രാജാക്കാട്: നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ ജീവിതങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശനവുമായി ട്രീസ തങ്കച്ചന്. അശരണരും അനാഥരുമായവര്‍ക്കായി കള്ളിമാലിയില്‍ ഇവര്‍ ആരംഭിച്ച കരുണാഭവനില്‍ ഇന്ന് എഴുപതോളം പേര് പുതുജീവിതത്തിന്റെ ഇഴകള്‍ നെയ്ത് സന്തോഷത്തോടെ കഴിയുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലെ വേസ്റ്റ് ബക്കറ്റില്‍ പ്ലാസ്റ്റിക് കൂടില്‍ ഉപേക്ഷിക്കപ്പെട്ട കൈക്കുഞ്ഞടക്കം നിരവധി ബാല്യങ്ങള്‍ക്ക് അമ്മയായി ട്രീസ.
ഇരുപത്തിയാറ് കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കി വിവാഹം ചെയ്തയയ്ക്കാനും കഴിഞ്ഞു. നെടുങ്കണ്ടം കൈലാസത്ത് വളര്‍ത്തുനായയോടൊപ്പം കെട്ടിയിട്ട് മാതാപിതാക്കളുടെ ക്രൂരമായ പീഡനം സഹിച്ചു കഴിഞ്ഞ രണ്ടര വയസുകാരനെ ഏറ്റുവാങ്ങി തന്റെ രണ്ടു മക്കളോടൊപ്പം വളര്‍ത്താന്‍ ഇവര്‍ കാണിച്ച നല്ലമനസ് ഏറെ പ്രശംസനീയമാണ്.
ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട നാല്‍പ്പതോളം അമ്മമാരാണ് കരുണാഭവനിലുള്ളത്. ഇവര്‍ക്കു പുറമേഏഴുമുതല് 24 വയസുവരെ പ്രായമുള്ള കുട്ടികളുമുണ്ട്.
ഭര്‍ത്താവ് ആനപ്പാറ വാന്തുപറമ്പില്‍ തങ്കച്ചന്റെ വീട്ടില്‍ തുടക്കംകുറിച്ച അഗതിഭവനം 1997ലാണ് കള്ളിമാലിയിലേക്ക് പറിച്ചുനട്ടത്. 27-ാം വയസില്‍ ട്രീസ തങ്കച്ചന് ആരംഭിച്ച ദൗത്യം ഇന്നും തുടര്‍ന്നുവരുന്നു. ഇക്കാലയളവില്‍ ഏറെ പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടിവന്നെങ്കിലും അവയെല്ലാം അതിജീവിക്കാന്‍ ഭര്‍ത്താവിന്റെയും മക്കളായ സാം, ഡാഫിന എന്നിവരുടെയും അകമഴിഞ്ഞ പിന്തുണ ട്രീസയ്ക്ക് കരുത്തും പ്രചോദനവുമായി.
ആരോരുമില്ലാത്തവര്‍ക്കു നല്കുന്ന സ്നേഹവും ശുശ്രൂഷയും ദൈവിക ശുശ്രൂഷയായാണ് ഇവര്‍ കാണുന്നത്. ചെറിയവരെയും നിരാലംബരെയും പരിഗണിക്കുമ്പോഴും സ്നേഹിക്കുമ്പോഴും ദൈവത്തിന്റെ മുഖമാണ് ഇവരുടെ മുന്നില്‍ തെളിയുന്നത്.
-----------------------------------
കുട്ടിക്കാനം മരിയന്‍ കോളജില്‍ ഇന്ന് വനിതാദിനാഘോഷം
ഇടുക്കി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിമന്‍ എംപവര്‍മെന്റ് കോണ്‍ഗ്രസ് ഇന്നും നാളെയും കുട്ടിക്കാനം മരിയന്‍ കോളജില്‍ നടക്കും. പുതുതായി തെരഞ്ഞെടുത്ത സിഡിഎസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. എ. രാജ എംഎല്‍എ അധ്യക്ഷത വഹിക്കും.
സബ്കളക്ടര്‍ വി.എം. ആര്യ മുഖ്യപ്രഭാഷണം നടത്തും. ദേശീയ വനിതാ ക്രിക്കറ്റ് താരം സജ്ന സജീവന്, ചലച്ചിത്ര താരം ഗ്രേസ് ആന്റണി, എഴുത്തുകാരി അല്ലി ഫാത്തിമ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് സന്ദേശം നല്‍കും. മരിയന്‍ കോളജ് മാനേജര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ലൂമി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു സന്തോഷ് പണിക്കര്‍, രാജേശ്വരി, മിനി ടോമി, തൊടുപുഴ നഗരസഭാധ്യക്ഷ സാബീറ ജലീല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്, ശാന്തി ഹരിദാസ്, ജില്ലാപഞ്ചായത്ത് മെംബര്‍ മിനി സാബു എന്നിവര്‍ പ്രസംഗിക്കും.
ഉപ്പുതറ പഞ്ചായത്ത് നയിക്കാൻ പെൺകരുത്ത്
ഉപ്പുതറ: ഉപ്പുതറ പഞ്ചായത്ത് പെൺതാരങ്ങൾ നയിക്കും.നയപരമായ കാര്യങ്ങളും വികസന പ്രവർത്തനങ്ങളും വളയിട്ട കൈകൾ നിയന്ത്രിക്കും.
പതിനെട്ടംഗ ഭരണസമിതിയിൽ പത്തും മഹിളകളാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, കുടുംബശ്രീ ചെയർപേഴ്സൻ ഉൾപ്പെടെ എല്ലാ ഔദ്യോഗിക പദവികളും വനിതകൾ കൈകാര്യം ചെയ്യും. ഷീല രാജൻ (പ്രസിഡന്റ്), രമണി രൂപേഷ് (വൈസ്പ്രസിഡന്റ്), ജിസി മോൾ നോബർ (ചെയർപേഴ്സൺ - വികസനം), കൊച്ചുമോൾ ജോസഫ് (ക്ഷേമകാര്യം) ഹണിമോൾ രാജു ( ആരോഗ്യം), ബിന്ദു സജീവ് ( കുടുംബശ്രീ ചെയർപേഴ്സൺ) എന്നിവരാണ് പഞ്ചായത്ത് ഭരണം നിയന്ത്രിക്കുന്നത്.
പ്രസിഡന്റ് ഷീല രാജൻ ഒഴിച്ചുള്ളവരെല്ലാം കന്നിക്കാരാണ്. ഷീല 2016 മുതൽ അഞ്ചു വർഷം പഞ്ചായത്ത് അംഗമായിരുന്നു. ഇതിൽ രണ്ടരവർഷം വൈസ്പ്രസിഡന്റായും പ്രവർത്തിച്ചു. സി പി എം ഏലപ്പാറ ഏരിയ കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും ഷീല പ്രവർത്തിക്കുന്നുണ്ട്.
കോൺഗ്രസ് മണ്ഡലം ഭാരവാഹിയായിരുന്ന രമണി രൂപേഷ് നേതൃത്വവുമായി ഇടഞ്ഞ് സ്വതന്ത്രയായി മത്സരിച്ചാണ് വിജയിച്ചത്. ഭരണസമിതിയിൽ ആർക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. തുടർന്ന് എൽഡിഎഫിനൊപ്പം ചേർന്ന് വൈസ്പ്രസിഡന്റായി. ചെയർപേഴ്സൺമാരായ മറ്റ് വനിതാ അംഗങ്ങളും കുടുംബശ്രീയിലും പാർട്ടിയിലും പ്രവർത്തിക്കുന്നവരാണ്.
രണ്ടാം തവണയാണ് ബിന്ദു സജീവ് കുടുംബശ്രീയുടെ ചെയർപേഴ്സൺ ആകുന്നത്. സിപിഎമ്മിന്റെ സജീവ പ്രവർത്തകയായ ബിന്ദു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാട്ടുത്താവളം വാർഡിൽ മത്സരിച്ചു പരാജയപ്പെട്ടു. തുടർന്നാണ് കുടുംബശ്രീ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.
നാടിന്റെ വികസന മുന്നേറ്റമാണ് തങ്ങളുടെ മുഖ്യ ലക്ഷ്യമെന്ന് ഈ മഹിളാ രത്നങ്ങൾ പറയുന്നു.
വനിതകള്‍ക്കായി മിടുക്കി ട്രാവല്‍സിന്റെ റീല്‍സ് മത്സരം
നെടുങ്കണ്ടം: യാത്രകളെ സ്നേഹിക്കുന്ന വനിതകള്‍ക്കായി വനിതാ സംരംഭകരുടെ റീല്‍ മത്സരം നാളെ നടക്കും. വനിതാ സംരംഭമായ മിടുക്കി ട്രാവല്‍സാണ് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കി വനിതാ ദിനത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തിയുള്ള ആശയങ്ങളോടുകൂടിയുള്ള റീല്‍സ് മത്സരം സംഘടിപ്പിക്കുന്നത്.
വനിതകള്‍ക്ക് യാത്രയുടെ പ്രാധാന്യം, വനിതകള്‍ക്ക് യാത്രയില്‍ വേണ്ട സുരക്ഷ, യാത്രയില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ എന്ത്, വനിതകള്‍ എന്താണ് ആഗ്രഹിക്കുന്നത്, മിടുക്കി പോലുള്ള സേവനങ്ങള്‍ എന്തുകൊണ്ട് പ്രധാനമാണ് എന്നിവയാണ് കണ്ടെന്റുകള്. വിജയികള്‍ക്ക് 3001, 2001, 1001, 501 എന്നീ ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും. വിജയികളെ പത്തിന് പ്രഖ്യാപിക്കും. ഫോണ്‍: 7592040600, 6238769155.
Tags : nattu vishesham Teresa Thangachan compassion kindness