ദൈവദാസൻ മാർ മാത്യു കാവുകാട്ട്
ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവിന്റെ 57-ാം ചരമവാർഷികാചരണം അദ്ദേഹത്തിന്റെ അതുല്യവ്യക്തിത്വത്തെയും പുണ്യജീവിതത്തെയും അടുത്തറിയാനും ധ്യാനിക്കാനുമുള്ള അനുഗൃഹീതമായ ഒരു അവസരമാണ്. കത്തോലിക്കാ സഭയിൽ വിശുദ്ധിയുടെ മാനദണ്ഡം ഒരാൾ തന്റെ ജീവിതകാലത്ത് അസാധാരണ കാര്യങ്ങൾ ചെയ്തു എന്നതിലല്ല, അതിലുപരി വളരെ സാധാരണമായ കാര്യങ്ങൾ എന്നാൽ അസാധാരണമാംവിധം സ്നേഹത്തോടെയും വിശുദ്ധിയോടെയും ചെയ്തു എന്നതിലാണ്. കാവുകാട്ടു പിതാവിന്റെ ജീവിതം ഈ തത്വത്തിന് ഏറ്റവും മികച്ചൊരു ജീവിക്കുന്ന ഉദാഹരണമാണ്. രൂപതാധ്യക്ഷൻ, വിദ്യാഭ്യാസ വിചക്ഷണൻ, സമുദായ നേതാവ് എന്നീ നിലകളിലെല്ലാം ശോഭിക്കുമ്പോഴും തന്റെ ലാളിത്യം, വിനയം, മനുഷ്യത്വം, കരുണ, സഹജീവികളോടുള്ള കരുതൽ എന്നിങ്ങനെയുള്ള പുണ്യങ്ങൾ അസാധാരണമാംവിധം പൂർണതയിൽ ജീവിച്ച വ്യക്തിയാണ് അദ്ദേഹം.
►മനുഷ്യത്വം കവിഞ്ഞൊഴുകുന്ന വ്യക്തിത്വം◄
കാവുകാട്ടു പിതാവിനെ ഒരിക്കലെങ്കിലും കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്തിട്ടുള്ള ഏവരും ഒരു ദൈവമനുഷ്യനെ കണ്ടുമുട്ടിയതിന്റെ നിർവൃതിയോടെയാണ് തിരികെ പോയിട്ടുള്ളത്. കണ്ടുമടങ്ങുമ്പോൾ തങ്ങളുടെ ഉള്ളിലെ ആകുലതകളുടെ ഭാരം കുറഞ്ഞതായും മനസിൽ അപൂർവമായൊരു ശാന്തത നിറഞ്ഞതായും എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. അത്രത്തോളം ആർദ്രമായ മനുഷ്യത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് പ്രഫ. തോമസ് കണയംപ്ലാവൻ കാവുകാട്ടു പിതാവിനെക്കുറിച്ച് ഇങ്ങനെ കുറിച്ചത്: ‘ഉച്ചി മുതൽ ഉള്ളങ്കാൽ വരെ ഹൃദയമുള്ള ഒരു മനുഷ്യൻ’. അത്രമേൽ വിശാലഹൃദയനും മഹാമനസ്കനുമായിരുന്നു കാവുകാട്ടു പിതാവ്.
സഭയ്ക്ക് ഭരണസംവിധാനങ്ങളും സ്ഥാപനങ്ങളും ആവശ്യമാണെങ്കിലും, സഭയുടെ യഥാർഥ അജപാലന ശൈലി വ്യക്തികേന്ദ്രീകൃതമായിരിക്കണം എന്ന് കാവുകാട്ടു പിതാവ് ആഴമായി തിരിച്ചറിഞ്ഞിരുന്നു. പാവപ്പെട്ടവരെ നേരിട്ടു കാണുന്നതും അവർക്കുള്ള സാമ്പത്തിക സഹായം സ്വന്തം കൈകൊണ്ടുതന്നെ നൽകുന്നതും അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അതിനായി ആഴ്ചയിൽ ഒരു ദിവസം തന്റെ സമയം മുഴുവനും മാറ്റിവച്ചിരുന്നു. നിർമിത ബുദ്ധിയുടെയും സാങ്കേതികവിദ്യകളുടെയും സഹായത്തോടെയുള്ള അജപാലന പ്രവർത്തനങ്ങൾ മുൻതൂക്കം നേടുന്ന ഈ കാലഘട്ടത്തിൽ കാവുകാട്ടു പിതാവിന്റെ മനുഷ്യത്വത്തിലൂന്നിയുള്ള സുവിശേഷശൈലി എടുത്തുകാണിക്കേണ്ടത് മുൻപത്തേക്കാൾ ഇന്ന് ഏറെ ആവശ്യമായി തീർന്നിരിക്കുന്നു.
മാനവികതയുടെ അതിരുകൾ വ്യാപിപ്പിക്കാൻ നിർമിതബുദ്ധി സഹായിക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് അത് മനുഷ്യബന്ധങ്ങളുടെ ആഴം കുറയ്ക്കുകയും യന്ത്രവത്കൃതമായ ഒരു ലോകത്തിലേക്ക് നമ്മെ തള്ളിവിട്ട് മനുഷ്യത്വമില്ലായ്മ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അജപാലന ശൈലി കേവലം സാങ്കേതികത്വത്തിലേക്ക് ചുരുങ്ങാതെ, വ്യക്തിപരമായ ആർദ്രതയും സ്നേഹവും നിറഞ്ഞതായിരിക്കണമെന്ന് കാവുകാട്ടു പിതാവിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.
►ദൈവകേന്ദ്രീകൃതമായ ലോകപുരോഗതി◄
ദൈവത്തെ മാറ്റിനിർത്തിക്കൊണ്ട് സ്വന്തം ശക്തിയിലും ശാസ്ത്ര വളർച്ചയിലും മാത്രം അധിഷ്ഠിതമായി ലോകപുരോഗതി കൈവരിക്കാമെന്ന ഉത്തരാധുനിക മനുഷ്യന്റെ കാഴ്ചപ്പാട് വർധിച്ചുവരികയാണ്. ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ചാക്രികലേഖനമായ ‘മനുഷ്യത്വത്തിന്റെ പൂർണത’ (Magnifica Humanitas ) എന്ന പ്രബോധനത്തിൽ ഇതിന്റെ അപകടം ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൈവമില്ലാതെയുള്ള കേവല ലോകപുരോഗതിയെ ഒരു പുതിയ ’ബാബേൽ ഗോപുര’ നിർമാണമായിട്ടാണ് മാർപാപ്പ ഉപമിക്കുന്നത്.
എന്നാൽ, ദൈവകേന്ദ്രീകൃതവും മനുഷ്യത്വത്തിലൂന്നിയതുമായ വികസന ശൈലിയാണ് കാവുകാട്ടു പിതാവ് തന്റെ ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, മനുഷ്യന്റെ വികസനം സമഗ്രമായിരിക്കണം; അത് ശരീരത്തെയും മനസിനെയും ആത്മാവിനെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഒന്നായിരിക്കണം. ദൈവവിശ്വാസത്തിലും മനഃപരിവർത്തനത്തിലും വേരൂന്നാത്ത സാമൂഹിക പ്രവർത്തനങ്ങളും ദൈവത്തെ മാറ്റിനിർത്തിയുള്ള വികസനവും മനുഷ്യനെ യഥാർഥ മനുഷ്യത്വത്തിൽനിന്ന് അകറ്റുകയേ ഉള്ളൂ എന്ന് കാവുകാട്ടു പിതാവ് നിരന്തരം ഓർമിപ്പിച്ചിരുന്നു.
►മതമൈത്രിയുടെ പ്രവാചകൻ◄
1957ൽ തുടങ്ങിയ വിദ്യാഭ്യാസപ്രക്ഷോഭവും തുടർന്നുണ്ടായ വിമോചന സമരവുമാണ് കേരള ചരിത്രത്തിൽ കാവുകാട്ടു പിതാവിനെ ചിരസ്മരണീയനാക്കിയത്. കൂനൻകുരിശുസത്യത്തിനുശേഷം മൂന്നു നൂറ്റാണ്ടോളം പിരിഞ്ഞു നിന്നിരുന്ന കേരളത്തിലെ ക്രൈസ്തവ സഭകളെ ഒരു കുടക്കീഴിൽ അണിനിരത്താൻ സാധിച്ചതും 27 മേലധ്യക്ഷന്മാരുടെ ആ കൂട്ടായ്മയെ ഒരു എക്യൂമെനിക്കൽ മുന്നേറ്റമായി വളർത്താനായതും കാവുകാട്ടു പിതാവിന്റെ നേതൃപാടവത്തിന്റെ മായാത്ത മുദ്രയാണ്.
ഈ പ്രതിസന്ധിഘട്ടത്തിൽ ക്രൈസ്തവരെ മാത്രമല്ല മറ്റു സമുദായ നേതാക്കളെയും, പൊതുനന്മ എന്ന ഒരേ ചരടിൽ കോർത്തിണക്കാൻ കഴിഞ്ഞുവെന്നതിലാണ് പിതാവിന്റെ മതമൈത്രി വ്യക്തമാകുന്നത്.
1962ൽ കൊട്ടിയൂർ കുടിയിറക്കു പ്രശ്നത്തിൽ വ്യത്യസ്ത ആശയങ്ങളിലായിരുന്നെങ്കിലും കാവുകാട്ടു പിതാവുമായുള്ള അനുരഞ്ജനയോഗത്തിനുശേഷം മന്നത്ത് പത്മനാഭന്റെ പ്രതികരണം അസാധാരണമായിരുന്നു: “ഒരു ശാന്തിദൂതനാണ് കാവുകാട്ടു മെത്രാപ്പോലിത്തായെന്ന കേൾവി തികച്ചും സത്യമാണെന്ന് എനിക്കിപ്പോൾ ബോധ്യമായി”.
മധ്യതിരുവതാംകൂറിലെ മുസ്ലിം സമുദായനേതാക്കളുമായും മികച്ച സൗഹൃദവും സഹകരണവുമാണ് കാവുകാട്ടു പിതാവ് പുലർത്തിയിരുന്നത്. കാവുകാട്ടു പിതാവിന്റെ ശിഷ്യനും ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ സുഹൃത്തും കേരള ജമാഅത്ത് കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഹാജി ഏലംകുളം എസ്. ഷംസുദ്ദീൻ തന്റെ ഗുരുവിനെ അനുസ്മരിച്ചത് ഇങ്ങനെയാണ്: “ചങ്ങനാശേരി എസ്ബി കോളജിൽ അഡ്മിഷന്റെ കാര്യത്തിൽ ജാതി-മത വ്യത്യാസമില്ലാതെ പ്രവേശനം നൽകാൻ അദ്ദേഹം പ്രത്യേകം നിർദേശം നൽകിയിരുന്നു. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണനയും നൽകിയിരുന്നു. അരമനയിൽ കിട്ടാറുള്ള ധാന്യങ്ങൾ പാവപ്പെട്ടവർക്ക് കൊടുക്കുന്നതിലും ജാതി-മത വ്യത്യാസം ഒരിക്കലും നോക്കിയിട്ടില്ല.”
കാവുകാട്ടു പിതാവ് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ആ ‘മനുഷ്യസാഹോദര്യ’ത്തിന്റെ പ്രസക്തി ഇന്ന് ഏറിക്കൊണ്ടിരിക്കുകയാണ്. സഭയ്ക്കുള്ളിലും സമുദായങ്ങൾക്കിടയിലും ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നവരെ ചെറുത്തുനിൽക്കാൻ ശാന്തിദൂതനായ കാവുകാട്ടുപിതാവിന്റെ മാതൃകയും പ്രാർഥനയും നമുക്ക് തുണയാകട്ടെ.
Tags : MarMathewKavukatt Messenger Humanity ReligiousHarmony Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Cardinal MarGeorgeKoovakatt