ജഫ്രി ആർച്ചർ (ഫയൽ ചിത്രം)
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാരുടെ മനസ് കീഴടക്കിയ എഴുത്തുകാരനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ജഫ്രി ആർച്ചർ (86). ത്രില്ലർ നോവലുകളിലൂടെയും ഉദ്വേഗം നിറഞ്ഞ കഥാപാത്രസൃഷ്ടിയിലൂടെയും ലോക സാഹിത്യത്തിൽ അദ്ദേഹം സ്വന്തം ഇടം കണ്ടെത്തുകയായിരുന്നു.
1969ൽ ബ്രിട്ടീഷ് പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കൺസർവേറ്റീവ് പാർട്ടി അംഗമായിരുന്നു. എന്നാൽ, ബിസിനസ് പരാജയത്തെത്തുടർന്ന് സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ടു. തുടർന്ന് ജീവിതം തിരിച്ചുപിടിക്കാനായി അദ്ദേഹം എഴുത്തിന്റെ ലോകത്തേക്കു തിരിഞ്ഞു.
കടബാധ്യതകളിൽനിന്ന് കരകയറാൻ എഴുതിയ ആദ്യ നോവലായ ‘നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്’ (1976) വലിയ വിജയമായി. തുടർന്ന് 1979ൽ പുറത്തിറങ്ങിയ ‘കെയിൻ ആൻഡ് ഏബൽ’ എന്ന നോവൽ അദ്ദേഹത്തെ ലോകത്തിലെ ജനപ്രിയ എഴുത്തുകാരുടെ നിരയിലെത്തിച്ചു. ലോകമെമ്പാടും കോടിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കെയിൻ ആൻഡ് ഏബൽ എന്ന മാസ്റ്റർപീസ് നോവലിനു പിന്നാലെ ക്ലിഫ്റ്റൻ ക്രോണിക്കിൾസ് എന്ന ഏഴ് ഭാഗങ്ങളുള്ള പരമ്പര വായനക്കാർക്കിടയിൽ വൻ തരംഗമായി.
ഫസ്റ്റ് അമംഗ് ഈക്വൽസ്, ആസ് ദി ക്രോ ഫ്ലൈസ് തുടങ്ങിയ നോവലുകളും അനേകം ചെറുകഥാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ജയിൽവാസക്കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി അദ്ദേഹം എഴുതിയ ‘എ പ്രിസൺ ഡയറി’ ശ്രദ്ധേയമായിരുന്നു.
അദ്ദേഹത്തിന്റെ നോവൽ പോലെ നാടകീയതകൾ നിറഞ്ഞതായിരുന്നു ആ ജീവിതവും. രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുമ്പോഴും കോടതിയലക്ഷ്യക്കേസിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. വീഴ്ചകളിൽനിന്നെല്ലാം അതിശക്തമായി തിരിച്ചുവരാനുള്ള കഴിവ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി.
30 കോടിയിലധികം പുസ്തകങ്ങൾ വിറ്റഴിച്ച, നൂറിലധികം രാജ്യങ്ങളിൽ വായനക്കാരുള്ള ജഫ്രി ആർച്ചർ, ഉദ്വേഗജനകമായ കഥപറച്ചിൽ ശൈലികൊണ്ടാണ് ഓർമിക്കപ്പെടുന്നത്. മരണത്തിന് തലേന്നുവരെ എഴുത്തിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ അവസാന നോവലായ ‘ആദം ആൻഡ് ഈവ്’ പ്രകാശിപ്പിക്കുന്നതിനു തൊട്ടുമുമ്പാണ് വിടവാങ്ങൽ.
Tags : Marvel WorldofLetters JeffreyArcher Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash