ക്ലീമിസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷ
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഗ്രൗണ്ട് ആത്മീയനിറവില്‍ പ്രശോഭിച്ചു. കരുതലും കാരുണ്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങൾ സ്നേഹപൂർവം ജൂബിലി മംഗളങ്ങൾ നേർന്നു. മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെ യും അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയുടെയും സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി. രണ്ടു മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയനേതാക്കൾ ആശംസയർപ്പിക്കാൻ ഒത്തുചേര്‍ന്നു. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷസമാപനം പ്രൗഢോജ്വലമായി.
മെത്രാന്മാരും വൈദികരും കാതോലിക്കാബാവയെ വിശുദ്ധ ബലിപീഠത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് രജതജൂബിലി ആഘോഷചടങ്ങിനു തുടക്കമായത്. നീതിമാന്മാരുടെ കൂടാരത്തില്‍ മഹത്വത്തിന്റെയും രക്ഷയുടെയും ശബ്ദം മുഴങ്ങിനില്ക്കുന്നുവെന്ന പ്രാര്‍ഥനാമന്ത്രം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ അല്മായരും സന്യസ്തരും നാനാജാതി മതസ്ഥരും ഒരേ ഹൃദയത്തോടെ ഒന്നിച്ചുകൂടി. മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി വേദിയിലേക്ക് എത്തിയതോടെ ചടങ്ങുകള്‍ക്കു തുടക്കമായി.
സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ തയാറാക്കിയ പ്രത്യേക ബലിവേദിയില്‍ രാവിലെ 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി ആരംഭിച്ചു. വിശുദ്ധകുര്‍ബാനയ്ക്കു മുമ്പു കാതോലിക്കാ ബാവയെയും വിശ്വാസികളെയും മലങ്കര കത്തോലിക്ക എപ്പിസ്കോപ്പല്‍ സുനഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് സ്വാഗതം ചെയ്തു. തുടര്‍ന്ന് നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാര്‍മികത്വം വഹിച്ചുകൊണ്ടുള്ള സമൂഹബലിയില്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്കി. ദൈവം തെരഞ്ഞെടുത്ത ഏറ്റവും വിശ്വസ്തനായ ശിഷ്യനാണ് മാര്‍ ക്ലീമിസെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. സഭയ്ക്കുവേണ്ടി സമര്‍പ്പിച്ചു ദൈവരാജ്യം പ്രസംഗിക്കുന്ന വലിയ ഇടയനാണ് അദ്ദേഹമെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ചൂണ്ടികാട്ടി. ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആശംസ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ മോണ്‍. ആഡ്രീയ ഫ്രാന്‍സിയ വായിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍നിന്നും വിശുദ്ധ പൗലോസിന്റെ ലേഖനത്തില്‍നിന്നും വചനങ്ങള്‍ പങ്കുവച്ച് സദസിന്റെ മനസില്‍ ഇടംതേടുന്ന പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്്മ മുഖ്യാതിഥിയായിരുന്നു.
ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാർത്തോമ്മ സഭാ അധ്യക്ഷൻ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, മന്ത്രി കെ. മുരളീധരന്, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
‘സ്നേഹപൂർവം’ പദ്ധതികൾ
ജൂബിലിയുടെ ഭാഗമായി മലങ്കര കത്തോലിക്കസഭ നിര്‍മിച്ചുനല്‍കുന്ന ‘സ്നേഹപൂർവം’നാല്പതു ഭവനങ്ങളിൽ ഒരു വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍വഹിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ജേതാവായ മാര്‍ ഈവാനിയോസ് കോളജ് വിദ്യാര്‍ഥി മുഹമ്മദ് ബാസിലിനെ മുഖ്യമന്ത്രി ആദരിച്ചു.
സ്നേഹപൂര്‍വം വിദ്യാജ്യോതിയുടെ ഉദ്ഘാടനം മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ നിര്‍വഹിച്ചു. എം.എ. യൂസഫലി സ്നേഹപൂര്‍വം വിദ്യാജ്യോതിക്കുവേണ്ടി ഒരു കോടി രൂപ സദസിൽവച്ചു പ്രഖ്യാപിച്ചു.

പ്രമുഖരുടെ സാന്നിധ്യം
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, സി.പി. ജോണ്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, ബിന്ദുകൃഷ്ണ, ടി. സിദ്ദീഖ്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോണി കുരുവിള, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍, ജനറല്‍ മാനേജര്‍ ഫാ. രഞ്ജിത്ത് ആലുങ്കല്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയനേതാക്കള്‍, നൂറുക്കണക്കിനു വൈദികര്‍, അല്മായര്, സന്യസ്തര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ എന്നിവരുടെ സാന്നിധ്യം കൊണ്ടു നിറഞ്ഞുകവിഞ്ഞ സദസാണ് ജൂബിലി ആഘോഷത്തെ വര്‍ണാഭമാക്കിയത്.
മലങ്കര കത്തോലിക്കാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം മേജര്‍ അതിഭദ്രാസനം സഹായമെത്രാന്‍ യൂഹാനോന്‍ മാര്‍ അലക്സിയോസ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, മലങ്കര കത്തോലിക്കാ സഭാ പിആര്‍ഒ ഫാ. ബോവസ് മാത്യു തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.

തിരുവനന്തപുരം: കുട്ടിക്കാലം മുതല്‍ തനിക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് സര്‍വശക്തനായ ദൈവത്തിനു നന്ദി പറയുന്നതായി മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി സമാപന ചടങ്ങില്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വേദപുസ്തകത്തോടു തന്നെ ചേര്‍ത്തു നിര്‍ത്തിയ അമ്മയെയും ബലിപീഠത്തോടു ചേര്‍ത്തു നിര്‍ത്തിയ തന്റെ ആധ്യാത്മിക പിതാക്കന്മാരെയും ശിരസില്‍ കൈവച്ച് അനുഗ്രഹിച്ച ബസേലിയോസ് ബാവാ തിരുമേനിയെയുമെല്ലാം ഈ അവസരത്തില്‍ ഓര്‍മിക്കുന്നു. കൂടെ നിന്നു പ്രാര്‍ഥിച്ച പിതാക്കന്മാരും ഈ ബലിയോടു ചേര്‍ന്നു നിന്ന ഓരോരുത്തരും തനിക്ക് പ്രിയപ്പെട്ടവരും മനസിന് സന്തോഷം പകരുന്നവരും ക്രിസ്തീയ ജീവിതം ഉറപ്പിക്കുന്നവരുമാണ്. ഇന്നലെ മെത്രാഭിഷേക രജതജൂബിലി ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്ക്കും അദ്ദേഹം നന്ദിയും പ്രാര്‍ഥനയും അറിയിച്ചു.
പിതാക്കന്മാരുടെ കൂട്ടായ്മ എന്നും തനിക്ക് ഹൃദയത്തില്‍ ബലം നല്കുന്ന അനുഭവമാണ്. ഈ സഭയിലെ അഭിവന്ദ്യരായ പിതാക്കന്മാര് ഒപ്പമുണ്ട് എന്നത് തന്നെ ബലപ്പെടുത്തുന്നു. സഭയെ എന്നും കരുതുന്ന വൈദികര്‍, സമര്‍പ്പിതര്‍, കൈവിരിച്ചു നിന്നു പ്രാര്ഥിക്കുന്നവര് എല്ലാവരും തനിക്കു ശക്തി പകരുന്നവരാണ്. ആരുമില്ലാത്തവരെ സംരക്ഷിക്കാന്‍ ഈ സഭയിലെ ആയിരക്കണക്കിനു സന്യാസിനിമാര്‍ തയാറാണെന്നതും തനിക്കു ശക്തി നല്കുന്നു. എല്ലാറ്റിനും ഉപരി സഭയിലെ കുടുംബങ്ങള്‍ക്ക് നന്ദി. കുടുംബമാണ് അടിസ്ഥാനം.
തന്റെ ജീവിതത്തില്‍ താന്‍ കണ്ടുമുട്ടിയ എല്ലാവരും അടങ്ങിയതാണ് തന്റെ കുടുംബം. ദൈവം തന്നെ ബലപ്പെടുത്തുന്നു. ഈ പരിപാടിക്ക് വേദിയിലും സദസിലും മഹനീയമായ സാന്നിധ്യമാണ് ഉണ്ടായത്. എല്ലാവരോടും സഭയ്ക്കുള്ള സ്നേഹം അറിയിക്കുന്നതായും കര്‍ദിനാള്‍ പറഞ്ഞു.

തിരുവനന്തപുരം: അക്ഷരാര്‍ഥത്തില്‍ സഹോദര തുല്യനാണ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്.
കാണാന്‍ ചെല്ലുമ്പോഴെല്ലാം സ്നേഹ വാത്സല്യങ്ങള്‍ പകര്‍ന്നു തന്ന്, ആത്മവിശ്വാസം തന്ന്, എല്ലാ പ്രതിസന്ധികളെയും നേരിടുന്നതിനുള്ള ഊര്‍ജം പകര്‍ന്നു തരുന്ന കര്‍ദിനാള്‍ അക്ഷരാര്‍ഥത്തില്‍ തന്റെ സഹോദര തുല്യനായ ഒരാളാണ്. പരിചയപ്പെട്ടവര്‍ക്കെല്ലാം അദ്ദേഹം അങ്ങനെ തന്നെയാണ്. മുഖ്യമന്ത്രിയായല്ല, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ഒരു കൂടപ്പിറപ്പായാണ് ഇവിടെ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്ദിനാളിനെക്കുറിച്ച് ഓര്‍മിക്കുമ്പോഴെല്ലാം മനസില്‍ പെട്ടന്ന് തോന്നുന്നത് ഏശയ്യാ പ്രവാചകന്റെ 60-ാം അധ്യയമാണ്. പ്രവാചകന് പറഞ്ഞതുപോലെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആളാണ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ദൈവത്തിന്റെ പ്രകാശം അദ്ദേഹത്തിന്റെ മേല്‍ പതിച്ചിരിക്കുന്നു. ആ പ്രകാശത്തിലാണ് അദ്ദേഹം പ്രകാശിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കു പ്രകാശം പകരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഏവര്‍ക്കും പ്രിയങ്കരനായ വ്യക്തിത്വമാണ് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെന്നു കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ പ്രസിഡന്റും കോഴിക്കോട് ആര്‍ച്ച്ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
ഇവിടെയെത്തിയിരിക്കുന്നവരുടെയെല്ലാം സ്നേഹ സാന്നിധ്യം വിളിച്ചോതുന്നത് അദ്ദേഹം എല്ലാവര്ക്കും പ്രിയങ്കരനാണെന്ന സന്ദേശമാണ്. ഇപ്പോള്‍ അദ്ദേഹം മലങ്കര സഭയുടെ അധ്യക്ഷനാണ്. പൗരസ്ത്യ സഭയില്‍നിന്ന് ഒരു മാര്‍പാപ്പ ഉണ്ടാകുകയാണെങ്കില്‍ അത് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
സൗഖ്യമാക്കപ്പെട്ട സൗഖ്യദായകന്, വിമോചിക്കപ്പെട്ട വിമോചകന്, പ്രചോദിപ്പിക്കപ്പെട്ട പ്രചോദകന്‍. വായിച്ചും പഠിച്ചും അറിവു നേടിയും നല്ല വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് കയറിച്ചെന്ന മഹാത്ഭുതമാണ് അദ്ദേഹമെന്നും ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.
Tags : Tribute QuarterCentury Compassion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash