ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയ ഇസ്രേലി വനിത.
പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയ ചരിത്രത്തെ പാടെ തിരുത്തിയെഴുതുകയും മാനവരാശിയുടെ മനഃസാക്ഷിയെ നടുക്കുകയും ചെയ്ത ആ കറുത്ത ദിനത്തിന് ഇന്ന് മൂന്നു വർഷം തികയുകയാണ്. സമയം മുന്നോട്ടു പോയെങ്കിലും 2023 ഒക്ടോബർ ഏഴിന്റെ പ്രഭാതത്തിൽ വിതയ്ക്കപ്പെട്ട ഭീതിയും വിനാശവും അത്രമേൽ തീവ്രമായി ഇന്നും ലോകത്തെ വേട്ടയാടുന്നു.
മനുഷ്യത്വം മരവിച്ചുപോയ ആ ദിനം അവശേഷിപ്പിച്ചത് മായാത്ത വേദനകളും ഉണങ്ങാത്ത മുറിവുകളും മാത്രമാണ്. ആ പുലരിയിൽ ഗാസയിൽനിന്ന് ആയിരക്കണക്കിന് റോക്കറ്റുകളാണ് ഇസ്രയേൽ അതിർത്തി കടന്നെത്തിയത്. ‘സുപ്പർനോവ’ മ്യൂസിക് ഫെസ്റ്റിവലിൽ സംഗീതത്തിൽ ലയിച്ചിരുന്ന ചെറുപ്പക്കാരുടെ ഇടയിലേക്കും തെക്കൻ ഇസ്രയേലിലെ ശാന്തമായ ഗ്രാമങ്ങളിലേക്കും ഇരച്ചുകയറിയ ഹമാസ് ഭീകരർ കാട്ടിക്കൂട്ടിയത് വിവരണാതീതമായ ക്രൂരതകളാണ്.
പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോധികരുമടക്കം 1200ഓളം നിരപരാധികളുടെ ജീവനാണ് മണിക്കൂറുകൾക്കുള്ളിൽ കവർന്നെടുക്കപ്പെട്ടത്. 250ലേറെ മനുഷ്യരെ ബന്ദികളാക്കി ഗാസയിലെ ഇരുണ്ട തുരങ്കങ്ങളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. രണ്ടാം ലോകയുദ്ധത്തിനും ഹോളോകോസ്റ്റിനും ശേഷം യഹൂദ ജനത നേരിട്ട ഏറ്റവും ക്രൂരവും ദാരുണവുമായ വംശഹത്യയായി അതു മാറി.
തരിപ്പണമായ ഗാസയും ചോരപ്പുഴയായ പശ്ചിമേഷ്യയും
ഒക്ടോബർ ഏഴിന്റെ മുറിവുകൾക്ക് മറുപടിയായി ഇസ്രയേൽ പ്രഖ്യാപിച്ച പൂർണമായ സൈനിക തിരിച്ചടി പശ്ചിമേഷ്യയെ കൊടുങ്കാറ്റിലേക്കാണു തള്ളിവിട്ടത്. ഹമാസിനെ നിർവീര്യമാക്കുക, ബന്ദികളെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഇസ്രയേൽ സൈനികനീക്കം ഗാസയെ തരിപ്പണമാക്കി. ഇസ്രയേലിന്റെ തീവ്രമായ സൈനിക നടപടികളിൽ ഇതുവരെ ഹമാസ് ഭീകരരുൾപ്പടെ 74,000ത്തിലധികം പലസ്തീനികളാണു കൊല്ലപ്പെട്ടത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ അമർന്നത് ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനും പ്രതീക്ഷകളുമാണ്.
അതിർത്തി കടന്നെത്തിയ 6,000 ഹമാസ് ഭീകരരിൽ 4,000 പേരെയും വധിച്ചതായും ലബനനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് ശേഷിയുടെ 80 ശതമാനവും തകർത്തതായും ഇസ്രേലി പ്രതിരോധ സേന അവകാശപ്പെടുമ്പോഴും വെടിയൊച്ചകൾക്ക് അന്ത്യമായിട്ടില്ല. അവശേഷിക്കുന്ന ഹമാസ് ഭീകരർ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അന്തഃഛിദ്രം മാത്രം ലക്ഷ്യമിടുന്ന ചില നിഴൽസംഘടനകൾ ഈ അവസരം നന്നായി ഉപയോഗപ്പെടുത്തുന്നു. സംഘർഷത്തിന് ഏറെക്കുറെ ശമനമായെങ്കിലും ഏറ്റവുമൊടുവിലുണ്ടായ ഫ്ലൈ ദുബായ് വിമാന ആക്രമണം പോലുള്ള സംഭവങ്ങൾ സമാധാനത്തിന് വീണ്ടും വെല്ലുവിളിയാണ്.
ദാരുണമായ ദുരന്തം നടന്ന് മൂന്നു വർഷം പൂർത്തിയാകുമ്പോഴും ഇസ്രയേലിലെ ജനങ്ങളുടെയും, പ്രത്യേകിച്ച് കുട്ടികളുടെയും ജീവിതം ഭീതിയിൽത്തന്നെയാണ്. രാജ്യത്തെ പ്രമുഖ ഹെൽത്ത് കെയർ പ്രൊവൈഡറായ ‘ക്ലാ ലിറ്റ് ഹെൽത്ത് സർവീസസ്’ പുറത്തുവിട്ട പഠനറിപ്പോർട്ട് ഭയാനകമായ വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്.
മാനസികരോഗ, അടിയന്തര വിഭാഗങ്ങളിൽ കുട്ടികൾ ചികിത്സ തേടുന്നതിൽ 121 ശതമാനത്തിന്റെ വർധനയുണ്ടായി. ജനങ്ങൾക്കിടയിൽ അമിത ഉത്കണ്ഠ 45.5 ശതമാനവും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ രണ്ടിരട്ടിയായും വർധിച്ചു. ഗാസ അതിർത്തികളിൽനിന്ന് ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികളിൽ കടുത്ത ഭയം മൂലം മൂത്രമൊഴിക്കുന്ന പ്രയാസങ്ങൾക്കുള്ള മരുന്ന് ഉപയോഗം 47.8 ശതമാനം ഉയർന്നു.
തുടർച്ചയായ സൈറൺ ശബ്ദങ്ങളും ബോംബാക്രമണ ഭീതിയും കാരണം ജനങ്ങൾക്കു സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. കടുത്ത മാനസികസമ്മർദം മൂലം ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളും പിടിപെടുന്നവരുടെ എണ്ണം 20 മുതൽ 60 ശതമാനം വരെ ഉയർന്നു. ഈ തകർച്ച മറികടക്കാൻ വർഷങ്ങളെടുക്കുമെന്ന് ക്ലാ ലിറ്റിലെ മാനസികാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. യാർഡൻ ലെവിൻസ്കി മുന്നറിയിപ്പ് നൽകുന്നു. ഗാസയിലെ കുട്ടികളുടെ സ്ഥിതിയും വിഭിന്നമല്ല.
മൂന്നു വർഷങ്ങൾക്കിപ്പുറവും തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്ത് ഇസ്രേലി കുടുംബങ്ങൾ ഒഴുക്കുന്ന കണ്ണീരും, വീടും ഉറ്റവരും നഷ്ടപ്പെട്ട് ഗാസയിലെ അവശിഷ്ടങ്ങൾക്കിടയിൽ അലയുന്ന പലസ്തീനികളുടെ നെടുവീർപ്പുകളും ഒരേപോലെ എല്ലാവരെയും അസ്വസ്ഥരാക്കുന്നു. ഒക്ടോബർ ഏഴിലെ ആക്രമണം ഇസ്രേലികളുടെ അതിർത്തിസുരക്ഷാ ആത്മവിശ്വാസമാണു തകർത്തതെങ്കിൽ, അതിനുശേഷമുള്ള ഭയാനകമായ യുദ്ധം ഗാസയിലെ ഭീകരർ ഒഴികെയുള്ള നിഷ്കളങ്കരായ മനുഷ്യരുടെ തലമുറകളുടെ ഭാവിയാണ് ഇല്ലാതാക്കിയത്.
20 ലക്ഷത്തോളം വരുന്ന ജനസംഖ്യയിലെ ഭൂരിഭാഗവും തങ്ങളുടെ വീടുകളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട്, ഭൂപ്രദേശത്തിന്റെ ഒരു ചെറിയ ഭാഗത്തേക്ക് ഒതുങ്ങാൻ നിർബന്ധിതരായി. 80 ശതമാനത്തിലധികം കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളുമെല്ലാം തകർന്നു. വൈകല്യങ്ങളോടെയും രോഗങ്ങളോടെയും ആയിരക്കണക്കിനു മനുഷ്യർ നെട്ടോട്ടമോടുമ്പോൾ, മറുവശത്ത് ഹമാസ് നേതാക്കൾ സുഖലോലുപരായി ജീവിക്കുന്നു എന്നതും കയ്പേറിയ യാഥാർഥ്യമാണ്.
സ്വന്തം പൗരന്മാരെ സംരക്ഷിക്കാനും ഹമാസിനെ ഇല്ലാതാക്കാനും സൈനികനടപടി അനിവാര്യമാണെന്നും പൗരന്മാരെ മനുഷ്യകവചമാക്കുന്ന ഹമാസാണ് ഈ ദുരന്തത്തിനു വഴിവച്ചതെന്നുമുള്ള വസ്തുത യാഥാർഥ്യമാണ്. എന്നാൽ, ഭീകരസംഘടനയുടെ ക്രൂരതയ്ക്ക് ഒരു ജനതയെ മുഴുവൻ വഴിയാധാരമാക്കുന്ന ഇസ്രയേലിന്റെ കടന്നാക്രമണങ്ങളും വിമർശനവിധേയമാണ്. അക്രമവും പ്രതികാരവും തുടരുന്ന ഈ വടംവലിയിൽ, ഉത്തരവാദികളായവർ രാഷ്ട്രീയലാഭങ്ങൾ കൊയ്യുമ്പോൾ ഇരകളാക്കപ്പെടുന്നത് ഒടുവിൽ യാതൊരു തെറ്റും ചെയ്യാത്ത നിരപരാധികളാണ്.

കൊല്ലപ്പെട്ട 21 വയസുകാരനായ സൈനികൻ യുവാൽ ബെൻ യാക്കോവിന്റെ പിതാവും പ്രമുഖ ചരിത്രകാരനുമായ ഡോ. ഹൈം ബെൻ യാക്കോവ് എഴുതിയ വാക്കുകൾ ഈ യുദ്ധത്തിന്റെ യഥാർഥ നിഴൽചിത്രമാണ്.
“ഒരു ചരിത്രകാരൻ എന്ന നിലയിൽ സംഭവങ്ങളുടെ സങ്കീർണത എനിക്കു മനസിലാകും. എന്നാൽ, ഒരു പിതാവെന്ന നിലയിൽ മകന്റെ ഓർമകളെ ഭൂതകാലത്തിലേക്കു മാറ്റാൻ എനിക്കു കഴിയില്ല. യുവാൽ എന്നും 21 വയസുകാരനായി തന്നെ തുടരും...”
സ്വന്തം മകനെ നഷ്ടപ്പെട്ട തീരാവേദനയിലും യുദ്ധത്തിന്റെ ദുരന്തങ്ങൾ അനുഭവിക്കുന്ന പലസ്തീനി കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ദുഃഖത്തോടും തനിക്ക് കടുത്ത അനുകമ്പയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുമ്പോൾ, അത് യുദ്ധവിരുദ്ധ മനഃസാക്ഷിയുടെ ഉറച്ച ശബ്ദമായി മാറുന്നു.
Tags : Wounds Healed ThreeYears Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash