District News
രാജകുമാരി: അധ്യാപകര്‍ കുട്ടികളോട് തന്മയീഭാവം കൈവരിക്കണമെന്ന് ഇടുക്കി രൂപത മെത്രാൻ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപത അധ്യാപക-അനധ്യാപക സ്നേഹസംഗമം രാജകുമാരി ദൈവമാതാ പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ സാഹചര്യങ്ങളില്‍നിന്നും എത്തുന്ന വിദ്യാര്‍ഥികളോട് തന്മയീഭാവപ്പെടുന്ന അധ്യാപകരാണ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. മാറിവരുന്ന സര്‍ക്കാരിന്റെ നിയമങ്ങളും നയങ്ങളും അധ്യാപന ജോലിയെ ക്ലേശകരമാക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട് കൂടുതല്‍ ക്രിയാത്മകമായി പ്രവര്ത്തനസജ്ജരാകണമെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
ഇടുക്കി രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല് അധ്യക്ഷത വഹിച്ചു. എസ് സിഇആര്‍ടി ഡയറക്ടര്‍ ഡോ. ആര്.കെ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഭാരതത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് കത്തോലിക്ക സഭ നല്കിയ സേവനങ്ങള്‍ ഏറെ സ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.
രൂപത വികാരി ജനറാള്‍മാരായ മോണ്‍. ഏബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇടുക്കി രൂപത പ്രഥമ മെത്രാന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മികച്ച അധ്യാപക-അനധ്യാപക അവാര്‍ഡുകള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍, അധ്യാപക കലോത്സവ വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ എന്നിവ വിതരണം ചെയ്തു.
രാജകുമാരി ഹോളി ക്യുന്‍സ് യു പി സ്കൂള്‍ ഹെഡ്മാസ്റ്റര് റെന്നി തോമസ്, അനധ്യാപക പ്രതിനിധി റെജിസണ്‍ മാനുവല്‍, ഇടുക്കി രൂപത ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ സ്വാഗതവും ഇടുക്കി രൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് നോബിൾ മാത്യു നന്ദിയും പറഞ്ഞു.
ഇടുക്കി രൂപത വിദ്യാഭ്യാസ എജന്‍സിയിലെ ആയിരത്തിലധികം അധ്യാപക-അനധ്യാപകര്‍ സ്നേഹസംഗമത്തില്‍ പങ്കെടുത്തു.
District News
ചങ്ങനാശേരി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരുണയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശമുയര്‍ത്തി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂള്‍. സ്കൂളിന്റെ സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ സമാഹരിച്ച അരിയും പലവ്യഞ്ജനങ്ങളും അശരണരുടെ അഭയകേന്ദ്രമായ കോട്ടയം നവജീവന്‍ ട്രസ്റ്റിലേക്ക് കൈമാറി.
ആഘോഷങ്ങള്‍ കേവലം വിനോദങ്ങളില്‍ ഒതുക്കാതെ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ അധികൃതര്‍ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. അരി, പഞ്ചസാര, എണ്ണ, വിവിധ തരം പരിപ്പുവര്‍ഗങ്ങള്‍ തുടങ്ങി 18 കൂട്ടം സാധനങ്ങളുടെ ശേഖരമാണ് കൈമാറിയത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്രിസ്മസ് ആഘോഷച്ചടങ്ങില്‍ സ്കൂള്‍ സെക്രട്ടറി പ്രിജോ കെ. ഏബ്രഹാം നവജീവന്‍ പ്രതിനിധികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. സുനിത സതീഷ്, മാനേജര്‍ ജോണ്സന് ഏബ്രഹാം, ട്രഷറര്‍ പ്രിയ കെ. ഏബ്രഹാം, അസിസ്റ്റന്റ് മാനേജര്‍ തമ്പി കുര്യന്, വൈസ് പ്രിന്‍സിപ്പല്‍ സോണി ജോസ്, ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, ഹെഡ് ടീച്ചേഴ്സുമാരായ ടെസ് ആന്റണി, ജോബി സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.