പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ക്കു വിധേയമായി തെരുവുനായ്ക്കളെ ഇനി കൊല്ലാം. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്നു തദ്ദേശവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. കൂടാതെ, പേവിഷ ബാധയേറ്റതും ഗുരുതരമായി പരിക്ക് പറ്റിയതും മാറ്റാനാകാത്ത രോഗബാധയേറ്റതുമായ നായ്ക്കളെയും കൊല്ലാം.
നായ്ക്കള്‍ക്ക് മരുന്ന് കുത്തിവയ്ക്കുന്നത് വെറ്ററിനറി സര്ജന് ആയിരിക്കണമെന്നു കര്‍ശന നിര്‍ദേശമുണ്ട്. ഇതിനായി തദ്ദേശ സ്വയംഭരണ തലത്തില്‍ കമ്മിറ്റി രൂപീകരിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ചെയര്‍പേഴ്സണ്‍ അധ്യക്ഷനും സെക്രട്ടറി കണ്‍വീനറും ആയിരിക്കണം. വാര്‍ഡ് മെംബര്‍, വെറ്ററിനറി സര്ജന്, മെഡിക്കല്‍ ഓഫീസര്‍, എബിസി കേന്ദ്രത്തിലെ പ്രൊജക്ട് ഇന്‍ചാര്‍ജ്, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എന്നിവര്‍ അംഗങ്ങളായിരിക്കും.
നായ്ക്കളെ യന്ത്രം ഉപയോഗിച്ച് കൊല്ലാന്‍ പാടില്ല. സോഡിയം പെന്റോ ബാര്‍ബിറ്റല്‍, തയോ പെന്റാല്‍ സോഡിയം എന്നിവ മാത്രമേ കുത്തിവയ്ക്കാന്‍ പാടുള്ളൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാള്‍ ഐസൊലേഷന്‍ സെല്ലില്‍ പാര്‍പ്പിക്കണം.
ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമായിരിക്കണം ദയാവധമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
Tags : Guidelines Released Killing Aggressive StreetDogs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash