ചുമത്തി. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘിച്ചതിന് ജയ്സ്വാളിനും ഫെർണാണ്ടോയ്ക്കും ഓരോ ഡീമെറിറ്റ് പോയിന്റും ചുമത്തി.
‘താരങ്ങൾ, സ്റ്റാഫ്, അംപയർ, മാച്ച് റഫറി അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വ്യക്തിയുമായി അനുചിതമായ ശാരീരിക സന്പർക്കം പുലർത്തുന്നതുമായി’ ബന്ധപ്പെട്ട ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 ഇരു താരങ്ങളും ലംഘിച്ചതായി കണ്ടെത്തിയതായി ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗസിന്റെ 17-ാം ഓവറിൽ ജയ്സ്വാളിനെ ഫെർണാണ്ടോ പുറത്താക്കിയതിന് ശേഷമാണ് ഇരുവരും ഗ്രൗണ്ടിൽ ഏറ്റുമുട്ടിയത്.
ഇരു താരങ്ങളും കുറ്റം സമ്മതിക്കുകയും മാച്ച് റഫറിമാരുടെ എമിറേറ്റ്സ് ഐസിസി എലൈറ്റ് പാനൽ നിർദേശിച്ച ശിക്ഷകൾ അംഗീകരിക്കുകയും ചെയ്തതിനാൽ വിഷയത്തിൽ ഒൗദ്യോഗികമായ മറ്റ് ഹിയറിംഗുകൾ ഉണ്ടാകില്ല.
Tags : Kompukorkkal Jaiswal StrictAction Sports TestCriket