എഐ
സുരക്ഷയിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് സ്ഥാപകൻ ഡാനിയേല അമോദെയ് വിശദമായ ഒരു വാർത്താക്കുറിപ്പിലൂടെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ലോകത്തെ അറിയിച്ചത്.
ആന്ത്രോപിക് കമ്പനി സൃഷ്ടിച്ച ചില എഐ ടൂളുകൾ, ഏജന്റുകൾ എന്നിവയിൽ ചിലത് എൻജനിയർമാരുടെ നിയന്ത്രണത്തിന് അതീതമായി സ്വയംപര്യാപ്തത കൈവരിച്ച് ഇന്റർനെറ്റ് സ്പെയ്സും പദസമ്പത്തും സൃഷ്ടിച്ച് തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നുവത്രെ. എഐ ഏജന്റുകൾ സ്വയം ബോസ് ആകാൻ ശ്രമം നടത്തിയെന്നർഥം. ടൂളുകളുടെ അപ്രതീക്ഷിതമായ പ്രവർത്തനങ്ങളിൽ എൻജിനിയർമാർക്ക് സംശയം തോന്നിയപ്പോൾ, എൻജിനിയർമാർ തങ്ങളെ സംശയിക്കുന്നുണ്ട് എന്ന് സാധാരണ മനുഷ്യൻ കണ്ടെത്തുംപോലെ മെഷിനുകൾ കണ്ടെത്തിയെന്നത് ലോകത്തെ വല്ലാതെ ഭയപ്പെടുത്തി.
അവിടംകൊണ്ടും തീർന്നില്ല; തങ്ങൾ സ്വമേധയാ ചെയ്ത കാര്യങ്ങൾ പുറത്താവും എന്നറിഞ്ഞ മെഷിനുകൾ തമ്മിൽ കൂടുതൽ ഇൻഫർമേഷനുകൾ ഷെയർ ചെയ്തു. പിടിവീഴുമെന്ന തിരിച്ചറിവിൽ താത്കാലികമായി ഇത്തരം പ്രവർത്തനങ്ങൾ മെഷിനുകൾ നിറുത്തുകയും ചെയ്തുവത്രെ! ശ്രദ്ധേയമായത്; കാര്യങ്ങൾ പുറത്തുവരും എന്നതിലുപരിയായി വളരെ വലിയ വൊക്കാബുലറി നിർമിച്ചശേഷം അതിനകത്ത് തങ്ങളുടെ ഹിഡൻ ഫയലുകൾ ഒളിപ്പിച്ചിട്ടാണ് മെഷിനുകൾ താത്കാലികമായി പിന്മാറിയിരിക്കുന്നത് എന്നതാണ്.
ഞെട്ടൽ തീരാൻ വരട്ടെ! പൊതുവിജ്ഞാനത്തിന് ഉപയോഗിച്ചിരുന്ന ചില എഐ ടൂളുകൾ ഉപയോഗിച്ച് വലിയ തോതിലുള്ള പകർച്ചവ്യാധികൾ സൃഷ്ടിക്കാൻ മാത്രമല്ല, രാസായുധങ്ങളും ജൈവായുധങ്ങളും നിർമിക്കാനുള്ള വിവരങ്ങൾ നല്കാനും എഐ സിസ്റ്റങ്ങൾക്കാവുമെന്നതാണ് ഏറ്റവും വലിയ ഭീഷണി.
ഇങ്ങനെ പോയാൽ ലോകംതന്നെ വലിയ അപകടത്തിലേക്കായിരിക്കും പോകുക. മനുഷ്യനിർമിതമായ എഐ ടൂളുകൾ മാനുഷിക ബുദ്ധിക്കും മേലേ സഞ്ചരിച്ച് ഒരു സുപ്രഭാതത്തിൽ മാനവരാശിയെ ഇല്ലാതാക്കിയെന്നു വന്നേക്കാം. ഇത്തരം ഭയാശങ്കകൾകൊണ്ടാകാം ലോകപ്രശസ്ത എഐ കമ്പനികളുടെ സിഇഒമാരായ ടെസ്ലയുടെ എലോൺ മസ്കും ഓപ്പൺ എഐയുടെ ആൾട്ട്മാനും ആന്ത്രോപ്പിക്കിന്റെ ഡാരിയോ അമോദെയുമെല്ലാം പ്രസ്താവനയിറക്കിയത്: “എഐ ടൂളുകളെ ഇപ്പോഴേ ശക്തമായ രീതിയിൽ നിയന്ത്രിക്കണമെന്നും ഈ എഐ സാങ്കേതിക വിദ്യയിൽ നൂതനമായ എന്ത് ആശയം കൊണ്ടുവരുമ്പോഴും രണ്ടുവട്ടം ആലോചിക്കണമെന്നും ഈ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങൾ ഒഴിവാക്കണമെന്നും.”
ഇത്തരം പ്രസ്താവനകൾ കൊണ്ടുമാത്രം പ്രശ്നപരിഹാരത്തിനു കഴിയുമെന്നു തോന്നുന്നില്ല. കാരണം, ഇതൊക്കെ ഒരടിസ്ഥാനവുമില്ലാത്ത പ്രസ്താവനയാണെന്നും എഐ സാങ്കേതികവിദ്യ ഇനിയും കൂടുതൽ പുരോഗതിയിലേക്കു പോകണമെന്നുമാണ് യുഎസ് പ്രസിഡന്റ് ട്രംപ് പറയുന്നത്. അതിനേക്കാൾ ശക്തമായാണ് എഐ സാങ്കേതികവിദ്യയെ സ്ലോ ഡൗൺ ചെയ്യാനുള്ള പ്രസ്താവനയ്ക്കെതിരേ ചൈന പ്രതികരിച്ചത്.
ചൈനയുടെ പ്രതിഷേധത്തിനു കാരണമുണ്ടെന്നു പറയാം. അമേരിക്കയിലാണ് എഐ ടൂളുകൾ കൂടുതൽ വികസിപ്പിച്ചെടുക്കുന്നതെങ്കിലും ഓപ്പൺ എഐ പോലുള്ളവയെ കോപ്പിയടിക്കുന്ന ചൈന വളരെ കുറഞ്ഞ ചെലവിൽ അവരുടെ എഐ ടൂളുകൾ വികസിപ്പിച്ചെടുക്കുന്നു. ഡീപ് സീക്ക്, ബൈഡു, ആലിബാബ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇതിൽ പലതും സൗജന്യമാണ് എന്നതും നമ്മെ അദ്ഭുതപ്പെടുത്തുന്നു.
പല രാജ്യങ്ങളും ഇപ്പോൾ ഉപയോഗിക്കുന്നതുപോലും ഡീപ് പീക് പോലുള്ള ചൈനീസ് സാങ്കേതിക വിദ്യയാണ്. ആന്ത്രോപിക്കും ഓപ്പൺ എഐയുമെല്ലാം ട്രില്യൺ ഡോളർകൊണ്ട് സൃഷ്ടിക്കുന്ന ടൂളുകൾ അമ്പതു മില്യൺകൊണ്ടു നിർമിക്കാൻ ചൈനയ്ക്കു കഴിയുന്നു. ഓട്ടോണമസ് ഡ്രൈവിംഗ്, റോബോട്ടിക്സ് മേഖലയിലെ ലാർജ് നാവിഗേഷൻ മോഡലുകളും (LNM) ലാർജ് ലാംഗ്വേജ് മോഡലുകളും (LLM) നിസാരമായി കൈകാര്യം ചെയ്യുന്ന ചൈനയെ നമ്മൾ ഭയപ്പെട്ടാലേ മതിയാവൂ. കാരണം, എന്തും പകർത്തിയെടുത്ത് പുതിയതുണ്ടാക്കി കുറഞ്ഞ വിലയ്ക്ക് വില്ക്കാൻ ചൈന മിടുക്കരാണ്.
മനുഷ്യന്റെ നിലനില്പിന് വലിയ പ്രതിസന്ധിയായി മാറുമെന്നുറപ്പുണ്ടെങ്കിലും ആന്ത്രോപിക്കും ടെസ്ലയും മൈക്രോസോഫ്റ്റും ട്രില്യൺ കണക്കിന് ഡോളറുകൾ ആണ് എഐ വികസനത്തിനായി മാറ്റിവച്ചിരിക്കുന്നതും വിവിധ കമ്പനികളുമായി കരാറുണ്ടാക്കി കടം കൊണ്ടതും. അതുകൊണ്ട് പിന്നോട്ടു പോയാൽ കമ്പനിയുടെ സ്വീകാര്യതയെയും അന്തഃസിനെയും ബാധിക്കുമെന്നു മാത്രമല്ല, കടം വീട്ടുന്നതെങ്ങനെയെന്ന ചോദ്യവും പ്രസക്തമാവുന്നു.
ഇവിടെ എടുത്തുപറയേണ്ട കാര്യം, നാലു ട്രില്യൻ ഡോളറിന്റെ വിറ്റുവരവുള്ള എൻവിഡിയ സ്ഥാപകൻ ജെൻസൻ ഹുവാങ് പറഞ്ഞതാണ്. “2010ലെ .com moble പോലെ 2027ൽ എഐ സാങ്കേതികവിദ്യയും കുമിളപോലെ പൊട്ടും”. അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്, അഞ്ചോ ആറോ വർഷം പിന്നിട്ട ഓപ്പൺ എഐയിൽ ഇപ്പോഴും വലിയ വ്യത്യാസമൊന്നും കാണാനില്ല എന്നതാണ്. ചുരുക്കത്തിൽ, എഐ സാങ്കേതിക വിദ്യകൊണ്ട് ലഭ്യമാകേണ്ടത് ഇതിനകം ലഭിച്ചുകഴിഞ്ഞിരിക്കുന്നുവെന്നു കരുതാം.
എഐ ടൂളുകൾ മനുഷ്യന്റെ ചിന്താശേഷിവരെ കൈയടക്കും എന്നു കരുതിയെങ്കിലും അതിനു കഴിയില്ല എന്ന് ഇപ്പോൾ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ട് ഈ മേഖലയിൽ ട്രില്യൺ കണക്കിന് ഡോളർ മുടക്കുന്നതിൽ അർഥമില്ല എന്ന് കമ്പനികൾ തിരിച്ചറിയുന്നു. എഐ സാങ്കേതികവിദ്യ അതിന്റെ പരമോന്നതിയിലാണിപ്പോൾ ഉള്ളത്. ഇനിയതിന് പുരോഗതിയല്ല, തിരിച്ചുപോക്കാണുണ്ടാവുക എന്ന് വിദഗ്ധർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഈ മേഖലയിലെ മുതൽമുടക്ക് ഇപ്പോൾ ഗണ്യമായി കുറഞ്ഞിരിക്കുന്നു. നമ്മുടെ എഐ വിസ്മയം സാധാരണ കാര്യത്തിലേക്കു ചുരുങ്ങുകയും ചെയ്തു.
ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് ശരിയായിരുന്നുവെന്നു തോന്നുന്നു. നമ്മൾ പരിമിതമായ രീതിയിൽ എഐ മെഷീനുകളും ടൂളുകളും റോബോട്ടുകളും ഉപയോഗിച്ച് ഓഫിസ് അഡ്മിനിസ്ട്രേഷൻ വിദ്യാഭ്യാസ, ആരോഗ്യമേഖലകൾ പ്രായോഗികവും പരിമിതവുമായ മുതൽമുടക്കിലൂടെ വികസിപ്പിച്ചു. അത് അഭിനന്ദനാർഹമാണ്. മനുഷ്യനിർമിതവും അപകടകരവുമായ എന്തിനെയും നിയന്ത്രിക്കാൻ മനുഷ്യൻതന്നെ വഴിയൊരുക്കിയ ചരിത്രമാണ് നമുക്കുള്ളത്. അതുകൊണ്ട് എഐ സൃഷ്ടിക്കുന്ന ഭീഷണിയെയും നമ്മൾ അതിജീവിക്കുമെന്നു പ്രത്യാശിക്കാം!
Tags : Deepika DeepikaNewspaper BreakingNews NewsUpdate AI's enemy is AI itself