പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് പിഎസ്സി മുഖേന നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോണ്‍സ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു.പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്നു പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അശ്വാരൂഢ സേനയിലേയ്ക്ക് പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോണ്‍സ്റ്റബിളും പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മന്ത്രി പുരസ്കാരങ്ങൾ നൽകി. മികച്ച ഇൻഡോർ കേഡറ്റായി ജെ.ബി.ജോബിൻ ജോസ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഔട്ട്ഡോർ കേഡറ്റായി ജിജു.ബി.ജോസഫും ഷൂട്ടറായി ബി.എസ്. ബിബീഷും തെരഞ്ഞെടുക്കപ്പെട്ടു.
എസ്. രതീഷാണ് മികച്ച ഓൾ റൗണ്ടർ. ഒന്‍പതു മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമതാ പരിശീലനം, ആയുധ പരിശീലനം, കരാട്ടെ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനം, ഫയറിംഗ് എന്നിവയിൽ പരിശീലനം നൽകി.
ഇൻഡോർ വിഭാഗത്തിൽ ഇൻഡ്യൻ ഭരണഘടന, ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, പോലീസ് സ്റ്റാൻറിംഗ് ഓർഡർ, മനുഷ്യാവകാശം, ഭരണനിർവഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമം, മൈനർ ആക്ട്, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്, ക്രിമിനോളജി, ഫോറൻസിക് സയൻസ്, ഇൻവെസ്റ്റിഗേഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ് കംപ്യൂട്ടർ ട്രെയിനിംഗ്, വിവിധ നിയമവിഷയങ്ങളിലും ക്ലാസ് നൽകി.
പൈപ്പ് ബാൻഡിലും ബ്രാസ് ബാൻഡിലും മൂന്നു മാസത്തോളം മ്യൂസിക് പരിശീലനം നൽകി.സംസ്ഥാന പോലീസ് മേധാവി റവാഡ.എ. ചന്ദ്രശേഖർ, എഡിജിപിമാരായ ഗുഗുലോത്ത് ലക്ഷ്മണ്, ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ്, ഐജി. ഹർഷിത അത്തല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.
Tags : KeralaPoliceBand PoliceConstables Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash