പ്രതീകാത്മക ചിത്രം
കോഴിക്കോട്/പാലക്കാട്: മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതോടെ പാലക്കാട് റെയിൽവേ ഡിവിഷന് 1100 കോടി രൂപയുടെ വാർഷികനഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാനമാർഗമായ കർണാടകയിലെ പനമ്പുർ സ്റ്റേഷനും മൈസൂരു ഡിവിഷന്റെ ഭാഗമായി മാറും. നിലവിൽ ദിവസം 2.75 കോടി രൂപ വരുമാനമുണ്ടാക്കുന്ന ഡിവിഷനാണ് പാലക്കാട്.
പാലക്കാട് ഡിവിഷന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ് മംഗളൂരു മേഖലയാണ്. മംഗളൂരുവിനെ വേർപെടുത്തി പാലക്കാട് ഡിവിഷനെ ലാഭകരമല്ലാത്തതാക്കി മാറ്റാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണു വിഭജനമെന്നാണ് ആക്ഷേപം. വിഷയത്തില് വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
അടിയന്തര റിപ്പോർട്ട് തേടി റെയിൽവേ മന്ത്രി
ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ അടിയന്തര റിപ്പോർട്ട് തേടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനവുമായി യാതൊരു ചർച്ചയും നടത്താതെയുള്ള തീരുമാനത്തിനെതിരേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണു നടപടി.
പാലക്കാട് ഡിവിഷൻ വിഭജനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ കെ.സി. വേണുഗോപാൽ എംപി റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഡിവിഷൻ വിഭജനത്തിനെതിരേ കേരളത്തിലെ എംപിമാർ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്നും റെയിൽവേ മന്ത്രിയെ അറിയിച്ചു. ഓണക്കാലത്ത് കേരളത്തിനു ലഭിച്ച ഇരുട്ടടിയാണ് ഈ തീരുമാനമെന്നും പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിൽനിന്നു റെയിൽവേ അടിയന്തരമായി പിന്മാറണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
തീരുമാനം ഏകപക്ഷീയം: മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രധാനപ്പെട്ട മംഗളൂരു ജംഗ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയും. ഇതു ഡിവിഷൻ വികസനത്തെ പ്രതികൂലമായി ബാധിക്കും. റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പ്രതിഷേധാർഹമാണ്.
സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും ചർച്ച നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിച്ചത്. അടിയന്തര പ്രശ്നപരിഹാരം ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എംപിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാരിനുമേൽ സമ്മർദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tags : RailwayDivision Split Palakkad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash