ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്
ഈ ഭൂമിയിലെ ഓരോ ജന്മവും നല്ല ദൈവത്തിന്റെ സ്വപ്നസാക്ഷാത്കാരമാണ്. 150 വര്‍ഷം മുന്‍പ്, 1876 ഓഗസ്റ്റ് എട്ടിന് ദൈവത്തിന്റെ സ്വപ്നസാഫല്യത്തിനായി ഒരു കുഞ്ഞ് ഈ ഭൂമിയുടെ മടിത്തട്ടിലേക്ക് പിറന്നുവീണു.
എറണാകുളം ജില്ലയിലെ കോന്തുരുത്തി ഇടവകയിലെ പയ്യപ്പിള്ളി കുടുംബത്തില്‍ ലോനൻ-കുഞ്ഞുമറിയം ദമ്പതികളുടെ ഓമനപ്പുത്രന് കുഞ്ഞുവാറു. ദിഗന്തങ്ങളില്‍ മാറ്റൊലികൊള്ളുന്ന മനുഷ്യമക്കളുടെ നൊമ്പരം നിറഞ്ഞ നിലവിളിക്ക് ഉത്തരമാകുവാനും ദൈവകാരുണ്യത്തിന്റെ സാക്ഷ്യമായി അഗതികളുടെ സഹോദരിമാരുടെ സന്യാസസമൂഹത്തിന് ജന്മം കൊടുക്കുവാനും അനാദിയിലെ ദൈവം മുദ്രചെയ്ത് അടയാളപ്പെടുത്തിയ ജീവിതം, ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്.
1907 ഡിസംബര്‍ 21ന് തിരുസഭയില്‍ ശുശ്രൂഷാപൗരോഹിത്യത്തിലൂടെ വേര്‍തിരിക്കപ്പെട്ട ഈ വന്ദ്യവൈദികനിലൂടെയാണ് ഇന്ന് നൂറിന്റെ നിറവില്‍ തിളങ്ങിനില്‍ക്കുന്ന എസ്ഡി സന്യാസിനീ സമൂഹത്തിന് രൂപം ലഭിച്ചത്. എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കുതന്നെയാണ് ചെയ്തുതന്നത് എന്ന തിരുവചനത്തിന് ജീവിതം കൊണ്ട് അര്ഥമേകിയ വന്ദ്യ പുരോഹിതന്.
ചുണങ്ങംവേലിയില്‍ തുടക്കം
എറണാകുളം അങ്കമാലി-അതിരൂപത വൈദികനായ ഫാ. പയ്യപ്പിള്ളി 1927 മാര്‍ച്ച് 19ന് അഗതിത്വത്തിന്റെ കനല് വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്കായി ഒരു സന്യാസിനീ സമൂഹത്തിന് ആരംഭമിട്ടപ്പോള്‍ കരുണയുടെ ഒരു കാവല്‍മാടം എറണാകുളം ചുണങ്ങംവേലിയുടെ കുറുക്കന് കുന്നില്‍ ഉയര്‍ന്നുവന്നു. ഇന്നത് സെന്റ് ജോസഫ് മൗണ്ട് ആയി മാറി. അങ്ങനെ എസ്ഡിയുടെ രൂപശില്പി വര്‍ഗീസ് പയ്യപ്പിള്ളി അച്ചന് കേരളമണ്ണില്‍ കരുണയുടെ വിപ്ലവത്തിന് തിരിതെളിച്ചു.
ജീവിതം പാഠം
ഈ പാവപ്പെട്ടവനെ ഈശോയെ എന്നപോലെ ശുശ്രൂഷിക്കണം എന്നദ്ദേഹം ജീവിതത്തിലൂടെ പഠിപ്പിച്ചു. ഓരോ മനുഷ്യവ്യക്തിക്കും അനന്തമായ അന്തസുണ്ട്. ഇത് അവന്റെ /അവളുടെ അസ്തിത്വത്തില്ത്തന്നെ അവിഭാജ്യമായ രീതിയില്‍ വേരൂന്നിയതാണ്. മാത്രമല്ല ഒരു വ്യക്തി നേരിട്ടേക്കാവുന്ന എല്ലാ സാഹചര്യങ്ങള്‍ക്കും അവസ്ഥകള്‍ക്കും ഉപരിയായി അതു നിലനില്ക്കുകയും ചെയ്യുന്നു (മാനവമഹത്വം 53) എന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പുതിയ പ്രബോധനത്തിന് ജീവിതസാക്ഷ്യമായി മാറിയ ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന് ഒരു നൂറ്റാണ്ട് മുന്‍പ് മനുഷ്യജീവിതത്തിന്റെ മഹത്വത്തെ എസ്ഡിയുടെ മജ്ജയിലും മാംസത്തിലും മനസിലും അലിയിച്ചുചേര്ത്തു.
അഗതികളുടെ സ്വന്തം
ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്നത് എറണാകുളം- അങ്കമാലി അതിരൂപതയിലെ കോന്തുരുത്തി സെന്റ് നെപുംസ്യാനോസ് ഇടവക ദേവാലയത്തിലാണ്. അഗതിത്വത്തിന്റെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയവരിലേക്ക് കാരുണ്യത്തോടെ കടന്നുചെന്ന് മനുഷ്യമഹത്വം ഉയര്ത്തിക്കാട്ടുവാന് ധീരതയോടെ പ്രയാണം ചെയ്ത ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്റെ 98-ാം ചരമദിനത്തില്‍ അദ്ദേഹം എത്രയും വേഗം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം. പ്രാര്‍ഥനയുടെയും ദൈവാശ്രയത്വത്തിന്റെയും മനുഷ്യരാകാനും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സംസ്കാരം നമ്മുടെ തലമുറയുടെ അലങ്കാരമാകാനും ധന്യന്റെ മാധ്യസ്ഥ്യം തേടാം.
Tags : Deepika DeepikaNewspaper BreakingNews NewsUpdate humanitarian who sparked