International
മനില: തെക്കൻ ഫിലിപ്പീൻസിൽ 359 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. എംവി തൃഷ കെർസ്റ്റിൻ എന്ന ബോട്ടാണ് മുങ്ങിയത്.
തിങ്കളാഴ്ച പുലർച്ചയോടെ ബലൂക്-ബലൂക് ദ്വീപില്‍ നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് യാത്രക്കാരുമായി പോയപ്പോഴായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ ബോട്ടിൽ 332 ജീവനക്കാരും 27 ജീവനക്കാരും അടക്കം 359 പേരാണ് ഉണ്ടായിരുന്നത്.
സാംബോവങ്ക സിറ്റിയിൽ നിന്നും പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം ശക്തമായ തിരയിൽ പെട്ട് ബോട്ടിന്റെ ഡെക്കിൽ വെള്ളം കയറുകയായിരുന്നു. തുടർന്ന് ബോട്ടിലെ ജീവനക്കാർ കോസ്റ്റ്ഗാർഡ് അധികൃതർക്ക് അപായ സൂചന നൽകി.
കോസ്റ്റ്ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും മറ്റും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിൽ ഇതുവരെ 316 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 28 പേർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അലിസണ് ഷിപ്പിംഗ് ലൈന്‍സ് എന്ന കമ്പനിയുടേതാണ് മുങ്ങിയ ബോട്ട്.
National
ഷില്ലോംഗ്: ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രവർത്തകൻ ഉസ്മാൻ ഹാദിയെ വധിച്ച സംഘം ഇന്ത്യയിലേക്കു കടന്നുവെന്ന ധാക്ക പോലീസിന്റെ ആരോപണം നിഷേധിച്ച് ബിഎസ്എഫും മേഘാലയ പോലീസും. യാതൊരു അടിസ്ഥാനവുമില്ലാത്ത തെറ്റിദ്ധാരണാ ജനകമായ ആരോപണമാണിതെന്ന് മേഘാലായ ബിഎസ്എഫ് ഐജി ഒ.പി. ഉപാധ്യായ പറഞ്ഞു.
ബംഗ്ലദേശിന്റെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മേഘാലയ പോലീസും പറഞ്ഞു. ധാക്ക പോലീസ് ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടില്ല. ഈ പേരുകളിലുള്ള ആരെയും കണ്ടെത്തുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. ഇന്ത്യയുമായി ചര്‍ച്ച നടത്താതെയാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യാ വിരുദ്ധ നിലപാടുകൾ പിന്തുടർന്നിരുന്ന ഉസ്മാൻ ഹാദി ബംഗ്ലാദേശിലെ ഇൻക്വിലാബ് മോഞ്ചോ എന്ന സംഘടനയുടെ നേതാവായിരുന്നു. ഇയാളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഫൈസല്‍ കരീം മസൂദ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്കു കടന്നുവെന്ന് ധാക്ക മെട്രോപോളിറ്റൻ പോലീസ് അഡീഷണൽ കമ്മീഷണര്‍ എസ്.എന്‍. നസ്രുല്‍ ഇസ്ലാം ആണ് ആരോപിച്ചത്.
അതിർത്തികടന്ന് മേഘാലയയിൽ എത്തിയ ഇവരെ പുര്‍തി എന്ന ഒരാൾ സ്വീകരിച്ചു. ഇതിനുശേഷം ഒരു ടാക്സിയിൽ ഇരുവരുടേയും ടുറാ സിറ്റിയിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു ആരോപണം. മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ അധികാരത്തിൽനിന്ന് പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെയാണു ഹാദി പ്രശസ്തനായത്. ധാക്കയില്‍ റിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ 12നാണു ഹാദിക്ക് വെടിയേറ്റത്. സിംഗപ്പൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരണം.