സുപ്രീംകോടതി
ന്യൂഡൽഹി: ജാർഖണ്ഡ് കംബൈൻഡ് സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിലെ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനസർക്കാരിൽനിന്നും ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിൽ (ജെപിഎസ്സി) നിന്നും സുപ്രീംകോടതി പ്രതികരണം തേടി.
പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരേ ഒരു മാസത്തിലേറെയായി വിദ്യാർഥികൾ പ്രതിഷേധത്തിലാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനസർക്കാർ പരീക്ഷ റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഇത് ഉടൻതന്നെ സ്റ്റേ ചെയ്യുകയായിരുന്നുവെന്നും ഈ നടപടിയെ സംസ്ഥാനസർക്കാർ പരോക്ഷമായി പിന്തുണച്ചുവെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി.
ഈ സാഹചര്യം കണക്കിലെടുത്ത് സിബിഐക്കോ വിരമിച്ച സുപ്രീംകോടതി ജഡ്ജിക്കോ അന്വേഷണച്ചുമതല കൈമാറണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണച്ചുമതല സുപ്രീംകോടതി മുൻ ജഡ്ജിയെ ഏൽപ്പിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് സിബിഐ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം സുപ്രീംകോടതി തേടിയത്.
Tags : JPSC SupremeCourt CBIProbe Response Exam ExamMalpractice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash