Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewDistricts

പു​തി​യ ജി​ല്ല​ക​ൾ: ഭൂ​പ​ടം മാ​റു​മ്പോൾ ക​ണ​ക്കും മാ​റ​ണം

മൂ​വാ​റ്റു​പു​ഴ​യി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ; മ​ല​പ്പു​റ​വും നെ​യ്യാ​റ്റി​ൻ​ക​ര​യും ച​ർ​ച്ച​യി​ൽ. ഭ​ര​ണ​സൗ​ക​ര്യ​വും വി​ക​സ​ന​വും മു​ന്നി​ൽ; പ​ക്ഷേ ചെ​ല​വി​ന്‍റെ ക​ണ​ക്കെ​വി​ടെ?
കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​ ഭൂ​പ​ടം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു.

സം​സ്ഥാ​ന​ത്ത് പു​തി​യ ജി​ല്ല​ക​ളും താ​ലൂ​ക്കു​ക​ളും രൂ​പീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പ​ഠി​ക്കാ​ൻ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കു​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ, ദീ​ർ​ഘ​കാ​ല​മാ​യി ഉ​യ​രു​ന്ന വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​യി. അ​തി​ൽ ഏ​റ്റ​വും പു​തി​യ ച​ല​നം മൂ​വാ​റ്റു​പു​ഴ​യി​ലാ​ണ്. മൂ​വാ​റ്റു​പു​ഴ ആ​സ്ഥാ​ന​മാ​യി പു​തി​യ ജി​ല്ല രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണു ച​ർ​ച്ച​യ്ക്കു പു​തി​യ ഊ​ർ​ജം ല​ഭി​ച്ച​ത്.

1984ൽ ​കാ​സ​ർ​ഗോ​ഡ് രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം കേ​ര​ള​ത്തി​ൽ പു​തി​യ ജി​ല്ല​യു​ണ്ടാ​യി​ട്ടി​ല്ല. അ​തി​നാ​ൽ നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഭ​ര​ണ​ഭൂ​പ​ടം ഇ​ന്ന​ത്തെ ജ​ന​സം​ഖ്യാ വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​വേ​ഗ​ത്തി​നും യോ​ജി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യം സ്വാ​ഭാ​വി​ക​മാ​ണ്.

മൂ​വാ​റ്റു​പു​ഴ മാ​ത്ര​മ​ല്ല. ജ​ന​സം​ഖ്യ​യും ഭ​ര​ണ​സൗ​ക​ര്യ​വും മു​ൻ​നി​ർ​ത്തി മ​ല​പ്പു​റം വി​ഭ​ജി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല വി​ഭ​ജി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര കേ​ന്ദ്രീ​ക​രി​ച്ചു പു​തി​യ ജി​ല്ല വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

◄കൂ​ടു​ത​ൽ ജി​ല്ല​ക​ൾ വേ​ണോ?

ഉ​ത്ത​രം അ​ത്ര ല​ളി​ത​മ​ല്ല. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ന​പ്പു​റ​ത്തെ മൂ​വാ​റ്റു​പു​ഴ ജി​ല്ല​യെ​ന്ന ആ​വ​ശ്യം പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല ന​ഗ​ര​കേ​ന്ദ്ര​മാ​യ കൊ​ച്ചി​യി​ൽ​നി​ന്നു വി​ക​സ​ന​പ​ര​മാ​യി വ്യ​ത്യ​സ്ത​മാ​യ പാ​ത​യി​ലാ​ണെ​ന്ന​താ​ണു പ്ര​ധാ​ന വാ​ദം.

മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പി​റ​വം, പെ​രു​ന്പാ​വൂ​രി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ടു​ക്കി​യി​ലെ തൊ​ടു​പു​ഴ, ദേ​വി​കു​ളം മേ​ഖ​ല​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ജി​ല്ല എ​ന്ന ആ​ശ​യം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ന്തി​മ അ​തി​ർ​ത്തി സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല. ക​മ്മീ​ഷ​ന്‍റെ പ​ഠ​ന​ത്തി​ലൂ​ടെ​യാ​കും ചി​ത്രം തെ​ളി​യു​ക.

റ​ബ​ർ, പൈ​നാ​പ്പി​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, തോ​ട്ട​വി​ള​ക​ൾ, ഫ​ർ​ണി​ച്ച​ർ വ്യ​വ​സാ​യം തു​ട​ങ്ങി​യ​വ​യെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കാ​ർ​ഷി​ക-​വ്യാ​വ​സാ​യി​ക സ​ന്പ​ദ്‌വ്യ​വസ്ഥ​യ്ക്കു പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കാ​ൻ പു​തി​യ ജി​ല്ല സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​നു​കൂ​ലി​ക​ളു​ടെ വാ​ദം. എ​റ​ണാ​കു​ള​ത്തി​ന്‍റെ ന​ഗ​ര​വി​ക​സ​ന​ത്തി​നു ല​ഭി​ക്കു​ന്ന മു​ൻ​ഗ​ണ​ന കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്കു തു​ല്യ​മാ​യി എ​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഇ​തോ​ടൊ​പ്പ​മു​ണ്ട്.

◄മ​ല​പ്പു​റം:ജ​ന​സം​ഖ്യ​യു​ടെ സ​മ്മ​ർ​ദം

മ​ല​പ്പു​റം വി​ഭ​ജി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​തു മ​റ്റൊ​രു ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള ജി​ല്ല​ക​ളി​ലൊ​ന്നാ​യ മ​ല​പ്പു​റ​ത്ത് ജ​ന​സം​ഖ്യാ സ​മ്മ​ർ​ദ​ത്തി​ന​നു​സ​രി​ച്ച് ഭ​ര​ണ​ സം​വി​ധാ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും വ്യാ​പി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണു വാ​ദം.

തി​രൂ​ർ ആ​സ്ഥാ​ന​മാ​യി പു​തി​യ ജി​ല്ല രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​രു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ​യ്ക്കു ഭ​ര​ണ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പു​തി​യ ജി​ല്ല പ​രി​ഗ​ണി​ക്കു​ന്പോ​ൾ മ​ല​പ്പു​റ​ത്തെ​യും അ​തേ മാ​ന​ദ​ണ്ഡ​ത്തി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന വാ​ദം ഇ​തി​ന​കം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജ​ന​സം​ഖ്യ, ജ​ന​സാ​ന്ദ്ര​ത, വി​സ്തീ​ർ​ണം എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

അ​തേ​സ​മ​യം, ജി​ല്ലാ വി​ഭ​ജ​നം വി​ക​സ​ന​ത്തി​ന്‍റെ ഏ​ക പ​രി​ഹാ​ര​മാ​ണോ എ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ന്നു. നി​ല​വി​ലു​ള്ള ജി​ല്ല​യ്ക്കു​ള്ളി​ൽ​ത​ന്നെ കൂ​ടു​ത​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളും സൃ​ഷ്ടി​ച്ച് ഭ​ര​ണ​ദൂ​രം കു​റ​യ്ക്കാ​നാ​കു​മോ എ​ന്ന​തും പ​രി​ശോ​ധി​ക്ക​ണം.

◄നെ​യ്യാ​റ്റി​ൻ​ക​ര: ചെ​ല​വ് കു​റ​യ്ക്കാ​നു​ള്ള സാ​ധ്യ​ത?

നെ​യ്യാ​റ്റി​ൻ​ക​ര കേ​ന്ദ്രീ​ക​രി​ച്ച പു​തി​യ ജി​ല്ല എന്ന ആ​വ​ശ്യ​ത്തി​നു മ​റ്റൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി, ജി​ല്ലാ കോ​ട​തി, ജി​ല്ലാ ജ​യി​ൽ തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ന​കം ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന​ത് അ​നു​കൂ​ലി​ക​ളു​ടെ വാ​ദ​മാ​ണ്.

ക​ള​ക്‌​ട​റേ​റ്റ്, റ​വ​ന്യു സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​കൂ​ടി ശ​ക്തി​പ്പെ​ടു​ത്തി​യാ​ൽ പു​തി​യ ജി​ല്ല​യു​ടെ അ​ടി​സ്ഥാ​നസൗ​ക​ര്യ​ച്ചെ​ല​വി​ൽ വ​ലി​യൊ​രു ഭാ​ഗം കു​റ​യ്ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​മു​യ​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ എ​ല്ലാ പു​തി​യ ജി​ല്ല​ക​ൾ​ക്കും ഒ​രേ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക​ണ​മെ​ന്നി​ല്ല.

ജി​ല്ല​യെ​ന്നാ​ൽ ഒ​രു ക​ള​ക്ട​റേ​റ്റ് മാ​ത്ര​മ​ല്ല. ഇ​താ​ണ് ച​ർ​ച്ച​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ​ശം. പു​തി​യ ജി​ല്ല വ​ന്നാ​ൽ ക​ള​ക്ട​റേ​റ്റ് മാ​ത്രം മ​തി​യാ​കി​ല്ല. റ​വ​ന്യു, പോ​ലീ​സ്, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കൃ​ഷി, പൊ​തു​മ​രാ​മ​ത്ത് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല സം​വി​ധാ​ന​ങ്ങ​ൾ വേ​ണം. കോ​ട​തി​ക​ൾ, ജ​യി​ൽ, സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​സൗ​ക​ര്യം എ​ന്നി​വ​യും ആ​വ​ശ്യ​മാ​യി വ​രും.

◄പു​തി​യൊ​രു ഭ​ര​ണ​യ​ന്ത്രം സൃ​ഷ്ടി​ക്ക​ൽ

പു​തി​യ ജി​ല്ല​യെ​ന്നാ​ൽ പു​തി​യൊ​രു ഭ​ര​ണ​യ​ന്ത്രം സൃ​ഷ്ടി​ക്ക​ലാ​ണ്. മൂ​വാ​റ്റു​പു​ഴ​യു​ടെ കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഓ​ഫീ​സു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന് 450 കോ​ടി​യോ​ളം ചെ​ല​വു വ​രു​മെ​ന്ന വി​ല​യി​രു​ത്ത​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷ​മു​ള്ള ശ​ന്പ​ളം, പ​രി​പാ​ല​നം, വൈ​ദ്യു​തി, വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ്ഥി​രം ബാ​ധ്യ​ത​യാ​കും.

അ​തു​കൊ​ണ്ട് ജി​ല്ലാ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ക​ണ​ക്കി​ൽ തു​ട​ക്ക​ച്ചെ​ല​വി​നൊ​പ്പം വ​ർ​ഷം​തോ​റു​മു​ള്ള ന​ട​ത്തി​പ്പു​ചെ​ല​വും ഉ​ൾ​പ്പെ​ടു​ത്ത​ണം. പ​ക്ഷേ ചെ​ല​വു മാ​ത്രം നോ​ക്കി​യാ​ൽ പോ​രാ. പു​തി​യ ജി​ല്ല​യെ വെ​റും ചെ​ല​വാ​യി കാ​ണു​ന്ന​തും ശ​രി​യ​ല്ല. ഒ​രു ജി​ല്ലാ ആ​സ്ഥാ​നം വ​രു​ന്പോ​ൾ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കൊ​പ്പം സ്വ​കാ​ര്യ മേ​ഖ​ല​യും വ​ള​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. വാ​ണി​ജ്യ​ സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ഗ​താ​ഗ​തം, ബാ​ങ്കിം​ഗ്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വി​പ​ണി എ​ന്നി​വ​യ്ക്കു ച​ല​നം ല​ഭി​ക്കും. പു​തി​യൊ​രു ഭ​ര​ണ​കേ​ന്ദ്രം പി​ന്നീ​ട് സാ​ന്പ​ത്തി ക കേ​ന്ദ്ര​മാ​യി വ​ള​ർ​ന്നേ​ക്കാം. അ​തു​കൊ​ണ്ട് ഇ​ന്ന​ത്തെ ചെ​ല​വും നാ​ള​ത്തെ സാ​ന്പ​ത്തി​കനേ​ട്ട​വും ഒ​രു​മി​ച്ചാ​ണ് ക​ണ​ക്കാ​ക്കേ​ണ്ട​ത്.

◄ജ​ന​ങ്ങ​ളു​ടെ സ​മ​യ​ത്തി​നും വി​ല​യു​ണ്ട്

ജി​ല്ലാ ആ​സ്ഥാ​ന​ത്തെ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം കു​റ​യ്ക്കു​ന്ന​തും ഒ​രു വി​ക​സ​നനേ​ട്ട​മാ​ണ്. യാ​ത്രച്ചെ​ല​വു കു​റ​യും. സ​മ​യം ലാ​ഭി​ക്കാം. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കും. പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ വ​ർ​ധി​ക്കും. ബ​ജ​റ്റി​ൽ ഇ​തി​നു പ്ര​ത്യേ​ക തു​ക രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ അ​തി​നു വ​ലി​യ സാ​ന്പ​ത്തി​ക മൂ​ല്യ​മു​ണ്ട്.‌

◄ഇ​നി വേ​ണ്ട​ത് ഒ​രേ മാ​ന​ദ​ണ്ഡം

പു​തി​യ ജി​ല്ല ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ഒ​രേ മാ​ന​ദ​ണ്ഡം വേ​ണം. ജ​ന​സം​ഖ്യ എ​ത്ര? ജ​ന​സാ​ന്ദ്ര​ത എ​ത്ര? വി​സ്തീ​ർ​ണം എ​ത്ര? ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള യാ​ത്രാ​ദൂ​രം എ​ത്ര? നി​ല​വി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ? പു​തി​യ സം​വി​ധാ​ന​ത്തി​ന് എ​ത്ര ചെ​ല​വാ​കും? പ്ര​ദേ​ശ​ത്തി​നു സ്വ​ന്തം സാ​ന്പ​ത്തി​കശേ​ഷി​യു​ണ്ടോ? അ​ടു​ത്ത 10-20 വ​ർ​ഷ​ത്തെ വി​ക​സ​നസാ​ധ്യ​ത എ​ന്താ​ണ്? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്ത​രം ക​ണ്ടെ​ത്തി​യ ശേ​ഷ​മാ​യി​രി​ക്ക​ണം തീ​രു​മാ​നം. 

Latest News

Corehub Up