x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൽ പൂമ്പാറ്റകളല്ലേ ഇവരെല്ലാം

പ്ര​​​ഫ. ഡോ. ​​​ബി​​​ൻ​​​സ് എം. ​​​മാ​​​ത്യു
Published: August 21, 2026 01:51 AM IST | Updated: August 21, 2026 01:51 AM IST

പ​​​തി​​​മൂ​​​ന്നു വ​​​യ​​​സു​​​ള്ള ജെ​​​യ്മി മി​​​ല്ല​​​റി​​​നെ​​​ത്തേ​​​ടി പോ​​​ലീ​​​സ് അ​​​വ​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് നെ​​​റ്റ്ഫ്ലി​​​ക്സി​​​ൽ ത​​​രം​​​ഗ​​​മാ​​​യ അ​​​ഡോ​​​ള​​​സ​​​ൻ​​​സ് എ​​​ന്ന വെ​​​ബ്സീ​​​രീസ് അ​​​തി​​​ന്‍റെ ഉ​​​ദ്വേ​​​ഗ​​​ജ​​​ന​​​ക​​​മാ​​​യ സ​​​ഞ്ചാ​​​രം തു​​​ട​​​ങ്ങു​​​ന്ന​​​ത്. കാ​​​റ്റി​​​യെ​​​ന്ന പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ ചു​​​രു​​​ളഴിക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സി​​​ന്‍റെ ല​​​ക്ഷ്യം. ജെ​​​യ്മി ഭ​​​യ​​​പ്പെ​​​ടു​​​ന്നു, ക​​​ര​​​യു​​​ന്നു. ത​​​ന്‍റെ കു​​​ട്ടി ഒ​​​രി​​​ക്ക​​​ലും അ​​​ത് ചെ​​​യ്യി​​​ല്ലെ​​​ന്ന് അ​​​വ​​​ന്‍റെ പി​​​താ​​​വ് പ​​​റ​​​യു​​​ന്നു. പ്രേ​​​ക്ഷ​​​ക​​​രും അ​​​വ​​​ന്‍റെ മു​​​ഖ​​​വും അ​​​തു​​​ത​​​ന്നെ പ​​​റ​​​യു​​​ന്നു. പ​​​ക്ഷേ, തെ​​​ളി​​​വു​​​ക​​​ൾ സം​​​സാ​​​രി​​​ച്ച​​​പ്പോ​​​ൾ ത​​​ക​​​ർ​​​ന്നു​​​പോ​​​യ​​​ത് അ​​​വ​​​ന്‍റെ പി​​​താ​​​വും പ്രേ​​​ക്ഷ​​​ക​​​രു​​​മാ​​​ണ്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ കാ​​​ര​​​ണം അ​​​ടു​​​ത്ത എ​​​പ്പി​​​സോ​​​ഡു​​​ക​​​ളി​​​ൽ അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്യു​​​ന്നു. അ​​​ത് ഒ​​​രു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ക​​​ഥകൂ​​​ടി​​​യാ​​​യി മാ​​​റു​​​ന്നു.

ഇ​​​ൻ​​​സ്റ്റാ​​​ഗ്രാം പേ​​​ജി​​​ൽ കാ​​​റ്റി ഇ​​​ട്ട Incel എ​​​ന്ന വെ​​​റു​​​മൊ​​​രു ക​​​മ​​​ന്‍റു​​​ണ്ടാ​​​ക്കു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ ഇ​​​രു​​​ണ്ട തി​​​ര​​​മാ​​​ല​​​ക​​​ളില്‍പെ​​​ട്ടാ​​​ണ് ജെ​​​യ്മി സ​​​ഹ​​​പാ​​​ഠി​​​യാ​​​യ കാ​​​റ്റി​​​യു​​​ടെ ജീ​​​വ​​​നെ​​​ടു​​​ക്കു​​​ന്ന​​​ത്. ത​​​ന്‍റെ മ​​​ക​​​നു​​​വേ​​​ണ്ടി അ​​​ഹോ​​​രാ​​​ത്രം വി​​​യ​​​ർ​​​പ്പൊ​​​ഴു​​​ക്കു​​​ന്ന പി​​​താ​​​വി​​​ന് ത​​​ന്‍റെ ചോ​​​ര​​​യി​​​ൽ പി​​​റ​​​ന്ന​​​വ​​​ൻ എ​​​ന്തി​​​നാ​​​ണ് ഈ ​​​പാ​​​ത​​​കം ചെ​​​യ്ത​​​തെ​​​ന്ന് മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ല. അ​​​യാ​​​ൾ​​​ക്ക് ഇ​​​ൻ​​​സെ​​​ൽ എ​​​ന്ന വാ​​​ക്ക് അ​​​പ​​​രി​​​ചി​​​ത​​​മാ​​​ണ്. സാമ്പ്രദാ​​​യി​​​ക ഡി​​​ക്‌​​​ഷ​​​ണ​​​റി​​​യി​​​ൽ തെ​​​ര​​​ഞ്ഞാ​​​ൽ ആ ​​​വാ​​​ക്കി​​​ന്‍റെ അ​​​ർ​​​ഥം പ്ര​യോ​ഗാ​ർ​ഥ​ത്തി​ന്‍റെ സ​​​മീ​​​പ​​​ത്തു​​​പോ​​​ലും എ​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ല.

ഒരേ മേ​​​ൽ​​​ക്കൂ​​​ര​​​യ്ക്കു കീ​​​ഴി​​​ലാ​​​കു​​​മ്പോ​​​ഴും ര​​​ണ്ടു പ്ര​​​പ​​​ഞ്ച​​​ങ്ങ​​​ളി​​​ലാ​​​ണ് കു​​​ട്ടി​​​ക​​​ളും മാ​​​താ​​​പി​​​താ​​​ക്ക​​​ളും ജീ​​​വി​​​ക്കു​​​ന്ന​​​ത്. അ​​​താ​​​ണ് ഇ​​​വി​​​ട​​​ത്തെ പ്ര​​​ശ്നം. കു​​​ട്ടി​​​ക​​​ളും അ​​​വ​​​രു​​​ടെ ഭാ​​​ഷ​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ല. അ​​​വ​​​ർ ന​​​ട​​​ന്നുനീ​​​ങ്ങു​​​ന്ന സൈ​​​ബ​​​ർ ഇ​​​ട​​​വ​​​ഴി​​​ക​​​ളും അ​​​ത് അ​​​വ​​​രി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന വി​​​സ്മ​​​യ​​​ങ്ങ​​​ളും കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ളും അ​​​റി​​​യാ​​​തെ​​​പോ​​​കു​​​ന്നി​​​ട​​​ത്താ​​​ണ് യ​​​ഥാ​​​ർ​​​ഥ പ്ര​​​ശ്നം തു​​​ട​​​ങ്ങു​​​ന്ന​​​ത്. അ​​​ഗാ​​​ധ​​​മാ​​​യ ചു​​​ഴി​​​ക​​​ളെ ഉ​​​ള്ളി​​​ലൊ​​​ളി​​​പ്പി​​​ക്കു​​​ന്ന ശാ​​​ന്ത​​​സ​​​മു​​​ദ്ര​​​മാ​​​കാം ചി​​​ല​​​പ്പോ​​​ൾ അ​​​വ​​​രു​​​ടെ മ​​​ന​​​സ്. അ​​​തു വാ​​​യി​​​ക്കാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് ക​​​ഴി​​​യാ​​​തെ വ​​​രു​​​ന്നു.

ജ​​​ൻ​​​ സി​​​ക​​​ള​​​ല്ല ആ​​​ൽ​​​ഫ​​​ക​​​ൾ

2009 ഡി​​​സം​​​ബ​​​ർ 31ന് ​​​ജ​​​ൻ സി​​​യു​​​ടെ ക​​​ല​​​ണ്ട​​​ർ അ​​​വ​​​സാ​​​നി​​​ച്ചു... 2010ലും ​​​അ​​​തി​​​നു​​​ശേ​​​ഷ​​​വും ജ​​​നി​​​ച്ച​​​വ​​​രാ​​​ണ് ജ​​​ന​​​റേ​​​ഷ​​​ൻ ആ​​​ൽ​​​ഫ. ഡി​​​ജി​​​റ്റ​​​ൽ​​​ലോ​​​ക ച​​​രി​​​ത്ര​​​ത്തി​​​ൽ സ​​​വി​​​ശേ​​​ഷ സ്ഥാ​​​ന​​​മു​​​ള്ള വ​​​ർ​​​ഷ​​​മാ​​​ണ​​​ത്. സ​​​മൂ​​​ഹ​​​ മാ​​​ധ്യ​​​മ വി​​​പ്ല​​​വം സൃ​​​ഷ്ടി​​​ച്ച ഇ​​​ൻ​​​സ്റ്റാ​​​ഗ്രാം പി​​​റ​​​ക്കു​​​ന്ന​​​തും മൊ​​​ബൈ​​​ലി​​​നും ലാ​​​പ്ടോ​​​പ്പി​​​നു​​​മി​​​ട​​​യി​​​ലെ ആ​​​പ്പി​​​ൾ ഐ​​​പാ​​​ഡ് ജ​​​നി​​​ക്കു​​​ന്ന​​​തും അ​​​തേ വ​​​ർ​​​ഷ​​​മാ​​​ണ്.

ട​​​ച്ച്

ലോ​​​ക​​​ത്തി​​​ലേ​​​ക്ക് ജ​​​നി​​​ച്ചു​​​വീ​​​ഴു​​​ന്ന കു​​​ഞ്ഞ് ചു​​​റ്റു​​​പാ​​​ടു​​​ക​​​ളെ അ​​​റി​​​ഞ്ഞു തു​​​ട​​​ങ്ങു​​​ന്ന​​​ത് സ്പ​​​ർ​​​ശ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ്. നേ​​​ർ​​​ത്ത​​​തും പ​​​രു​​​പ​​​രു​​​ത്ത​​​തു​​​മാ​​​യ സ്പ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ; അ​​​മ്മ​​​യു​​​ടെ സാ​​​ന്ത്വ​​​നസ്പ​​​ർ​​​ശ​​​വും. കു​​​ഞ്ഞി​​​ന്‍റെ ലോ​​​കാ​​​നു​​​ഭ​​​വ​​​ങ്ങ​​​ളെ​​​ല്ലാം പ​​​ല​​​ത​​​രം സ്പ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പ​​​ത്തി​​​ൽ സം​​​ഭ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ട​​​ച്ച് സ്ക്രീ​​​ൻ ക​​​ട​​​മെ​​​ടു​​​ത്ത​​​ത് മ​​​നു​​​ഷ്യ​​​ന്‍റെ ആ​​​ദി​​​മ​​​മാ​​​യ മ​​​നു​​​ഷ്യാ​​​നു​​​ഭ​​​വ​​​ത്തെ​​​ത്ത​​​ന്നെ​​​യാ​​​ണ്. ട​​​ച്ച് സ്ക്രീ​​​നി​​​ന്‍റെ ലോ​​​ക​​​ത്തേ​​​ക്കാ​​​ണ് ആ​​​ൽ​​​ഫ​​​ക​​​ൾ പി​​​റ​​​വി​​​കൊ​​​ണ്ട​​​ത്. മ​​​നു​​​ഷ്യ​​​നേക്കാൾ യ​​​ന്ത്ര​​​ത്തെ സ​​​പ​​​ർ​​​ശി​​​ച്ച ത​​​ല​​​മു​​​റ​​​യാ​​​ണ​​​വ​​​ർ. ജ​​​ൻ സി​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​ജീ​​​വ​​​ന​​​ത്തി​​​നും വി​​​നോ​​​ദ​​​ത്തി​​​നു​​​മു​​​ള്ള മാ​​​ർ​​​ഗ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ആ​​​ൽ​​​ഫ​​​ക​​​ൾ​​​ക്ക് വി​​​നോ​​​ദ​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​വും വി​​​നി​​​മ​​​യ​​​വും എ​​​ല്ലാം ഇ​​​തി​​​ലൂ​​​ടെ​​​യാ​​​കു​​​ന്നു. യ​​​ന്ത്ര​​​ങ്ങ​​​ളെ സ്പ​​​ർ​​​ശി​​​ക്കു​​​ന്ന കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ മ​​​ന​​​സി​​​നെ യ​​​ന്ത്ര​​​ങ്ങ​​​ളും സ്പ​​​ർ​​​ശി​​​ക്കു​​​ന്നു​​​വെ​​​ന്നേ​​​യു​​​ള്ളൂ.

ക​​​രു​​​ണ, ആ​​​ർ​​​ദ്ര​​​ത, വി​​​വേ​​​കം, ക​​​രു​​​ത​​​ൽ ഇ​​​വ യ​​​ന്ത്ര​​​ങ്ങ​​​ൾ​​​ക്കി​​​ല്ല എ​​​ന്ന​​​താ​​​ണ് പ്ര​​​ശ്നം. ഇ​​​താ​​​ണ് ഇ​​​നി അ​​​ങ്ങോ​​​ട്ടു​​​ള്ള പ്ര​​​ശ്ന​​​വും. ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന് സ്നേ​​​ഹം എ​​​ന്താ​​​ണെ​​​ന്ന് നി​​​ർ​​​വ​​​ചി​​​ക്കാ​​​നാ​​​കും. അ​​​തി​​​നെ അ​​​നു​​​ഭ​​​വ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. തി​​​യ​​​റി​​​ക​​​ളും നി​​​ർ​​​വ​​​ച​​​ന​​​ങ്ങ​​​ളും മാ​​​ത്ര​​​മു​​​ള്ള ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ത​​​ണു​​​ത്ത ക്ലാ​​​സ്മു​​​റ​​​ിക​​​ളി​​​ലാ​​​ണ് ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ളി​​​രി​​​ക്കു​​​ന്ന​​​ത്.
കു​​​ട്ടി​​​ക​​​ളെ അ​​​റി​​​യ​​​ണം എ​​​ന്ന​​​ത് ക്ലീ​​​ഷേ​​​യാ​​​ണ്.

കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം സ​​​ഞ്ച​​​രി​​​ക്ക​​​ണം. അ​​​വ​​​ർ ജീ​​​വി​​​ക്കു​​​ന്ന ഇ​​​ക്കോ​​​സി​​​സ്റ്റം എ​​​ന്താ​​​ണെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​റി​​​യ​​​ണം. പേ​​​ര​​​ന്‍റിം​​​ഗ് ക​​​രു​​​ത​​​ലോ കേ​​​ൾ​​​ക്ക​​​ലോ മാ​​​ത്ര​​​മാ​​​യി ചു​​​രു​​​ക്കേ​​​ണ്ട​​​തി​​​ല്ല. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ മാ​​​റി​​​യ ലോ​​​കം എ​​​ന്താ​​​ണെ​​​ന്ന​​​റി​​​യ​​​ണം. ധാ​​​ർ​​​മി​​​ക​​​ത​​​യും ശ​​​രി​​​തെ​​​റ്റു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ബോ​​​ധ്യ​​​ങ്ങ​​​ളും മാ​​​ത്രം​​​പോ​​​രാ. മ​​​നഃ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ അ​​​റി​​​വും സാ​​​ങ്കേ​​​തി​​​ക​​​ജ്ഞാ​​​ന​​​വും ഇ​​​ന്ന​​​ത്തെ പേ​​​ര​​​ന്‍റിം​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

ഭാ​​​ഷ

കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​ഷ​​​യും കോ​​​ഡു​​​ക​​​ളും മാ​​​ത്രം ശ്ര​​​ദ്ധി​​​ക്കൂ. അ​​​ത് രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​ത് എ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്ന് നോ​​​ക്കൂ. ഈ ​​​ഇ​​​മോ​​​ജി സാ​​​മ്പ്ര​​​ദാ​​​യി​​​ക​​​മാ​​​യി വി​​​നി​​​മ​​​യം ചെ​​​യ്യു​​​ന്ന ഒ​​​ര​​​ർ​​​ഥ​​​മു​​​ണ്ട്. അ​​​ത് ഇ​​​തി​​​ലെ ദൃ​​​ശ്യ​​​സൂ​​​ച​​​ന​​​ക​​​ൾ വ​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. ഇ​​​വി​​​ടെ ക​​​ണ്ണും ക​​​ണ്ണീ​​​രു​​​മു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ട് ഇ​​​ത് ദുഃ​​​ഖ​​​ത്തെ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്താ​​​നാ​​​ണ് എ​​​ളു​​​പ്പം. പക്ഷേ ഇ​​​ത് പു​​​തു​​​മു​​​റ​​​ക്കാ​​​രു​​​ടെ ചി​​​രി​​​ ഇ​​​മോ​​​ജി​​​യാ​​​ണ്. പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ലു​​​ള്ള എ​​​ല്ലാ ലാ​​​ക്ഷ​​​ണി​​​ക ഭാ​​​വ​​​ങ്ങ​​​ളെ​​​യും പ്ര​​​വ​​​ച​​​നീ​​​യത​​​ക​​​ളെ​​​യും കാ​​​റ്റി​​​ൽ​​​പ​​​റ​​​ത്തി സാ​​​മ്പ്ര​​​ദാ​​​യി​​​ക സ​​​മൂ​​​ഹം വി​​​ചാ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ക​​​ട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​യ ഒ​​​ര​​​ർ​​​ഥ​​​മാ​​​ണ് ജ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ ലാ​​​ക്ഷ​​​ണി​​​ക അ​​​ർ​​​ഥ​​​ത്തി​​​ന് ക​​​ട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​യ അ​​​ർ​​​ഥം നി​​​ർ​​​മി​​​ക്കു​​​ന്ന ഈ ​​​പ്ര​​​വ​​​ണ​​​ത (Semantic Subversion) അ​​​വ​​​രു​​​ടെ വി​​​നി​​​മ​​​യ ത​​​ന്ത്ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്.

ത​​​ങ്ങ​​​ളു​​​ടെ ആ​​​ന്ത​​​രി​​​ക സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ​​​ഴ​​​യ ത​​​ല​​​മു​​​റ പ്ര​​​വേ​​​ശി​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​തി​​​രോ​​​ധത​​​ന്ത്രം​​​ കൂ​​​ടി​​​യി​​​വി​​​ടെ​​​യു​​​ണ്ട്. പൊ​​​ളി എ​​​ന്ന വാ​​​ക്ക് പ​​​ണ്ടും ഇ​​​ന്നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധി​​​ക്കു​​​ക. അ​​​ർ​​​ഥം മു​​​ന്നൂ​​​റ്റി​​​യ​​​റു​​​പ​​​തു ഡി​​​ഗ്രി​​​യി​​​ലാ​​​ണ് തി​​​രി​​​ഞ്ഞ​​​ത്. ഭാ​​​ഷ​​​യു​​​ടെ തി​​​രി​​​മ​​​റി​​​യ​​​ലു​​​ക​​​ൾ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ അ​​​വ​​​രു​​​ടെ ലോ​​​ക​​​വീ​​​ക്ഷ​​​ണ​​​ത്തി​​​ലേ​​​ക്കു​​​ള്ള സൂ​​​ച​​​ന​​​യാ​​​ണ്. ഭാ​​​ഷ ഒ​​​രാ​​​ൾ ലോ​​​ക​​​ത്തെ കാ​​​ണു​​​ന്ന വി​​​ധം കൂ​​​ടി​​​യാ​​​ണ്. കു​​​ട്ടി​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ളും വീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും പ​​​ഴ​​​യ ത​​​ല​​​മു​​​റ​​​യുടേതില്‍നി​​​ന്ന് ക​​​ട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് അ​​​ത് തെ​​​റ്റാ​​​ണെ​​​ന്ന​​​ല്ല. പു​​​തി​​​യൊ​​​രു രീ​​​തി​​​ശാ​​​സ്ത്രം​​​കൊ​​​ണ്ട് അ​​​വ​​​രെ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​ണം.

ഫോ​​​ണോ​​​സാ​​​പി​​​യ​​​ൻ

ഒ​​​രു ഡോ​​​ക്്ട​​​ർ കു​​​റി​​​പ്പ​​​ടി​​​യെ​​​ഴു​​​തു​​​ന്ന​​​തു​​​പോ​​​ലെ ഈ ​​​ത​​​ല​​​മു​​​റ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് വേ​​​ഗം ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ജെ​​​യ്മി​​​യു​​​ടെ അ​​​ച്ഛ​​​ന് ത​​​ന്‍റെ മ​​​ക​​​ന്‍റെ​​​യു​​​ള്ളി​​​ലെ കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ ശ​​​ബ്ദം കേ​​​ൾ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ന​​​മ്മ​​​ൾ പ്രേ​​​ക്ഷ​​​​​​കരും തെ​​​റ്റി​​​ദ്ധ​​​​​​രി​​​ച്ചു. മു​​​ഖം നി​​​ഷ്ക​​​ള​​​ങ്ക​​​മാ​​​ണെ​​​ങ്കി​​​ലും കു​​​ട്ടി പ്രാ​​​യ​​​ത്തി​​​ൽ വ​​​ള​​​രെ മു​​​മ്പി​​​ലാ​​​ണെ​​​ന്ന് നാം ​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ല്ല. പ്രാ​​​യ​​​ത്തേ​​​ക്കാ​​​ൾ മു​​​മ്പി​​​ലാ​​​ണ് പു​​​തി​​​യ കു​​​ട്ടി​​​യു​​​ടെ ചി​​​ന്ത​​​ക​​​ൾ. കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​ന​​​സി​​​ക​​​മാ​​​യ പ്രാ​​​യം (Mental Age) എ​​​ങ്ങ​​​നെ നാം ​​​ക​​​ണ്ടെ​​​ത്തും. കൈ​​​യി​​​ലി​​​രി​​​ക്കു​​​ന്ന ഡി​​​വൈ​​​സു​​​ക​​​ളും അ​​​തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഡേ​​​റ്റാ​​​ബേ​​​സു​​​ക​​​ളും അ​​​വ​​​ന്‍റെ ചി​​​ന്ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്.

പ​​​ണ്ട​​​ത്തെ ത​​​ല​​​മു​​​റ ഉ​​​ത്ത​​​ര​​​ത്തി​​​നുവേ​​​ണ്ടി എ​​​ത്ര കാ​​​ലം മ​​​ന​​​സി​​​ൽ സം​​​ഭ​​​രി​​​ച്ചു​​​ കൊ​​​ണ്ടു​​​ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. ​​​മു​​​തി​​​ർ​​​ന്ന​​​വ​​​രോ​​​ട് അ​​​ന്ന് ചോ​​​ദി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ‘നീ ​​​അ​​​ത് ഇ​​​പ്പോ​​​ൾ അ​​​റി​​​യേ​​​ണ്ട’ എ​​​ന്ന ഉ​​​ത്ത​​​ര​​​വും കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ ഇ​​​ന്ന് എ​​​ല്ലാ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും ഉ​​​ത്ത​​​ര​​​മു​​​ണ്ട്. ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന​​​വ​​​ന്‍റെ പ്രാ​​​യ​​​വും കാ​​​ല​​​വും മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ യ​​​ന്ത്ര​​​ങ്ങ​​​ൾ നി​​​ര​​​ന്ത​​​രം ഉ​​​ത്ത​​​രം പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. നി​​​ര​​​ന്ത​​​രം ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ക​​​യും ഉ​​​ത്ത​​​രം ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന കു​​​ട്ടി​​​ക​​​ൾ കാ​​​ല​​​ത്തി​​​നു​​​മു​​​മ്പേ കു​​​തി​​​ച്ചുപാ​​​യു​​​ക​​​യാ​​​ണ്.

ഒ​​​രു കു​​​ട്ടി ത​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സ​​​ങ്ക​​​ല്പ​​​ങ്ങ​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന കാ​​​ല​​​ത്തെ​​​ങ്കി​​​ലും ഡി​​​വൈ​​​സു​​​ക​​​ൾ അ​​​വ​​​നി​​​ൽ​​​നി​​​ന്ന് മാ​​​റ്റി​​​വ​​​യ്ക്കേ​​​ണ്ട​​​തു​​​ണ്ട്. മ​​​നു​​​ഷ്യ​​​നി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​വ​​​ൻ പ​​​ഠി​​​ച്ചു​​​തു​​​ട​​​ങ്ങേ​​​ണ്ട​​​ത്. ഡി​​​ജി​​​റ്റ​​​ൽ ലോ​​​ക​​​ത്തി​​​ന്‍റെ ഇ​​​ട​​​നാ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ അ​​​വ​​​ർ ന​​​ട​​​ക്കു​​​ന്ന ലോ​​​കം വി​​​സ്മ​​​യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മ​​​ല്ല മു​​​റി​​​വു​​​ക​​​ളും ട്രോ​​​മ​​​ക​​​ളും അ​​​വ​​​ർ​​​ക്ക് സ​​​മ്മാ​​​നി​​​ക്കു​​​ന്നു​​​ണ്ട്. കൊ​​​ച്ചു​​​കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് ന​​​ല്ല​​​താ​​​ണ്. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ നി​​​രോ​​​ധ​​​ന​​​ങ്ങ​​​ളെ​​​യോ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ​​​യോ മ​​​റി​​​ക​​​ട​​​ന്ന് ജ​​​ന​​​റേ​​​ഷ​​​ൻ ആ​​​ൽ​​​ഫ നി​​​ർ​​​മി​​​ച്ചെ​​​ടു​​​ക്കു​​​ന്ന പു​​​തി​​​യ സാ​​​മൂ​​​ഹി​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് മ​​​ൾ​​​ട്ടി​​​പ്ലെ​​​യ​​​ർ ഡി​​​ജി​​​റ്റ​​​ൽ ഗെ​​​യി​​​മു​​​ക​​​ൾ. ക​​​ളി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ന്ന് സൗ​​​ഹൃ​​​ദ​​​ങ്ങ​​​ൾ കു​​​ട്ടി​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.

യ​​​ഥാ​​​ർ​​​ഥ​​​ലോ​​​ക​​​ത്തെ അ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​​പ്പോ​​​ലെ ഇ​​​ത്ത​​​രം അ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​ഞ്ഞേ മ​​​തി​​​യാ​​​കൂ. അ​​​വ​​​ർ​​​ക്ക് മ​​​ന​​​സു തു​​​റ​​​ക്കാ​​​ൻ ആ​​​രെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​ക​​​ണം. വാ​​​ഹ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ചെ​​​യ്യു​​​ന്ന​​​തു​​​പോ​​​ലെ ഇ​​​ട​​​യ്ക്ക് പ്ര​​​ഫ​​​ഷ​​​ണ​​​ൽ കൗ​​​ൺ​​​സ​​​ലിംഗുകളും കു​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ല്ല​​​താ​​​ണ്. സ്കൂ​​​ളു​​​ക​​​ളി​​​ൽ കൗ​​​ൺ​​​സ​​​ല​​​ർ​​​മാ​​​ർ ഇ​​​ല്ലാ​​​തെ പോ​​​കു​​​ന്ന​​​ത് എന്തുകൊ​​​ണ്ടാ​​​ണ്. സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യാ​​​ണ് കാ​​​ര്യ​​​മെ​​​ങ്കി​​​ൽ സ്കൂ​​​ൾ ക്ല​​​സ്റ്റ​​​റി​​​ന് ഒ​​​രു കൗ​​​ൺ​​​സ​​​ല​​​റെ​​​യെ​​​ങ്കി​​​ലും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം. പ​​​ക്ഷേ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​മാ​​​യി വേ​​​ണ്ട​​​ത് മു​​​റി​​​ക​​​ളി​​​ൽ പൊ​​​ടി​​​പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ഴ​​​യ ക്രി​​​ക്ക​​​റ്റ് ബാ​​​റ്റ് പൊ​​​ടിത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ്. തൊ​​​ടി​​​ക​​​ളും പ​​​റ​​​മ്പു​​​ക​​​ളും ഉ​​​ണ​​​രട്ടേ. പ​​​ഴ​​​യ കു​​​ട്ടി​​​ക്കൂ​​​ട്ട​​​മാ​​​കാ​​​ൻ അ​​​വ​​​രെ അ​​​നു​​​വ​​​ദി​​​ക്കു​​​ക. കു​​​ട്ടി​​​ക​​​ൾ പ​​​ര​​​സ്പ​​​രം ഇ​​​ട​​​ക​​​ല​​​ര​​​ട്ടെ. വീ​​​ഴാ​​​നും തോ​​​ൽ​​​ക്കാ​​​നും അ​​​വ​​​ർ പ​​​ഠി​​​ക്ക​​​ട്ടെ .

ഇ​​​ട​​​ക​​​ല​​​ര​​​ലി​​​ൽ​​​നി​​​ന്നും ക​​​ളി​​​ക​​​ളി​​​ൽ​​​നി​​​ന്നും വി​​​ല​​​പ്പെ​​​ട്ട സാ​​​മൂ​​​ഹി​​​ക പാ​​​ഠ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച​​​വ​​​രാ​​​ണ് നാം. ​​​യ​​​ന്ത്ര​​​ങ്ങ​​​ളോ​​​ടു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ കൂ​​​ട്ടു​​​കെ​​​ട്ട് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ചീ​​​ത്ത കൂ​​​ട്ടു​​​കെ​​​ട്ടാ​​​യി​​​ മാ​​​റാം. ശ​​​ത്രു​​​ത​​​യോ​​​ടെ അ​​​തി​​​നെ ത​​​ക​​​ർ​​​ക്കു​​​യ​​​ല്ല സ്നേ​​​ഹ​​​ത്തോ​​​ടെ അ​​​തി​​​നെ വ​​​ഴി​​​തി​​​രി​​​ച്ചു വി​​​ടു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം സ​​​ഞ്ച​​​രി​​​ക്കൂ. അ​​​വ​​​രു​​​ടെ ഭാ​​​ഷ​​​യും മൗ​​​ന​​​ങ്ങ​​​ളും കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ളും തി​​​രി​​​ച്ച​​​റി​​​യൂ; മ​​​റ്റാ​​​രെ​​​ങ്കി​​​ലും വാ​​​തി​​​ൽ തു​​​റ​​​ന്ന് അ​​​ക​​​ത്ത് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ്.

ഒ​​​ന്നു​​​കൂ​​​ടി

സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ൽ കുറെ ട്രോ​​​ളു​​​ക​​​ളും ഷോര്‍ട്ടു​​​ക​​​ളും റീ​​​ലു​​​ക​​​ളും ഇ​​​റ​​​ങ്ങു​​​ന്നു​​​ണ്ട്. കു​​​ട്ടി​​​ക​​​ൾ പി​​​ടി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ ആ​​​ഘോ​​​ഷ​​​വും ക​​​ണ്ട​​​ന്‍റു​​​മാ​​​ക്കു​​​ക​​​യാ​​​ണ് അ​​​വ​​​ർ. പ​​​ക്ഷേ, അ​​​വ​​​രു​​​ടെ വീ​​​ഴ്ച​​​യ്ക്ക് ന​​​മു​​​ക്കും വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മി​​​ല്ലേ? അ​​​വ​​​ർ അ​​​നു​​​ഭ​​​വി​​​ച്ച നോവുക​​​ളും ശി​​​ഥി​​​ല​​​മാ​​​യ കു​​​ടും​​​ബാ​​​ന്ത​​​രീ​​​ക്ഷ​​​വും പ​​​റ​​​യാ​​​നാ​​​രു​​​മി​​​ല്ലാ​​​ത്ത അ​​​നാ​​​ഥത്വവും ഒ​​​രു കാരണമാ​​​യി​​​ട്ടു​​​ണ്ടാ​​​വി​​​ല്ലേ? പ​​​രി​​​ഹാ​​​സം ന​​​ല്ല​​​താ​​​ണ്. പ​​​ക്ഷേ അ​​​ത് ന​​​മ്മി​​​ലേ​​​ക്കു​​​ത​​​ന്നെ തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​താ​​​ക​​​രു​​​ത്.

Tags : Deepika DeepikaNewspaper BreakingNews Aren't they all butterflies?

Recent News

Corehub Up