എഫ് സിആർഎ
കേസിന്റെ വസ്തുതകൾ കൃത്യമായി പരിശോധിച്ച് ഒരു സ്ഥാപനത്തിന്റെ അപേക്ഷ നിരസിക്കുന്നതും, ഒരു മതവിഭാഗത്തെക്കുറിച്ചോ പൊതുവായ വിശ്വാസങ്ങളെക്കുറിച്ചോ വിശാലമായ നിഗമനങ്ങൾ അവതരിപ്പിക്കുന്നതും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്.
ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷതയും സമത്വതത്ത്വവും ഈ വേർതിരിവ് കർശനമായി ആവശ്യപ്പെടുന്നുണ്ട്.ഇക്കഴിഞ്ഞ ആറാംതീയതി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റീസ് എം.ഡി. സുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കൻസിയോൺ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിൽ പുറപ്പെടുവിച്ച വിധി രാജ്യത്ത് ഗൗരവമേറിയ നിയമപരവും സാമൂഹികവുമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വിദേശ സംഭാവന (നിയന്ത്രണ) നിയമം, 2010 (എഫ്സിആർഎ) പ്രകാരമുള്ള രജിസ്ട്രേഷൻ നിഷേധിച്ചതിനെതിരേ കൻസിയോൺ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച അപ്പീൽ കോടതി തള്ളിക്കളയുകയാണുണ്ടായത്.
കേസിലെ വസ്തുതകളും നിയമപരമായ വശങ്ങളും
2021ൽ സ്ഥാപിതമായ ഈ ട്രസ്റ്റ് തമിഴ്നാട്ടിലെ കൊടൈക്കനാലിൽ ഒരു സെൻ മെഡിറ്റേഷൻ സെന്ററും മോണ്ടിസോറി സ്കൂളും നടത്തിവരുന്നുണ്ട്. ആദായനികുതി നിയമത്തിലെ 12എബി, 80ജി വകുപ്പുകൾ പ്രകാരമുള്ള രജിസ്ട്രേഷൻ നേടിയിരുന്ന സ്ഥാപനം, വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള എഫ്സിആർഎ രജിസ്ട്രേഷനും അപേക്ഷിച്ചിരുന്നു. എന്നാൽ, അപേക്ഷയിൽ സ്ഥാപനത്തിന്റെ മതപരമായ യഥാർഥ സ്വഭാവം വെളിപ്പെടുത്തിയില്ലെന്ന കാരണത്താൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അപേക്ഷ നിരസിക്കുകയാണുണ്ടായത്. സെൻ ധ്യാനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ മതപരമായി വർഗീകരിക്കാനാവില്ലെന്നായിരുന്നു ട്രസ്റ്റിന്റെ വാദം.
സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും അപേക്ഷയിൽ നൽകിയ വിവരങ്ങളും പരിശോധിച്ച കോടതി, സെൻ ബുദ്ധമത പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം അതിന്റെ മതപരമായ സ്വഭാവം കൃത്യമായി വെളിപ്പെടുത്തേണ്ടതായിരുന്നുവെന്നു വിലയിരുത്തി. എഫ്സിആർഎ പ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നത് മൗലികാവകാശമല്ലെന്നും, രജിസ്ട്രേഷൻ അനുവദിക്കുന്നതിൽ അധികാരികൾക്ക് വിശാലമായ വിവേചനാധികാരമുണ്ടെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
ഇവിടെവരെ ഈ വിധി ഒരു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളുടെ വർഗീകരണത്തെയും വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള നിയമപരമായ വ്യവസ്ഥകളെയും സംബന്ധിച്ചുള്ളതാണ്.
തെറ്റായ വിവരങ്ങൾ നൽകിയാലോ പ്രവർത്തനങ്ങൾ വെളിപ്പെടുത്തിയതിൽനിന്ന് വ്യത്യസ്തമായാലോ നടപടിയെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ, ഈ പ്രത്യേക കേസിന്റെ നിയമപരമായ പരിധികൾക്കപ്പുറം, ക്രൈസ്തവ മതത്തെയും മറ്റ് അബ്രഹാമിക മതങ്ങളെയും കുറിച്ച് കോടതി നടത്തിയ ചില പൊതുവായ പരാമർശങ്ങളാണ് വലിയതോതിൽ ഭരണഘടനാപരമായ ചോദ്യങ്ങൾ ഉയർത്തുന്നത്.
മതങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ചരിത്രപരമായ വസ്തുതകളും
വിധിയിലെ ഏറ്റവും ശ്രദ്ധേയവും വിവാദപരമായ മറ്റൊരു പരാമർശം താഴെ പറയുന്നതാണ്: “Unlike Hinduism which is inclusive, the Abrahamic religions are inherently exclusive.” അതായത്, ഹിന്ദുമതം ഉൾക്കൊള്ളൽ സ്വഭാവമുള്ളതാണെന്നും അബ്രഹാമിക മതങ്ങൾ സ്വഭാവത്താൽതന്നെ മറ്റുള്ളവരെ ഒഴിവാക്കുന്നവയാണെന്നും കോടതി നിരീക്ഷിക്കുന്നു. ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങൾ തങ്ങളുടേതാണ് ഏകസത്യമെന്ന് വിശ്വസിക്കുന്നുവെന്ന വാദവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ലോകത്തിലെ പ്രധാന മതപാരമ്പര്യങ്ങൾക്കുള്ളിൽതന്നെ വൈവിധ്യമാർന്ന ദാർശനിക പ്രവാഹങ്ങളും ചിന്താധാരകളും നിലനിൽക്കുന്നുണ്ട്. ഈ സങ്കീർണതകളെ അവഗണിച്ച് ഒരു മതവിഭാഗത്തെ പൊതുവായി ഉൾക്കൊള്ളുന്നതായും മറ്റൊന്നിനെ സ്വഭാവത്താൽ ഒഴിവാക്കുന്നതായും ചിത്രീകരിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുന്നു. ഒരു പാരമ്പര്യത്തിന്റെ മേന്മ ഉയർത്തിക്കാട്ടാൻ മറ്റൊരു മതവിഭാഗത്തെ താഴ്ത്തിക്കാട്ടേണ്ടതില്ല.
ക്രൈസ്തവ സഭയുടെ ഔദ്യോഗിക നിലപാടുകൾ പരിശോധിച്ചാൽ, ക്രിസ്തുവിന്റെ അനന്യതയെ പഠിപ്പിക്കുമ്പോഴും സകല മതങ്ങളിലും അടങ്ങിയിരിക്കുന്ന സത്യത്തിന്റെ പ്രകാശത്തെ (Ray of Truth) കത്തോലിക്കാ സഭ ആദരിക്കുന്നുണ്ടെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നൊസ്ത്രാ എത്താത്തെ (Nostra aetate) എന്ന പ്രഖ്യാപനം, ഖണ്ഡിക രണ്ട് വ്യക്തമാക്കുന്നുണ്ട്. ക്രിസ്തീയ വെളിപാടിന്റെ പ്രത്യേകതകൾ അവതരിപ്പിക്കുമ്പോൾതന്നെ, മറ്റു മതങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറാനോ സ്വന്തം മതം പ്രചരിപ്പിക്കുന്നതിൽ തീവ്രവാദപരമായ സമീപനം സ്വീകരിക്കാനോ ക്രിസ്തുമതം എവിടെയും പഠിപ്പിക്കുന്നില്ല. യേശുക്രിസ്തു തന്റെ ജീവിതത്തിലും പ്രബോധനങ്ങളിലും ഒരിക്കലും അത്തരം തീവ്രവാദമോ സങ്കുചിതത്വമോ പഠിപ്പിച്ചിട്ടില്ല. ഇന്ത്യയുടെ ബഹുസ്വരമായ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ, ഇതര മതങ്ങളോടുള്ള വിദ്വേഷമോ അവയെ പൂർണമായി തള്ളിക്കളയുന്ന മനോഭാവമോ പുലർത്തുന്ന മതമായി ക്രൈസ്തവ വിശ്വാസം ഒരിക്കലും നിലകൊണ്ടിട്ടില്ല.
മുൻവിധികളുടെയും തെറ്റായ സാമാന്യവത്കരണങ്ങളുടെയും അടിസ്ഥാനത്തിലല്ല; മറിച്ച്, വസ്തുതകളുടെയും ഭരണഘടനാ മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരം നിർണായക വിധികൾ ഉണ്ടാകേണ്ടത്.
ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യവും സമത്വവും നിയമവാഴ്ചയും
ക്രൈസ്തവ വിശ്വാസപ്രകാരം, വിശേഷിച്ചും കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ സുവിശേഷവത്കരണത്തിന്റെ ലക്ഷ്യം സുവിശേഷം അറിയാനും അത് മനസിലാക്കാനും മറ്റുള്ളവർക്ക് അവസരമൊരുക്കുക മാത്രമാണ്. ആകർഷകമായി തോന്നുകയാണെങ്കിൽ ആർക്കും ക്രിസ്തുമതം സ്വീകരിക്കാം; അത് ഒരിക്കലും ഭരണഘടനാവിരുദ്ധവുമാകുന്നില്ല.
താൻ ആഗ്രഹിക്കുന്ന മതത്തിൽ വിശ്വസിക്കാനും അത് പിന്തുടരാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 25(1) അനുസരിച്ച്, പൊതുക്രമത്തിനും സദാചാരത്തിനും ആരോഗ്യത്തിനും വിധേയമായി, എല്ലാ വ്യക്തികൾക്കും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും തങ്ങളുടെ മതം സ്വതന്ത്രമായി ഏറ്റുപറയാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്.
ഭരണഘടന ഉറപ്പുനൽകുന്ന ഈ മൗലികാവകാശത്തിന്മേൽ ഒരു സാധാരണ നിയമത്തിന് എങ്ങനെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകുമെന്നും, അതിന്റെ പശ്ചാത്തലത്തിൽ മതപ്രചാരണത്തെ ഒരു കുറ്റകൃത്യംപോലെ ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരു ന്യായാധിപന്റെ വിധിന്യായത്തിൽ എങ്ങനെ ഇടംപിടിക്കുമെന്നും മനസിലാക്കാൻ പ്രയാസമാണ്. കത്തോലിക്കാ സഭ ഒരിക്കലും ആരെയും നിർബന്ധിക്കുകയോ പ്രലോഭനങ്ങളോ സമ്മാനങ്ങളോ നൽകി സഭയിലേക്ക് ആകർഷിക്കുകയോ ചെയ്യാറില്ല. അത്തരം നിർബന്ധിത മതപരിവർത്തനം സഭയുടെ നയത്തിന് തികച്ചും എതിരുമാണ്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 14 നിയമത്തിനു മുന്നിലുള്ള സമത്വവും തുല്യസംരക്ഷണവും ഉറപ്പുനൽകുന്നു. അനുച്ഛേദം 25, 26, 30 എന്നിവ മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കുന്നുണ്ട്. ഈ അവകാശങ്ങൾ പൊതുക്രമത്തിനും ധാർമികതയ്ക്കും വിധേയമാണെങ്കിലും, മതപരമായ പരിഗണനകളുടെ പേരിൽ മാത്രം പൗരന്മാർക്കോ സ്ഥാപനങ്ങൾക്കോ തുല്യപരിഗണന നിഷേധിക്കപ്പെടാൻ പാടില്ല.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് നിക്ഷിപ്തമായ അവകാശമോ (vested right), കേവലവും നിരുപാധികവുമായ അവകാശമോ (absolute right) ഇല്ലെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി Noel Harper v. Union of India (2023) 3 SCC 544 എന്ന കേസിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം സംഭാവനകൾ സ്വീകരിക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാർലമെന്റിന് അധികാരവുമുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങളെ നിഷേധിക്കുന്നത് ആകരുത്. അതുപോലെതന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടൊപ്പം ഒരു പ്രത്യേക മതവിഭാഗത്തെ മുഴുവൻ പൊതുവായി സംശയത്തിന്റെ നിഴലിൽ നിർത്താനും ഭരണഘടന അനുമതി നൽകുന്നില്ല.
നിയമലംഘനങ്ങൾ ഉണ്ടാകുമ്പോൾ അവ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടണം. എഫ്സിആർഎ എന്നത് സാമ്പത്തിക സുതാര്യത ഉറപ്പാക്കാനുള്ള ഒരു നിയന്ത്രണ നിയമമാണ്, അല്ലാതെ മതപരമായ വിവേചനത്തിനുള്ള ഉപകരണമല്ല. മതനിരപേക്ഷ ഇന്ത്യയിൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. മുൻവിധികളല്ല, മറിച്ച്, തെളിവുകളും ഭരണഘടനാപരമായ തുല്യതയുമാണ് നീതിന്യായ വ്യവസ്ഥയ്ക്ക് അടിസ്ഥാനമാകേണ്ടത്.
ക്രൈസ്തവ മതത്തെക്കുറിച്ചുള്ള മുൻവിധികളും വസ്തുതാപരമായ യാഥാർഥ്യങ്ങളും
വിധിയുടെ ആറാം ഖണ്ഡികയിൽ ക്രൈസ്തവ മതത്തെക്കുറിച്ച്, “ക്രിസ്തുമതം ഒരു മിശിഹാകേന്ദ്രിത മതമാണ്” (Christianity is a messianic religion) എന്ന് വിശേഷിപ്പിച്ചുകൊണ്ട്, എല്ലാവരെയും യേശുക്രിസ്തുവിന്റെ അനുയായികളാക്കുക എന്നതാണ് അതിന്റെ ദൈവശാസ്ത്രപരമായ ദൗത്യമെന്ന് കോടതി നിരീക്ഷിക്കുന്നു. കൂടാതെ, ‘പുള്ളിപ്പുലി തന്റെ പുള്ളികൾ മാറ്റില്ല’ (A leopard will not change its spots) എന്ന പ്രയോഗവും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. തികഞ്ഞ മുൻവിധികളും പക്ഷപാതപരമായ താത്പര്യങ്ങളും വെളിപ്പെടുത്തുന്നതാണ് ഈ പരാമർശങ്ങൾ.
ക്രിസ്തുമതം ഒരു മിശിഹാകേന്ദ്രിത മതമാണെന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ, ഈ മതത്തിന്റെ എല്ലാ പ്രവർത്തനങ്ങളും മതപരിവർത്തനം ലക്ഷ്യമിട്ടു മാത്രമുള്ളതാണെന്ന പ്രസ്താവന തികച്ചും തെറ്റാണ്. എഡി 52 മുതൽ ഇന്ത്യയിലുള്ള ക്രൈസ്തവചരിത്രം ഈ വാദത്തെ ഒരിക്കലും സാധൂകരിക്കുന്നില്ല. സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ, ധ്യാനകേന്ദ്രങ്ങൾ, ദേവാലയങ്ങൾ, അനാഥശാലകൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ വിവിധ സേവനരംഗങ്ങളെല്ലാം മതപരിവർത്തനത്തിന് മാത്രമുള്ളതാണെന്ന് ആരോപിക്കുന്നവർ, ഉത്തരവാദിത്വമില്ലാത്ത ഇത്തരം പരാമർശങ്ങളിലൂടെ തെറ്റായ ധാരണകൾ പരത്തുന്നതിനു പകരം തങ്ങളുടെ വാദങ്ങളെ സാധൂകരിക്കാനുതകുന്ന കൃത്യമായ കണക്കുകളും തെളിവുകളും ഹാജരാക്കുകയാണു വേണ്ടത്.
എന്നാൽ ക്രൈസ്തവസമൂഹത്തിന്റെ കാര്യത്തിൽ അത്തരത്തിലുള്ള വാദങ്ങൾ തികച്ചും പരാജയപ്പെടും; എന്തെന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ വെറും രണ്ടര ശതമാനത്തിനടുത്ത് (ഏകദേശം 2.3%) മാത്രമാണ് ക്രൈസ്തവ ജനസംഖ്യ. ദീർഘകാലമായുള്ള പ്രവർത്തനങ്ങൾ മതപരിവർത്തനത്തിനു വേണ്ടിയുള്ളതായിരുന്നെങ്കിൽ ഈ ജനസംഖ്യാ കണക്കുകൾതന്നെ ആ വാദത്തെ പൂർണമായും നിരാകരിക്കുന്നുണ്ട്.
ചരിത്രപരമായി പരിശോധിച്ചാൽ, എല്ലാ മതങ്ങളിലേക്കും കാലാകാലങ്ങളിൽ പരിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് കാണാൻ കഴിയും. ചരിത്രത്തിന്റെ ചില ഘട്ടങ്ങളിൽ, ചില പ്രത്യേക മതങ്ങളിലേക്ക് നിർബന്ധിത മതപരിവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നതും വസ്തുതയാണ്; എന്നാൽ ഇന്ത്യൻ ചരിത്രത്തിൽ അത്തരത്തിലുള്ള ഒരു നിർബന്ധിത മതപരിവർത്തനം ക്രിസ്തുമതത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടുള്ളതായി കാണാൻ സാധ്യമല്ല. കാര്യങ്ങൾ അങ്ങനെയെന്നിരിക്കെ, ക്രിസ്തുമതം മതപരിവർത്തനത്തിനുവേണ്ടി മാത്രമാണ് നിലനിൽക്കുന്നത് എന്ന തരത്തിലുള്ള ധാരണകളിലേക്കും നിഗമനങ്ങളി ലേക്കും കോടതി എത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നത് ഗൗരവമേറിയ ഒരു ചോദ്യമാണ്.
ഒരു പ്രത്യേക സ്ഥാപനത്തിന്റെ അപേക്ഷ പരിശോധിക്കുമ്പോൾ, അതിന്റെ സ്ഥാപകൻ ഒരു ക്രൈസ്തവ വൈദികനാണെന്ന വസ്തുതയെ മുൻനിർത്തിമാത്രം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നത് നീതിപൂർവമായ സമീപനമല്ല. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധിക്കേണ്ടത്; അല്ലാതെ വ്യക്തികളുടെ മതപരമായ തിരിച്ചറിയലിന്റെയോ പശ്ചാത്തലത്തിന്റെയോ അടിസ്ഥാനത്തിലല്ല.
ഈ വിധിന്യായത്തിൽ പ്രകടമാകുന്ന പ്രധാന വൈരുധ്യം, ഒരു വശത്ത് ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച് പൊതുവായ മുൻവിധി പ്രകടിപ്പിക്കുകയും, മറുവശത്ത് പ്രസ്തുത കേസിലെ അപ്പീൽക്കാരന് അത്തരമൊരു ലക്ഷ്യമുള്ളതായി കോടതി ആരോപിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു എന്നതിലാണ്. മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന പേരിൽ ‘റാഡിക്കൽ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂഷനുകൾ’ കുപ്രസിദ്ധമാണെന്ന കോടതിയുടെ പരാമർശം, ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലിനപ്പുറം, ക്രൈസ്തവ സ്ഥാപനങ്ങളെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ്.
എന്നാൽ, ഘർവാപസി പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മൗലികവാദ ഹിന്ദു സംഘടനകളെ പരാമർശിക്കുമ്പോൾ, ആ പ്രവണതയെ ഹിന്ദു സംഘടനകളുടെ പൊതുസ്വഭാവമായി ചിത്രീകരിക്കാൻ കോടതി തയാറാകുന്നില്ല. പകരം, അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പ്രത്യേക സംഘടനകൾക്ക് എഫ്സിആർഎ രജിസ്ട്രേഷൻ നിഷേധിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിക്കുന്നത്. ഈ രണ്ട് സമീപനങ്ങൾ തമ്മിലുള്ള വ്യത്യാസം ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
നിർബന്ധിത മതപരിവർത്തനത്തിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന പ്രത്യേക സംഘടനകൾക്കെതിരേ നടപടി സ്വീകരിക്കേണ്ടത് മതഭേദമന്യേ അവയെ വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ടാണ്; അല്ലാതെ, ഏതെങ്കിലും ഒരു മതവിഭാഗത്തിലെ ചില സംഘടനകളുടെ പ്രവർത്തനങ്ങളുടെ പേരിൽ ആ മതവിഭാഗവുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളെയും സംശയത്തോടെ വീക്ഷിക്കുകയല്ല വേണ്ടത്. ഘർവാപസി നടത്തുന്ന ഹിന്ദു സംഘടനകൾക്ക് എഫ്സിആർഎ രജിസ്ട്രേഷൻ നിഷേധിക്കാമെന്ന് അംഗീകരിക്കുന്ന അതേ യുക്തി, നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്ന ഏതൊരു സംഘടനയ്ക്കും എതിരേ ബാധകമാക്കാവുന്നതാണ്.
മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ നമ്മുടെ നിയമവ്യവസ്ഥയിൽ, എല്ലാ മതവിഭാഗങ്ങളോടും ഒരേ മാനദണ്ഡമാണ് പുലർത്തേണ്ടത്. അതിനാൽ, കോടതിയുടെ ഈ പരാമർശം മതപരമായ നിഷ്പക്ഷത, തുല്യനീതി, വസ്തുനിഷ്ഠമായ ന്യായനിർവഹണം എന്നീ ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഗൗരവമായ വിമർശനാത്മക പരിശോധന അർഹിക്കുന്നു.
Tags : ConstitutionalQuestions MadrasHighCourt FCRAVerdict questions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash