പ്രതീകാത്മക ചിത്രം
പറയാതെ വയ്യ!
കോടതി ഉത്തരവില്‍ ന്യൂനപക്ഷ സ്കൂളുകളിലെ അധ്യാപകരെ വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ ടെറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിരുന്നു.എന്നാല്‍ ഈയടുത്ത ദിവസം വരെ കേരള സര്‍ക്കാര്‍ അത് കണ്ടതായി നടിച്ചിരുന്നില്ല. ന്യൂനപക്ഷത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും മറന്നുകൊണ്ടുള്ള സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു പറയാതെ വയ്യ!
കഴിഞ്ഞ കുറേ നാളുകളായി അധ്യാപക ലോകത്തു മുഴങ്ങിക്കേള്‍ക്കുന്ന, ആശങ്കയുളവാക്കുന്ന പദമാണ് കെ ടെറ്റ് എന്നത്. കോളജ് അധ്യാപകരാകാന്‍ ‘നെറ്റ്’ (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്), ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ ‘സെറ്റ്’ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പോലെ സ്കൂള്‍ അധ്യാപകര്‍ പ്രത്യകിച്ച് ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ കൈവരിക്കേണ്ട അടിസ്ഥാനയോഗ്യത എന്ന നിലയിലാണ് ‘ടെറ്റ്’ (ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
സേവനത്തിലുള്ള അധ്യാപകരും പ്രസ്തുത പരീക്ഷ പാസാകണമെന്നും 2025 സെപ്റ്റംബർ ഒന്നു മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷ പാസാകാത്ത അധ്യാപകര്‍ പുറത്തുപോകണമെന്നുമുള്ള സുപ്രീംകോടതി വിധിയാണ് അധ്യാപകര്‍ക്ക് ഇരുട്ടടിയായിത്തീര്ന്നത്. പിന്നീട് റിവ്യു ഹര്‍ജിയുടെ വിധി രണ്ടു വര്‍ഷമെന്നത് മൂന്നാക്കി മാറ്റി. പത്തും ഇരുപതും വര്‍ഷം മുമ്പ് സര്‍വീസില്‍ കയറിയ അധ്യാപകരുള്‍പ്പെടെ ടെറ്റ് പരീക്ഷ പാസായിരിക്കണമെന്നിടത്താണ് അധ്യാപകര്‍ കുഴപ്പത്തിലായത്.എന്നാല്‍, മേല്‍പ്പറഞ്ഞ കോടതി ഉത്തരവിനെ അടിസ്ഥാനമാക്കി കേരള സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പുറത്തുവന്നപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ കഠിനമായിത്തീര്ന്നത്. കോടതി ഉത്തരവില്‍ ന്യൂനപക്ഷ സ്കൂളുകളിലെ അധ്യാപകരെ വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ ടെറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈയടുത്ത ദിവസം വരെ കേരള സര്‍ക്കാര്‍ അത് കണ്ടതായി നടിച്ചിരുന്നില്ല. ന്യൂനപക്ഷത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും മറന്നുകൊണ്ടുള്ള സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു പറയാതെ വയ്യ!
പ്രഥമാധ്യാപക നിയമനത്തിലും അധ്യാപകരുടെ പ്രൊമോഷന് കാര്യങ്ങളിലും, പ്രൊമോഷന് ലഭിച്ച അധ്യാപകരുടെ തസ്തികകളില്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ പ്രശ്നങ്ങളിലുമൊക്കെ ഉടനടി പരിഹാരം കാണേണ്ടതുണ്ട്.
◄സര്‍ക്കാര്‍ മറന്നുപോകുന്ന വിധിവാചകം
2025 സെപ്റ്റംബർ ഒന്നിന് കെ ടെറ്റ് യോഗ്യത സംബന്ധിച്ച് സുപ്രീംകോടതി നല്കിയ വിധിയില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ വിശാല ബെഞ്ച് വിധി പറയുന്നതുവരെ ഒഴിവ് നല്‍കിയിരുന്നു. റിവ്യു ഹര്ജികളിന്മേല് 2026 മേയ് 29ന് സുപ്രീംകോടതി നല്കിയ വിധിയിലും കെ ടെറ്റ് യോഗ്യത സംബന്ധിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഇളവ് ആവര്‍ത്തിക്കുന്നു. എന്നാല്‍, മുമ്പ് സൂചിപ്പിച്ചിരുന്നതുപോലെ 2026 ഓഗസ്റ്റ് 14വരെ സര്‍ക്കാര്‍ കെ ടെറ്റ് വിഷയത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കോടതി നല്കിയ ആനുകൂല്യം കണ്ടില്ലെന്നു നടിച്ചു. പലപ്രാവശ്യം വിവിധ ന്യൂനപക്ഷ മാനേജ്മെന്റുകള്‍ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. ഈ ദിവസങ്ങളില്‍ കാസര്‍ഗോഡ് കുണ്ടാര്‍ എയുപി സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്ജിയിന്മേല് ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ അവകാശം കണക്കിലെടുത്ത്, നിയമനം നിരസിച്ചുകൊണ്ടുളള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി, സുപ്രീംകോടതി വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ കെ ടെറ്റ് യോഗ്യത നിര്‍ബന്ധമല്ല എന്ന് പ്രസ്താവിച്ചുകൊണ്ട് ഈ മാസം 14ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
സുപ്രീംകോടതി വിധിയില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടും വീണ്ടും ഹൈക്കോടതിയില്‍ ന്യായം വാദിക്കേണ്ടിവരുന്നു എന്നത് കാലാകാലങ്ങളില്‍ ഭരണം മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷങ്ങളോടുളള നിഷേധാത്മക സമീപനമാണു വെളിവാക്കുന്നത്. ഇനിയും, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പൊതു ഉത്തരവല്ല; മറിച്ച്, കുണ്ടാര്‍ എയുപി സ്കൂളിന്റെ മാനേജര്‍ക്ക് മാത്രം ലഭിച്ച ഉത്തരവാണെന്നും ഏക പരാതിയിലുളള ഒത്തുതീര്‍പ്പ് മാത്രമാണെന്നും പൊതുവിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത് പത്രത്തില്‍ വായിക്കാനിടയായി. ഇത് വാസ്തവമെങ്കില്‍ ഈ നിലപാട് തികച്ചും ഖേദകരമാണ്.
കഴിഞ്ഞ വര്‍ഷം ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി എന്‍എസ്എസിനു നല്കിയ അനുകൂലവിധി അവര്‍ക്കു മാത്രമാണെന്നവകാശപ്പെട്ട് മറ്റ് മാനേജ്മെന്റുകളെ എത്രമാത്രമാണ് ബുദ്ധിമുട്ടിച്ചത്? ഭിന്നശേഷിക്കാര്‍ക്കായി തസ്തിക മാറ്റിവച്ചിട്ടുണ്ടെങ്കില്‍ ബാക്കിയുള്ള നിയമനങ്ങള്‍ അംഗീകരിച്ചുകൊടുക്കാമെന്ന കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനഃപൂര്‍വം ശ്രമിച്ചത് മറക്കാന്‍ കാലമായില്ലല്ലോ? ഓര്‍ക്കുക, എന്എസ്എസ്നു ലഭിച്ച കോടതി ഉത്തരവില്‍ സമാനസാഹചര്യമുളള ഏജന്‍സികളെയും പരിഗണിക്കാമെന്ന് തന്നെയുണ്ടായിരുന്നു. കേരള മെത്രാന് സമിതിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും നടത്തിയ ദീര്‍ഘ കാല സമരപരിപാടികള്ക്കൊടുവിലാണ് സര്‍ക്കാര്‍ കനിഞ്ഞത്. അതുപോലെ, കുണ്ടാര്‍ എയുപി സ്കൂള്‍ മാനേജര്‍ക്കു ലഭിച്ചിരിക്കുന്ന ന്യൂനപക്ഷാവകാശ പ്രകാരം കെ ടെറ്റ് നിര്‍ബന്ധമല്ലെന്ന ഉത്തരവ് മറ്റ് ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്കുകൂടി ബാധകമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുമോ? ജീവിതപ്രശ്നങ്ങള്ക്കുത്തരം നല്കുന്ന, വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് പരിഹാരം ആരായുന്ന ഒരു സര്‍ക്കാരിനെ ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ?
കേരളത്തില്‍ പ്രധാനമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. എയ്ഡഡ് സ്കൂളുകളില്‍ ഭൂരിപക്ഷം ന്യൂനപക്ഷ സ്ഥാപനങ്ങളുമാണ്. സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്നതുപോലെ - വിശാല ബഞ്ചിന്റെ വിധി വരുന്നതുവരെ - കെ ടെറ്റ് യോഗ്യത ബാധകമല്ല എന്നത്, നിലവില്‍ സേവനത്തിലുളള അധ്യാപകരുടെ പ്രഥമാധ്യാപക, സ്ഥാനക്കയറ്റ നിയമനങ്ങളില്‍ നടപ്പാക്കുകയാണെങ്കില്‍ - ആയിരക്കണക്കിന് അധ്യാപകരുടെ പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും ഇല്ലാതാകും എന്നുറപ്പാണ്. നിലവിലെ സര്‍ക്കാര്‍, പൊതു വിദ്യാഭ്യാസമേഖല നേരിടുന്ന വിഷയങ്ങളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുന്നുവെന്നത് ശുഭകരമാണ്. കെ ടെറ്റ് വിഷയത്തില്‍ സുപ്രീംകോടതി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കല്പിച്ചിരിക്കുന്ന ഇളവ് നടപ്പിലാക്കി സര്‍ക്കാര്‍ പൊതു ഉത്തരവ് ഇറക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാകും.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കെ ടെറ്റ് വിഷയത്തില്‍ ലഭിച്ചിരിക്കുന്ന ഇളവ് ഒരുതരത്തിലും സ്ഥാപനത്തിന്റെ ഗുണമേന്മയെയും മികവിനെയും ബാധിക്കാന്‍ പാടില്ല. ന്യൂനപക്ഷ സമുദായത്തിന്റെ സ്വത്വം, ഭാഷ, സംസ്കാരം, വിശ്വാസം എന്നിവ നിലനിര്‍ത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രായോഗികമാക്കുന്നതിനുമാണ് ഇത്തരത്തിലുളള അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നത് എന്ന് ഒരിക്കലും മറക്കാതിരിക്കാം. ന്യൂനപക്ഷമെന്ന പേരില്‍ എന്തെങ്കിലും അനര്‍ഹമായത് കൈപ്പറ്റുക എന്നുളളതല്ല; മറിച്ച്, അടുത്ത തലമുറയ്ക്ക് ഗുണപരമായ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുക എന്നതു മാത്രമാണ് കത്തോലിക്കാ സഭ ലക്ഷ്യമിടുന്നത്.
◄പ്രഥമാധ്യാപക നിയമനങ്ങളിലെ പ്രതിസന്ധി
‘ഹെഡ്മാസ്റ്റര്/ഹെഡ്മിസ്ട്രസ്’- പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വിദ്യാലയമാകുന്ന ശരീരത്തിന്റെ ശിരസ് പ്രഥാമാധ്യാപകരാണെന്ന് പറയേണ്ടതില്ലല്ലോ. പ്രഥമാധ്യാപകന്/അധ്യാപിക എന്ന നാമത്തിലും ഇവരുടെ അന്തസും ആത്മാഭിമാനവും വ്യക്തിത്വവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. എന്നാല്‍, സര്‍ക്കാരില്‍നിന്ന് അംഗീകാരം ലഭിക്കാത്തിടത്തോളം പ്രഥമാധ്യാപകന് മാനസികമായും സ്വത്വപരമായും സാങ്കേതികമായും വലിയ പ്രതിസന്ധിയിലാണ്.
ഭാരിച്ച ഉത്തരവാദിത്വമാണ് ഒരു എച്ച്എമ്മിനുള്ളത്. സ്കൂളിന്റെ നടത്തിപ്പ്, കുട്ടികളുടെ സംരക്ഷണം, അധ്യാപക- അനധ്യാപകരുടെ ഒത്തൊരുമ, അക്കാദമിക പ്രവര്‍ത്തനങ്ങളുടെ മികവ്, അക്കാദമികേതര പ്രവര്‍ത്തനങ്ങളുടെ സംഘാടനം... ഇങ്ങനെ നിരവധിയായ ഉത്തരവാദിത്വം എച്ച്എമ്മിന്റെ ചുമതലയാണ്. എന്നാല്‍ അംഗീകാരമില്ലാതെ ആ സ്ഥാനത്ത് ഇരിക്കുക കൂടുതല്‍ പ്രയാസകരമാണ്. അംഗീകാരമില്ലാത്ത പദവിയാണെങ്കിലും ചുമതലകളുടെ നിര്‍വഹണത്തിന് ഒട്ടും കുറവില്ല. വിദ്യാഭ്യാസ വകുപ്പിന്റെയും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നാട്ടുകാരുടെയും മാതാപിതാക്കളുടെയുമൊക്കെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കൊടുക്കാന്‍ ‘എച്ച്എം എന്ന നിലയില്‍ അംഗീകാരമില്ലെങ്കിലും’ ടിയാന് ബാധ്യസ്ഥനാണ്. ഈവിധ ജോലികള്‍ ചെയ്യുമ്പോള്‍ പ്രഥമാധ്യാപകരുടെ ആനുകൂല്യങ്ങള്‍ അവരുടെ അവകാശമാണ്. കെ ടെറ്റ് എന്ന സാങ്കേതികതയില്‍ തട്ടി പ്രഥമാധ്യാപകരുടെ അംഗീകാരത്തിന്മേലും അവകാശങ്ങള്‍ക്കുമേലും പ്രതിസന്ധിയുടെ കരിനിഴല്‍ വീഴ്ത്തുന്നത് പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും എയ്ഡഡ് വിദ്യാലയങ്ങളുടെ നിലനില്പിനെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
◄സ്ഥാനക്കയറ്റ നിയമനം
പ്രഥമാധ്യാപകര്‍ മാത്രമല്ല, നൂറുകണക്കിന് അധ്യാപക പ്രൊമോഷനുകളും കെ ടെറ്റ് യോഗ്യതയുടെ കുരുക്കിലാണ്. പ്രൈമറി വിഭാഗത്തില്‍നിന്നു ഹൈസ്കൂള്‍ തലത്തിലേക്കും ഹൈസ്കൂളില്‍നിന്നു ഹയര്‍ സെക്കൻഡറി തലത്തിലേക്കും ഉളള സ്ഥാനക്കയറ്റം ഉത്തരവുകളുടെ കുരുക്കില്പ്പെട്ട്് അംഗീകാരം ലഭിക്കാതെ പ്രതിസന്ധിയിലാണ്. പ്രൊമോഷന് ലഭിച്ചവര്‍ക്ക് മുമ്പ് ലഭിച്ചിരുന്ന ശമ്പളം തുടര്‍ന്നും ലഭിക്കുമെങ്കിലും സ്ഥാനക്കയറ്റത്തിന്റെ ഫലമായുണ്ടാകുന്ന താഴെ തസ്തികയില്‍ നിയമിക്കപ്പെട്ടവര്‍ അനേക നാളുകള്‍ പ്രതിഫലം കിട്ടാതെ ജോലി ചെയ്ത് കാത്തിരിക്കേണ്ടി വരുന്നു.
മാത്രവുമല്ല ഈ സ്ഥാനക്കയറ്റത്തിനും അതിന്റെ ഫലമായുണ്ടാകുന്ന നിയമനത്തിനുമിടയില് (റിസള്‍ട്ടന്റ് വേക്കന്‍സി) സൗകര്യാര്‍ഥം സ്ഥലംമാറ്റം നടത്തിയിട്ടുണ്ടെങ്കില്‍ അവരുടെ വേതനവും തടസപ്പെടുന്നു. 2025 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് നടത്തിയ നിയമനങ്ങള്‍പോലും ഇപ്പോഴും അംഗീകരിക്കാതെ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.
◄കെ ടെറ്റ് യോഗ്യത നേടിയ നാള് മുതല്‍
കെ ടെറ്റ് യോഗ്യത നേടിയ നാള് മുതല്‍ പ്രഥമാധ്യാപക സ്ഥാനക്കയറ്റം അംഗീകരിച്ച് ഉത്തരവാകുന്നു എന്ന് വിദ്യാഭ്യാസ ഓഫീസര്‍ അംഗീകാര ഉത്തരവില്‍ കുറിക്കുമ്പോള്‍, അധ്യാപകന് സ്ഥാനക്കയറ്റം ലഭിച്ച് നിയമനം നേടിയ ദിവസം മുതല്‍ പിന്നീട് കെ ടെറ്റ് പരീക്ഷ പാസായ ദിവസം വരെയുള്ള കാലഘട്ടം അനിശ്ചിതാവസ്ഥയിലാകുന്നു. ഉദാഹരണമായി, സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകന് ഒരു വര്‍ഷം പ്രൊമോഷന് തസ്തികയില്‍ സേവനം ചെയ്തപ്പോഴാണ് കെ ടെറ്റ് നേടിയത്. ഈ സാഹചര്യത്തില്‍ ‘കെ ടെറ്റ്’യോഗ്യത നേടിയ തീയതി മുതല്‍ അംഗീകാരം നല്കുന്നു എന്നു വരുമ്പോള്‍ അവര്‍ ഉയര്‍ന്ന തസ്തികയില്‍ സേവനം ചെയ്ത ഒരു വര്‍ഷം എങ്ങനെ കണക്കാക്കും? അവരുടെ മുന്‍ ലാവണത്തിലേക്ക് തിരികെപ്പോകുകയാണെങ്കില് പ്രൊമോഷന്റെ ഫലമായുണ്ടായ ഒഴിവില്‍ പഠിപ്പിച്ച ഉദ്യോഗാര്‍ഥിയുടെ സേവനകാലം പ്രതിഫലം ലഭിക്കാത്തതായിത്തീരും.
സേവനത്തിലിരിക്കുന്നവര്ക്ക് കെ ടെറ്റ് യോഗ്യത നേടാനായും മൂന്നുവര്ഷക്കാലയളവ് അനുവദിച്ച സുപ്രീംകോടതി വിധിയെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് തികച്ചും മാനുഷികതയില്ലാത്തതും ക്രൂരവുമാണ്. പത്തും പതിനഞ്ചും വര്‍ഷങ്ങളായി സേവനത്തിലിരിക്കുന്ന അധ്യാപകരെ സംബന്ധിച്ച് ഇത്തരം വ്യാഖ്യാനങ്ങളും അംഗീകാര ഉത്തരവുകളും അവരുടെ സേവനത്തിന്റെ തുടര്‍ച്ചയെ തടസപ്പെടുത്തുന്നതും പ്രതീക്ഷകളെ കെടുത്തിക്കളയുന്നതുമാണ്.
◄സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുന്നു
നിലവില്‍ സേവനത്തിലുള്ളവര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ (2028 ഓഗസ്റ്റ്) കെ ടെറ്റ് പരീക്ഷ പാസായാല്‍ മതിയാകും എന്നതാണ് ഏറ്റവും പുതിയ വിധിയിലെ വ്യവസ്ഥ. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവനുസരിച്ച് 2025 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് സ്ഥാനക്കയറ്റ നിയമനത്തിന് അര്‍ഹതയുള്ളവര്‍ക്ക് (2012നു മുമ്പ് നിയമനം ലഭിച്ചവരും ഉപരിയോഗ്യത ഉള്ളവരും) സത്യവാങ്ങ്മൂലം നല്കി നിയമനാംഗീകാരം നല്‍കാവുന്നതാണ്. ഈ ഉത്തരവ് 2025 സെപ്റ്റംബര്‍ ഒന്നിലെ വിധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍, ഇതിന്റെ റിവ്യു ഹര്‍ജിയിൽ വിധി വന്നപ്പോള്‍ കെ ടെറ്റ് യോഗ്യത ആവശ്യമാണ് എന്ന് ഊന്നിപ്പറയുകയും നിലവില്‍ സേവനത്തിലുള്ളവര്‍ക്ക് യോഗ്യത നേടുന്നതിന് ഒരു വര്‍ഷം കൂടി 2028 ഓഗസ്റ്റ് വരെ നീട്ടിനല്കുകയുമാണ് ചെയ്തത്.
വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ വ്യാഖ്യാനം പുതിയ വിധി വന്നതിനാല്‍ പുതിയ ഉത്തരവ് ആവശ്യമാണെന്നും പഴയ സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തിലില്ല എന്നുമാണ്. തത്ഫലമായി ഫയലുകള്‍ കുരങ്ങിക്കിടക്കുന്നു, ജീവിതം ക്ലേശപൂര്ണമാകുന്നു. ഒരു വര്‍ഷംകൂടി നീട്ടിനല്‍കിയ സുപ്രീംകോടതിയുടെ മഹാമനസ്കതയും കരുതലും ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല.
സംതൃപ്തമായ അധ്യാപകസമൂഹം അനിവാര്യമാണ്. അവരുടെ സേവന- വേതന മേഖലകളിലെ സങ്കീര്‍ണതകളും സ്ഥാനക്കയറ്റത്തിലെ പ്രതിസന്ധികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. അതുകൊണ്ടുതന്നെ, സര്‍വീസിലുള്ള അധ്യാപകരുടെ ‘കെ ടെറ്റ്’ യോഗ്യത, ന്യൂനപക്ഷാവകാശസംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല മനോഭാവം പ്രകടിപ്പിക്കുകതന്നെ വേണം. വിദ്യാഭ്യാസരംഗത്തോട് ക്രിയാത്മകമായും പ്രതീക്ഷാനിര്ഭരമായും ഇടപെടുന്ന ഇപ്പോഴത്തെ സര്‍ക്കാരിന് അതു സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.
(ലേഖകന്‍ സീറോമലബാര്‍ സിനഡല്‍ കമ്മീഷന് ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാനും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ രക്ഷാധികാരിയും പാലാ രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി മാനേജരുമാണ്.)
Tags : KTET Mandate Minority EducationalRights Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash