അശ്വന്ത് കോക്ക്
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ പിടിയിലായ യുട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൈമാറുമെന്ന് നടക്കാവ് സർക്കിൾ ഇൻസ്പെക്ടർ ജംഷീദ് പ്രതികരിച്ചു. കേസിൽ തുടർനടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അശ്വന്ത് കോക്കിന്റെ ഥാറിൽ നിന്ന് എയർഗണ്ണും പെല്ലറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് നടക്കാവ് പൊലിസ് ഇവ കണ്ടെത്തിയത്. മദ്യക്കുപ്പികളും വാഹനത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് അപകടകരമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ സിനിമാ വ്ലോഗറായ അശ്വന്ത് കോക്കിനെ നടക്കാവ് പൊലിസ് കസ്റ്റിഡയിലെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം ഏഴരയെോടെയായിരുന്നു സംഭവം. ഇയാൾ ഓടിച്ച ഥാർ എസ്യുവി എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽവച്ച് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഒരു കാറിലും നാല് ബൈക്കിലും കെഎസ്ഇബി ട്രാൻസ്ഫോർമറിലുമാണ് ഇടിച്ചത്.
സംഭവത്തിൽ വാഹനങ്ങളുടെ ഉടമകളും പ്രദേശവാസികളും ചേർന്ന് കോക്കിനെ തടഞ്ഞുവെച്ചു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസിനെയും സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ, പൊലിസിനോടും ഇയാൾ തട്ടിക്കയറി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ വാഹന ഉടമകളുടെ പരാതികളിൽ നടക്കാവ് പൊലിസ് കേസ് രജിസ്റ്റർചെയ്തു. തുടർന്ന് അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Tags : Ashwanth Kok driving license Police report Motor Vehicles Department