പ്രതീകാത്മക ചിത്രം
ഈ വർഷത്തെ ഹൃദയദിനസന്ദേശം ‘ഹാര്‍ട്ടറ്റാക്കിന്റെ സാധ്യത കണ്മുമ്പില് മറഞ്ഞുകിടക്കാം, അതിന്റെ സൂചനകള്‍ കാണാതെ പോകരുത്; ഹൃദയത്തെ അറിയുക, അതിനെ സംരക്ഷിക്കുക’ എന്നാണ്. മാരകമായ ഹാര്‍ട്ടറ്റാക്ക് വരുന്നതിനെ എങ്ങനെ തടയാം എന്നതിലാണ് ഇന്നത്തെ ഹൃദ്രോഗവിദഗ്ധര്‍ ഊന്നല്‍ നല്‍കുന്നത്. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഞാന്‍ ആരോഗ്യവാനാണ് എന്ന ധാരണ ഇന്ന് പലരിലുമുണ്ട്. ഒരുകാലത്ത്, ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നതിനു കൊളസ്ട്രോള്‍ കുറയ്ക്കുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക, പുകവലി നിര്‍ത്തുക എന്നതിലായിരുന്നു പ്രാധാന്യം. ഇന്ന് പ്രതിരോധത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ മാറുകയാണ്.
മാറിയ കാലം, മാറേണ്ട കരുതല്‍
കര്‍ശനമായി ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെയും പ്രതിരോധ ഔഷധചികിത്സ നടത്തുന്നതിലൂടെയും ഹൃദ്രോഗ സാധ്യത 80-90 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് ബൃഹത്തായ പല പഠനങ്ങളും സ്ഥിരീകരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണരീതി, സ്ഥിരമായ വ്യായാമ പദ്ധതികള്‍, ശരീരഭാരം/വയറിന്റെ വണ്ണം നിയന്ത്രിക്കൽ, മതിയായ ഉറക്കം (കുറഞ്ഞത് എട്ടു മണിക്കൂര്‍), സ്ട്രെസ് നിയന്ത്രണം, സര്‍വോപരി ഹൃദ്രോഗസാധ്യത പരിശോധനകളിലൂടെ തിട്ടപ്പെടുത്തി ചികിത്സാവിധേയമാക്കുക ഇവയെല്ലാം ഹൃദ്രോഗത്തിന്റെ സാധ്യതകളില്‍നിന്ന് അകന്നുനില്ക്കാന് സഹായിക്കും.
ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന സങ്കീര്‍ണമായ കാരണങ്ങളെ ഒരു പരിശോധനകൊണ്ടുമാത്രം കണ്ടെത്തുക അസാധ്യമാണ്. പ്രായോഗികമായി രണ്ടു കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. ഒന്ന്, കൊറോണറി ധമനികളിലെ ജരിതാവസ്ഥയുടെയും കൊഴുപ്പുനിക്ഷേപത്തിന്റെയും (പ്ലാക്ക്) അവസ്ഥ തിട്ടപ്പെടുത്തുക. രണ്ടാമത്തേത്, ധമനികളിലെ പ്ലാക്ക് പൊട്ടുന്നതിനെയും രക്തക്കട്ട ഉണ്ടാകുന്നതിനെയും ഉദ്ദീപിപ്പിക്കുന്ന ആപത്ഘടകങ്ങളെ കണ്ടെത്തുക.
കാത്സ്യം സ്കോര്‍ ശ്രദ്ധിക്കണം
ഹൃദയധമനികളിലെ ജരിതാവസ്ഥയുടെ തീവ്രത കണ്ടുപിടിക്കാന്‍ സഹായിക്കുന്ന പരിശോധനകള്‍ പലതുണ്ട്. കൊറോണറി ആര്‍ട്ടറി കാത്സ്യം സ്കോര്‍ തിട്ടപ്പെടുത്തുകയാണ് അവയില്‍ പ്രധാനം. ചെറുപ്പക്കാരില്‍ ലക്ഷണങ്ങളില്ലാതെ ഉണ്ടാകുന്ന ഹൃദയാഘാതത്തിന്റെയും പെട്ടെന്നുള്ള മരണത്തിന്റെയും കാരണങ്ങള്‍ അറിയാന്‍ സവിശേഷമായി ചെയ്യേണ്ട പരിശോധനയാണിത്. ഇവ ഹൃദയധമനികളിലെ കൊഴുപ്പുനിക്ഷേപത്തിലടങ്ങിയിരിക്കുന്ന കാത്സ്യത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നു. ഇവ പൂജ്യമാണെങ്കില്‍ അപകടസാധ്യത വളരെ കുറവാണ്. കാത്സ്യം സ്കോര്‍ 100ല്‍ താഴെയാണെങ്കില്‍ അപകടസാധ്യത കുറവ്, 100-300 ആണെങ്കില്‍ മിതം, 300ല്‍ കൂടിനിന്നാല്‍ തീവ്രമായ ഹൃദ്രോഗസാധ്യത.
ഈ പരിശോധനവഴി ഹൃദയാഘാത സാധ്യതയുള്ളവരെ നേരത്തേ കണ്ടെത്തി പ്രതിരോധ നടപടികള്‍ കര്‍ശനമാക്കണം. കാത്സ്യം കൂടുതലുള്ളവരേക്കാള്‍ മയമുള്ള കൊഴുപ്പുനിക്ഷേപം (സോഫ്റ്റ് പ്ലാക്ക്) ഉള്ളവരിലാണ് ഹാര്‍ട്ടറ്റാക്കിന്റെ സാധ്യത കൂടുതല്‍. ഇവയുണ്ടോയെന്നറിയാന് സിടി കൊറോണറി ആന്‍ജിയോഗ്രാഫി തന്നെ ചെയ്യണം.
പരിശോധിച്ചറിയണം
സാധാരണ ചെയ്യുന്ന ‘ലിപ്പിഡ് പ്രൊഫൈല്‍’ പരിശോധനവഴി പൊതുവായി അപകടകാരിയായ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് മനസിലാക്കാമെങ്കിലും ഇന്ന് മറ്റു കൃത്യമായ ബയോസൂചകങ്ങള് നിര്‍ണയിക്കുന്നതിലൂടെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഹാര്‍ട്ടറ്റാക്കിനെപ്പറ്റി വ്യക്തമായ സൂചനകള്‍ നേരത്തേ അറിയാന്‍ സാധിക്കും. ലൈപ്പോ പ്രോട്ടീന്‍ (എ) എന്ന ജനിതകമായി ആര്‍ജിച്ചെടുത്ത കൊഴുപ്പ് ഘടകം ഹൃദയധമനിയില്‍ വീക്കവും ബ്ലോക്കുമുണ്ടാക്കുന്നു; എല്ലാവരും പരിശോധിച്ച് തിട്ടപ്പെടുത്തണം. പ്രത്യേകിച്ച് കുടുംബപരമായി രോഗപ്രവണതയുള്ളവര് തീര്‍ച്ചയായും ഇതു ചെയ്തിരിക്കണം.
ധമനികളില്‍ ജരിതാവസ്ഥ ഉണ്ടാകുന്ന സൂചകങ്ങളുടെ ആകെയുള്ള അളവാണ് അപ്പോ-ബി. കൂടാതെ ധമനികളിലെ പൊതുവായ വീക്കത്തിന്റെ അളവുകോലായ സിആര്‍പി സാധ്യത വര്‍ധിപ്പിക്കുന്ന എച്ച്ബിഎ ഒന്ന് സി ഇവയെല്ലാം ഹൃദയാഘാത സാധ്യതയ്ക്ക് ചുക്കാന്പിടിക്കുന്നു.
കൊളസ്ട്രോള്‍ സൂക്ഷിക്കണം
പൊതുവായ കൊളസ്ട്രോളിന്റെ ഉപഘടകമായ എല്‍ഡിഎല്‍ കുറയ്ക്കുന്നതിനെപ്പറ്റി ഇന്നും പല തരത്തില്‍ ചര്‍ച്ചകളുണ്ട്. എല്‍ഡിഎല്‍ എത്രയും കുറഞ്ഞിരുന്നാല്‍ അത്രയും നന്ന് എന്നാണ് പറയാറ്. ആപത്ഘടകങ്ങള്‍ ഉള്ളവരില്‍ എല്‍ഡിഎല്‍ 70 മില്ലിഗ്രാം ശതമാനത്തില്‍ താഴെയും ഹൃദയാഘാതം ഉണ്ടായവരില്‍ (ഹാര്‍ട്ടറ്റാക്ക്, ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് സര്‍ജറി) 55ല്‍ താഴെയും കര്‍ശനമായി ക്രമീകരിക്കേണ്ടതാണ്. ഇതിനായി ഭക്ഷണ ക്രമീകരണത്തോടൊപ്പം സവിശേഷ മരുന്നുകളും ലഭ്യമാണ്.
സ്ട്രെസ് ചെറിയ കാര്യമല്ല
ഇന്ന് ചെറുപ്പക്കാരെ കാര്‍ന്നുതിന്നുന്ന ഒടുങ്ങാത്ത സ്ട്രെസ് പെട്ടെന്നുള്ള ഹൃദയാഘാതത്തിന് വിനയാക്കുന്നു. സ്ട്രെസ് ഉണ്ടാകുമ്പോള്‍ സിംപതെറ്റിക് നാഡീവ്യൂഹം സജീവമാവുകയും അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ കുമിഞ്ഞുകൂടുകയും ചെയ്യുന്നു. അതേത്തുടര്‍ന്ന് ഹൃദയമിടിപ്പും രക്തസമ്മര്‍ദവും വര്‍ധിക്കുകയും കൊറോണറി ധമനികള്‍ ചുരുങ്ങുകയും ചെയ്യുന്നു. കൂടാതെ ശ്വേതരക്താണുക്കളുടെ വര്‍ധിച്ച പ്രവര്‍ത്തനം, പൊതുവായ വീക്കം, എന്റേത്തീലിയല് കോശങ്ങളുടെ പ്രവര്‍ത്തനവൈകല്യം എന്നിവ അതിരുകടന്ന് പ്ലാക്ക് പൊട്ടി അവിടെ രക്തകട്ട ഉണ്ടാകാനുള്ള സാധ്യതയേറുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ആപത്ഘടകങ്ങളുടെ മുന്‍പന്തിയില്‍ ഇന്ന് ഒടുങ്ങാത്ത സ്ട്രെസ് സ്ഥാനം പിടിച്ചിരിക്കുന്നു.
സ്ട്രെസ് മാനേജ്മെന്റ്, സ്ഥിരമായ വ്യായാമം, ആവശ്യത്തിന് ഉറക്കം, മനസിനെ ശാന്തമാക്കുന്ന കൗണ്‍സലിംഗ്, ബയോഫീഡ് ബാക്ക്, ധ്യാനം തുടങ്ങിയവ ചെറുപ്പക്കാരുടെ സ്ഥിരമായ മനോസംഘര്‍ഷം നല്ലൊരു പരിധിവരെ സന്തുലിതമാകാന്‍ സഹായിക്കും.
മുന്‍കരുതല്‍ നേരത്തേയാകാം
പൊതുവെ പറയുകയാണെങ്കില്‍ 20 വയസ് മുതല്‍ ഹൃദ്രോഗത്തെപ്പറ്റി ചിന്തിച്ചുതുടങ്ങണം. അതിനുള്ള മുന്‍കരുതലുകള്‍ തുടങ്ങണം. എന്നാല്‍ 30-40 വയസുമുതല്‍ കര്‍ശനമായ പ്രതിരോധ ചെക്കപ്പുകള്‍ ചെയ്യണം. പ്രഷര്‍, കൊളസ്ട്രോള്‍, പ്രമേഹം, അമിതവണ്ണം, വ്യായാമക്കുറവ്, സ്ട്രെസ്, മദ്യപാനം ഇവ നിയന്ത്രണവിധേയമാക്കി ഹൃദ്രോഗനില സന്തുലിതമാക്കണം. മലയാളികളുടെ ഭക്ഷണത്തോടുള്ള അമിതാസക്തി മാരകമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്നു.
കണക്കുകളിലെ ഹൃദ്രോഗം
ആഗോളമായി 19.2 ദശലക്ഷം ആളുകള്‍ പ്രതിവര്‍ഷം ഹൃദയധമനീരോഗങ്ങള്‍ മൂലം മരിക്കുന്നു. ഇന്ത്യയിലെ കണക്കെടുത്താല്‍ ആകെ മരണസംഖ്യയുടെ 28 ശതമാനവും ഹൃദയധമനീ രോഗങ്ങള്‍ മൂലമാണ്. മറ്റു രാജ്യങ്ങളിലുള്ളവരേക്കാള് പത്തു വര്‍ഷം മുമ്പേ ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗമുണ്ടാകുന്നു. 30നും 69നും ഇടയിലുള്ളവര്ക്കുണ്ടാകുന്ന രോഗാവസ്ഥ രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്നു. കേരളത്തിലെ പുരുഷന്മാരില് 31.1 ശതമാനവും സ്ത്രീകളില്‍ 17.6 ശതമാനവും മരണങ്ങള് ഹൃദ്രോഗാനന്തരമാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗമുള്ള സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം സ്ഥാനം പിടിച്ചിരിക്കുന്നു. കേരളത്തില്‍ 200ലധികം കാത്ത് ലാബുകളുടെ ആശുപത്രികളുണ്ടെന്നാണ് കണക്ക്. ഈ സംഖ്യ വര്‍ഷംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
മാറണം, മനോഭാവവും
ചികിത്സയ്ക്കു മാത്രം പ്രാമുഖ്യം കൊടുക്കുന്ന ഒരു ആരോഗ്യ സംസ്കാരം കേരളത്തിലുമുള്ളതാണ് ഇതിനു പിന്നിലെ കാരണം. എല്ലാ സൗകര്യങ്ങളുമുള്ള ഒരാശുപത്രി അടുത്തുണ്ടെങ്കില്‍ പിന്നൊന്നും നോക്കാനില്ലെന്നതാണ് മലയാളിയുടെ മനോഭാവം. ഇവിടെ 65 ശതമാനം പേര്‍ക്ക് അമിതവണ്ണമുണ്ട്; 52 ശതമാനം പേര്‍ക്ക് വര്‍ധിച്ച കൊളസ്ട്രോളുണ്ട്; 40 ശതമാനം പേര്‍ക്ക് അമിത രക്തസമ്മര്‍ദമുണ്ട്; 15 ശതമാനത്തിലധികം പേര്‍ക്കു പ്രമേഹബാധയുണ്ട്. ഈ സംഖ്യകളെല്ലാംതന്നെ മലയാളികളെ അകാലത്തില്‍ മരണത്തിലേക്കു വലിച്ചിഴയ്ക്കുന്ന ഘടകങ്ങള്‍ തന്നെ.
(എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് ലേഖകൻ)
Tags : Detect HeartDiseases Protect Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash WorldHeartDay