രാജു കട്ടക്കയം
ദീപിക ഞങ്ങൾക്ക് വെറുമൊരു പത്രമല്ല. മലയോരത്തെ കർഷകസമൂഹത്തിന്റെ ശബ്ദമാണ്. വെള്ളരിക്കുണ്ട് താലൂക്കിൽ അടക്കമുള്ള വികസന ആവശ്യങ്ങൾ ഏറ്റവുമാദ്യം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതു ദീപികയാണ്.
മാറിവന്ന സർക്കാരുകളുടെ കാർഷിക നയങ്ങൾ മലയോര കർഷകരുടെ ജീവിതമാർഗങ്ങളെ പ്രതിസന്ധിയിലാക്കിയപ്പോഴും പ്രകൃതിക്ഷോഭങ്ങളിൽ വിളനാശമുണ്ടായപ്പോഴും ദീപിക കർഷകർക്കൊപ്പം ഉറച്ചുനിന്നു.
കർഷകരുടെ പ്രശ്നങ്ങളും വിപണിവിലയിലെ ഏറ്റക്കുറച്ചിലുകളും കാർഷിക മേഖലയിലെ പുത്തനറിവുകളും ജനങ്ങളിലെത്തിക്കാൻ എറ്റവും മുൻപന്തിയിൽ നിൽക്കുന്ന പത്രവും ദീപികയാണ്. മറ്റു മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുമ്പോഴും വന്യജീവി ആക്രമണങ്ങൾ മൂലം കർഷകർ അനുഭവിക്കുന്ന കടുത്ത ദുരിതങ്ങൾ തുറന്നുകാട്ടാൻ ദീപിക എന്നും ധീരത കാണിച്ചിട്ടുണ്ട്.
പലപ്പോഴും ഈ പ്രശ്നത്തിൽ കർഷകർക്ക് താങ്ങായി ഉറച്ചുനിന്നത്, മണ്ണിനെയും മണ്ണിൽ അധ്വാനിക്കുന്നവനെയും നെഞ്ചിലേറ്റിയ ദീപിക മാത്രമാണ്. ഇനിയും നൂറ്റാണ്ടുകളോളം കർഷകപക്ഷത്തു നിന്നുകൊണ്ട് ഈ ജൈത്രയാത്ര തുടരാൻ ദീപികയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
-രാജു കട്ടക്കയം കർഷക കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ്,
ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.
Tags : Satyaduthika Celebrates deepika@140