പ്രതീകാത്മക ചിത്രം
സാമൂഹിക മാധ്യമങ്ങള്‍ ലോകം ഭരിക്കുന്ന കാലത്ത് ആളുകള്‍ ഒരു ചെറിയ സ്ക്രീനിലേക്ക് ഒതുങ്ങി. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിന്റെ മോഹവലയത്തിലാണ്. വെറുമൊരു വിനോദോപാധിയായി മാത്രമല്ല; മറിച്ച്, ആളുകളുടെ ദൈനംദിന ദിനചര്യകളെയും പെരുമാറ്റത്തെയും ചിന്തയെയും സമൂഹ മാധ്യമങ്ങൾ ആഴത്തില്‍ സ്വാധീനിക്കുന്നു.
സമയം കളയാന്‍വേണ്ടി വെറുതെ കയറി നോക്കിയിട്ട് ഇപ്പോള്‍ അതില്‍നിന്ന് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പലരും. ഉറക്കം, സുഹൃത്തുക്കളുമായുള്ള സംസാരങ്ങള്‍ എല്ലാം താളംതെറ്റിയിരിക്കുന്നു. തങ്ങൾ ഡിജിറ്റൽ ലോകത്തിലെ തടവുകാരാണെന്നും സമൂഹമാധ്യമ അടിമയാണെന്നും ഇക്കൂട്ടർ തിരിച്ചറിയാതെ പോകുന്നു.
കണക്കുകള്‍ പറയുന്ന സത്യം
കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും സുരക്ഷാവീഴ്ചകള്‍ക്കും എതിരേ മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം) പോലുള്ള വലിയ കമ്പനികള്‍ക്ക് കോടതികള്‍ കോടിക്കണക്കിന് രൂപ പിഴ വിധിക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍, കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുമെന്ന് യുഎസ്എയിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആൻഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരുടെ പഠനം കണ്ടെത്തിയിരുന്നു. മിക്ക സമൂഹ മാധ്യമങ്ങളിലും അക്കൗണ്ട് സൃഷ്ടിക്കാന്‍ കുറഞ്ഞ പ്രായപരിധി 13 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ശരാശരി ഒമ്പത് വയസാകുമ്പോള്തന്നെ കുട്ടികള്‍ കയറിപ്പറ്റുന്നു. മാതാപിതാക്കളുടെ അറിവോടെയും അറിവില്ലാതെയുമാണ് ഈ നുഴഞ്ഞുകയറ്റം.
ഒമ്പത് വയസുള്ള കുട്ടി ദിവസവും ഏകദേശം 30 മിനിറ്റ് സമൂഹ മാധ്യമത്തില്‍ ചെലവഴിക്കുന്നു. ഇത് 13 വയസുള്ളവര്‍ക്ക് 2.5 മണിക്കൂറാണ്. 2025ല്‍ ഒറിഗോണ്‍ ഹെല്‍ത്ത് ആൻഡ് സയന്‍സ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണിത്. ഇപ്പോള്‍ 2026 പകുതി കഴിഞ്ഞിരിക്കുന്നു. കാലം മാറി, കണക്കുകളും. ഇന്‍ഫിനിറ്റ് സ്ക്രോള്‍ പോലുള്ള ഫീച്ചറുകള്‍ ആളുകളെ മണിക്കൂറുകളോളം സമുഹമാധ്യമ തടവിലാക്കുന്നു. സമയവും കാലവും ദേശവും അറിയുന്നില്ല. ചുറ്റുപാടും ചുറ്റുമുള്ളവരെയും അറിയുന്നില്ല. ഡിജിറ്റൽ മനുഷ്യരും മഴയും കാറ്റും വെളിച്ചവുമൊക്കെയുള്ള മറ്റൊരു ലോകത്തിൽ അവർ വിരാജിക്കുന്നു. ചിലർ അവിടുത്തെ അഴുക്കുചാലിൽ വീഴുന്നു, മടങ്ങിവരാനാകാതെ മുങ്ങിപ്പോകുന്നു.
നിരോധനമോ നിയന്ത്രണമോ?
കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം ദോഷകരമാണെന്നതില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍, ഇത് സമ്പൂര്‍ണമായി നിരോധിക്കണോ അതോ നിയന്ത്രിക്കണോ എന്നത് ലളിതമായൊരു ചോദ്യമല്ല. വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന വിജ്ഞാനവും ലോകവും ഒറ്റയടിക്ക് വേരോടെ മുറിച്ചുമാറ്റിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും.
തന്റെ പ്രതിഭ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും അംഗീകാരം നേടാനും മികച്ചൊരു വേദിയായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്ന കുട്ടികളുണ്ട്. തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ ഉപയോഗിച്ച് നേട്ടങ്ങളുണ്ടാക്കുന്നവരുണ്ട്. അവര്‍ക്കു മുന്നില്‍ അവസരങ്ങളുടെ വാതില്‍ കൊട്ടിയടയ്ക്കുന്നത് നീതിയല്ല.
നിയമത്തിന്റെ കടിഞ്ഞാണ്‍
കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങളും വ്യാജവാര്‍ത്തകളും തടയുന്നതിനും ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കര്‍ശന നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതും കൊണ്ടുവരുന്നതും. പ്രത്യേകിച്ച്, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങളും വ്യാജവാര്‍ത്തകളും തടയുന്നതിനുമാണ് ഇത്തരം നിയമങ്ങള്‍.
കുട്ടികളെ അടിമപ്പെടുത്തുന്ന രീതിയിലുള്ള ഇന്‍ഫിനിറ്റ് സ്ക്രോള്‍, നോട്ടിഫിക്കേഷനുകള്‍, ഡോപാമൈന്‍-മാനിപുലേറ്റിംഗ് ഫീച്ചറുകള്‍ എന്നിവ മാറ്റാന്‍ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ഏറിവരുന്നു. കുട്ടികള്‍ വ്യാജവിവരങ്ങള്‍ നല്കി അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയാന്‍ കര്‍ശനമായ പ്രായപരിശോധനാ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ ടെക് കമ്പനികളോട് കോടതികളും സര്‍ക്കാരുകളും ആവശ്യപ്പെടുന്നുണ്ട്.
പരിഹാരം നിരോധനമല്ല, ബോധപൂര്‍വമായ നിയന്ത്രണം
ലളിതമായ നിരോധനങ്ങള്‍ക്ക് അപ്പുറത്തേക്ക് കാര്യങ്ങള്‍ ചിന്തിക്കേണ്ട സമയമാണിത്. നിരോധനത്തിനു പകരം നിയന്ത്രണമാണ് ഉത്തമം. കൗമാരക്കാര്‍ക്ക് ലഭ്യമാകുന്ന അനുഭവങ്ങളും അല്‍ഗോരിതങ്ങളും എന്താണെന്ന് മനസിലാക്കാനും നിയന്ത്രിക്കാനും രാഷ്ട്രീയ നേതൃത്വവും ഗവേഷകരും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും കൗമാരക്കാരുംതന്നെ ആവശ്യപ്പെടുന്നുണ്ട്.
എങ്കിലും, ഇതിനെക്കുറിച്ചുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു. ഡിജിറ്റല്‍ സാക്ഷരത കുട്ടികള്‍ക്ക് സ്കൂള്‍തലത്തില്‍ തന്നെ നല്‍കണം.
മാതാപിതാക്കള്‍ ഓണ്‍ലൈന്‍ ഇടപെടലുകളില്‍ ആരോഗ്യകരമായ നിരീക്ഷണം പുലര്‍ത്തുകകൂടി ചെയ്താൽ കുട്ടികൾ ഡിജിറ്റൽ തടവറയിൽ അകപ്പെടുന്നതിൽനിന്നു തടയാനാകും.
Tags : Children DigitalPrisons Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash