പ്രതീകാത്മക ചിത്രം
ഇടുക്കി ജില്ലാ കളക്ടർ സെപ്റ്റംബർ 23ന് വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ജനവാസ മേഖലയും റവന്യു ഭൂമിയുമായ ചിന്നക്കനാലിൽ ആനകൾക്കും മറ്റു വന്യജീവികൾക്കും സ്വൈരവിഹാരം നടത്താൻ തടസങ്ങളെല്ലാം നീക്കണമെന്ന് ഉത്തരവിടുകയുണ്ടായി. ദുരന്തനിവാരണ നിയമം ദുരുപയോഗം ചെയ്താണ് ഉത്തരവിട്ടിട്ടുള്ളത്. മണിക്കൂറുകൾക്കുള്ളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വേലികളും നിർമാണങ്ങളും മറ്റു തടസങ്ങളും നീക്കി. ഡാമിൽ ആനകൾക്ക് വെള്ളം കുടിക്കാനുള്ള തടസങ്ങൾ നീക്കണമും അതൊരു ആനത്താരയാണെന്നുമാണ് അവകാശപ്പെടുന്നത്. ഇടുക്കിയിൽ ഒരു ആനത്താര ഉള്ളത് തേക്കടി ടൈഗർ റിസർവിനുള്ളിൽ മാത്രമാണ്. ഇതറിയാത്ത ആളല്ല ജില്ലാ കളക്ടർ എന്നുള്ളതാണ് ആക്ഷേപകരമായ കാര്യം.
അപ്രഖ്യാപിത കർഫ്യൂവും ന്യായീകരണങ്ങളും
തുടർന്നു വന്ന പ്രതിഷേധത്തിന് പ്രതികാരമെന്നോണം 28ന് പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്കു ജില്ലാ കളക്ടർ മറ്റൊരു നിർദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നതിന് വൈകിട്ട് ആറു മുതൽ പുലർച്ചെ ആറ് വരെ വനാതിർത്തിയിലുള്ള റോഡുകളിൽ ജനസഞ്ചാരം പാടില്ല. ജനങ്ങൾ വീട്ടിനുള്ളിൽ കഴിയണം. തുടരുന്ന പ്രതിഷേധത്തിൽനിന്ന് രക്ഷപ്പെടുന്നതിന് ഇതിനെ ന്യായീകരിക്കാൻ അദ്ദേഹം സെപ്റ്റംബർ 30ന് വാർത്താമാധ്യമങ്ങളെ കാണുകയുണ്ടായി. കൈയേറ്റക്കാർക്കാണ് പരാതിയുള്ളതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. വന്യജീവി ആക്രമണമുള്ള പ്രദേശത്തു മാത്രമേ ഇത് ബാധകമാകൂ എന്നും പറഞ്ഞു. എന്നാൽ ഉത്തരവ് ജില്ല മുഴുവൻ ബാധകമാകുന്ന രൂപത്തിലാണ്.
ഭരണകൂട ഒത്താശയും ഗൂഢാലോചനയും
ഉത്തരവിന്റെ പിറകിൽ ആസൂത്രിതമായ ഒരു ഗൂഢാലോചനയുണ്ട്. ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷനായ അധികാരി നിയമം അനുസരിച്ച് നടത്തേണ്ട കൂടിയാലോചന എങ്ങും നടത്തിയില്ലെന്ന് അദ്ദേഹം പത്രക്കാരോട് തുറന്നുസമ്മതിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ഓൺലൈൻ മീറ്റിംഗ് കൂടിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നും വ്യക്തമാക്കി. ഈ നടപടിക്രമം പൂർണമായും തെറ്റാണ്. സെപ്റ്റംബർ 30ന് വനംവകുപ്പിന്റെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്, വന്യജീവികളുടെ ജീവിതത്തിന് ജനങ്ങൾ തടസമുണ്ടാക്കുന്നു. അത് ഒഴിവാക്കണം. അതിനുള്ള നടപടികളാണ് തന്റെ സർക്കാർ ചെയ്യുന്നതെന്നാണ്. ഇപ്പോൾ കാര്യം വ്യക്തമായി.മുഖ്യമന്ത്രിയുടെയും ഭരണക്കാരുടെയും അനുമതിയോടുകൂടിയാണ് ജില്ലാ കളക്ടർ എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. ഊർജകേന്ദ്രം മുഖ്യമന്ത്രിയാണ്.
ഹരിത എംഎൽഎയായിരുന്ന അദ്ദേഹത്തിന്റെ പ്രസ്താവന മറക്കാറായിട്ടില്ല. കസ്തൂരിരംഗൻ റിപ്പോർട്ട് കാലത്ത് വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും പത്തു ചതുരശ്ര കിലോമീറ്റർ ബഫർ സോൺ വേണമെന്നായിരുന്നു അത്. ഇത് നടപ്പാക്കിയാൽ ഇടുക്കി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽനിന്ന് പടിഞ്ഞാറോട്ട് പിടിക്കുമ്പോൾ തൊടുപുഴയും ബഫർ സോണിലെത്തും. അതോടെ ജില്ല പൂർണമായും വനവും വന്യജീവി കേന്ദ്രവുമാകും. വനഭൂമിയില്ലാത്ത സ്ഥലത്ത് വൈദ്യുതി ബോർഡിന്റെ ഡാമിന്റെ സംരക്ഷണം ആ വകുപ്പ് ചെയ്യേണ്ടതാണ്. ജില്ലാ കളക്ടർ ഉത്തരവിട്ടാൽ അതു നടപ്പാക്കേണ്ടത് തഹസിൽദാരും അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുന്ന പൊലിസടക്കമുള്ള ഉദ്യോഗസ്ഥരുമാണ്. വനംവകുപ്പുകാർക്ക് ഇവിടെ എന്തു കാര്യം? അവരെ ചുമതലപ്പെടുത്തിയതിന്റെ രഹസ്യം എന്താണെന്ന് കളക്ടർ വിശദീകരിക്കുമോ?
വ്യാജ ആനത്താരവാദവും കപട പരിസ്ഥിതിവാദവും
ഓഗസ്റ്റിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ എംഎൽഎമാർ വന്യജീവി ശല്യത്തെപ്പറ്റി പരാതി പറഞ്ഞപ്പോഴാണ് വിഷയം പഠിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. രണ്ടായിരമാണ്ടിൽ പ്രണബ് സെൻ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതൽ തേക്കടിയിൽനിന്ന് ദീർഘദൂരമായ ജനവാസ മേഖലയിലൂടെ ആനമലവരെ എത്തുന്ന ആനത്താരയുണ്ടെന്നുള്ള പ്രചാരണം വനംവകുപ്പുകാരും കപട പരിസ്ഥിതിവാദികളും നടത്തിക്കൊണ്ടിരിക്കുകയാണ്. ചിന്നക്കനാലിൽ ഒരു ‘ആനപാർക്ക്’ ഉണ്ടെന്നും അവകാശപ്പെടുന്നു. ജില്ലാ കളക്ടറുടെ ഈ നടപടി വരുംനാളുകളിൽ ഉപയോഗിക്കാൻ പോകുന്നത് വന-പരിസ്ഥിതിവാദികൾ ആയിരിക്കും.
മലയോരത്തിന്റെ വികസനത്തിനും മനുഷ്യർക്ക് പട്ടയം കിട്ടുന്നതിനും തടസമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ബോധപൂർവമായ കുപ്രചാരണങ്ങൾ നടത്തുകയും സുപ്രീംകോടതിയിൽ കേസുകൾ നടത്തുകയും തങ്ങളുടെ വിജയത്തിന് വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്യുന്നവരാണവർ. കോടതികളെ സമീപിച്ച് പല ഉത്തരവുകൾ വാങ്ങുകയും ചെയ്തിട്ടുള്ളവരാണ് . ഇപ്പോഴും കോടതികളിൽ അവർ കൊടുത്ത കേസുകൾ തീർപ്പാകാതെയുണ്ട്. പട്ടയം നൽകുന്നതിനെതിരായ കേസും (സിഎച്ച്ആർ) കാർഡമം ഹിൽ റിസർവ് വനമാക്കി മാറ്റാനുള്ള കേസും ഇതിൽ പ്രധാനമാണ്. ഈ കാര്യങ്ങളെല്ലാം ഒരു ജില്ലാ ഭരണാധികാരി അറിയാത്തത് കഷ്ടമല്ലേ? അദ്ദേഹത്തിന്റെ നിലപാടുകൾ വിചിത്രവും ദൗർഭാഗ്യകരവുമാണ്.
വനനശീകരണത്തിന്റെ ഉത്തരവാദികൾ ആര്?
കേരളത്തിലെ വന്യജീവി സംരക്ഷണം വിചിത്രമായ രൂപത്തിലാണ്. വന്യജീവി സങ്കേതങ്ങൾക്കു പുറമേ വനങ്ങൾ പൂർണമായും വന്യജീവികൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വനത്തിനുള്ളിൽ അവയ്ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. വന്യജീവികളുടെ എണ്ണം വല്ലാതെ പെരുകിയിട്ടുമുണ്ട്. മനുഷ്യന്റെ ജനന നിയന്ത്രണം നടത്തുന്ന സർക്കാർ വന്യജീവി പെരുപ്പം തടയുന്നില്ല. അവയ്ക്ക് തീറ്റയും വെള്ളവും നൽകാത്തവർക്കെതിരേ നടപടികളില്ല. വനത്തിനുള്ളിലെ തീറ്റയെല്ലാം നശിപ്പിച്ചത് ഫോറസ്റ്റുകാരാണ്. പ്രവാസി സസ്യങ്ങളും യൂക്കാലി പോലുള്ള മരങ്ങളും വച്ചുപിടിപ്പിച്ച് പുല്ലും തീറ്റയും നഷ്ടപ്പെടുത്തുകയും ജലദൗർലഭ്യമുണ്ടാക്കുകയും ചെയ്തത് ഫോറസ്റ്റുകാരാണ്. ഈ വസ്തുതകളെല്ലാം മറന്നുകൊണ്ടുള്ള സമീപനങ്ങളാണ് ഭരണ നേതൃത്വത്തിൽനിന്നുണ്ടാകുന്നത്.
മനുഷ്യജീവന് തെല്ലും വിലകൽപ്പിക്കാതെ വനാതിർത്തികളിൽ വസിക്കുന്നവനെ പീഡിപ്പിക്കുകയാണ്. ചിന്നക്കനാലിൽ ജനങ്ങൾക്കു നേരേ കരിനിയമം കൂടുതലായി പ്രയോഗിച്ചു. ഇത് നിസാരമല്ല. വനവത്കരണം മാത്രമാണ് ലക്ഷ്യം. 1972ൽ സ്റ്റോക്ക്ഹോമിൽനിന്ന് ആരംഭിച്ച ഒരു ദീർഘകാല പദ്ധതിയുടെ ഭാഗമായി വിപുലമായ അർഥത്തിലാണിത് വിലയിരുത്തേണ്ടത്. ഉദ്ദേശ്യം പശ്ചിമഘട്ടത്തെ ലോകത്തിന്റേതാക്കി മാറ്റുക എന്നതാണ്. ആ ശ്രമത്തിന്റെ ഭാഗമായി നിയമനിർമാണങ്ങൾ നടത്തി. അവ ശക്തമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് ഇഎസ്എ.
ജനവിരുദ്ധ ഉത്തരവ് പിൻവലിക്കണം
വനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ സുപ്രീംകോടതിയും ഹൈക്കോടതികളും നടത്തിയിട്ടുള്ള ഭൂരിപക്ഷം വിധികളും ജനതാത്പര്യവും സാമൂഹിക യാഥാർഥ്യവും പരിഗണിക്കാതെയുള്ളവയാണെന്ന് ഖേദപൂർവം പറയട്ടെ! ജില്ലാ കളക്ടറുടെ ഉത്തരവുമായി ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാൽ തേക്കടി മുതൽ ആനമലവരെ ആനത്താര അനുവദിച്ചു കൊണ്ട് ഉത്തരവാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് സങ്കൽപ്പിക്കാവുന്നതിലും എത്രയോ ഭീകരമാണ്. അതാണ് ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പ്രാധാന്യം. ജനപ്രതിനിധികൾ ഇതു മനസിലാക്കുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ ചിന്നക്കനാലിലും മറ്റും റവന്യു ഭൂമി വനഭൂമിയാക്കി പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവുകൾ മരവിപ്പിച്ചിട്ടുള്ളതല്ലാതെ, റദ്ദാക്കിയിട്ടില്ല. അതിനർഥം ഉത്തരവ് നിലനിൽക്കുന്നു എന്നാണ്. അതിനാൽ ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കണം. അല്ലാത്തപക്ഷം ഇതിനെ പിന്തുടർന്ന് മലയോരമേഖലയാകെ വരുംകാലങ്ങളിലിത് നടപ്പാക്കാനുള്ള ദീർഘകാല പദ്ധതിക്കുള്ള സാധ്യതയുണ്ട്. ഫയലുകൾ രഹസ്യമാക്കി വച്ച് വർഷങ്ങൾ കഴിയുമ്പോൾ അല്പാല്പമായി നടപ്പാക്കുന്ന തന്ത്രമാണ് വനം-പരിസ്ഥിതി സംഘങ്ങൾ സ്വീകരിക്കുന്നത്. ജനപ്രതിനിധികൾ അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകൾ ദൈവം പൊറുക്കുമോ?
(കിസാൻ സഭ ദേശീയ സമിതി അംഗമാണ് ലേഖകൻ)

ഇടുക്കി ജില്ലാ കളക്ടറുടെ കാടൻ ഉത്തരവ് ഒരു ദിവസം വെറുതെ പൊട്ടിമുളച്ചതല്ല; ബോധപൂർവമുള്ള ആസൂത്രണങ്ങളുണ്ട്. ഉദാഹരണങ്ങൾ ധാരാളമാണ്. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ മൂന്ന് ജില്ലകളിലെ പല പ്രദേശങ്ങളിലിപ്പോൾ കർഷകർ/ജനങ്ങൾ കുടിയൊഴിപ്പിക്കലിനെതിരേ സമരം ചെയ്യുകയാണ്. നീലഗിരി ജില്ലയിലെ ഓവാലി എന്ന ഗ്രാമം ആധുനിക സൗകര്യങ്ങളോടുകൂടി ആയിരം ആളുകൾ വസിച്ചിരുന്ന സ്ഥലമാണ്. ഇഎസ്എ നടപടികൾ ആരംഭിച്ചപ്പോൾ ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഗത്യന്തരമില്ലാതെ ജനങ്ങൾ അവിടം വിട്ടുപോയി.
സേതൂർ എന്ന പ്രദേശത്ത് അഞ്ച് ഗ്രാമങ്ങളിലായി മുപ്പതിനായിരത്തോളം ജനങ്ങളെ ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ഒന്നര കിലോമീറ്റർ സ്ഥലം ആനത്താരയുണ്ടെന്ന കാരണത്താൽ ഒഴിപ്പിക്കാൻവേണ്ടി മദ്രാസ് ഹൈക്കോടതി ഉത്തരവാകുകയും, പിന്നീട് നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് അപ്പീൽ തള്ളുകയും ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്.
2026 ജൂലൈ 20നാണ് ഉത്തരവ് വന്നിട്ടുള്ളത്. നമ്മുടെ ഹൈവേകളിൽ പല സ്ഥലങ്ങളിലും ആനത്താരയെന്ന് എഴുതി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏതു നടപടിക്രമം പൂർത്തീകരിച്ചാണ് ഇത് ചെയ്തതെന്ന് ആരും അന്വേഷിക്കുന്നില്ല. ഇതെല്ലാം ഭാവിയിൽ അപകടമാണ്.

2026 ഓഗസ്റ്റ് പതിനേഴാം തീയതി സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവുണ്ട്. രാജ്യത്തുള്ള മുഴുവൻ ആനത്താരകളും തടസം ഒഴിവാക്കി തുറന്നുകൊടുക്കാനാണ് അതിൽ പറയുന്നത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും അതിനുവേണ്ടി ആവശ്യമായ ഗവേഷക കമ്മിറ്റിയെ നിയമിക്കണമെന്നും ഉത്തരവിലുണ്ട്.
വയനാട്ടിലെ ബന്ദിപ്പുരിൽ ഒരു അസിസ്റ്റന്റ് കളക്ടർ പുറപ്പെടുവിച്ച ഉത്തരവാണ് രാത്രിയാത്രാ നിരോധനം. കേരളവും കർണാടകവും ഉത്തരവ് മാറ്റാൻ പല ശ്രമങ്ങളും നടത്തി. നാളിതുവരെ പരിഹാരമായിട്ടില്ല. അപ്പോൾ ഒരു ജില്ലാ കളക്ടർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് എത്രയോ ഗൗരവമേറിയതാണ്. നാലംഗ കമ്മിറ്റി രൂപീകരിച്ചതും കോടതിയുത്തരവിന്റെകൂടി അടിസ്ഥാനത്തിലാണ്. ഇതിന്റെ ഭീകരസ്വഭാവം ഇനിയും മനസിലാക്കാത്തവരാണ് ഇടുക്കിക്കാർ.
Tags : Chinnakanal Signpost HillCountry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash