ഫാ. തോമസ് ശ്രാമ്പിക്കൽ
ചങ്ങനാശേരി അതിരൂപതാംഗവും കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരിയുടെ മുൻ റെക്ടറുമായ ഫാ. തോമസ് ശ്രാമ്പിക്കൽ, കേരളത്തിലെയും ഭാരതീയ സഭയിലെയും ശ്രദ്ധേയനായ ധാർമിക ദൈവശാസ്ത്രജ്ഞനായിരുന്നു. വൈദിക വിദ്യാർഥികളുടെ പരിശീലനത്തിൽ ദീർഘകാല അനുഭവസമ്പത്തുള്ള അദ്ദേഹം അധ്യാപകൻ, സെമിനാരി റെക്ടർ, ദൈവശാസ്ത്ര പണ്ഡിതൻ, ആത്മീയ പിതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
സെമിനാരി റെക്ടറും രൂപീകരണാചാര്യനും
വടവാതൂർ സെമിനാരി റെക്ടർ എന്ന നിലയിൽ വൈദിക രൂപീകരണത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഫാ. തോമസ് ശ്രാമ്പിക്കലിന് സാധിച്ചു. ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. വൈദിക പരിശീലനത്തിൽ മാനുഷിക തലങ്ങൾക്ക് അദ്ദേഹം വലിയ പ്രാധാന്യം നൽകി.
മനഃശാസ്ത്രജ്ഞൻ കൂടിയായിരുന്ന അച്ചൻ, മനഃശാസ്ത്രവും ധാർമിക ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരന്തരം സംസാരിച്ചു. തത്വശാസ്ത്ര വിദ്യാർഥികൾക്കായി നടത്തിയ ‘വ്യക്തിത്വ വികസന’ക്ലാസുകളിലൂടെ മാനുഷിക പക്വതയുടെ ആവശ്യകതയെക്കുറിച്ച് അവരെ ബോധവത്കരിച്ചു.
‘നല്ല വൈദികനാകുന്നതിന് മുൻപ് നല്ല മനുഷ്യനായിരിക്കണം’ എന്ന് അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചു. ദൈവത്തിന്റെ കരുണയും സ്നേഹവും മൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നവരാകണം വൈദികരെന്ന് അദ്ദേഹം പഠിപ്പിച്ചു.
മികച്ച പരിശീലകനും പ്രിയങ്കരനായ അധ്യാപകനും
സെമിനാരി വിദ്യാർഥികളുടെ മാനസിക, ആത്മീയ, ബൗദ്ധിക വളർച്ചയ്ക്ക് വ്യക്തിഗത ശ്രദ്ധ നൽകിയ രൂപീകരണാചാര്യനായിരുന്നു അദ്ദേഹം. വിദ്യാർഥികളെ അടുത്തറിയാനും അവരെ ശരിയായ ദിശയിലേക്കു നയിക്കാനും അദ്ദേഹം പ്രത്യേക താത്പര്യമെടുത്തു. അടിസ്ഥാന ധാർമിക ദൈവശാസ്ത്രം, നീതിയും സത്യസന്ധതയും എന്നീ വിഷയങ്ങളിലാണ് അദ്ദേഹം ക്ലാസുകൾ നയിച്ചിരുന്നത്. വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും ആദരവ് പിടിച്ചുപറ്റിയ ഗുരുനാഥനായിരുന്നു അദ്ദേഹം.
സങ്കീർണമായ ദൈവശാസ്ത്ര ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചിരുന്നതിനാൽ വിദ്യാർഥികൾ അദ്ദേഹത്തിന്റെ അധ്യാപന ശൈലിയെ ഏറെ വിലമതിച്ചു. വിഷയങ്ങളിലെ അഗാധമായ അറിവ് ലളിതമായി വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിദ്യാർഥികളെ ശ്രദ്ധയോടെ കേൾക്കാനും സംശയങ്ങൾ ചോദിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അധ്യാപനത്തോടുള്ള താത്പര്യം വിദ്യാർഥികളിലും പഠനാഭിലാഷം വളർത്തി.
പ്രമുഖ ധാർമിക ദൈവശാസ്ത്രജ്ഞൻ
ഭാരതീയ സഭയിൽ ധാർമിക ദൈവശാസ്ത്ര ശാഖയ്ക്ക് പുതിയ ദിശാബോധം നൽകിയ പണ്ഡിതനാണ് ഫാ. തോമസ് ശ്രാമ്പിക്കൽ. മനഃശാസ്ത്രത്തെയും രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അടിസ്ഥാനമാക്കി ‘മനഃസാക്ഷി’യെക്കുറിച്ച് നടത്തിയ പഠനത്തിനായിരുന്നു അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ധാർമിക തത്വങ്ങളെയും പുണ്യങ്ങളെയും സംയോജിപ്പിച്ച ശൈലിക്ക് അദ്ദേഹം ഊന്നൽ നൽകി. ഓരോ ക്രിസ്ത്യാനിയും ശരിയായ ക്രിസ്തീയ മനഃസാക്ഷി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു.
ദൈവശാസ്ത്ര വിഷയങ്ങളിൽ ശ്രദ്ധേയമാ യ പ്രബന്ധങ്ങളും പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അടിസ്ഥാന ധാർമിക തത്വങ്ങളെക്കുറിച്ചും മറ്റു പ്രത്യേക വിഷയങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങൾ ശ്രദ്ധേയമാണ്. ‘നീതിയും സത്യസന്ധതയും’എന്ന വിഷയത്തിലെ ഗ്രന്ഥം ഏറെ പ്രശസ്തമാണ്. നീതിക്കുവേണ്ടി ശബ്ദമുയർത്തിയ ധാർമിക വ്യക്തിയായിരുന്നു അദ്ദേഹം. ‘അസോസിയേഷൻ ഓഫ് മോറൽ തിയോളജിയൻസ് ഓഫ് ഇന്ത്യ’യുടെ ആദ്യകാല പ്രമുഖ അംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു അച്ചൻ.
ശ്രേഷ്ഠമായ വ്യക്തിത്വം
ദീർഘദർശിയും ആകർഷകമായ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ഫാ. തോമസ് ശ്രാമ്പിക്കൽ. മാതൃകാപരമായ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് പ്രചോദനമായ വ്യക്തി. പ്രതിസന്ധികളിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ ധൈര്യം കാണിച്ച അദ്ദേഹം, മറ്റുള്ളവരുടെ ആവശ്യങ്ങളോട് കരുണ കാണിക്കുകയും അവരുടെ കാഴ്ചപ്പാടുകളെ മനസിലാക്കുകയും ചെയ്തു. ധാർമിക ദൈവശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകളും വൈദിക പരിശീലനത്തിനുള്ള നിർദേശങ്ങളും സഭയ്ക്ക് എന്നും വിലപ്പെട്ടതാണ്.
ആഴമായ ബോധ്യങ്ങളും കാഴ്ചപ്പാടുകളും
അഡ്വ. ജോജി ചിറയിൽ
ഇന്ത്യയിലെ ധാർമികദൈവശാസ്ത്ര പണ്ഡിതരിൽ പ്രമുഖനാണ് ഫാ. ഡോ. തോമസ് ശ്രാമ്പിക്കൽ. പല സിമ്പോസിയങ്ങളിലും സെമിനാറുകളിലും ഉയർന്നുവന്ന ധാർമികദൈവശാസ്ത്ര പ്രശ്നങ്ങളിൽ അദ്ദേഹം എന്തു പറയുന്നു എന്ന് ആളുകൾ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആ വിഷയങ്ങളിലെ ആധികാരിക നിലപാടുകളായിട്ടുണ്ട്.
അനേകം സെമിനാറുകളിൽ ധാർമികദൈവശാസ്ത്ര വിഷയങ്ങളിൽ അദ്ദേഹം പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ യുവജനങ്ങൾക്കായി കേരളത്തിന്റെ പലഭാഗങ്ങളിലും സംഘടിപ്പിച്ച സെമിനാറുകളിലും ക്യാമ്പുകളിലും യുവജനമനഃശാസ്ത്രം, ലൈംഗികധാർമികത, ജീവന്റെ മൂല്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചതും അവരെ പ്രബുദ്ധരാക്കിയതും എടുത്തു പറയേണ്ട കാര്യമാണ്.
ധാർമികദൈവശാസ്ത്രത്തിലുള്ള നീണ്ട വർഷത്തെ അധ്യാപന പരിചയവും അനേകം കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള അനുഭവ സമ്പത്തും ഗവേഷണനിരീക്ഷണപാടവവും വെളിവാക്കുന്നതാണ് "To act Justly and deal Honestly' എന്ന ശ്രാമ്പിക്കലച്ചന്റെ പുസ്തകം. "നീതിയും സത്യസന്ധതയും' എന്ന തലക്കെട്ടിൽ ഇതിന്റെ മലയാള പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈദിക വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ഈ വിഷയത്തിലെ ഒരു റഫറൻസ് ഗ്രന്ഥമെന്ന നിലയിൽ ഇതിനെ അണിയിച്ചൊരുക്കാൻ അച്ചന് സാധിച്ചു.
വൈദികർക്കുണ്ടാകേണ്ട വിശുദ്ധി, ധാർമികബോധം, അവർ നൽകേണ്ട ജീവിതസാക്ഷ്യം ഇവയെപ്പറ്റി തികഞ്ഞ ബോധ്യമുണ്ടായിരുന്ന ശ്രാമ്പിക്കലച്ചൻ തന്റെ വിദ്യാർഥികളോട് ചില കാര്യങ്ങളിൽ കർശന നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇങ്ങനെ നിലപാടുകൾ സ്വീകരിക്കുമ്പോഴും വ്യക്തിപരമായി ഓരോരുത്തരെയും അറിയുകയും മനസിലാക്കുകയും തിരുത്തുകയും കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു എന്നത് അച്ചന്റെ എല്ലാ ശിഷ്യന്മാരും സമ്മതിക്കുന്ന കാര്യമാണ്.
ശ്രാമ്പിക്കലച്ചന്റെ ജീവിത മാതൃകയിൽനിന്നു പ്രചോദനം സ്വീകരിച്ച് അടുത്ത ബന്ധുക്കളായ ഫാ. സിജിമോൻ ശ്രാമ്പിക്കൽ, ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ, സിസ്റ്റർ ജോർജ് മരിയ എഫ്സിസി, സിസ്റ്റർ ജോസ്ലിൻ എസ്എസ്എച്ച്, സിസ്റ്റർ മരിയ കൂട്ടുമ്മേൽ സിഎംസി, എന്നിവർ സമർപ്പണജീവിതപാത തെരഞ്ഞടുത്തുഎന്നതും ശ്രദ്ധേയമാണ്.
(ചങ്ങനാശേരി അതിരൂപത പബ്ലിക്
റിലേഷൻസ് ഓഫീസറാണ് ലേഖകൻ)
Tags : Deepika DeepikaNewspaper BreakingNews Moral theologian spiritual guide