റായ്പുരിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയം.
റായ്പൂർ: ഛത്തീസ്ഗഢ് റായ്പുരിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിൽ ബിഎസ്സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ.
ദുർഗ് ജില്ലയിലെ സ്വകാര്യകോളജ് അധ്യാപകനായ യോഗേഷ് സോൻകേസരിയ (38), വിദ്യാർഥികളായ അജയ് നായക് (20), ത്രിദേവ് പട്ടേൽ(22), നിതിൻ പാണ്ഡെ (22), അനുജ് മിഞ്ച് (22), ആദിത്യ സാഹു (20) എന്നിവരെയാണ് അറസ്റ്റിലായത്.
സീൽ ചെയ്ത കവറിനുള്ളിലേക്ക് എൻഡോസ്കോപ്പിക് കാമറ കടത്തിവിട്ടാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ പകർത്തിയത്.
കഴിഞ്ഞ 20നു നിശ്ചയിച്ചിരുന്ന രണ്ടാം വർഷ എന്റമോളജിയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇവ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി സർവകലാശാല അധികൃതർക്ക് പരീക്ഷനടക്കുന്ന ദിവസമാണ് വിവരം ലഭിച്ചത്. തുടർന്ന് പരീക്ഷ റദ്ദാക്കി.
അറസ്റ്റിലായ പ്രഫസർ സർവകലാശാലയിൽനിന്ന് ചോദ്യപേപ്പർ ശേഖരിച്ച് കോളേജിലേക്കു കൊണ്ടുപോകുന്ന ചുമതല വഹിച്ചിരുന്നയാളാണ്. എന്നാൽ 17-ന് ഇയാൾ ശേഖരിച്ച ചോദ്യപേപ്പറുകൾ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് വീട്ടിലെത്തിച്ചു കവറിനുള്ളിൽ ചെറുദ്വാരമുണ്ടാക്കി, കാമറ അതിലൂടെ കടത്തിവിട്ട് ചോദ്യങ്ങൾ പകർത്തുകയായിരുന്നു. 11000 രൂപയ്ക്കാണ് ഇയാൾ അജയ് നായക് എന്ന വിദ്യാർഥിക്കു വിറ്റത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വിദ്യാർഥികൾ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും ഡിസിപി സ്മൃതിക് രാജനാല അറിയിച്ചു.
Tags : Professor Students Arrested Questionpaper Camera Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash