ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവന ചെയ്ത ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്നാണ് നാലുവർഷ ബിരുദ പ്രോഗ്രാം (എഫ്വൈയുജിപി). കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നയരേഖകളിൽനിന്ന് അത് ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുന്നു.
ഡൽഹി സർവകലാശാല നാലാം വർഷത്തിലെത്തി. കർണാടക നേരത്തേ പദ്ധതി നടപ്പാക്കിയശേഷം സമീപനം പരിഷ്കരിച്ചു. കേരളം 2024ൽ സംസ്ഥാനത്തെ സർവകലാശാലകളിൽ എഫ്വൈയുജിപി നടപ്പാക്കി. ഒഡീഷയും ഇതേ പാത പിന്തുടർന്നു. മറ്റു സംസ്ഥാനങ്ങളിലും പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കിവരുന്നു. ഇപ്പോൾ പല സംസ്ഥാനങ്ങളും സർവകലാശാലകളും ഐച്ഛിക നാലാം വർഷം ആരംഭിക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ എഫ്വൈയുജിപിയുടെ ഏറ്റവും നിർണായക ഘട്ടമാണ് ഇനി വരുന്നത്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നാലാം വർഷം നടപ്പാക്കാനാകുമോ എന്നതല്ല. നാലാം വർഷത്തെ യഥാർഥ അക്കാദമിക മൂല്യമുള്ള ഒരു വർഷമാക്കി മാറ്റാൻ നമുക്ക് കഴിയുമോ എന്നതാണ്. അതോ ബിരുദത്തിന് ഒരു വർഷംകൂടി കൂട്ടിച്ചേർക്കുന്നതിൽ പരിഷ്കാരം ഒതുങ്ങുമോ? ഇവ 2028ൽ ആദ്യ എഫ്വൈയുജിപി ബാച്ച് നാലാം വർഷത്തിലേക്ക് കടന്നശേഷം ചർച്ച ചെയ്യേണ്ട ചോദ്യങ്ങളല്ല. തീരുമാനിക്കേണ്ട സമയം ഇപ്പോഴാണ്.
ഒരു വർഷം കൂടി എന്നതിലപ്പുറം
മൂന്നുവർഷ ബിരുദത്തിൽനിന്ന് നാലാം വർഷത്തിലേക്കുള്ള മാറ്റം ഒരു അധിക അധ്യയനവർഷം എന്ന ലളിതമായ കണക്കുകൂട്ടലിൽ കാണാനാകില്ല. അത് ഒരു വ്യത്യസ്ത അക്കാദമിക അനുഭവമായിരിക്കണം. നാലാം വർഷം തെരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് പ്രധാനമായും രണ്ട് വഴികളാണ് തുറക്കുന്നത്. വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനത്തിന് ഊന്നൽ നൽകുന്ന ‘ഓണേഴ്സ് ഡിഗ്രി’യും ഗവേഷണത്തിലും ഉന്നതപഠനത്തിലും താൽപര്യമുള്ള വിദ്യാർഥികളെ ലക്ഷ്യമിടുന്ന ‘ഓണേഴ്സ് വിത്ത് റിസർച്ചും.’
അതിനാൽ എഫ്വൈയുജിപിയുടെ വിജയം അളക്കേണ്ടത് പാഠ്യപദ്ധതിയുടെ ഘടന നോക്കിയല്ല; ഈ രണ്ടു അക്കാദമിക വഴികൾ എത്രമാത്രം ഗുണനിലവാരത്തോടെയും വിശ്വാസ്യതയോടെയും നടപ്പാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
എത്ര പേർ വരും?
ആദ്യത്തെ നയപരമായ ചോദ്യം വിദ്യാർഥികളുടെ തെരഞ്ഞെടുപ്പാണ്. നാലാം വർഷം ഐച്ഛികമാണ്. തൊഴിൽസാധ്യതകൾ, ബിരുദാനന്തര പ്രവേശനം, സാമ്പത്തിക സാഹചര്യം, കരിയർ ലക്ഷ്യങ്ങൾ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിദ്യാർഥികൾ തീരുമാനമെടുക്കുക. അതിനാൽ മൂന്നാം വർഷം പൂർത്തിയാക്കുന്ന എല്ലാവരും നാലാം വർഷത്തിലേക്ക് കടക്കുമെന്ന് സർവകലാശാലകൾ കരുതരുത്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗൺസിലും സർവകലാശാലകളും ഇപ്പോൾതന്നെ വിഷയാടിസ്ഥാനത്തിലുള്ള നാലാം വർഷ വിദ്യാർഥി ഡിമാൻഡ് സർവേ നടത്തേണ്ടതുണ്ട്. കോളജുകളിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ മുഖേന ഈ പഠനം നടത്താവുന്നതാണ്. ഏത് വിഷയങ്ങളിലാണ് കൂടുതൽ വിദ്യാർഥികൾ നാലാം വർഷം തെരഞ്ഞെടുക്കാൻ സാധ്യതയുള്ളത്? ഏത് വിഷയങ്ങളിൽ എണ്ണം വളരെ കുറവായിരിക്കും? ഈ വിവരങ്ങൾ ലഭിച്ചശേഷമേ അക്കാദമിക വിഭവങ്ങളും അധ്യാപക വിന്യാസവും അടിസ്ഥാനസൗകര്യങ്ങളും ആസൂത്രണം ചെയ്യാവൂ.
ഡൽഹി സർവകലാശാലയുടെ അനുഭവം കേരളത്തിന് മുന്നറിയിപ്പാണ്. പല പ്രോഗ്രാമുകളിലും അർഹരായ വിദ്യാർഥികളിൽ ഏകദേശം മൂന്നിലൊന്ന് മാത്രമാണ് ഐച്ഛിക നാലാം വർഷം തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതുമൂലം ചില കോളജുകളിൽ വളരെ ചെറിയ ബാച്ചുകളാണ് രൂപപ്പെട്ടത്. അതിനാൽ നാലാം വർഷം എല്ലാ കോളജുകളിലും പ്രത്യേകം നടത്തുന്നതിനുപകരം തെരഞ്ഞെടുത്ത ‘ക്ലസ്റ്റർ കോളജുകൾ’ വഴി നടത്തുന്നതിനുള്ള സാധ്യത ഡൽഹി പരിഗണിക്കുകയാണ്. കേരളം ഈ അനുഭവത്തിൽനിന്ന് പഠിക്കേണ്ടതുണ്ട്.
ഗവേഷണാന്തരീക്ഷം സൃഷ്ടിക്കാനാകുമോ?
ഗവേഷണം ഒറ്റപ്പെട്ട പ്രവർത്തനമല്ല. ചർച്ച, ആശയവിനിമയം, സഹപഠനം, അക്കാദമിക ഇടപെടലുകൾ, സെമിനാറുകൾ, ജേണൽ ചർച്ചകൾ എന്നിവയിലൂടെയാണ് ഗവേഷണസംസ്കാരം വളരുന്നത്.
ഒരു വകുപ്പിൽ നാല് പേർ മാത്രമാണ് നാലാം വർഷം തെരഞ്ഞെടുക്കുന്നതെങ്കിൽ ഉയർന്ന തലത്തിലുള്ള ഐച്ഛിക കോഴ്സുകളും സെമിനാറുകളും ഗവേഷണ ഇടപെടലുകളും സജീവമായി നടത്താനാകുമോ? ഇവിടെയാണ് റീജിണൽ ഓണേഴ്സ് ക്ലസ്റ്ററുകൾ എന്ന ഒരു പുതിയ മാതൃക പരീക്ഷിക്കാനാകുന്നത്.
വിദ്യാർഥികൾ സ്വന്തം കോളജിൽ തന്നെ രജിസ്റ്റർ ചെയ്തിരിക്കാം. എന്നാൽ പ്രത്യേക നാലാം വർഷ കോഴ്സുകൾ, നൂതന ലബോറട്ടറികൾ, ഗവേഷണ സൗകര്യങ്ങൾ, വിദഗ്ധ അധ്യാപകരുടെ മാർഗനിർദേശം തുടങ്ങിയവ പ്രാദേശികമായി തെരഞ്ഞെടുത്ത അക്കാദമിക കേന്ദ്രങ്ങളിൽ ലഭ്യമാക്കാം. ഇതിലൂടെ ഗവേഷണസൗകര്യങ്ങൾ, അധ്യാപക വൈദഗ്ധ്യം, ലാബുകൾ, ഡിജിറ്റൽ വിഭവങ്ങൾ, ഗവേഷണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ പങ്കുവയ്ക്കാം.
ഗവേഷണ മാർഗനിർദേശം
ഓണേഴ്സ് ബിരുദം വെറും ഒരു അധിക വർഷത്തെ പഠനമാകരുത്. വിഷയത്തിലെ ആഴത്തിലുള്ള പഠനം, ഉയർന്ന തലത്തിലുള്ള ഐച്ഛിക കോഴ്സുകൾ, ഫീൽഡ് അധിഷ്ഠിത പഠനം, മികച്ച തൊഴിൽശേഷികൾ എന്നിവ അതിന്റെ ഭാഗമാകണം. അതേസമയം ‘ഓണേഴ്സ് വിത്ത് റിസർച്ച്’ഗവേഷണത്തിൽ യഥാർഥ താൽപര്യവും അക്കാദമിക ശേഷിയും പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്കായിരിക്കണം.
ഗവേഷണരീതിശാസ്ത്രം, ഗവേഷണ ധാർമികത, ഡാറ്റാ വിശകലനം, ശാസ്ത്രീയ രചന എന്നിവയിൽ ഗൗരവമുള്ള പരിശീലനം അതിൽ ഉൾപ്പെടണം. ഒടുവിൽ വിദ്യാർഥി തയാറാക്കുന്ന മൗലിക ഗവേഷണപ്രബന്ധം ബാഹ്യ മൂല്യനിർണയത്തിനും വിധേയമാകണം.
ഗവേഷണ മേൽനോട്ടത്തെ സാധാരണ ക്ലാസ് എടുക്കുന്നതിന്റെ ഒരു അധിക ചുമതലയായി കാണാനാകില്ല. അതിനാൽ ഡിസർട്ടേഷൻ മേൽനോട്ടം അധ്യാപകരുടെ വർക്ക്ലോഡ് മാനദണ്ഡങ്ങളിൽ വ്യക്തമായി അംഗീകരിക്കണം. അധ്യാപകർക്ക് തുടർച്ചയായ പരിശീലനവും നൽകണം.
ഗവേഷണം സമൂഹത്തിലേക്ക്
നാലാം വർഷത്തെ ഗവേഷണപ്രബന്ധങ്ങൾ കേരളത്തിന്റെ യഥാർഥ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളിലേക്ക് തിരിയണം. വാർധക്യം, കാലാവസ്ഥാ പ്രതിരോധശേഷി, ജൈവവൈവിധ്യം, കുടിയേറ്റം, സാമ്പത്തിക ഉൾപ്പെടുത്തൽ, ടൂറിസം, തദ്ദേശഭരണം, സംരംഭകത്വം, പൊതുജനാരോഗ്യം, കൃത്രിമബുദ്ധി, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകൾ ബിരുദ ഗവേഷണത്തിന്റെ വിഷയങ്ങളാകണം. കേരളത്തിലെ ഓരോ ജില്ലയും യഥാർഥ ജീവിതത്തിലെ പ്രശ്നങ്ങളെ പഠനത്തിനും ഗവേഷണത്തിനും ഉപയോഗിക്കുന്ന സാമൂഹിക പരിസരം ആകാം. ഒരു വിദ്യാർഥി തന്റെ ജില്ലയിലെ മാലിന്യസംസ്കരണത്തെക്കുറിച്ച് നടത്തുന്ന പഠനം തദ്ദേശസ്ഥാപനത്തിന് ഉപയോഗിക്കാവുന്ന തെളിവായി മാറാം.
കേരളീയ ഡിജിറ്റൽ ശേഖരം
സംസ്ഥാനതലത്തിൽ ഒരു Kerala Undergraduate Research Repository രൂപീകരിക്കാം. ബാഹ്യ മൂല്യനിർണയത്തിലൂടെ മികച്ചതെന്ന് കണ്ടെത്തുന്ന പ്രബന്ധങ്ങൾ അതിൽ ഉൾപ്പെടുത്താം. ഇത്തരമൊരു സംവിധാനം ഒരേ ഗവേഷണം ആവർത്തിക്കുന്നത് കുറയ്ക്കും. ഭാവിയിലെ വിദ്യാർഥികളെ കൂടുതൽ ഗൗരവമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ ഗവേഷണത്തിലേക്ക് പ്രേരിപ്പിക്കാനും ഇതിന് കഴിയും.
ഇനി തീരുമാനിക്കേണ്ടത്
ഗുണനിലവാരം ഉറപ്പാക്കാതെയുള്ള നടപ്പാക്കൽ നാലാം വർഷത്തെ, അക്കാദമിക മൂല്യം വർധിപ്പിക്കാത്ത ഒരു അധിക പഠനവർഷമായി ചുരുക്കാനുള്ള സാധ്യതയുണ്ട്.
(ലേഖകൻ മൂവാറ്റുപുഴ നിർമല കോളജിലെ അസോസിയേറ്റ് പ്രഫസറാണ്)
Tags : Deepika DeepikaNewspaper BreakingNews fourth year’ meaningful