മാനന്തവാടി: മാനവികതയിലും അനുകന്പയിലും അധിഷ്ഠിതമായിരിക്കണം കത്തോലിക്കാ ആശുപത്രികളിലെ പരിചരണമെന്ന് കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല. സ്ഥാപനങ്ങൾ വളരുന്പോഴും എളിമ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റ 64-ാമത് വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദ്വാരക കോർപറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചായ് കേരള ഘടകം പ്രസിഡന്റ് ഫാ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ചില്ലെങ്കിൽ നാം ചരിത്രത്തിന്റെ ഏടുകളായി മാറുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ചായ് ഡയറക്ടർ ജനറൽ ഡോ. സിസ്റ്റർ ഹെലൻ മേരി മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ സിഒഒ ഡോ. എം. ഗോപിനാഥ് ‘പ്രവർത്തനക്ഷമതയിലൂടെ സാന്പത്തികമികവ് നേടുക’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ചായ് കേരളയിൽ അംഗങ്ങളായ വിവിധ ആശുപത്രി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. മാനന്തവാടി രൂപത വികാരി ജനറാൾ മോണ്. പോൾ മുണ്ടോളിക്കൽ, സിബിസിഐ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സന്തോഷ്, മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രി ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ, ചായ് കേരള ട്രഷറർ ഫാ. വിമൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

കൊച്ചി: കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള റീജണിന്റെ 2026-2029 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മാനന്തവാടി ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന 64-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ഫാ. ഡോ. ഫിലിപ്പ് പയ്യമ്പിള്ളിലാണു പ്രസിഡന്റ്. തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒയും സെക്രട്ടറിയുമാണ് ഇദ്ദേഹം.
എറണാകുളം ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്- വൈസ് പ്രസിഡന്റ്, പോട്ട ധന്യ മിഷൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ തേജസ് എഫ്സിസി- സെക്രട്ടറി, ആലപ്പുഴ സഹൃദയ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റോ ആന്റണി പെരുമ്പിള്ളിത്തറ- ജോയിന്റ് സെക്രട്ടറി, തൃശൂർ അമല മെഡിക്കൽ കോളജ് ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരയ്ക്കൽ സിഎംഐ - ട്രഷറർ എന്നിവരാണു മറ്റു ഭാരവാഹികൾ.
മേഖലാ കോ-ഓർഡിനേറ്റർമാരായി ഫാ. ബിനു കുന്നത്ത് (തിരുവനന്തപുരം), ഫാ. ഉല്ലാസ് (കോട്ടയം), ഫാ. ക്ലൗഡിൻ ബിവേറ (എറണാകുളം), ഫാ. ഡെമിൻ (തൃശൂർ), സിസ്റ്റർ ജോസ്ന (മലബാർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags : DrAlexVadakkumthala Bishop RespectfulTreatment Ensured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash