പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ശുദ്ധമായ കുടിവെള്ള സംവിധാനങ്ങൾ ലഭ്യമാക്കുന്നതിന് കർമപദ്ധതിയുമായി റെയിൽവേ. കുടിവെള്ള ജല ടാങ്കുകളും ഫിൽറ്ററുകളും ശുദ്ധീകരിക്കുക, കുടിവെള്ള സംവിധാനങ്ങളുടെ സമഗ്രമായ പരിശോധന നടത്തുക തുടങ്ങിയവ ഉൾപ്പെടുന്ന പ്രത്യേക യജ്ഞമാണ് ശുദ്ധമായ കുടിവെള്ളം യാത്രക്കാർക്ക് ഉറപ്പാക്കുന്നതിനായി റെയിൽവേ ആരംഭിച്ചിരിക്കുന്നത്.
പാലക്കാട് ഉൾപ്പടെയുള്ള രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ വയറിളക്കം, വൃക്ക തകരാറുകൾ എന്നിവയ്ക്കു കാരണമായേക്കാവുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന സിഎജി റിപ്പോർട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ ശുദ്ധീകരണയജ്ഞം ആരംഭിച്ചിരിക്കുന്നത്.
പരിശോധനയുടെ ഭാഗമായി കുടിവെള്ള ടാങ്കുകളിലെ വെള്ളം കളഞ്ഞ് ചെളിയും മറ്റ് അഴുക്കുകളും നീക്കം ചെയ്ത് ടാങ്ക് അണുവിമുക്തമാക്കുമെന്ന് റെയിൽവേ പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പക്ഷികൾ, മൃഗങ്ങൾ, പായലുകൾ എന്നിവയിൽനിന്നു സംരക്ഷണം ഉറപ്പാക്കുന്നതിനായി ടാങ്കിന്റെ അടപ്പുകൾ, വെന്റുകൾ, ഓവർഫ്ലോ പോയിന്റുകൾ എന്നിവയും റെയിൽവേ അധികൃതർ പരിശോധിക്കും.
കുടിവെള്ളത്തിലെ ചോർച്ചകൾക്കായി റെയിൽവേ തുടർച്ചയായി പരിശോധന നടത്തുകയും കേടുപാടുകൾ സംഭവിച്ച ടാങ്കുകളും പൈപ്പ് ലൈനുകളും ഫിൽറ്ററുകളും മാറ്റിസ്ഥാപിക്കുകയും ചെയ്യും.
തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽനിന്നു ശേഖരിക്കുന്ന ജല സാന്പിളുകളുടെ ഭൗതിക, രാസ, ബാക്ടീരിയ പരിശോധനയും റെയിൽവേ നടത്തും. ദിവസേനയുള്ള ക്ലോറിൻ നിരീക്ഷണവും പദ്ധതിയുടെ ഭാഗമായി നടത്തും.
ആവശ്യമുള്ളിടത്തെല്ലാം പുനർ-ക്ലോറിനേഷനോ മറ്റു പരിഹാരനടപടികളോ സ്വീകരിക്കും. കർമപദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ പോരായ്മകളുടെ സ്റ്റേഷൻ തിരിച്ചുള്ള വിവരങ്ങളും അതിനായി സ്വീകരിച്ച പരിഹാരനടപടികളും സോണൽ റെയിൽവേകൾ സമർപ്പിക്കും.
പ്രശ്നങ്ങൾ നിരീക്ഷിക്കാനും പരിഹാരനടപടികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നുണ്ടെന്ന് റെയിൽവേ ബോർഡിന് ഉറപ്പാക്കാനും ഇതുവഴി സഹായിക്കും.
Tags : CleanDrinkingWater RailwayStation ActionPlan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash