x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹിറ്റ്‌ലറെ ഭയപ്പെടുത്തിയ സിംഹഗർജനം

ഡോ. ​​​വ​​​ർ​​​ഗീ​​​സ് പു​​​ളി​​​മ​​​രം
Published: October 14, 2026 01:06 AM IST | Updated: October 14, 2026 01:06 AM IST

ബി​​​ഷ​​​പ് ക്ലെ​​​മ​​​ൻ​​​സ് അ​​​ഗ​​​സ്റ്റ് ഗ്രാ​​​ഫ് ഫോ​​​ൺ ഗാ​​​ല​​​ൻ

അ​​​ധി​​​കാ​​​ര​​​ത്തോ​​​ടു ചേ​​​ർ​​​ന്നു​​​നി​​​ൽ​​​ക്കാ​​​നും അ​​​ധി​​​കാ​​​രി​​​ക​​​ളെ ഭ​​​യ​​​പ്പെ​​​ടാ​​​നു​​​മാ​​​ണ് സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ ആ​​​ളു​​​ക​​​ൾ ത​​​യാ​​​റാ​​​വു​​​ക. പ്ര​​​ത്യേ​​​കി​​​ച്ചും അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് ഓ​​​രോ​​​രോ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ സൃ​​ഷ്‌​​ടി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​നീ​​​തി​​​ക​​​ൾ​​​പോ​​​ലും ചെ​​​റു​​​ക്കാ​​​ൻ അ​​​വ​​​ർ അ​​​ശ​​​ക്ത​​​രാ​​​കും.

തി​​​ക​​​ഞ്ഞ ആ​​​ത്മ​​​ബോ​​​ധ​​​വും അ​​​ഭി​​​മാ​​​ന​​​വും സ്വാ​​​ത​​​ന്ത്ര്യ​​​വാ​​​ഞ്‌ഛ​​​യു​​​മു​​​ള്ള​​​വ​​​ർ അ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും പ​​​ത​​​റാ​​​തെ നി​​​ൽ​​​ക്കും. പീ​​​ഡ​​​ന​​​ങ്ങ​​​ളെ തൃ​​​ണ​​​വ​​​ൽ​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ട് അ​​​വ​​​ർ അ​​​നീ​​​തി​​​ക​​​ളെ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ക​​​ത​​​ന്നെ ചെ​​​യ്യും. ഭ​​​യം അ​​​വ​​​രെ തീ​​​ണ്ടു​​​ക​​​യി​​​ല്ല. മ​​​നു​​​ഷ്യ​​​രാ​​​ശി​​​യെ ര​​​ണ്ടാം ലോ​​​ക​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ട ഹി​​​റ്റ്‌ലറു​​​ടെ ചെ​​​യ്തി​​​ക​​​ളി​​​ൽ ഭ​​​യ​​​ച​​​കി​​​ത​​​രാ​​​യ പൗ​​​ര​​​സ​​​ഞ്ച​​​യം പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ മ​​​ടി​​​ച്ചുനി​​​ന്ന​​​ കാ​​​ലം.

അ​​​പ്പോ​​​ൾ ജ​​​ർ​​​മ​​​നി​​​യി​​​ൽ വെ​​​സ്റ്റ്ഫാ​​​ലി​​​യ പ്ര​​​ദേ​​​ശ​​​ത്ത് മ്യു​​​ൺ​​​സ്റ്റ​​​ർ ന​​​ഗ​​​ര​​​ത്തി​​​ലെ ബി​​​ഷ​​​പ്പി​​​ന്‍റെ സ്വ​​​ര​​​മു​​​യ​​​ർ​​​ന്നു: ബി​​​ഷ​​​പ് ക്ലെ​​​മ​​​ൻ​​​സ് അ​​​ഗ​​​സ്റ്റ് ഗ്രാ​​​ഫ് ഫോ​​​ൺ ഗാ​​​ല​​​ൻ. നാ​​​സി പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം മു​​​ത​​​ൽ അ​​​തി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ് ക്ലെ​​​മ​​​ൻ​​​സ്. അ​​​തു പ്ര​​​യോ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​പ്പു​​​റ​​​പ്പെ​​​ട്ട ഹിറ്റ്‌ലറു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ളെ​​​യും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തേ​​​ക്കാ​​​ൾ ദൈ​​​വ​​​ത്തെ​​​യാ​​​ണ് അ​​​നു​​​സ​​​രി​​​ക്കേ​​​ണ്ട​​​ത്. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക മ​​​നഃ​​​സാ​​​ക്ഷി​​​യെ ധി​​​ക്ക​​​രി​​​ക്കു​​​മ്പോ​​​ൾ സ​​​മൂ​​​ഹം സ്വ​​​ന്തം മ​​​ഹ​​​ത്വ​​​വും ശാ​​​സ​​​നാ​​​ധി​​​കാ​​​ര​​​വും ന​​​ഷ്‌​​ട​​​പ്പെ​​​ടു​​​ത്തു​​​ന്നു. അ​​​ത് അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ ദു​​​രു​​​പ​​​യോ​​​ഗ​​​മാ​​​ണ്. ദൈ​​​വ​​​ദ​​​ത്ത​​​മാ​​​യ മ​​​നു​​​ഷ്യ​​​മ​​​ഹ​​​ത്വ​​​ത്തി​​​ന്മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണ്.

ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഹി​​​റ്റ്‌ലർ അ​​​വ​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ട് (1933 ജ​​​നു​​​വ​​​രി 30) ഏ​​​ഴു മാ​​​സം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് മ്യു​​​ൺ​​​സ്റ്റ​​​ർ രൂ​​​പ​​​താ മെ​​​ത്രാ​​​നാ​​​യി ക്ലെ​​​മ​​​ൻ​​​സ് സ്ഥാ​​​ന​​​മേ​​​ൽ​​​ക്കു​​​ന്ന​​​ത്. ഹി​​​റ്റ്‌ലറി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു​​ശേ​​​ഷം (1945 ഏ​​​പ്രി​​​ൽ 30) ക​​​ഷ്‌​​ടി​​​ച്ച് ഒ​​​രു വ​​​ർ​​​ഷം കൂ​​​ടി​​​യേ അ​​​ദ്ദേ​​​ഹം ജീ​​​വി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ (1946 മാ​​​ർ​​​ച്ച് 22). അ​​​ദ്ദേ​​​ഹം ദി​​​വം​​​ഗ​​​ത​​​നാ​​​യി​​​ട്ട് ഇ​​​ക്കൊ​​​ല്ലം 80 സം​​​വ​​​ത്സ​​​ര​​​ങ്ങ​​​ൾ തി​​​ക​​​ഞ്ഞു. "മ്യു​​​ൺ​​​സ്റ്റ​​​റി​​​ലെ സിം​​​ഹം' എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ ആ​​​ദ​​​ര​​​പൂ​​​ർ​​​വം വി​​​ളി​​​ച്ചി​​​രു​​​ന്ന​​​ത്. ഫോ​​​ൺ ഗാ​​​ല​​​ൻ എ​​​ന്ന പ്ര​​​ഭുകു​​​ടും​​​ബ​​​ത്തി​​​ൽ ഡി​‌​​ങ്ക്‌​​ലാ​​ഗെ​​​യി​​​ലെ കൊ​​​ട്ടാ​​​ര​​​സ​​​ദൃ​​​ശ​​​മാ​​​യ വീ​​​ട്ടി​​​ൽ 1878 മാ​​​ർ​​​ച്ച് 16നാ​​​ണ് ക്ലെ​​​മ​​​ൻ​​​സി​​​ന്‍റെ ജ​​​ന​​​നം.

ഫോ​​​ൺ സ്പീ ​​​പ്ര​​​ഭുകു​​​ടും​​​ബ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള എ​​​ലി​​​സ​​​ബ​​​ത്ത് പ്ര​​​ഭ്വി​​​യാ​​​യി​​​രു​​​ന്നു അ​​​മ്മ. അ​​​വ​​​രു​​​ടെ 13 മ​​​ക്ക​​​ളി​​​ൽ പ​​​തി​​​നൊ​​​ന്നാ​​​മ​​​ൻ. 1904ൽ ​​​അ​​​ദ്ദേ​​​ഹം വൈ​​​ദി​​​ക​​​നാ​​​യി. ര​​​ണ്ടു​​​വ​​​ർ​​​ഷം മ്യു​​​ൺ​​​സ്റ്റ​​​ർ ക​​​ത്തീ​​​ഡ്ര​​​ലി​​​ലും തു​​​ട​​​ർ​​​ന്ന് 23 വ​​​ർ​​​ഷം ബെ​​​ർ​​​ലി​​​നി​​​ലും വി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു. 1929ൽ ​​​മ്യു​​​ൺ​​​സ്റ്റ​​​റി​​​ൽ വി​​​കാ​​​രി​​​യാ​​​യി തി​​​രി​​​ച്ചെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ പീ​​​യൂ​​​സ് പ​​​തി​​​നൊ​​​ന്നാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യാ​​​ണ് മ്യു​​​ൺ​​​സ്റ്റ​​​റി​​​ലെ മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്.

വം​​​ശീ​​​യ​​​ത​​​യ്ക്കെ​​​തി​​​രേ

നാ​​​സി​​​ക​​​ളു​​​ടെ ആ​​​ര്യ​​വം​​​ശ ശ്രേ​​​ഷ്ഠ​​​ത​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ 1934 മു​​​ത​​​ൽ ബി​​​ഷ​​​പ് ക്ലെ​​​മ​​​ൻ​​​സ് ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്ര​​​ത്തോ​​​ടു​​​ള്ള ചോ​​​ദ്യം ചെ​​​യ്യാ​​​ത്ത വി​​​ശ്വ​​​സ്ത​​​ത​​​യെ അ​​​ടി​​​മ​​​ത്തം എ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. ജ​​​ർ​​​മ​​​ൻ വം​​​ശ​​​ത്തി​​​ന്‍റെ പ​​​രി​​​ശു​​​ദ്ധി എ​​​ന്ന ഹി​​​റ്റ്‌ലറു​​​ടെ വാ​​​ദ​​​വും ക്ലെ​​​മ​​​ൻ​​​സ് ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. വം​​​ശീ​​​യ​​​മേ​​​ന്മ​​​യു​​​ടെ പേ​​​രി​​​ൽ ഹി​​​റ്റ്‌ലർ ആ​​​രം​​​ഭി​​​ച്ച കൂ​​​ട്ട​​​ക്കൊ​​​ല​​​യു​​​ടെ ഇ​​​ര​​​ക​​​ൾ യ​​​ഹൂ​​​ദ​​​ർ മാ​​​ത്ര​​​മ​​​ല്ല ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രും അം​​​ഗ​​​ഭം​​​ഗം വ​​​ന്ന​​​വ​​​രും മാ​​​ന​​​സി​​​ക​​​രോ​​​ഗി​​​ക​​​ളും വൃ​​​ദ്ധ​​​രു​​​മൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു. ഒ​​​പ്പം "ഹീ​​​നജാ​​​തി'യി​​​ൽ​​​ പെ​​​ട്ട​​വ​​​രും. എ​​​തി​​​ർ​​​ത്ത​​​വ​​​രെ തു​​​റു​​​ങ്കി​​​ല​​​ട​​​ച്ച് ക​​​ഠോ​​​ര പീ​​​ഡ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​ധേ​​​യ​​​രാ​​​ക്കി.

പ്ര​​​സം​​​ഗ​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും കൂ​​​ട്ടാ​​​യ്മ​​​ക​​​ളു​​​മൊ​​​ക്കെ നി​​​രീ​​​ക്ഷി​​​ക്കാ​​​നും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​നും ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ​​​ പോ​​​ലും നാ​​​സി ചാ​​​ര​​​ന്മാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മ്യൂ​​​ണി​​​ക്കി​​​ന് അ​​​ടു​​​ത്തു​​​ള്ള ദാ​​​ഹാ​​​വ് ക്യാ​​​മ്പി​​​ൽ ഒ​​​രേ​​​സ​​​മ​​​യം ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ർ ത​​​ട​​​വു​​കാ​​​രാ​​​യി​​​രു​​​ന്നു. ആ​​​ശ്ര​​​മ​​​ങ്ങ​​​ളും ക​​​ന്യ​​​കാ​​​മ​​​ഠ​​​ങ്ങ​​​ളും ഉ​​​പേ​​​ക്ഷി​​​ച്ചു​​പോ​​​കാ​​​ൻ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യി.

വം​​​ശ​​​വെ​​​റി​​​യു​​​ടെ വി​​​ഷ​​​പ്പു​​​ക​​​കൊ​​​ണ്ട് യൂ​​​റോ​​​പ്പി​​​ന്‍റെ ആ​​​കാ​​​ശ​​​ത്തി​​​ൽ കാ​​​ള​​​മേ​​​ഘ​​​ങ്ങ​​​ൾ ഉ​​​രു​​​ണ്ടു​​​കൂ​​​ടി സം​​​ഹാ​​​ര രു​​​ദ്ര​​​മാ​​​യി പെ​​​യ്തുതു​​​ട​​​ങ്ങി. നാ​​​സി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള പ​​​ള്ളി പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ അ​​​വ നേ​​​ര​​​ത്തേ​​ത​​​ന്നെ സെ​​​ൻ​​​സ​​​ർ​​​ക്കു കൊ​​​ടു​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ബി​​​ഷ​​​പ് ക്ലെ​​​മ​​​ൻ​​​സ് നാ​​​സി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ മ​​​നു​​​ഷ്യ​​​ത്വ​​​വി​​​രു​​​ദ്ധ​​​ത​​​യ്ക്കും ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​ത​​​യ്ക്കു​​​മെ​​​തി​​​രേ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യ​​​ത്. "പു​​​ക​​​ഴ്ത്ത​​​ലോ ഭ​​​യ​​​മോ കൂ​​​ടാ​​​തെ' ( nec laudibus, nec timore) എ​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക മു​​​ദ്ര​​​യി​​​ലെ ആ​​​പ്ത​​​വാ​​​ക്യം. നാ​​​സി​​​ പാ​​​ർ​​​ട്ടി​​​യു​​​ടെ സൂ​​​ക്ഷ്മനി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ് ക്ലെ​​​മ​​​ൻ​​​സ്. അ​​​ദ്ദേ​​​ഹ​​​ത്തെ മൂൺ​​​സ്റ്റ​​​റി​​​ൽ​​​നി​​​ന്നും മെ​​​ത്രാ​​​ൻ പ​​​ദ​​​വി​​​യി​​​ൽ​​നി​​​ന്നും മാ​​​റ്റാ​​​ൻ പാ​​​ർ​​​ട്ടി ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു. ജ​​​ന​​​രോ​​​ഷം ഭ​​​യ​​​ന്ന് അ​​​വ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു എ​​​ന്നേ​​​യു​​​ള്ളൂ.

ഹി​​​റ്റ്‌ലറെ അ​​​നു​​​കൂ​​​ലി​​​ച്ച ജ​​​ർ​​​മ​​​നി​​​യെ​​​പ്പോ​​​ലെ​​ത​​​ന്നെ ഹി​​​റ്റ്‌ലറെ എ​​​തി​​​ർ​​​ത്ത മ​​​റ്റൊ​​​രു ജ​​​ർ​​​മ​​​നി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ് ക്ലെ​​​മ​​​ൻ​​​സ്. ര​​​ക്ത​​​ച്ചൊ​​​രി​​​ച്ചി​​​ലും വം​​​ശ​​​വെ​​​റി​​​യും മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ച്ച പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തി​​​നെ​​​തി​​​രേ പോ​​​രാ​​​ടാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പി​​​ന്തു​​​ണ​​​യും പ്രോ​​​ത്സാ​​​ഹ​​​ന​​​വും ന​​​ൽ​​​കി​​​യ​​​ത് പീ​​​യൂ​​​സ് പ​​​ന്ത്ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ത്തി​​​ട​​​പാ​​​ടു​​​ക​​​ൾ അ​​​വ​​​രു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്. 1941 ജൂ​​​ലൈ 13നു ​​​നാ​​​സി​​​പ്പ​​​ട മൂൺ​​​സ്റ്റ​​​ർ ന​​​ഗ​​​ര​​​ത്തി​​​ലെ ഈ​​​ശോ​​​സ​​​ഭാ മ​​​ന്ദി​​​ര​​​വും ക​​​ന്യ​​​കാ​​​മ​​​ഠ​​​വും കൈ​​യ​​​ട​​​ക്കി ആ​​​ശ്ര​​​മ​​​വാ​​​സി​​​ക​​​ളെ തെ​​​രു​​​വി​​​ൽ ഇ​​​റ​​​ക്കി​​വി​​​ട്ടു. പി​​​റ്റേ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​സം​​​ഗി​​​ച്ചു: “ഏ​​​റ്റ​​​വും വി​​​ശ്വ​​​സ്ത​​​നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ള്ള​​​വ​​​നു​​​മാ​​​യ പൗ​​​ര​​​ൻ എ​​​ന്ന് സ്വ​​​യം വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​ൻ​​പോ​​​ലും സു​​​ര​​​ക്ഷി​​​ത​​​ന​​​ല്ല”. ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കംസ​​​ഭ​​ വ​​​ക കൂ​​​ടു​​​ത​​​ൽ വ​​​സ്തു​​​വ​​​ക​​​ക​​​ൾ ഭ​​​ര​​​ണ​​​കൂ​​​ടം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​റ്റി​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ അ​​​ടി​​​ക്കു​​​റ്റി​​​യാ​​​ണെ​​​ന്ന് (anvil) അ​​​ദ്ദേ​​​ഹം പ്ര​​​സ്താ​​​വി​​​ച്ചു.

ജീ​​​വ​​​ന്‍റെ മൂ​​​ല്യം

"ജീ​​​വി​​​ത​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത ജീ​​​വി​​​ത'ങ്ങ​​​ളെ ന​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള "ടി 4' പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ ബി​​​ഷ​​​പ് ഉ​​​യ​​​ർ​​​ത്തി​​​യ ശ​​​ബ്ദം ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് കേ​​​ൾ​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​യി​​​ല്ല. രോ​​​ഗി​​​ക​​​ളെ കൊ​​​ല്ലു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ത്തി​​​വ​​​ച്ചു. അ​​​തി​​​നു​​വേ​​​ണ്ടി നി​​​ർ​​​മി​​​ച്ച ആ​​​റ് ഉ​​​ന്മൂ​​​ല​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. അ​​​തി​​​ന​​​കം 80,000 പേ​​​രെ ഭ​​​ര​​​ണ​​​കൂ​​​ടം കൊ​​​ന്നി​​​രു​​​ന്നു. ര​​​ഹ​​​സ്യ​​​മാ​​​യി ര​​​ണ്ടു ല​​​ക്ഷം​​ പേ​​​രെ പി​​​ന്നീ​​​ടും കൊ​​​ന്നി​​​ട്ടു​​​ണ്ട് എ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. ആ​​​ശ്ര​​​മ​​​ങ്ങ​​​ൾ ക​​​ണ്ടു​​​കെ​​​ട്ടു​​​ന്ന​​​തും നി​​​ർ​​​ത്തി​​​വ​​​ച്ചു. എ​​​ന്നാ​​​ൽ എ​​​പ്പോ​​​ഴും അ​​​ത് സം​​​ഭ​​​വി​​​ക്കാ​​​മെ​​​ന്ന് എ​​​ല്ലാ​​​വ​​​രും ക​​​രു​​​തി. യു​​​ദ്ധ​​​ത്തി​​​ലെ അ​​​ന്തി​​​മ​​വി​​​ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷം സ​​​ഭ​​​യോ​​​ട് പ​​​ക​​​രം വീ​​​ട്ടാ​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​വ​​​രു​​​ടെ ക​​​ണ​​​ക്കു കൂ​​​ട്ട​​​ൽ.

സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ങ്ങ​​​ളെ വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്ന​​​തു​​കൊ​​​ണ്ട് ബി​​​ഷ​​​പ്പി​​​നെ രാ​​​ജ്യ​​​ദ്രോ​​​ഹി​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ​​​ത്രു​​​വു​​​മാ​​​യാ​​​ണ് ഭ​​​ര​​​ണ​​​കൂ​​​ടം ക​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ താ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത് പൗ​​​ര​​​ധ​​​ർ​​​മം ആ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ബോ​​​ധ്യം. “യാ​​​തൊ​​​ന്നി​​​നും പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​നാ​​കാ​​​ത്ത മ​​​നഃ​​​സാ​​​ക്ഷി​​​യു​​​ടെ ചി​​​ല പ​​​രി​​​ശു​​​ദ്ധ​​​മാ​​​യ ചു​​​മ​​​ത​​​ല​​​ക​​​ൾ ന​​​മു​​​ക്കു​​​ണ്ട്. സ്വ​​​ജീ​​​വി​​​തം വി​​​ല​​​യാ​​​യി കൊ​​​ടു​​​ത്തു​​പോ​​​ലും ആ ​​​ചു​​​മ​​​ത​​​ല നാം ​​​നി​​​റ​​​വേ​​​റ്റ​​​ണം” - അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ്യു​​​ൺ​​​സ്റ്റ​​​ർ രൂ​​​പ​​​ത​​​യി​​​ലെ 29 വൈ​​​ദി​​​ക​​​രെ പൊ​​​ലി​​സ് തു​​​റു​​​ങ്കി​​​ല​​​ട​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ബി​​​ഷ​​​പ്പി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​ത് ജ​​​ന​​​രോ​​​ഷം ഭ​​​യ​​​ന്നാ​​​ണ്. യ​​​ഹൂ​​​ദവി​​​രോ​​​ധം ശ​​​രി​​​യ​​​ല്ലെ​​​ന്ന് ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ത​​​ന്‍റെ രൂ​​​പ​​​താ വൈ​​​ദി​​​ക​​​ർ​​​ക്ക് അ​​​ദ്ദേ​​​ഹം ക​​​ത്തെ​​​ഴു​​​തു​​ക​​​യു​​​ണ്ടാ​​​യി.

1941ൽ ​​​ന​​​ട​​​ത്തി​​​യ മൂ​​​ന്നു പ​​​ള്ളിപ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹം നാ​​​സി ര​​​ഹ​​​സ്യ പൊ​​ലി​​​സി​​​ന്‍റെ ഭീ​​​ക​​​ര​​​ത, ദ​​​യാ​​​വ​​​ധം, നി​​​ർ​​​ബ​​​ന്ധി​​​ത വ​​​ന്ധ്യം​​​ക​​​ര​​​ണം, കോ​​​ൺ​​​സ​​​ൻ​​​ട്രേ​​​ഷ​​​ൻ ക്യാ​​​മ്പ് എ​​​ന്നി​​​വ​​​യെ അ​​​തി​​​നി​​​ശി​​​ത​​​മാ​​​യി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ ജ​​​ർ​​​മ​​​നി മു​​​ഴു​​​വ​​​നും ല​​​ഘു​​​ലേ​​​ഖ​​​ക​​​ളാ​​​യി പ്ര​​​ച​​​രി​​​ച്ചു. സ​​​മാ​​​ധാ​​​നം നീ​​​തി​​​യു​​​ടെ ഫ​​​ല​​​മാ​​​ണ്. നീ​​​തി​​​യാ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ മൂ​​​ല​​​ക്ക​​​ല്ലാ​​​യി​​​രി​​​ക്കേ​​​ണ്ട​​​ത്. ഭ​​​യ​​​ത്തി​​​ന്‍റെ​​​യും ഭീ​​​രു​​​ത്വ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​മ​​​ക​​​ളാ​​​ക്കി ഹിറ്റ്‌ല​​​ർ ജ​​​ർ​​​മ​​​ൻ ജ​​​ന​​​ത​​​യെ അ​​​ധഃ​​​പ​​​തി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക​​​ത്തോ​​​ലി​​​ക്ക​​​ർ​​​ക്കു​​വേ​​​ണ്ടി മാ​​​ത്ര​​​മു​​​ള്ള ഉ​​​ത്ക​​​ണ്ഠ​​​യാ​​​യി​​​രു​​​ന്നി​​​ല്ല ബി​​​ഷ​​​പ് ക്ലെ​​​മ​​​ൻ​​​സി​​​ന്‍റേ​​​ത്. വി​​​ചാ​​​ര​​​ണ കൂ​​​ടാ​​​തെ ത​​​ട​​​ങ്ക​​​ൽ പാ​​​ള​​​യ​​​ങ്ങ​​​ളി​​​ലും പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലും ക​​​ഴി​​​യു​​​ന്ന അ​​​സം​​​ഖ്യം ആ​​​ളു​​​ക​​​ളെ​​​കു​​​റി​​​ച്ചും അ​​​ദ്ദേ​​​ഹം അ​​​സ്വ​​​സ്ഥ​​​നാ​​​യി. പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് പാ​​​സ്റ്റ​​​ർ ആ​​​യി​​​രു​​​ന്ന മാ​​​ർ​​​ട്ടി​​​ൻ നീമൊ​​​ള്ള​​​ർ​​​ക്ക് അ​​​ദ്ദേ​​​ഹം പ​​​ര​​​സ്യ​​​മാ​​​യി പി​​​ന്തു​​​ണ ന​​​ൽ​​​കി. അ​​​നീ​​​തി​​​യും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​ലും ക​​​ണ്ടാ​​​ൽ അ​​​തി​​​ന്‍റെ ഇ​​​ര​​​ക​​​ൾ​​​ക്കു​​വേ​​​ണ്ടി അ​​​പ്പോ​​​ൾ​​​ത​​​ന്നെ പ്ര​​​തി​​​ക​​​രി​​​ക്ക​​​ണം എ​​​ന്നാ​​​ണ് ബി​​​ഷ​​​പ്പി​​​ന്‍റെ ബോ​​​ധ്യം. പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ താ​​​മ​​​സി​​​ച്ചാ​​​ൽ അ​​​നേ​​​ക​​​ർ അ​​​നീ​​​തി​​​യു​​​ടെ ഇ​​​ര​​​ക​​​ളാ​​​കും. പൊ​​​തു​​​സ​​​മൂ​​​ഹം അ​​​ത് നി​​​ശ​​​ബ്‌​​ദ​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കും.

ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണോ​​​ത്സു​​​ക​​​ത​​​യ്ക്കെ​​​തി​​​രേ ബി​​​ഷ​​​പ് ക്ലെ​​​മ​​​ൻ​​​സ് പ്ര​​​സം​​​ഗി​​​ച്ച​​​ത് അ​​​ക്ര​​​മ​​​രാ​​​ഹി​​​ത്യ​​​മാ​​ണ്. ​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു: “ന​​​മ്മു​​​ടെ ഏ​​​ക ആ​​​യു​​​ധം ഇ​​​താ​​​ണ് - ശ​​​ക്ത​​​മാ​​​യും ധീ​​​ര​​​മാ​​​യും എ​​​ഴു​​​ന്നേ​​​ൽ​​​ക്കു​​​ക, സ​​​ഹി​​​ക്കു​​​ക, സ​​​ത്യ​​​ത്തോ​​​ടു​​​ള്ള അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ ക​​​ർ​​​മം ചെ​​​യ്യു​​​ക, രാ​​​ജ്യ​​​ത്തെ സ്നേ​​​ഹി​​​ക്കു​​​ക”. ഒ​​​പ്പം വി​​​ശ്വാ​​​സ​​​ത്തോ​​​ടെ പ്രാ​​​ർ​​ഥി​​ക്കാ​​​നും ദൈ​​​വ​​​സ​​​ഹാ​​​യം തേ​​​ടാ​​​നും അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു. അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ രൂ​​​പ​​​താ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​ക​​​ണ​​​മെ​​​ന്ന് 1936ൽ​​​ത​​​ന്നെ അ​​​ദ്ദേ​​​ഹം എ​​​ഴു​​​തി​​​വ​​​ച്ചി​​​രു​​​ന്നു. “ന​​​മ്മു​​​ടെ ഈ ​​​സ​​​മ​​​ര​​​ത്തി​​​ൽ നാം ​​​വി​​​ശ്വ​​​സ്ത​​​ത​​​യോ​​​ടെ ഉ​​​റ​​​ച്ചു​​​നി​​​ന്നാ​​​ൽ ഉ​​​രു​​​ക്കി​​​നെ​​പ്പോ​​​ലു​​​ള്ള ന​​​മ്മു​​​ടെ ഈ ​​​ചൈ​​​ത​​​ന്യം ഉ​​​ണ​​​ർ​​​ന്ന് പ്ര​​​ശോ​​​ഭി​​​ക്കു​​​ന്ന ഒ​​​രു ദി​​​വ​​​സം വ​​​രും. അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തും നി​​​ശ​​​ബ്‌​​ദ​​​മാ​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മാ​​​യ ന​​​മ്മു​​​ടെ ചൈ​​​ത​​​ന്യ​​​വും സ​​​ത്യ​​​വും നീ​​​തി​​​യും അ​​​ന്നു ബ​​​ഹു​​​മാ​​​നി​​​ത​​മാ​​​കും”.

അ​​​ന്തി​​​മ​​​വി​​​ജ​​​യം

ഹി​​റ്റ്‌ലറു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യോ​​​ടെ യു​​​ദ്ധം തീ​​​ർ​​​ന്നു. നാ​​​സി പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഒ​​​ളി​​​വി​​​ൽ പോ​​​വു​​​ക​​​യോ ആ​​​ത്മ​​​ഹ​​​ത്യ​​​ ചെ​​​യ്യു​​​ക​​​യോ ചെ​​​യ്തു. അ​​​ന്തി​​​മ​​​വി​​​ജ​​​യം അ​​​വ​​​ർ​​​ക്കാ​​​യി​​​രു​​​ന്നി​​​ല്ല. യു​​​ദ്ധാ​​​ന​​​ന്ത​​​രം റ​​​ഷ്യ​​​ൻ, ബ്രി​​​ട്ടീ​​​ഷ്, ഫ്ര​​​ഞ്ച്, അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​ർ ജ​​​ർ​​​മ​​​ൻ ജ​​​ന​​​ത​​​യെ കൊ​​​ള്ള​​​യ​​​ടി​​​ച്ച​​​തും അ​​​പ​​​മാ​​​നി​​​ച്ച​​​തും അ​​​ദ്ദേ​​​ഹം നി​​​ശി​​​ത​​​മാ​​​യി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. “നാ​​​സി​​​ക​​​ളു​​​ടെ അ​​​നീ​​​തി​​​ക​​​ൾ മാ​​​ത്ര​​​മ​​​ല്ല, അ​​​നീ​​​തി ആ​​​രു ചെ​​​യ്താ​​​ലും അ​​​തി​​​നെ​​​തി​​​രേ ഞാ​​​ൻ പോ​​​രാ​​​ടും”.

1945 ജൂ​​​ലൈ ഒ​​​ന്നി​​​ന് അ​​​ദ്ദേ​​​ഹം ചെ​​​യ്ത പ​​​ള്ളി​​​പ്ര​​​സം​​​ഗം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് അ​​​ധി​​​കാ​​​രി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ബി​​​ഷ​​​പ് വ​​​ഴ​​​ങ്ങി​​​യി​​​ല്ല. ആ ​​​പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ കോ​​​പ്പി​​​ക​​​ൾ മു​​​ൻ പ്ര​​​സം​​​ഗ​​​ങ്ങ​​​ളെപ്പോലെ​​ത​​​ന്നെ ജ​​​ർ​​​മ​​​നി​​​യി​​​ൽ ആ​​​ക​​​മാ​​​നം വി​​​ത​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ടു. 1946 ഫെ​​​ബ്രു​​​വ​​​രി 21ന് ​​​മാ​​​ർ​​​പാ​​​പ്പ അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ർ​​​ദി​​​നാ​​​ൾ പ​​​ദ​​​വി​​​യു​​​ടെ സ്ഥാ​​​ന​​​ചി​​​ഹ്ന​​​ങ്ങ​​​ൾ ധ​​​രി​​​പ്പി​​​ച്ച​​​പ്പോ​​​ൾ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന ക​​​ര​​​ഘോ​​​ഷം അ​​​നേ​​​കം മി​​​നി​​​റ്റു​​​ക​​​ൾ നീ​​​ണ്ടു​​​നി​​​ന്നു. തി​​​രി​​​ച്ചു മ്യു​​​ൺ​​​സ്റ്റ​​​റി​​​ൽ എ​​​ത്തി​​​യ ക​​​ർ​​​ദി​​​നാ​​​ൾ ക്ലെ​​​മ​​​ൻ​​​സി​​​ന് രാ​​​ജോ​​​ചി​​​ത​​​മാ​​​യ സ്വീ​​​ക​​​ര​​​ണ​​​മാ​​​ണ് ജ​​​ർ​​​മ​​​ൻ ജ​​​ന​​​ത ന​​​ൽ​​​കി​​​യ​​​ത്.

ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു​​​കി​​​ട​​​ന്ന മ്യു​​​ൺ​​​സ്റ്റ​​​ർ ക​​​ത്തീ​​ഡ്ര​​​ലി​​​ൽ "വെ​​​സ്റ്റ്ഫാ​​​ലി​​​യ​​​ിലെ കു​​​ലീ​​​ന​​​മാ​​​യ ഓ​​​ക്കു​​​മ​​​ര​​​ത്തെ പോ​​​ലെ' വി​​​ജിഗീ​​​ഷു​​വാ​​​യി ക​​​ർ​​​ദി​​​നാ​​​ൾ ക്ലെ​​​മ​​​ൻ​​​സ് ക​​​ട​​​ന്നു​​​വ​​​ന്നു. അ​​​ന്തി​​​മ​​വി​​​ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ദ്ദേ​​​ഹ​​​ത്തെ തു​​​റു​​​ങ്കി​​​ല​​​ട​​​ക്കാ​​​ൻ കാ​​​ത്തി​​​രു​​​ന്ന "ദേ​​​ശ​​​സ്നേ​​​ഹി​​​ക​​​ൾ' ഏ​​​കഛ​​​ത്രാ​​​ധി​​​പ​​​തി​​​ക​​​ളു​​​ടെ അ​​​നി​​​വാ​​​ര്യ ഭാ​​​ഗ​​​ധേ​​​യ​​​മാ​​​യ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലോ ഒ​​​ളി​​സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ലോ ത​​​ട​​​വ​​​റ​​​ക​​​ളി​​​ലോ എ​​​ത്തി​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സം​​​ശു​​​ദ്ധ​​​മാ​​​യ വ്യ​​​ക്തി​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ ക്ലെ​​​മ​​​ൻ​​​സി​​​ന്‍റെ വി​​​ശു​​​ദ്ധ​​​പ​​​ദ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ 1956ൽ ​​​ആ​​​രം​​​ഭി​​​ച്ചു. 2004ൽ ​​​അ​​​വ​​​സാ​​​നി​​​ച്ചു. പി​​​റ്റേ​​വ​​​ർ​​​ഷം ഒ​​​ക്‌​​ടോ​​​ബ​​​ർ ഒ​​മ്പ​​തി​​നു ​ബ​​​ന​​​ഡി​​​ക്‌​​ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ അ​​​ദ്ദേ​​​ഹ​​​ത്തെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews The lion's roar terrified Hitler

Recent News

Corehub Up