മാർ മാത്യു മൂലക്കാട്ട്
കേരളത്തിൽ വനസംരക്ഷണം പരിധിവിട്ടുപോകുന്നുവെന്ന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. ജനങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അല്ലാതെ കാട്ടിലെ മൃഗങ്ങൾ മാത്രമല്ലെന്ന് ഓർക്കണം. കാട്ടിലെ മൃഗങ്ങൾക്കു വേണ്ടി ജനങ്ങളുടെ വഴി അടയ്ക്കുന്നതും വീടിന്റെ മതിൽ പൊളിക്കുന്നതും ശരിയല്ല. ആനത്താരയാണെന്ന് പറഞ്ഞുകൊണ്ട് ഇതൊക്കെ ചെയ്യുന്നത് മനസിലാക്കാൻ പറ്റുന്നില്ലെന്നും മാർ മൂലക്കാട്ട് ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇത്തരം വിഷയങ്ങൾ മറ്റു സ്ഥലങ്ങളിലും ഉണ്ടല്ലോ, പക്ഷെ അവിടെയൊക്കെ ശരിയായ ക്രമീകരണങ്ങളുണ്ട്. വിദേശ രാജ്യങ്ങളിലൊക്കെ മനുഷ്യർക്ക് വേണ്ടത്ര പരിഗണന കൊടുക്കുന്നുണ്ട്. അവരൊക്കെ ഈ നിയമങ്ങൾ പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. വന്യമൃഗങ്ങളുടെ എണ്ണം കൂടുന്നത് മനുഷ്യന് മാത്രമല്ല, മൊത്തം ആവാസവ്യവസ്ഥയ്ക്കും ദോഷകരമാണ്. ഏതെങ്കിലും കുറെ മൃഗങ്ങൾ മാത്രം വളർന്നാൽ ബാക്കിയുള്ളതെല്ലാം നശിച്ചുപോകും. മനുഷ്യന്റെ കുറ്റം കൊണ്ടല്ല അത്. അതിനൊരു ശാസ്ത്രീയമായ സമീപനം ആവശ്യമാണെന്നും മാർ മൂലക്കാട്ട് ചൂണ്ടിക്കാട്ടി.
? കേരളത്തിലെ മലയോരജനത വലിയ പ്രതിസന്ധി നേരിടുന്നു
മലയോര ജനത വലിയ പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് വനസംരക്ഷണം പരിധിവിട്ടു പോകുന്നതിന്റെ വലിയ അപകടം നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഇപ്പോൾ നിത്യസംഭവമാണ്. ഇടുക്കിയിലെ കളക്ടറുടെ ഉത്തരവ് കണ്ടു. ഇങ്ങനെയൊക്കെ മനുഷ്യനെ കൂട്ടിലിട്ട് മൃഗത്തെ വളർത്തുന്ന ശൈലിയിലേക്കു പോയാൽ എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ കാണും. പക്ഷേ ഇതൊന്നും ഒരിക്കലും ജനനന്മയ്ക്കു വേണ്ടിയാണെന്ന് പറയാൻ പറ്റില്ല. അവിടെയൊക്കെ നല്ല തീരുമാനം എടുക്കാനും നടപ്പിലാക്കാനും സാധിക്കേണ്ടതാണ്. ഹൈറേഞ്ച് മുഴുവൻ ഏതാണ്ട് പണയംവച്ചിരിക്കുന്നതു പോലെയാണ് ഇപ്പോൾ നിൽക്കുന്നത്.
? യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്
അവർ ശ്രമിക്കുന്നുണ്ട് എന്നാണ് മനസിലാകുന്നത്. കുറച്ച് കാര്യങ്ങളൊക്കെ ചെയ്യാനായി. വന്യമൃഗശല്യവും തെരുവുനായ ആക്രമണവുംപോലെ ജനജീവിതത്തെ ഗൗരവമായി ബാധിക്കുന്ന വിഷയങ്ങളിൽ ആവശ്യത്തിനുള്ള ശ്രദ്ധ കിട്ടുന്നുണ്ടോ എന്ന് സംശയമുണ്ട്. കൊച്ചു കുഞ്ഞുങ്ങളെയും വൃദ്ധരെയുമൊക്കെ തെരുവുനായ കടിക്കുന്നതിന്റെ എത്രമാത്രം വാർത്തകളാണ് വരുന്നത്. ഇതൊന്നും ആരെയും ബാധിക്കാത്ത ഒരു സംഭവം പോലെ നടക്കുന്നു. ഇവിടെ ഇങ്ങനെ തെരുവുനായകളുടെ ശല്യം ഉണ്ടാകരുത് എന്നുള്ള ഒരു തീരുമാനം ഗവൺമെന്റ് എടുക്കുകയും അതിനാവശ്യമായ നടപടിയെടുക്കുകയും വേണം. ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. നമ്മൾ മറ്റുള്ളവരുടെ മുമ്പിൽ നാണംകെടുന്ന ഒരു കാര്യമാണ്. തർക്കമൊന്നുമില്ല.
ക്നാനായ സമുദായത്തിന്റെ വളർച്ചയിൽ നിർണായക കാലഘട്ടം
? മൂന്നാമതൊരു സഹായമെത്രാനെക്കൂടി ലഭിച്ചതോടെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെയും അതിരൂപതയുടെയും വളർച്ചയെ ആണോ വ്യക്തമാക്കുന്നത്
അതൊരു ആവശ്യംകൂടിയാണ്. ഒരാൾ മലബാറിൽ ഉണ്ടാകണം. കൂടുതൽ പേർ വിദേശങ്ങളിലേക്കു പോകുന്നുണ്ട്. നേരത്തെ അമേരിക്കയിലേക്കായിരുന്നു കൂടുതൽ. ഇപ്പോൾ പല രാജ്യങ്ങളിലുണ്ട്. അവിടെയൊക്കെയുള്ള എല്ലാവരുടെയും ആഗ്രഹം രൂപതയുമായിഎപ്പോഴും ബന്ധപ്പെട്ട് നിൽക്കണമെന്നാണ്. അത്തരത്തിൽ നിലനിർത്തിക്കൊണ്ടുപോകാനും സഭയുടെ കൂട്ടായ്മ ഒന്നിച്ചുപോകാനും ഏകോപനം ആവശ്യമാണ്.
? സഹായമെത്രാന്മാരുടെ ചുമതലകൾ എങ്ങനെയാണ് വിഭജിക്കുക
മലബാറിൽ ഒരാളുണ്ടാകും. ആനിമൂട്ടിൽ പിതാവ് മലബാറിലേക്ക് പോകുന്ന കാര്യം പറഞ്ഞിട്ടുണ്ട്. ജോസഫ് പണ്ടാരശേരിൽ പിതാവ് കോട്ടയത്തേക്കു വരും. അദ്ദേഹമായിരിക്കും മുഖ്യ വികാരി ജനറാൾ (പ്രൊട്ടോസിഞ്ചെല്ലൂസ്). കൂടുതൽ ഏകോപനത്തിന്റെ ചുമതലകളും അദ്ദേഹത്തിനുണ്ടാകും.
? വിശ്വാസ തീക്ഷ്ണതയ്ക്കൊപ്പം സമുദായത്തിന്റെ തനിമയും പാരമ്പര്യവും നിലനിർത്തുന്നതിൽ പുതിയ സഹായമെത്രാന്റെ നിയമനം എത്രമാത്രം ഗുണകരമാകും
നമ്മുടെ ആളുകളുടെ തനിമ നിലനിർത്താനും വിശ്വാസത്തിൽ വളർത്താനും സഭയോടും സമുദായത്തോടും ചേർന്നുപോകാനും വേണ്ടിയുള്ള ഒരു ക്രമീകരണമാണ് ഉദ്ദേശിക്കുന്നത്.
? ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ക്നാനായ സഭാംഗങ്ങൾക്ക് ആത്മീയശുശ്രൂഷ നൽകുക എന്നുള്ളത് ഒരു വലിയ വെല്ലുവിളിയല്ലേ
വെല്ലുവിളി എന്നതിലുപരി ആളുകൾ അത് ആഗ്രഹിക്കുന്നുണ്ട് എന്നതാണ്. അതിനുവേണ്ടി പറ്റുന്നതെല്ലാം ചെയ്യാൻ തയാറാണ്. ഏതെങ്കിലും രാജ്യത്ത് ഒരു കുറച്ചുപേർ ഉണ്ടായിക്കഴിഞ്ഞാൽ അവർ ഒരു അച്ചനെ ആവശ്യപ്പെടും. അച്ചനെ കിട്ടിക്കഴിയുമ്പോൾ അവർക്ക് രൂപതയോടും സമുദായത്തോടും ചേർന്നുനിൽക്കാൻ സാധിക്കും. അവരുടെ വളർച്ചയ്ക്കും സഹായിക്കും. ഇതാണ് ചെയ്യാൻ ശ്രമിക്കുന്നത്.
? അത്തരത്തിൽ നമ്മുടെ വൈദികർ കൂടുതൽ രാജ്യങ്ങളിലുണ്ടോ അമേരിക്കയിൽ 18 മിഷൻ ഉണ്ട്, ഇടവകകളുണ്ട്. യുകെയിൽ ഒരു മിഷനുണ്ട്. ഓസ്ട്രേലിയയിൽ ഉണ്ട്. മറ്റു ചില രാജ്യങ്ങളിലുമുണ്ട്. ആവശ്യത്തിനനുസരിച്ച് വൈദികരെ കൊടുക്കാൻ പറ്റും.
തനിമയും പാരമ്പര്യവുമൊക്കെ നിലനിർത്തുന്നതിൽ വെല്ലുവിളികൾ നേരിടുന്നില്ലേ വെല്ലുവിളികൾ എന്ന് പറയത്തില്ല, ഇത് വളരെ പ്രാചീനമായിട്ടുള്ള ഒരു പാരമ്പര്യമാണ്. ബൈബിളിന്റെ അടിസ്ഥാനത്തിലുള്ള ഒരു പാരമ്പര്യം. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് കുറച്ചു പേരൊക്കെ മാറിപ്പോകുന്നുണ്ട്. അത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടാകും. അത് നമ്മൾ ചിന്തിക്കേണ്ട കാര്യമില്ല. ഇതൊരു ഫ്രീ ചോയ്സ് കൂടിയാണ്. പാരമ്പര്യത്തിൽ ഉറച്ചു നിൽക്കേണ്ടവർക്ക് പൂർണമായി ഉറച്ചു നിൽക്കാം. അതിരൂപത അതിനുള്ള സഹായങ്ങളും പ്രേരണകളും നൽകുന്നു. വേറെ പോകുന്നതിന് നമ്മൾ തടസം പറയാറില്ല.
എഫ്സിആർഎ നിയമഭേദഗതിയിൽ ചില ആശങ്കകളുണ്ട്
? ഇപ്പോൾ രാജ്യത്ത് ക്രൈസ്തവർ പല വിഷയങ്ങളും നേരിടുന്നു. ഏറ്റവും ഗുരുതരമായി ബാധിക്കുന്ന എഫ്സിആർഎ നിയമഭേദഗതി കൊണ്ടുവരുന്നു. സിബിസിഐ വൈസ് പ്രസിഡന്റ് എന്ന നിലയിൽ എന്താണ് പറയാനുള്ളത്
എഫ്സിആർഎ നിയമഭേദഗതിയെക്കുറിച്ച് ചില ആശങ്കകളുണ്ട്. സിബിസിഐ തലത്തിൽ ഗവൺമെന്റുമായി ബന്ധപ്പെട്ട് അതിന്റെ ഉപദ്രവം കഴിയുന്നത്ര കുറയ്ക്കാൻ പരിശ്രമിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രിയെ കണ്ട് അപാകതകൾ ചൂണ്ടിക്കാണിക്കാൻ പരിശ്രമിച്ചിട്ടുണ്ട്. ജോയിന്റ് പാർലമെന്ററി കമ്മിറ്റി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കമ്മിറ്റിക്കു മുമ്പിലും കാര്യങ്ങൾ ധരിപ്പിക്കും.
? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. ഏറ്റവും പുതിയതായി കൊൽക്കത്തയിലടക്കം പ്രശസ്തമായ കോളജുകളിൽപോലും അനധികൃതമായി പരിശോധനകൾ നടത്തുന്നതായി റിപ്പോർട്ടുകൾ വരുന്നു
അത്തരത്തിൽ കുറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വോട്ടർപട്ടികയിൽ നിന്നൊക്കെ ആളുകളെ മാറ്റിനിർത്തുകയൊക്കെ ചെയ്യുന്നില്ലേ? അങ്ങനെയൊക്കെ ചില കാര്യങ്ങൾ നടക്കുന്നുണ്ട്. അത് രാജ്യത്തിന് അത്ര ഗുണകരമാണെന്ന് തോന്നുന്നില്ല.
? ഇത്തരം സാഹചര്യത്തിലും ബിജെപിയും കേന്ദ്ര സർക്കാരും ക്രൈസ്തവരോട് അടുക്കാൻ പല ശ്രമങ്ങളും നടത്തുന്നു. എന്നാൽ സഭ ഇതിനോട് പോസിറ്റീവായി പ്രതികരിച്ചുകാണുന്നില്ല
പറഞ്ഞതുകൊണ്ടുമാത്രം ആയില്ലല്ലോ. പ്രവൃത്തിയിൽ കാണണ്ടേ. അവർ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അത് രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കു വേണ്ടിയാണെന്നുള്ള ഒരു ആശയം വേണമല്ലോ. അവർ പലതും പറയുന്നുണ്ടെങ്കിലും ഫലത്തിൽ നമ്മൾ കാണുന്നത് ഈ പറയുന്ന പ്രവർത്തനങ്ങളാണ്. അതുകൊണ്ട് നമുക്ക് അത്ര ഉറപ്പിക്കാൻ പറ്റില്ല. ഗവൺമെന്റ് കുറച്ചുകൂടി പോസറ്റീവായി ചെയ്യുമെന്ന് വിചാരിക്കാം, പ്രതീക്ഷിക്കാം, അത്രയേ ഉള്ളൂ.
? യുനെസ്കോയുടെ പൈതൃക പദവി യുനെസ്കോയുടെ പൈതൃക പദവി ഒരു കുരുക്കാണെന്നാണോ
ഈ പൈതൃക പദവി മനുഷ്യന് ജീവിച്ചുപോകാവുന്ന സാഹചര്യത്തിൽ നിലനിർത്തുക എന്നല്ലാതെ, മനുഷ്യനെയെല്ലാം കാട്ടിൽ നിന്ന് ഇറക്കി വിടാനല്ല. അവിടെ മനുഷ്യനെ ഒരിക്കൽ ഗവൺമെന്റ് കൊണ്ടുപോയതാണ്. അവിടെ പോയി അധ്വാനിച്ച് മനുഷ്യൻ ഉണ്ടാക്കിയതാണ് എല്ലാം. അതൊക്കെ മറന്നിട്ടുള്ള രീതിയൊന്നും അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. അതാണ് യാഥാർഥ്യവും. ഇക്കാര്യത്തിൽ കുറച്ചുകൂടി ഉണർന്നു പ്രവർത്തിക്കണം. ഉറപ്പുകളൊന്നും ഫലത്തിൽ വരുന്നില്ല. ഉദ്യോഗസ്ഥ മേധാവിത്വമാണെന്ന് വനംവകുപ്പിനെക്കുറിച്ചു പറയുന്നുണ്ട്. ഒരു വെൽഫെയർ സ്റ്റേറ്റ് എന്നുള്ള അവസ്ഥ ഇവിടെയുണ്ടാകണം, നിലനിൽക്കണം.
Tags : ForestConservation Overboard Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash MarMathewMoolakkatt