വി.ശിവൻകുട്ടി, ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള വിവാദം എൽഡിഎഫിൽ പുതിയ തർക്കത്തിന് വഴിയൊരുക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി രൂക്ഷ വിമർശനം ഉന്നയിച്ചു.
ഇതിനു പിന്നാലെ സിപിഐക്കെതിരെ തുറന്നടിച്ച് മുൻ മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. പിണറായി വിജയൻ സ്വീകരിച്ച നിലപാട് മുന്നണി മര്യാദയുടെ ലംഘനമാണെന്നാണ് സത്യൻ മൊകേരിയുടെ വിമർശനം. മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട ധാർമ്മികത ഉയർത്തിപ്പിടിച്ചില്ലെന്നും താൻ തീരുമാനിക്കും എല്ലാം താനാണ് എന്ന ഭാവം മുന്നണിക്ക് നല്ലതല്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
പിണറായിയുടെ പ്രസ്താവന ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും വിമർശനമുണ്ട്. സിപിഐയുടെ വിമർശനത്തിന് പിന്നാലെയാണ് വി.ശിവൻകുട്ടി തിരിച്ചടിച്ചത്. മുന്നണിയെ ശക്തിപ്പെടുത്താൻ താൽപര്യപ്പെടാത്ത പാർട്ടിയാണ് സിപിഐയെന്നും രാഷ്ട്രീയ മര്യാദ ലംഘിച്ചത് സിപിഐ തന്നെയാണെന്നും ശിവൻകുട്ടി ആരോപിച്ചു. സത്യൻ മൊകേരിയുടെ ലേഖനം പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണെന്നും ശിവൻകുട്ടി പറഞ്ഞു.
മുന്നണിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ പത്രങ്ങളിലൂടെ ഉന്നയിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വിമർശിച്ചു. പിഎംശ്രീ വിഷയത്തിലും സമാനമായ രീതിയുണ്ടായെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പിണറായി വിജയൻ സ്വീകരിച്ച നടപടി ജനാധിപത്യപരമാണെന്നാണ് ശിവൻകുട്ടിയുടെ നിലപാട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇതുവരെ സിപിഎമ്മാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
നിലവിലെ സാഹചര്യത്തിൽ അത് മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസം പരസ്യ വിമർശനങ്ങളിലേക്ക് നീങ്ങിയതോടെ സിപിഎം-സിപിഐ ബന്ധത്തിലെ ഭിന്നത വീണ്ടും ചർച്ചയാകുകയാണ്.
Tags : PinarayiVijayan SatyamMokeri V.Shivankutty DeputyLeader Opposition